പലരും ഒരു നിമിഷത്തിൻ്റെ എടുത്തുചാട്ടം കൊണ്ട് തെറ്റുകൾ ചെയ്‍തുപോകുന്നവരായിരിക്കാം. പക്ഷേ, ആ ശപിക്കപ്പെട്ട നിമിഷത്തിൻ്റെ വിലയായി സ്വന്തം ജീവിതം തന്നെ പകരമായി കൊടുക്കേണ്ടിയും വരും അവർക്ക്. ജയിൽ ശിക്ഷ അനുഭവിക്കുന്ന പലരും ഇത്തരക്കാരാണ്. എന്നാൽ, ശിക്ഷയേക്കാൾ അത് തിരുത്താനുള്ള ഒരവസരം നൽകാൻ കർണാടക ജയിൽ മുന്നിലാണ്. ജയിൽ വകുപ്പ് അവിടത്തെ അന്തേവാസികൾക്ക് ഉപരിപഠനത്തിനായി അവസരമൊരുക്കുന്നു.

ബന്ധുവിനെ കുത്തിക്കൊലപ്പെടുത്തിയതിന് കഴിഞ്ഞ ആറുവർഷമായി ശങ്കർ റെഡ്ഡി ജയിൽ ശിക്ഷ അനുഭവിക്കുകയാണ്. ജീവിതത്തിൽ എല്ലാ പ്രതീക്ഷയും തീർന്നു എന്ന് കരുതിയാണ് അയാൾ ജയിലിൽ വന്നത്. എന്നാൽ, ഇപ്പോൾ എല്ലാ ദിവസവും രാവിലെ ശങ്കർ റെഡ്ഡി തൻ്റെ ചെറിയ ജയിൽ സെല്ലിനുള്ളിൽ എഴുന്നേറ്റിരിക്കുമ്പോൾ അയാൾക്ക് ഒരു സ്വപ്‍നമുണ്ട്. ഒരു യൂണിവേഴ്സിറ്റി വിദ്യാർത്ഥിയായി മാറിയ അയാളുടെ മനസ്സിൽ ഇപ്പോൾ പഠനം മാത്രമേ ഉള്ളൂ. 

ഈ പ്രാവശ്യം അയാൾക്കൊപ്പം എഴുപത്തിയെട്ടോളം പേരാണ് കർണാടക ജയിലുകളിൽ ഉന്നത വിദ്യാഭ്യാസത്തിന് തയ്യാറെടുക്കുന്നത്. ജയിൽ തടവുകാർ ജേണലിസം, ക്രിമിനൽ ജസ്റ്റിസിൽ ബിരുദാനന്തര ബിരുദം, സഹകരണ നിയമം, ബിസിനസ്സ്, ഇംഗ്ലീഷിൽ മാസ്റ്റർ ഓഫ് ആർട്‍സ് തുടങ്ങിയ കോഴ്‌സുകൾ പഠിക്കുന്നു.

കർണാടക സംസ്ഥാന ജയിൽ വകുപ്പ് രാജ്യത്തെ ഏറ്റവും മികച്ച ജയിൽ വകുപ്പാണ്. തടവുകാരെ സമൂഹത്തിൽ നല്ല മനുഷ്യരും, സാമൂഹിക ഉത്തരവാദിത്തമുള്ള പൗരന്മാരുമാക്കി മാറ്റാനും, അവരെ തിരുത്താനും, പുനരധിവസിപ്പിക്കാനും അവർ ചെയ്‍തുവരുന്ന പ്രവർത്തങ്ങളാണ് അവരെ അതിന് അർഹരാക്കിയത്. "വിദ്യാഭ്യാസം ആവർത്തിച്ചുള്ള കുറ്റകൃത്യങ്ങളുടെ സാധ്യത കുറയ്ക്കും. വിദ്യാഭ്യാസം നേടാൻ ആഗ്രഹിക്കുന്നവർ മറ്റ് തടവുകാർക്ക് ഒരു മാതൃകയാണ്, ജയില്‍ ഡിജിപി എൻഎസ് മേഘാരിഖ് പറഞ്ഞു.

പരീക്ഷ എഴുതുന്ന 78 കുറ്റവാളികളിൽ 20 -ലധികം സ്ത്രീകളാണ്. അവർ ഏറ്റെടുത്തിട്ടുള്ള ഉന്നത വിദ്യാഭ്യാസ കോഴ്സുകൾ മിക്കവാറും ഓപ്പൺ സർവകലാശാലകളിൽ നിന്നുള്ള പാർട്ട് ടൈം അല്ലെങ്കിൽ വിദൂര പഠന പരിപാടികളാണ്. ഉന്നത വിദ്യാഭ്യാസം നേടുന്ന കുറ്റവാളികളിൽ ഭൂരിഭാഗവും കൊലപാതകക്കേസുകളിൽ ജയിൽ ശിക്ഷ അനുഭവിക്കുന്നവരാണ്. പക്ഷേ, മാറാൻ അവർ മനസ്സുകൊണ്ട് ഒരുങ്ങിക്കഴിഞ്ഞു. ഭാര്യയെ കൊന്ന കുറ്റത്തിന് ശിക്ഷ അനുഭവിക്കുന്ന ഒരാൾ ക്രിമിനല്‍ ജസ്റ്റിസില്‍ ബിരുദാനന്തര ഡിപ്ലോമ കോഴ്‌സാണ് എടുത്തത്. അതുപോലെ തന്നെ ജയിൽ ശിക്ഷ അനുഭവിക്കുന്ന സമയത്ത് ബിരുദ കോഴ്സുകൾ പൂർത്തിയാക്കിയ ചില കൊലപാതകക്കേസ് പ്രതികളെ ഹൈക്കോടതികൾ, വിട്ടയക്കുകയോ കുറ്റവിമുക്തരാക്കുകയോ ചെയ്തിട്ടുണ്ട്. 

"ജയിലിനകത്ത് കഴിയുന്ന സമയത്ത് പഠിക്കുന്നത് അവരിൽ ലക്ഷ്യബോധവും പ്രത്യാശയും ഉണ്ടാക്കും. അത് മാത്രവുമല്ല, ജയിൽനിന്ന് ഇറങ്ങുമ്പോൾ നല്ലൊരു ജീവിതം നയിക്കാനുള്ള ഒരു വഴിയും അവരുടെ മുന്നിൽ തെളിയും"  2006 -ൽ ജയിലിലാക്കപ്പെട്ടപ്പോൾ വെറും 18 വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന മായ (പേര് സാങ്കല്പികം) പറഞ്ഞു. 

“വയലിനടുത്തു നടന്ന ഒരു സംഘർഷത്തിൽ ഞാൻ അമ്മാവനെ കൊന്നുവെന്നാരോപിച്ച് എന്നെ ജയിലിലടച്ചു. എനിക്ക് ഇപ്പോൾ 40 വയസ്സായി. ജയിലിൽ കഴിയുന്ന സമയത്ത് ഞാൻ ബി.കോം, എം.കോം, ജേണലിസത്തിൽ എം.എ, മാർക്കറ്റിംഗിൽ എം.ബി.എ തുടങ്ങിയവയെല്ലാം എടുത്തു. ഞാൻ ഇപ്പോൾ കെഎസ് ഇന്റർനാഷണൽ എന്ന കമ്പനിയിൽ ജോലി നോക്കുന്നു. പഠനത്തോട് താൽപര്യം പ്രകടിപ്പിച്ചപ്പോൾ കോഴ്സുകൾ എടുക്കാൻ എന്നെ പ്രേരിപ്പിച്ച അന്നത്തെ ഡിജി എസ് ടി രമേശിനോട് എനിക്ക് തീർത്താൽ തീരാത്ത നന്ദിയുണ്ട്” രുദ്രേഷ് പറഞ്ഞു. കൊലപാതകക്കേസിൽ ശിക്ഷിക്കപ്പെട്ട വേലു 2014-15 -ൽ മൈസൂർ സർവകലാശാലയിൽ നിന്ന് എംബിഎ ചെയ്തു. തുടർന്ന് ബി‌എസ്‌എം ആൾട്ടർനേറ്റീവ് സിസ്റ്റംസ് ഓഫ് മെഡിസിനിൽ ഡോക്ടറേറ്റും നേടി. 2017 -ൽ മോചിതനായ ശേഷം ആൾട്ടർനേറ്റീവ് മെഡിസിനിൽ എംഡി ബിരുദം നേടിയ അദ്ദേഹം ഇപ്പോൾ തമിഴ്‌നാട്ടിലെ തൻ്റെ ഗ്രാമത്തിൽ പരിശീലനം നടത്തുന്നു.

"ഞാൻ എപ്പോഴും ഒരു നല്ല വിദ്യാർത്ഥിയാണ്. ഓരോ ഘട്ടത്തിലും നമുക്ക് പുതിയ അറിവുകൾ ലഭിക്കുന്നു. എന്നെ ഹൈക്കോടതി കുറ്റവിമുക്തനാക്കിയെങ്കിലും എട്ട് വർഷം എനിക്ക് തടവ് അനുഭവിക്കേണ്ടി വന്നു. ആ സമയത്ത് അകത്തും പുറത്തുമുള്ള നിരവധി സുഹൃത്തുക്കൾ കോഴ്‌സ് പൂർത്തിയാക്കാൻ എന്നെ സഹായിച്ചു” വേലു പറഞ്ഞു.

എല്ലാ സൗകര്യങ്ങളോടും കൂടിയ ഒരു ലൈബ്രറിയും, യൂണിവേഴ്സിറ്റി അധ്യാപകരുടെ അതിഥി പ്രഭാഷണങ്ങളും, പഠന സാമഗ്രികളും എല്ലാം വകുപ്പ് അവർക്ക് നൽകിയിട്ടുണ്ട്. വകുപ്പ് തന്നെ ഫീസും അടക്കുന്നു. ഇതിനുപുറമെ തടവുകാർക്കായി ബ്ലാക്ക്ബോർഡ്, ഡെസ്കുകൾ തുടങ്ങിയവയും ഇവിടെ ഉണ്ട്. ശിക്ഷിക്കപ്പെട്ട സോഫ്റ്റ്‌വെയർ എഞ്ചിനീയറായ സതീഷ് ഗുപ്‍ത എല്ലാ എം‌ബി‌എ ഉദ്യോഗാർത്ഥികൾക്കും ഒരു പ്രചോദനമാണ്. "ഞങ്ങളുടെ ദൈനംദിന പരീക്ഷാ ടൈംടേബിൾ പരിശോധിക്കാനും, സംശയങ്ങൾക്ക് ഉത്തരം നൽകാനും, പ്രവേശന പരീക്ഷകൾ എഴുതാനായി പരിശീലനം നൽകാനും അയാൾ ഞങ്ങളെ സഹായിക്കുന്നു” സ്ത്രീധനത്തിന്‍റെ പേരില്‍ കൊലപാതകം നടത്തിയ കേസിലെ മറ്റൊരു കുറ്റവാളിയായ രാജ്‍കുമാര്‍ വിശദീകരിക്കുന്നു.

കുറ്റം ചെയ്തവർക്ക് അത് തിരുത്താനുള്ള ഒരവസരം നമ്മൾ നൽകേണ്ടതല്ലേ. ഒരുപക്ഷേ, ഒരു നല്ല മനുഷ്യനായി, മറ്റുള്ളവർക്ക് മാതൃകയായി ജീവിക്കാൻ അവർക്കു കഴിഞ്ഞേക്കും. 

(കടപ്പാട്: ദ ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്)