Asianet News MalayalamAsianet News Malayalam

വീല്‍ചെയറില്‍ സിറിയയില്‍ നിന്നും ജര്‍മ്മനി വരെ, പതിനാറുകാരിയുടെ അസാധാരണ യാത്ര...

അവളുടെ അനുഭവങ്ങൾ ലോകം അറിഞ്ഞ് തുടങ്ങിയപ്പോൾ, ഒരുപാട് പുരസ്‌കാരങ്ങൾ അവളെ തേടി എത്തി.

The Girl who travelled 3500 mile on a wheelchair
Author
Germany, First Published Sep 20, 2020, 10:46 AM IST

ജനിച്ചപ്പോഴേ സെറിബ്രൽ പക്ഷാഘാതം ബാധിച്ച നൂജീൻ മുസ്‍തഫയുടെ ജീവിതം വീൽ ചെയറിൽ ഒതുങ്ങുകയായിരുന്നു. കുറച്ചു വർഷങ്ങൾക്കു മുൻപ് വരെ, സിറിയയിലെ അഞ്ചാം നിലയിലുള്ള അപ്പാർട്ട്‍മെന്റായിരുന്നു അവളുടെ ലോകം. തന്റെ മുറിയിലെ ജാലകത്തിലൂടെ ഋതുക്കൾ കടന്നു പോകുന്നത് അവൾ നോക്കിയിരിക്കും. അവൾ ഒരിക്കലും സ്‍കൂളിൽ പോയിട്ടില്ല. പുറംലോകവുമായുള്ള നൂജീന്‍റെ ഏകബന്ധം മേൽക്കൂരയിലെ സാറ്റലൈറ്റായിരുന്നു. എന്നിട്ടും പഠിക്കാനുള്ള ആഗ്രഹം അവൾ ഉപേക്ഷിച്ചില്ല. അമേരിക്കൻ സോപ്പ് ഓപ്പറകൾ കണ്ട് അവൾ സ്വയം ഇംഗ്ലീഷ് പഠിച്ചു. എന്നാൽ, 2014 -ൽ തീവ്രവാദ പ്രചാരണം ശക്തമായപ്പോൾ സിറിയയിൽ നിന്ന് നൂജീനും കുടുംബവും തുർക്കിയിലേക്ക് പലായനം ചെയ്യാൻ നിർബന്ധിതരായി. ജർമ്മനിയിലാണ് അവളുടെ സഹോദരൻ. അവിടേയ്ക്ക് പോകാൻ കുടുംബം ആലോചിച്ചെങ്കിലും, പണം ഒരു തടസ്സമായി. അതിനാൽ അവൾ യാത്ര പുറപ്പെടുമ്പോൾ അവളുടെ മാതാപിതാക്കൾ തുർക്കിയിൽ തന്നെ തങ്ങി. യാത്രയിൽ അവളുടെ സഹോദരി നസ്രിൻ അവളെ അനുഗമിച്ചു.  

നൂജീൻ മുസ്‍തഫ അങ്ങനെ തന്റെ പതിനാറാമത്തെ വയസ്സിൽ 3,500 മൈൽ ദൂരം സിറിയയിൽ നിന്ന് ജർമ്മനിയിലേക്ക് വീൽചെയറിൽ യാത്ര ചെയ്തു. നടന്നും, ബോട്ടിലും, ബസ്സിലും യാത്ര ചെയ്‌ത്‌ പതിനാറ് മാസത്തിന് ശേഷമാണ് അവർ ജർമ്മനിയിൽ എത്തിയത്. ആ യാത്ര അവളെ മാറ്റിമറിച്ചു. അതിനുശേഷം അവൾ അഭയാർഥികളുടെയും വൈകല്യമുള്ളവരുടെയും അവകാശങ്ങൾക്കായി സംസാരിക്കാൻ ആരംഭിച്ചു. യാത്രയിലുടനീളം, നിരാശപ്പെടാനോ, നിസ്സഹായയായി ഇരിക്കാനോ അവൾ ഒരുക്കമല്ലായിരുന്നു. അന്ന് തന്നെ അഭിമുഖം ചെയ്ത ബിബിസി റിപ്പോർട്ടറോട് അവൾ പറഞ്ഞത്: “ഈ ലോകത്ത് നിങ്ങൾക്കാവശ്യമുള്ളത് നേടാൻ നിങ്ങൾ സ്വയം തുനിങ്ങിറങ്ങണം, നിങ്ങൾ പോരാടണം” എന്നാണ്. ബിബിസി ന്യൂസിനായി ഫെർഗൽ കീനാണ് അവളുടെ കഥ ആദ്യമായി ലോക ശ്രദ്ധയിൽപ്പെടുത്തിയത്. ബ്രിട്ടീഷ് പത്രപ്രവർത്തകയും എഴുത്തുകാരിയുമായ ക്രിസ്റ്റീന ലാമ്പും - ദ ഗേൾ ഫ്രം അലപ്പോ: നൂജീന്‍ എസ്‌കേപ്പ് ഫ്രം വാർ ടു ഫ്രീഡം എന്ന പുസ്‍തകത്തിൽ അവളുടെ കഥ വിവരിക്കുന്നുണ്ട്.  

അതുവരെ വീട്ടിൽ നിന്ന് പുറത്തുപോകാത്ത ഒരു പെൺകുട്ടിയായിരുന്നു അവൾ. അവളുടെ അപ്പാർട്ട്മെന്റിൽ എലിവേറ്ററുകളില്ലായിരുന്നു. ആരെങ്കിലും അവളെ ചുമന്നെങ്കിൽ മാത്രമേ അവൾക്ക് താഴേക്കിറങ്ങാൻ കഴിയുമായിരുന്നുള്ളൂ. അന്നുവരെ, അവൾ ഒരിക്കലും ബസ്സിലോ ട്രെയിനിലോ ബോട്ടിലോ വിമാനത്തിലോ കയറിയിട്ടില്ലായിരുന്നു. അവളെ സംബന്ധിച്ചിടത്തോളം, എല്ലാം പുതിയതായിരുന്നു. പുതിയ സ്ഥലങ്ങൾ, പുതിയ ആളുകൾ... എല്ലാം അവൾക്ക് കൗതുകമായിരുന്നു.

The Girl who travelled 3500 mile on a wheelchair

എന്നിരുന്നാലും, വീൽചെയറിലുള്ള യാത്ര ഒട്ടും സുഖകരമായിരുന്നില്ല. എന്നിട്ടും അവൾ അതൊക്കെ മറന്ന് പുഞ്ചിരിക്കാൻ ശ്രമിച്ചു. ഒരിക്കൽ അവരെ സ്ലൊവേനിയയിൽ ഒരു തടങ്കൽ കേന്ദ്രത്തിൽ പാർപ്പിക്കുകയുണ്ടായി. അപ്പോൾ മാത്രം അവൾ അല്പം മൂകയായി. “അതൊരു അടഞ്ഞ ക്യാമ്പായിരുന്നു, ജനാലകളിൽ ബാറുകളുണ്ടായിരുന്നു. ആ ഭാഗം ഓർക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല” അവൾ പറഞ്ഞു. എന്നാൽ, അവൾ അതെല്ലാം അതിജീവിച്ചു. എട്ട് അതിർത്തികൾ കടന്ന്, ചരൽ പാതയിലൂടെ മൈലുകൾ വീൽ ചെയറിൽ യാത്ര ചെയ്ത്, മരുഭൂമിയിൽ രാത്രികൾ ചെലവഴിച്ച്, അപകടകരമായ കടൽ കടന്ന് അവൾ യാത്ര പൂർത്തിയാക്കി. ഒരു യുദ്ധമേഖലയിൽ നിന്ന് പലായനം ചെയ്യുന്നത് എല്ലാവർക്കും ബുദ്ധിമുട്ടുള്ള കാര്യമാണ്. എന്നാൽ, വീൽചെയറിലോ, ക്രച്ചസിലോ, കുണ്ടുംകുഴിയും നിറഞ്ഞ വഴികൾ താണ്ടി, സ്ഫോടന ഗർത്തങ്ങൾ കടന്ന് സഞ്ചരിക്കുക എന്നത് അതിലും ദുഷ്‌കരമാണ്, അവൾ പറഞ്ഞു.  

"വൈകല്യമുള്ള ഒരു അഭയാർത്ഥി എന്ന നിലയിൽ ഏറ്റവും ബുദ്ധിമുട്ട് അനുഭവിച്ചത് ടോയ്‌ലറ്റിൽ പോകാനായിരുന്നു. പല ടോയ്‌ലറ്റുകൾക്കും റാമ്പുകളില്ലാത്തതിനാൽ എനിക്ക് മോറിയയിലെ ടോയ്‌ലറ്റുകൾ ഉപയോഗിക്കാൻ കഴിഞ്ഞില്ല. ഭൂപ്രദേശം വളരെ പരുപരുത്തതായതിനാൽ യാത്രയിൽ എനിക്ക് മുറിവുകളുണ്ടായി. എല്ലാവരും വിചാരിക്കും വീൽചെയറിൽ ഒന്നും ചെയ്യാതെ ഞാൻ സുഖിച്ച് ഇരിക്കുകയാണെന്ന്. വാസ്തവത്തിൽ, ഇത് ശരിക്കും വേദനിപ്പിക്കുന്ന ഒരനുഭവമാണ്. കുത്തനെയുള്ള ഇറക്കം ഇറങ്ങുമ്പോൾ, ഞാൻ വീൽചെയറിൽ നിന്ന് വീഴുമോ എന്ന് ഭയപ്പെട്ടിട്ടുണ്ട്. കാർഡ്ബോർഡ് ബോക്സുകളിൽ ഞങ്ങൾക്ക് രാത്രി ഉറങ്ങേണ്ടി വന്നിട്ടുണ്ട്" അവൾ പറഞ്ഞു.    

ഒടുക്കം യാത്ര അവസാനിച്ച് ജർമ്മനിയിൽ എത്തിയപ്പോൾ അവൾക്ക് സങ്കടം തോന്നി. താൻ പഴയ ജീവിതത്തിലേക്ക് മടങ്ങാൻ പോവുകയാണല്ലോ എന്നോർത്ത് അവൾ ദുഃഖിച്ചു. എന്നാൽ, ജർമ്മനി അവളെ ഇരുകൈയും നീട്ടി സ്വീകരിച്ചു. സിറിയയിൽ ഒരിക്കലും ചെയ്യാൻ കഴിയാത്ത കാര്യങ്ങൾ അവൾ ഇവിടെ പഠിച്ചു, വീൽചെയർ ബാസ്കറ്റ്ബോൾ കളിക്കുക, സ്വയം വസ്ത്രം ധരിക്കുക തുടങ്ങി. ഇന്ന് തീർത്തും സന്തോഷവതിയാണ് അവൾ.

അവളുടെ അനുഭവങ്ങൾ ലോകം അറിഞ്ഞ് തുടങ്ങിയപ്പോൾ, ഒരുപാട് പുരസ്‌കാരങ്ങൾ അവളെ തേടി എത്തി. 2019 -ൽ സിറിയയിലെ യുദ്ധകാലത്തെ തന്റെ അനുഭവങ്ങളെക്കുറിച്ചും വികലാംഗരെ സംബന്ധിച്ച നയത്തെക്കുറിച്ചും ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ സമിതിയിൽ സംസാരിച്ച ഭിന്നശേഷിക്കാരിയായ ആദ്യ വ്യക്തിയാണ് അവൾ. ജനീവയിലെ പാലസ് ഓഫ് നേഷൻസ്, ഇറാഖിലെയും യുണൈറ്റഡ് കിംഗ്ഡത്തിലെയും ടിഇഡിഎക്സ്, 2017 -ലെ നാൻസൻ അഭയാർത്ഥി അവാർഡ് ചടങ്ങ് എന്നിവടങ്ങളിലും അവൾ സംസാരിച്ചു. ഭിന്നശേഷിക്കാരിയാണെന്നതും, സിറിയയിൽ സംഭവിച്ച ഭയാനകമായ കാര്യങ്ങളും ഒന്നും അവളുടെ പ്രസരിപ്പിനെ ബാധിച്ചില്ല. എല്ലായ്‌പ്പോഴും ഒരു പുഞ്ചിരിയോടെ ജീവിതത്തെ നോക്കിക്കാണാൻ അവൾ ശീലിച്ചിരിക്കുന്നു. 

Follow Us:
Download App:
  • android
  • ios