ടെക്സസില്‍, 22 വയസ്സുള്ള ഒരു യുവതിയെ പട്ടിക്കൂട്ടില്‍ പൂട്ടിയിട്ട നിലയില്‍ അയല്‍വാസി കണ്ടെത്തി. വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസെത്തി വീട്ടുടമയായ 60-കാരി കാന്‍ഡി തോംസണെ അറസ്റ്റ് ചെയ്തു. മാനസികാസ്വാസ്ഥ്യമുള്ള വളര്‍ത്തുമകളെയാണ് ഇവര്‍ കൂട്ടിലടച്ചത്.
യുഎസിലെ ടെക്സസില്‍ നിന്നും അസാധാരണമായ ഒരു സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ടെക്സസിലെ അബിലീനിൽ കഴിഞ്ഞ നവംബർ 22 -ാം തിയതി വൈകീട്ട് എട്ട് മണിയോടെ ഒരു യുവതിയുടെ നിലവിളിക്കേട്ട് പുറത്തിറങ്ങിയ ജസ്റ്റിൻ ആൻഡേഴ്‌സൺ കണ്ടത്, അയൽവാസിയുടെ വീട്ടിലെ പട്ടിക്കൂട്ടില്‍ പുറത്ത് കടക്കാനായി ശ്രമിക്കുന്ന 22 വയസുള്ള ഒരു യുവതിയെ. പട്ടിക്കൂട്ടിൽ നിന്നും രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ അവൾ നിലവിളിച്ചുകൊണ്ടിരുന്നു. പിന്നാലെ ജസ്റ്റിൻ സംഭവം പോലീസിനെ അറിയിച്ചു.
പട്ടിക്കൂട്ടിലെ 22 -കാരി
ജസ്റ്റിന്‍ സംഭവത്തിന്‍റെ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചു. രാത്രിയില്‍ കരയുന്ന ഒച്ച കേട്ട് അയൽവാസിയുടെ വീട്ടിലേക്ക് തന്‍റെ ഫോണ്‍ കാമറ ഓണ്‍ ചെയ്ത് കൊണ്ട് ജസ്റ്റിൻ നടന്നു. അവിടെയെത്തിയപ്പോൾ പട്ടിക്കൂട്ടില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുന്ന 22 -കാരിയെയാണ് കണ്ടത്. ഒപ്പം വീട്ടുടമ കാൻഡിസ് "കാൻഡി" തോംസണും സമീപത്ത് ഉണ്ടായിരുന്നു. എന്തിനാണ് മാനസികാസ്വാസ്ഥമുള്ളയാളെ പട്ടിക്കൂട്ടില്‍ അടച്ചതെന്ന് ജസ്റ്റിൻ ചോദിക്കുമ്പോൾ അവൾ വീട്ടിൽ മൊത്തം മൂത്രമൊഴിക്കുകയാണെന്ന് അവർ പറയുന്നു. പിന്നാലെ യുവതിയോട് കരയേണ്ടെന്നും സഹായം അടുത്തുണ്ടെന്നും ജസ്റ്റിൻ പറയുന്നതും വീഡിയോയില്‍ കേൾക്കാം.
അറസ്റ്റ്
ജസ്റ്റിൻ അറിയിച്ചത് അനുസരിച്ച് പോലീസെത്തുകയും അയൽക്കാരിയും 60 കാരിയുമായ കാന്‍ഡിസിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ആദ്യം അറസ്റ്റ് ചെയ്ത് വിട്ടയച്ചെങ്കിലും പിറ്റേന്ന് കൂടുതല്‍ കുറ്റങ്ങൾ ചുമത്തി കാൻഡിസിനെ വീണ്ടും അറസ്റ്റ് ചെയ്തെന്നും റിപ്പോര്‍ട്ടിൽ പറയുന്നു. മുൻ ആൻസൺ പോലീസ് മേധാവിയായിരുന്ന കാൻഡിയും അവരുടെ മരിച്ച് പോയ ഭർത്താവും 2020-ൽ അദ്ദേഹം മരിക്കുന്നതിന് മുമ്പ് വർഷങ്ങളിലായി 50-ലധികം കുട്ടികളെ ദത്തെടുത്ത് വളർത്തിയിരുന്നു. പോലീസ് വീട്ടിലെത്തുമ്പോഴും രണ്ട് മുതിർന്ന വളർത്തുമക്കൾ വീട്ടിലുണ്ടായിരുന്നെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു.


