നഗരങ്ങളിലെ മലിനീകരണത്തോത് വർദ്ധിക്കുന്നത്, പരിസ്ഥിതിയെ അപകടകരമായ രീതിയിൽ ബാധിക്കുന്നു. എന്നാൽ, ആ നഷ്ടപ്പെട്ട പച്ചപ്പ് തിരികെ കൊണ്ടുവരാനും, പ്രകൃതിയുടെ സന്തുലിതാവസ്ഥ പുനഃസ്ഥാപിക്കാനും സജീവമായി മുന്നോട്ടുവരുന്ന നിരവധി പ്രകൃതിസ്‌നേഹികൾ നമുക്കിടയിലുണ്ട്. അത്തരത്തിൽ പ്രകൃതിക്ക് വേണ്ടി ജീവിതമുഴിഞ്ഞുവച്ച ഒരാളാണ് ലുധിയാനയിലെ ഐആർ‌എസ് ഉദ്യോഗസ്ഥനായ രോഹിത് മെഹ്‌റ. കഴിഞ്ഞ നാല് വർഷത്തിനിടെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലായി അദ്ദേഹം എഴുപത്തിയഞ്ചോളം മനുഷ്യനിർമ്മിത വനങ്ങൾ നിര്‍മ്മിച്ചു. അദ്ദേഹത്തിന്റെ ഈ അതുല്യമായ സേവനത്തിന് സർക്കാർ അദ്ദേഹത്തിന്  'പഞ്ചാബിലെ ഗ്രീൻമാൻ' എന്ന പദവി നൽകി ആദരിക്കുകയുണ്ടായി.  

500 ചതുരശ്ര അടി മുതൽ നാല് ഏക്കർവരെ വ്യാപിച്ചു കിടക്കുന്ന കൊച്ചുകാടുകളാണ് അദ്ദേഹം നിർമ്മിക്കുന്നത്. ഇതിന് മുൻപ് അദ്ദേഹം ലുധിയാനയിലെയും അമൃത്സറിലെയും പ്രധാന പൊതുസ്ഥലങ്ങളിൽ വെർട്ടിക്കൽ ഗാർഡൻ ഉണ്ടാക്കിക്കൊണ്ടിരിക്കുകയായിരുന്നു. അങ്ങനെയിരിക്കുമ്പോൾ ഒരുദിവസം, ലുധിയാനയിൽ നിന്ന് 40 കിലോമീറ്റർ അകലെയുള്ള ജാഗ്രാവിൽ നിന്നുള്ള ഒരു വ്യവസായി അദ്ദേഹത്തിന്റെ 6,000 ചതുരശ്രയടി വിസ്തീർണ്ണമുള്ള സ്ഥലം വനമാക്കി മാറ്റാൻ സാധിക്കുമോ എന്ന് രോഹിത്തിനോട് തിരക്കി. “അദ്ദേഹം ഒരു തവിട് എണ്ണ ഫാക്ടറി നടത്തുന്നയാളായിരുന്നു. ഫാക്ടറി സ്ഥിതിചെയ്യുന്ന ആ പ്രദേശം അങ്ങേയറ്റം മലിനമായിരുന്നു. അതുകൊണ്ട് തന്നെ മലിനീകരണം കുറക്കാൻ കുറച്ച് മരങ്ങൾ വച്ച് പിടിപ്പിക്കാൻ അദ്ദേഹം ആഗ്രഹിച്ചു” രോഹിത് വിശദീകരിക്കുന്നു. 

എന്നാൽ, അത്തരം വനങ്ങൾ സൃഷ്ടിക്കുന്നതിനെക്കുറിച്ച് രോഹിത്തിന് കാര്യമായ അറിവുണ്ടായിരുന്നില്ല. തുടർന്ന്, ചുരുങ്ങിയ സമയത്തിനുള്ളിൽ എങ്ങനെ വനങ്ങൾ വളർത്താം എന്നതിനെക്കുറിച്ച് അദ്ദേഹം ഗവേഷണം നടത്തി. മിയാവാകിയുടെ ജാപ്പനീസ് സാങ്കേതിക വിദ്യയെ കുറിച്ച് അപ്പോഴാണ് രോഹിത് കേട്ടത്. 

അതിനൊപ്പം, വൃക്ഷായുർവേദം പോലുള്ള പുരാതന ഇന്ത്യൻ ഗ്രന്ഥങ്ങളും അദ്ദേഹം വായിച്ചു. ഇത് രണ്ടും സംയോജിപ്പിച്ച് ചെടികൾ പെട്ടെന്നു വളരാനുള്ള ഒരു സാങ്കേതികവിദ്യ അദ്ദേഹം വികസിപ്പിച്ചെടുത്തു. ഇതിനായി ആദ്യം, രണ്ടരയടി താഴ്ചയിൽ മണ്ണ് കുഴിച്ച് ഇലകൾ, ചാണകം, മറ്റ് തരത്തിലുള്ള കമ്പോസ്റ്റ് എന്നിവ വളമായി ചേർക്കും. മണ്ണിന്റെ ഫലഭൂയിഷ്ഠത മെച്ചപ്പെടുത്തുന്നതിനായി കാർഷിക മാലിന്യങ്ങൾ, മരച്ചീള്, നെല്ല് എന്നിവയും ചേർക്കും. ഇതിനുശേഷം, വിവിധതരം മരങ്ങൾ ഒന്നിച്ചുചേർന്ന പാറ്റേണിൽ തൈകൾ നട്ടുപിടിപ്പിക്കുന്നു. വേപ്പ്, നെല്ലി, മുരിങ്ങ, ഗുൽമോഹർ, ആൽമരം തുടങ്ങിയ വിവിധ മരങ്ങളാണ് അദ്ദേഹം നട്ടുവളർത്തുന്നത്.  

രോഹിത്തിന്റെ പ്രവർത്തനത്തെ കുറിച്ചറിഞ്ഞ കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി (സിഐഐ) അദ്ദേഹവുമായി ചേർന്ന് ഒരു പുതിയ പദ്ധതിയ്ക്ക് രൂപം നൽകുകയുണ്ടായി. മലിനീകരണം തടയുന്നതിനായി ലുധിയാനയിലെ വ്യവസായങ്ങൾക്ക് സമീപമുള്ള തുറസ്സായ സ്ഥലങ്ങൾ കാടുകളായി പരിവർത്തനം ചെയ്യുക എന്നതായിരുന്നു പദ്ധതിയുടെ ലക്ഷ്യം. 

ഇന്ന് ആ പ്രദേശത്തുള്ള 25 കാടുകളിൽ, കുറഞ്ഞത് ഏഴ് മുതൽ എട്ട് എണ്ണം വരെ വ്യാവസായികമേഖലകളിലാണ് ഉള്ളത്. 2020 അവസാനത്തോടെ വിവിധതരം ഔഷധസസ്യങ്ങൾ, കുറ്റിച്ചെടികൾ, മറ്റ് വൃക്ഷങ്ങൾ എന്നിവ ഉൾപ്പെടെ ഒരുകോടി തൈകൾ നട്ടുപിടിപ്പിക്കാനുള്ള ഒരു പുതിയ പദ്ധതിയുടെ പിന്നാലെയാണ് അദ്ദേഹം ഇന്ന്.  

ലുധിയാനയുടെ ഗ്ലോബൽ എർത്ത് പബ്ലിക് സ്‌കൂളിൽ നടന്ന ചടങ്ങിലാണ് ഈ പദ്ധതി ഉദ്ഘാടനം ചെയ്തത്. നാന്നൂറോളം തൈകൾ സ്കൂളിന്റെ കാമ്പസിൽ തന്നെ നട്ടു. “അവിടത്തെ മണ്ണിൽ എളുപ്പം വളരുന്ന ഇനം തൈകളാണ് ഞങ്ങൾ തെരഞ്ഞെടുത്തത്. അവ സാമ്പത്തികമായും ഔഷധപരമായും, പാരിസ്ഥിതികമായും പ്രാധാന്യമുള്ള സസ്യങ്ങളാണ്. ഇന്ന് നമ്മൾ തീർത്തും സുരക്ഷിതമല്ലാത്ത ഒരു ചുറ്റുപാടിലാണ് ജീവിക്കുന്നത്. നാം കുടിക്കുന്ന വെള്ളവും, കഴിക്കുന്ന ഭക്ഷണവും, ശ്വസിക്കുന്ന വായുവും മലിനമാണ്. പരിസ്ഥിതിശാസ്‌ത്രത്തിന്റെ പ്രാധാന്യം ജനങ്ങളെ ബോധ്യപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നു. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ, രാജ്യത്തുടനീളം 1,000 കാടുകൾ സൃഷ്ടിക്കണമെന്നാണ് എന്റെ ആഗ്രഹം” ഐആർ‌എസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഇപ്പോൾ കൂടുതൽ ആളുകൾ അദ്ദേഹത്തിന്റെ ഈ മൈക്രോ ഫോറെസ്റ്റുകളെ കുറിച്ച് കേട്ടറിഞ്ഞ്, അവരുടെ സ്ഥലങ്ങളിലും ഇതുപോലെ വനം നട്ടുപിടിപ്പിക്കാൻ അദ്ദേഹത്തോട് ആവശ്യപ്പെടുന്നു. അദ്ദേഹം അത് സൗജന്യമായി ചെയ്തു കൊടുക്കുകയും ചെയ്യുന്നു.