കഴിഞ്ഞ വർഷം മെയ് മാസത്തിൽ ലോക്ക്ഡൗൺ സമയത്ത് വാർത്തകളിൽ നിറഞ്ഞുനിന്ന ഒരു പേരാണ് ജ്യോതി കുമാരി. ഹരിയാനയിൽ കുടുങ്ങിപ്പോയ പിതാവിനെ ബീഹാറിലെ ദർബംഗയിലെ വീട്ടിൽ എത്തിക്കാൻ 1,200 കിലോമീറ്ററോളം സൈക്കിൾ ചവിട്ടിയ ആ 15 -കാരിയെ അത്ര പെട്ടെന്ന് ആർക്കും മറക്കാൻ സാധിക്കില്ല. അവളുടെ വീഡിയോ വൈറലായതിന് ശേഷം, അവളുടെ ധീരതയെ ലോകം മുഴുവൻ പ്രശംസിച്ചിരുന്നു. ലോക്ക്ഡൗൺ കാലത്ത് കഷ്ടതയിലായ ദശലക്ഷക്കണക്കിന് കുടിയേറ്റ തൊഴിലാളികളുടെ ദുരവസ്ഥ എടുത്തുകാണിക്കുന്ന നിരവധി കഥകളിൽ ഒന്നാണ് അവളുടെ കഥ. എന്നാൽ, ഇപ്പോൾ അവളുടെ ധീരതയ്ക്ക് പ്രധാൻ മന്ത്രിയുടെ രാഷ്ട്ര ബാൽ പുരസ്‌കാരം അവളെ തേടി വന്നിരിക്കയാണ്. 

“ബാൽ പുരസ്കാർ ലഭിച്ച ബീഹാറിന്റെ, ദൽബംഗയുടെ ജ്യോതി കുമാരിയ്ക്ക് ഭാവിയിൽ എല്ലാവിധ ആശംസകളും നേരുന്നു” പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു. "അവളുടെ പ്രായത്തിലുള്ള മറ്റേതൊരു പെൺകുട്ടിയെയും പോലെയാണ് അവളും, എന്നാൽ സൈക്കിളിൽ 1,200 കിലോമീറ്റർ, അതും പിൻസീറ്റിൽ രോഗിയായ അച്ഛനെയിരുത്തി സഞ്ചരിക്കാൻ അവൾ പ്രകടിപ്പിച്ച ധൈര്യവും ശക്തിയും വാക്കുകളാൽ വിവരിക്കാൻ കഴിയില്ല" പ്രധാനമന്ത്രി മോദി ട്വീറ്റ് ചെയ്തു. കുമാരിയുടെ സഹനശക്തിയെ ലോകമെമ്പാടുനിന്നും ആളുകൾ പ്രശംസിച്ചിരുന്നു.

അവളുടെ കഥ വൈറലായതിനുശേഷം, സൈക്ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ ജ്യോതിയെ ട്രയൽസിന് ക്ഷണിക്കുകയുണ്ടായി. എന്നാൽ, അവൾ അത് നിരസിക്കുകയും തുടർന്ന് പഠനത്തിനാണ് ഇപ്പോൾ മുൻഗണന നൽകുന്നതെന്നും പറഞ്ഞിരുന്നു. ഗുഡ്ഗാവിൽ ഓട്ടോ ഡ്രൈവറായ ജ്യോതിയുടെ പിതാവ് മോഹൻ പാസ്വാന് പരിക്കേറ്റതിനെത്തുടർന്ന് ഓട്ടോ ഓടിക്കാൻ സാധിക്കാതെ വന്നു. ലോക്ക് ഡൗൺ സമയത്ത് ജോലി പോവാനാവാതെ വരികയും വരുമാനം ഇല്ലാതാവുകയും ചെയ്തു. ഒടുവിൽ കൈയിലുള്ളതെല്ലാം നുള്ളിപ്പെറുക്കി വിറ്റാണ് ഒരു സൈക്കിൾ വാങ്ങിയത്. പരിക്കേറ്റ പിതാവിനെയും പിന്നിലിരുത്തി സൈക്കിളിൽ ഏഴ് ദിവസം കൊണ്ടാണ് ജ്യോതി കുമാരി ഗുഡ്ഗാവിൽ നിന്ന് ബിഹാറിലെത്തിയത്.