പസഫിക് സമുദ്രത്തിലെ ഒരു ചെറിയ പവിഴ ദ്വീപായ പിംഗലാപില്‍ ചെടികള്‍ക്ക് പച്ച നിറമല്ല, പകരം ഇളം പിങ്ക് നിറമാണ്. കടലിനോ ചാരനിറവും, പ്രദേശവാസികളെ ബ്ലാക്ക് ആന്‍ഡ് വൈറ്റിലാണ് കാണുക. ഇതെന്തു അത്ഭുതമാണ് എന്ന് വിചാരിക്കുന്നുണ്ടാകും.

നിറങ്ങള്‍ മാറിയതല്ല, പകരം അവിടെയുള്ളവര്‍ക്ക് ദ്വീപിലെ കാഴ്ചകള്‍ ഇങ്ങനെയാണ് ദൃശ്യമാകുന്നത് എന്നതാണ് ഇതിനുപിന്നിലെ കാരണം. പിംഗലാപിലെ അഞ്ചു ശതമാനത്തിലേറെ ജനങ്ങള്‍ വര്‍ണ്ണാന്ധരാണ്. അവര്‍ക്ക് പല നിറങ്ങളും കാണാന്‍ സാധിക്കില്ല. അത്‌കൊണ്ട് തന്നെ ഈ ദ്വീപിന് മറ്റൊരു പേരും കൂടെയുണ്ട്, 'കളര്‍ബ്ലൈന്‍ഡ് ദ്വീപ്.'

വര്‍ണ്ണാന്ധതയുള്ളവര്‍ക്ക് ചുവപ്പ്, നീല, പച്ച ഇല്ലെങ്കില്‍ ഇവയുടെ മിശ്രിത നിറങ്ങള്‍ കാണാന്‍ സാധിക്കില്ല. അവരുടെ ലോകം എന്നും ഇരുണ്ടതായിരിക്കും. ആഗോളതലത്തില്‍ 30,000 ആളുകളില്‍ ഒരാള്‍ക്ക് മാത്രമാണ് പൂര്‍ണ്ണമായ വര്‍ണ്ണാന്ധത അഥവ ടോട്ടല്‍ കളര്‍ ബ്ലൈന്‍ഡ്‌നെസ് സംഭവിക്കുന്നത്. എന്നാല്‍ പിംഗലാപില്‍ ജനസംഖ്യയുടെ 4% മുതല്‍ 10% ത്തോളം വരുന്ന ആളുകള്‍ക്കും ഇതുണ്ട്. ഈ ജനതയെ കുറിച്ച് ആദ്യമായി പുറംലോകം അറിയുന്നത് 1996-ല്‍ ഇറങ്ങിയ ഒളിവര്‍ സാക്‌സിന്റെ 'ദി ഐലന്റ് ഓഫ് കളര്‍ബ്ലൈന്‍ഡ്' എന്ന പുസ്തകത്തിലൂടെയാണ്.

 

Photos: കടലിന് ചാരനിറം, ഇലയ്ക്ക് പിങ്ക് നിറം, ഇത് വര്‍ണ്ണാന്ധരുടെ ദ്വീപ്.
 

ഒരു ദ്വീപിലെ ജനതയ്ക്ക് മുഴുവന്‍ ഇത്തരമൊരു ജനിത വൈകല്യം എങ്ങനെ സംഭവിച്ചു എന്നത് പല ശാസ്ത്രജ്ഞരിലും കൗതുകം ജനിപ്പിക്കുന്ന ഒന്നാണ്. അതിന്റെ പിന്നില്‍ പ്രദേശവാസികള്‍ വിശ്വസിച്ചു പോരുന്ന ഒരു കഥയുണ്ട്. 18 നൂറ്റാണ്ടില്‍ ഒരു സുനാമി ആ ദ്വീപിലെ പകുതിയിലധികം പേരെയും ഇല്ലാതാക്കി. അതിജീവിച്ച ഇരുപത് പേരില്‍ ഒരാളായ ഭരണാധികാരി പൂര്‍ണ്ണമായ വര്‍ണ്ണ അന്ധതയുള്ളയാളായിരുന്നു. ക്രമേണ അദ്ദേഹം ദ്വീപിന്റെ പിന്നീടുള്ള തലമുറകള്‍ക്ക് ആ ജീന്‍ കൈമാറി. അങ്ങനെയാണ് അവിടെയുള്ള ആളുകള്‍ വര്‍ണ്ണാന്ധരായതെന്നാണ് പറയുന്നത്.  

ബെല്‍ജിയന്‍ ഫോട്ടോഗ്രാഫര്‍ സാന്‍ ഡി വൈല്‍ഡ്  2015 ല്‍ ദ്വീപ് സന്ദര്‍ശിക്കുകയുണ്ടായി. ദ്വീപും അവിടത്തെ വര്‍ണ്ണാന്ധതയും പ്രതിപാദിക്കുന്ന നിരവധി ചിത്രങ്ങള്‍ അവര്‍ പകര്‍ത്തി. ദ്വീപുനിവാസികള്‍ ലോകത്തെ കാണുന്ന രീതിയില്‍ സാന്‍ ഡി വൈല്‍ഡ് ചിത്രങ്ങള്‍ സൃഷ്ട്ടിച്ചു. ചിലത് പൂര്‍ണ്ണമായ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രങ്ങളാണ്. ചുവപ്പ് അല്ലെങ്കില്‍ നീല പോലുള്ള ചില നിറങ്ങളില്‍ ചെറിയ വ്യത്യാസങ്ങള്‍ കാണാമെന്ന് നിരവധി വര്‍ണ്ണാന്ധര്‍ അവകാശപ്പെട്ടു. അതിനെത്തുടര്‍ന്ന് ചില നിറങ്ങള്‍ എടുത്തു കാണിക്കാന്‍ അവര്‍ ക്യാമറയില്‍ ഇന്‍ഫ്രാറെഡ് ഫോട്ടോ ക്രമീകരണങ്ങളും ലെന്‍സുകളും ഉപയോഗിച്ചു.

 

കാഴ്ചയില്ലാത്ത ഒരാള്‍ക്ക് നിറങ്ങളെ കുറിച്ച് മനസിലാക്കാന്‍ പ്രയാസമാണ്. കറുപ്പും വെളുപ്പും മാത്രം അറിയുന്ന ഒരാള്‍ക്ക് ഓറഞ്ച് നിറം എന്താണെന്നു എങ്ങനെ മനസിലാകും? 'നിറം തിരിച്ചറിയാന്‍ സാധിക്കാത്തവര്‍ക്ക് അത് വെറും ഒരു വാക്ക് മാത്രമാണ്' -ഡി വൈല്‍ഡ് പറയുന്നു. 

ദ്വീപില്‍ നിന്ന് മടങ്ങിയെത്തിയ അവര്‍, ആംസ്റ്റര്‍ഡാം സ്റ്റുഡിയോയില്‍ വര്‍ണ്ണാന്ധത അനുകരിക്കാന്‍ ഒരു ഇന്‍സ്റ്റലേഷന്‍ സ്ഥാപിച്ചു. ഒരിക്കലും കണ്ടിട്ടില്ലാത്ത നിറങ്ങള്‍ ഉപയോഗിച്ച് പെയിന്റ് ചെയ്യാന്‍ സന്ദര്‍ശകരെ അവര്‍ ക്ഷണിച്ചു. ആശ്ചര്യത്തോടെ തങ്ങളുടെ വര്‍ണ്ണാഭമായ കലാസൃഷ്ടികളെ ആളുകള്‍ നോക്കിനിന്നു. 

'ഒരു പുതിയ വെളിച്ചത്തില്‍ ലോകത്തെ കാണാനും സംവദിക്കാനുമുള്ള ഒരവസരമാണ് ഞാന്‍ ഇതിലൂടെ നല്‍കാന്‍ ആഗ്രഹിച്ചത്,''- ഡി വൈല്‍ഡ് പറയുന്നു.