Asianet News MalayalamAsianet News Malayalam

ഒടുവില്‍ റ്റിംബക്റ്റൂവിലും കൊവിഡ് 19, ഈ 'അതിവിദൂരദേശ'ത്തിനും മഹാമാരിയില്‍ നിന്ന് രക്ഷയില്ല...

റ്റിംബക്റ്റൂ നിധികളാൽ ചുറ്റപ്പെട്ട ഒരു സ്ഥലമാണ്. 15, 16 നൂറ്റാണ്ടുകളിൽ ആഫ്രിക്കയിലെ ഏറ്റവും സ്വാധീനമുള്ള ഭരണ സംസ്ഥാനങ്ങളിലൊന്നായ സോങ്ങ്ഹായ് സാമ്രാജ്യത്തിന്റെ കീഴിൽ നഗരം ഏറ്റവും കൂടുതൽ അഭിവൃദ്ധി പ്രാപിച്ചു.

The great fall of Timbuktu
Author
Timbuktu, First Published Jul 3, 2020, 3:49 PM IST

ദൂരെദൂരെ അങ്ങ് കാടുകൾക്കും മലകൾക്കുമപ്പുറം മനുഷ്യരാരും അധികം ചെന്നെത്താത്ത ഒരു നിഗൂഢസ്ഥലമുണ്ട്. റ്റിംബക്റ്റൂ എന്നാണ് ആ വിദൂര ഗ്രാമത്തിന്റെ പേര്. പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ മാലിയിലാണ് അത് സ്ഥിതി ചെയ്യുന്നത്. എത്തിപ്പെടാൻ പ്രയാസമാണ് എന്നത്‌ തന്നെയാണ് റ്റിംബക്റ്റൂവിന്റെ ഏറ്റവും വലിയ പ്രത്യേകത. എന്നാലിപ്പോള്‍ റ്റിംബക്റ്റൂ വാര്‍ത്തയിലിടം നേടുന്നത് കൊവിഡ് 19 എന്ന മഹാമാരി അതിവിദൂരമായ ആ സ്ഥലത്തെയും അക്രമിച്ചതിന്‍റെ പേരിലാണ്. അഞ്ഞൂറോളം പേര്‍ക്ക് രോഗം ബാധിച്ചിട്ടുണ്ടെന്നാണ് ന്യൂസ് ഏജന്‍സിയായ എപി റിപ്പോര്‍ട്ട് ചെയ്യുന്നത്.  

എവിടെയാണ് റ്റിംബക്റ്റൂ? എന്താണ് പ്രത്യേകത? 

സഹാറ മരുഭൂമിയുടെ തെക്കേയറ്റത്തുള്ള നൈഗർ നദിയിൽ നിന്ന് 20 കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്ന റ്റിംബക്റ്റൂവിന്റെ വടക്ക് ആയിരക്കണക്കിന് മൈൽ പരന്നുകിടക്കുന്ന തരിശ് മരുഭൂമിയാണ്. റ്റിംബക്റ്റൂവിന്റെ ഈ നിഗൂഢതയും, വിദൂരതയും ഒരുപാട് എഴുത്തുകാരുടെ ഭാവനയെ സമ്പന്നമാക്കിയിട്ടുണ്ട്. അതിന്‍റെ ചുവടുപിടിച്ച് ഒരുപാട് കഥകൾ എഴുതപ്പെട്ടിട്ടുണ്ട്. തടസ്സങ്ങളെ അതിജീവിച്ച് സാഹസികമായി അവിടെ എത്തിച്ചേരുന്നവരെ കാത്തിരിക്കുന്ന എണ്ണിയാൽ ഒടുങ്ങാത്ത കൗതുകങ്ങളുടെ കഥകൾ പല എഴുത്തുകാരും ഭാവനയിൽ കണ്ടു. 

ഓക്സ്ഫോർഡ് അഡ്വാൻസ്‍ഡ് ലേണേഴ്‍സ് ഡിക്ഷ്‍ണറിയിൽ റ്റിംബക്റ്റൂവിന്റെ നിർവചനം 'വളരെ അകലെയുള്ള ഒരു സ്ഥലം' എന്നാണ്. ഒരുകാലത്ത് പ്രധാനമായും ഉപ്പ്, സ്വർണം, പരുത്തി, ആനക്കൊമ്പ് എന്നിവ കൈകാര്യം ചെയ്യുന്ന ഒരു മികച്ച പഠനകേന്ദ്രവും സമ്പന്നമായ ഒരു വ്യാപാര കേന്ദ്രവുമായിരുന്നു അവിടം. സമ്പന്ന നഗരമായിരുന്ന അതിനെ കുറിച്ച് പതിനാറാം നൂറ്റാണ്ടിലെ മൂറിഷ് സഞ്ചാരിയായ ലിയോ ആഫ്രിക്കാനസ് തന്റെ Descrittione dell’Africa -യിൽ (ആഫ്രിക്കയുടെ വിവരണം) എഴുതിയത് ഇങ്ങനെയാണ്  'റ്റിംബക്റ്റൂവിലെ രാജാവിന് ധാരാളം സ്വർണ്ണത്തളികകളും സ്വർണഖനികളുമുണ്ട്... അദ്ദേഹത്തിന്റെ സദസ്സിൽ ധാരാളം വൈദ്യന്മാരും, ന്യായാധിപന്മാരും, പണ്ഡിതന്മാരുമുണ്ടായിരുന്നു." 1510 -ൽ നഗരം അതിന്റെ ഉന്നതിയിലെത്തിയപ്പോൾ ആഫ്രിക്കാനസ് അവിടേയ്ക്ക് യാത്ര നടത്തിയതായി റിപ്പോർട്ടിലുണ്ട്.  

ഐതിഹ്യമനുസരിച്ച്, പതിനാലാം നൂറ്റാണ്ടിലെ രാജാവ് മൻസ മൂസയുടെ അഭിവൃദ്ധി പാശ്ചാത്യലോകത്ത് എത്തിയപ്പോൾ റ്റിംബക്റ്റൂവിന്റെ പ്രശസ്‍തി യൂറോപ്പിലുടനീളം വ്യാപിച്ചു. റ്റിംബക്റ്റൂ നിധികളാൽ ചുറ്റപ്പെട്ട ഒരു സ്ഥലമാണ്. 15, 16 നൂറ്റാണ്ടുകളിൽ ആഫ്രിക്കയിലെ ഏറ്റവും സ്വാധീനമുള്ള ഭരണ സംസ്ഥാനങ്ങളിലൊന്നായ സോങ്ങ്ഹായ് സാമ്രാജ്യത്തിന്റെ കീഴിൽ നഗരം ഏറ്റവും കൂടുതൽ അഭിവൃദ്ധി പ്രാപിച്ചു. റ്റിംബക്റ്റൂവിന് എങ്ങനെയാണ് ആ പേര് വന്നതെന്ന് വ്യക്തമായി അറിയില്ലെങ്കിലും അതിനെ ചുറ്റിപറ്റി നിരവധി കഥകളുണ്ട്. Around the World in 80 Words: Journey Through the English Language എന്ന പുസ്‍തകത്തിൽ എഴുത്തുകാരൻ പോൾ ആന്‍റണി ജോൺസ് എഴുതുന്നത്, ഈ പേരിന് പ്രാദേശിക ഭാഷയിൽ 'മതിൽ' എന്നാണ് അർത്ഥമെന്നാണ്. മറ്റൊരു കണ്ടെത്തൽ സൂചിപ്പിക്കുന്നത് 'സാൻഡ് ഡ്യൂൺ' അല്ലെങ്കിൽ 'മറഞ്ഞിരിക്കുന്ന സ്ഥലം' എന്നർത്ഥമുള്ള ബെർബർ പദത്തിൽ നിന്നാണ് ഇതുണ്ടായതെന്നാണ്.  

എന്നാൽ, എല്ലാ കഥകൾക്കും സന്തോഷകരമായ അന്ത്യമല്ല എന്ന് പറയുമ്പോലെ എല്ലാവരുടെയും ഭാവനകളെ സമ്പന്നമാക്കിയ ഈ വിദൂരദേശം ഇപ്പോൾ പട്ടിണിയിലാണ്. ഭൂതകാലത്തെ സുവർണ കാലഘട്ടത്തിൽ നിന്നും ഇന്ന് വളരെ ദൂരെയാണ് റ്റിംബക്റ്റൂ. ഫ്രഞ്ച് കോളനിയായി വർഷങ്ങൾക്കുശേഷം ദാരിദ്ര്യം, അഴിമതി, യുദ്ധം, ഭീകരവാദം എന്നിവയാൽ ഗ്രാമം നശിക്കപ്പെട്ടു. ആ സ്വപനഭൂമിയിൽ ഇന്ന് നിധികളും, രത്നങ്ങളും ഒന്നും അവശേഷിക്കുന്നില്ല. പകരം പട്ടിണിയും, ദുരിതങ്ങളും മാത്രമാണ് ബാക്കിയുള്ളത്. ഒടുവിലിതാ അവിടെ കൊവിഡ് 19 മഹാമാരിയും എത്തിയിരിക്കുന്നു. ഇതിനകം 500 -ലധികം പേർക്ക് കൊവിഡ് 19 പിടിപെട്ടു, കുറഞ്ഞത് ഒമ്പത് മരണങ്ങളെങ്കിലും നടന്നു. അതിവിദൂരമായ ഇടമെന്ന നിലയില്‍ കൊവിഡില്‍ നിന്നൊഴിഞ്ഞു നില്‍ക്കാന്‍ റ്റിംബക്റ്റൂവിനും ആയില്ല എന്നത് ആശങ്കയുണര്‍ത്തുകയാണ്. 
 

Follow Us:
Download App:
  • android
  • ios