1860 ജൂലൈയിലാണ്, ക്യാപ്റ്റന്‍ വില്യം ഫോസ്റ്ററും അദ്ദേഹത്തിന്റെ 110 ആഫ്രിക്കന്‍ അടിമകളുമടങ്ങുന്ന ക്ലോട്ടിള്‍ഡ എന്ന കപ്പലും അലബാമയുടെ തീരത്തെത്തിയത്. ആഫ്രിക്കയില്‍ നിന്ന് അടിമകളെ അമേരിക്കയിലേക്ക് കൊണ്ടുവന്ന യുഎസ് കപ്പലാണ് ക്ലോറ്റില്‍ഡ. അടിമകളായ നൂറിലധികം ആഫ്രിക്കകാരില്‍ ഒരാളായിരുന്നു കുഡ്ജോ കസൂല ലോയിസു. അറ്റ്‌ലാന്റിക് അടിമക്കച്ചവടത്തിന്റെ അവസാനത്തെ ഇര. വളരെ അധികം കഷ്ടപ്പാടുകളും, അപമാനങ്ങളും നിറഞ്ഞതായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. 

1840 ല്‍ ബാന്‍ടോ മേഖലയിലെ യൊറുബ ഗോത്രത്തിലാണ് കുഡ്ജോ ലൂയിസ് ജനിച്ചത്. ഇന്ന് പശ്ചിമാഫ്രിക്കന്‍ രാജ്യമായ ബെനിന്റെ ഭാഗമാണ് അത്. പിതാവിന്റെ പേര് ഒലുവാലെ, അമ്മ, ഫോണ്ട്‌ലോലു. കുഡ്ജോയ്ക്ക് അഞ്ച് സഹോദരങ്ങളാണുള്ളത്. അദ്ദേഹത്തിന്റെ ജീവിതത്തിലെ കറുത്ത ഏടുകള്‍ ആരംഭിക്കുന്നത് 1860 ലെ വസന്തകാലത്താണ്. അന്ന് കുഡ്ജോയ്ക്ക് വെറും 19 വയസ്സായിരുന്നു. ഡാഹോമിയന്‍ ഗോത്രം അദ്ദേഹത്തെ പിടികൂടിയ ശേഷം തീരത്തേക്ക് കൊണ്ടുപോയി. അവിടെ, അദ്ദേഹത്തെയും മറ്റ് നൂറിലധികം പുരുഷന്മാരെയും അടിമകളാക്കി വിറ്റു. സാധങ്ങള്‍ വിലകൊടുത്ത് വാങ്ങുന്ന പോലെ മനുഷ്യരെയും വാങ്ങുക. ഇങ്ങനെ സ്വന്തമാക്കിയ അടിമകളെ കപ്പലില്‍ കൊണ്ടുവന്ന് തള്ളുക. ഇതായിരുന്നു അന്നത്തെ രീതി.  അമേരിക്കന്‍ ഐക്യനാടുകളുടെ തീരത്ത് എത്തുന്ന അവസാന അടിമക്കപ്പലായിരുന്നു അത്. തുടര്‍ന്ന്, അടിമകളെ അലബാമയിലേക്ക് കൊണ്ടുവന്നു. പല യൂറോപ്യന്‍ രാജ്യങ്ങള്‍ക്കൊപ്പം, യു എസും 1807-ല്‍ അടിമക്കച്ചവടം നിരോധിച്ചിരുന്നു. എന്നിട്ടും അടിമക്കച്ചവടം രഹസ്യമായി തുടര്‍ന്നുപോന്നിരുന്നു. അധികാരികളുടെ കണ്ണുവെട്ടിക്കാന്‍, അടിമകളെ രാത്രിയിലാണ് അലബാമയിലേക്ക് കടത്തിക്കൊണ്ടുവന്നത്. തുടര്‍ന്ന് അധികാരികള്‍ കണ്ടുപിടിക്കാതിരിക്കാന്‍ ദിവസങ്ങളോളം അവരെ ചതുപ്പില്‍ ഒളിപ്പിച്ചു. ഒടുവില്‍, തെളിവുകള്‍ ഒന്നും അവശേഷിക്കാതിരിക്കാന്‍, കച്ചവടക്കാര്‍ 86 അടി ഉയരമുള്ള ക്ലോറ്റിള്‍ഡയ്ക്ക് തീയിട്ടു. കപ്പലിന്റെ അവശിഷ്ടങ്ങള്‍ 2018 ജനുവരിയില്‍ കണ്ടെത്തിയതായി വിശ്വസിക്കപ്പെടുന്നു.

നരവംശശാസ്ത്രജ്ഞയായ സോറ നീല്‍ ഹര്‍സ്റ്റനാണ് കുഡ്ജോയുടെ കഥ പുറംലോകത്തെ അറിയിച്ചത്. കുഡ്ജോയുമായി സോറ നിരവധി അഭിമുഖങ്ങള്‍ നടത്തി, പക്ഷേ അവ പ്രസിദ്ധീകരിക്കാന്‍ പലരും തയ്യാറായില്ല. ഒരു സാധാരണക്കാരനായ അദ്ദേഹത്തിന്റെ സ്വന്തം ഭാഷയില്‍ നടത്തപ്പെട്ട അഭിമുഖങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ പല പത്രങ്ങളും വിസ്സമ്മതിച്ചു. നിലവാരമുള്ള അമേരിക്കന്‍ ഇംഗ്ലീഷിന്റെ മാതൃകയില്‍ കുഡ്ജോയുടെ വാക്കുകള്‍ മാറ്റി എഴുതാന്‍ സോറയെ അവര്‍ നിര്‍ബന്ധിച്ചു. എന്നാല്‍ സോറ അതിന് വഴങ്ങിയില്ല. അക്കാലത്ത്, സോറയുടെ അഭിമുഖങ്ങളില്‍ നിറഞ്ഞുനിന്നിരുന്ന പ്രാദേശിക ഭാഷാ സ്വാധീനം വലിയ വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു. പ്രാദേശിക ഭാഷയുടെ ഉപയോഗം വെളുത്തവരുടെ മുന്നില്‍ കറുത്ത ജനതയുടെ നിലവാരം കുറയ്ക്കുമെന്ന് ചില കറുത്ത അമേരിക്കന്‍ ചിന്തകര്‍ പോലും കരുതിയിരുന്നു. എന്നാല്‍ സോറ പിന്നോട്ട് പോയില്ല. 2018 മെയ് മാസത്തില്‍ കുഡ്ജോയുമായുള്ള അഭിമുഖങ്ങള്‍ ഒരു പുസ്തകരൂപത്തില്‍ അവര്‍ പ്രസിദ്ധീകരിച്ചു. ഇതിന് 'ബാരാക്കൂണ്‍: ദി സ്റ്റോറി ഓഫ് ദി ലാസ്റ്റ് ''ബ്ലാക്ക് കാര്‍ഗോ' എന്ന് പേരുമിട്ടു. 

സോറയുടെ പുസ്തകം കുഡ്ജോയുടെയും അദ്ദേഹത്തിന്റെ ജീവിതത്തിന്റെയും കഥ പറയുന്നു. ഹൃദയസ്പര്‍ശിയായ വിവരണത്തിലൂടെ അടിമത്തം സൃഷ്ടിച്ച ആഘാതത്തെക്കുറിച്ച് അവര്‍ നമുക്ക് പറഞ്ഞുതരുന്നു. കുഡ്ജോയെ വീട്ടില്‍ നിന്ന് തട്ടിക്കൊണ്ടുപോയ ശേഷം നൂറുകണക്കിന് അപരിചിതരോടൊപ്പം കപ്പലില്‍ ഇരുത്തി. അതിനു ശേഷം വിവിധ തോട്ടങ്ങളില്‍ ജോലിക്ക് പോകാനായി അലബാമയില്‍ വച്ച് അവരെ വേര്‍പ്പെടുത്തി. ''ഞങ്ങള്‍ മാസങ്ങളോളം ഒന്നിച്ച് കഴിഞ്ഞു. എഴുപത് ദിവസം കപ്പലില്‍ ഞങ്ങള്‍ ഒരു കുടുംബം പോലെ കഴിഞ്ഞു. എന്നാല്‍ തീരത്തെത്തിയപ്പോള്‍ ഞങ്ങളെ വേര്‍പെടുത്തി. ഒന്ന് കരയാന്‍ പോലും കഴിയാതെ ഞങ്ങള്‍ വിഷമിച്ചു. ആ നിമിഷം എന്റെ അമ്മയെ സ്വപ്നം കണ്ടുകൊണ്ട് മരിക്കാന്‍ ഞാന്‍ ആഗ്രഹിച്ചു'- ലൂയിസ് അനുസ്മരിച്ചു. ആരെയും തിരിച്ചറിയാതെ, ഭാഷപോലും സംസാരിക്കാന്‍ കഴിയാതെ, ചുറ്റും എന്താണ് നടക്കുന്നതെന്ന് പോലും മനസ്സിലാകാതെ തോട്ടത്തില്‍ കഴിഞ്ഞ ആ ദിവസങ്ങള്‍ അദ്ദേഹം വേദനയോടെയാണ് ഓര്‍ത്തിരുന്നത്. 'എന്തിനാണ് ഞങ്ങളുടെ രാജ്യത്ത് നിന്ന് പറിച്ചെടുത്ത് അപരിചിതമായ ഒരു സ്ഥലത്ത് ജോലിയ്ക്ക് കൊണ്ടുവന്നതെന്ന് ഞങ്ങള്‍ക്ക് മനസ്സിലായില്ല. എല്ലാവരും ഞങ്ങളെ വിചിത്രമായാണ് നോക്കിയിരുന്നത്. മറ്റുവല്ലവരോടു സംസാരിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു, പക്ഷേ ഞങ്ങള്‍ പറയുന്നത് എന്താണെന്ന് അവര്‍ക്ക് മനസ്സിലായില്ല,' അദ്ദേഹം പറഞ്ഞു. 

ഇത്തരം ഒരു യാതന അനുഭവിച്ച തനിക്ക് നഷ്ടപരിഹാരം ലഭിക്കുമെന്ന് അദ്ദേഹം പ്രതീക്ഷിച്ചു. എന്നാല്‍ വളരെ കാലത്തേ കാത്തിരിപ്പിനുശേഷവും ഒന്നും ലഭിച്ചില്ല എന്നോര്‍ത്ത് അദ്ദേഹം നിരാശനായി. ഒടുവില്‍ കുഡ്ജോയും മറ്റ് 31 സ്വതന്ത്രരായ അടിമകളും ചേര്‍ന്ന് സംസ്ഥാന തലസ്ഥാനത്തിനടുത്ത് ഭൂമി വാങ്ങാന്‍ ആവശ്യമായ പണം സ്വരുക്കൂട്ടി. അതിനെ അവര്‍ ആഫ്രിക്കക്കാരുടെ പട്ടണം എന്ന് വിളിച്ചു. ഇന്ന്, കുഡ്ജോ ലൂയിസിന്റെ സ്മാരകം അഭിമാനപൂര്‍വ്വം ആഫ്രിക്കന്‍ പട്ടണത്തില്‍ നിലനില്‍ക്കുന്നു. 2016 ല്‍ ഏപ്രില്‍ ടെറ ലിവിംഗ്സ്റ്റനാണ് ആ ശില്പം യൂണിയന്‍ മിഷനറി ബാപ്റ്റിസ്റ്റ് ചര്‍ച്ചിന് മുന്നില്‍ സ്ഥാപിച്ചത്. അവിടത്തെ ജനങ്ങള്‍ നേരിട്ട പോരാട്ടങ്ങളെ ഓര്‍മ്മപ്പെടുത്തി കൊണ്ട് കാലത്തിന്റെ ഇടനാഴിയില്‍ ഇന്നും ഒരു മുറിപ്പാടായി അത് നിലനില്‍ക്കുന്നു.