Asianet News MalayalamAsianet News Malayalam

ഉപദ്രവിക്കുന്ന ഭർത്താക്കന്മാരെ കൊല്ലാൻ സ്ത്രീകള്‍ക്ക് വിഷമുണ്ടാക്കി നല്‍കും, ഇല്ലാതാക്കിയത് 600 പേരെയെങ്കിലും

ഏതെങ്കിലും ദ്രാവകത്തിൽ കലർത്തി, ആദ്യ ഡോസുകൾ നൽകുമ്പോൾ ബലഹീനതയും ക്ഷീണവും ഉണ്ടാക്കുന്നു. രണ്ടാമത്തെ ഡോസ് വയറുവേദന, കടുത്ത ദാഹം, ഛർദ്ദി തുടങ്ങിയ ലക്ഷണങ്ങൾക്ക് കാരണമാകുന്നു.

The lethal poisoner in history, Giulia Tofana
Author
Rome, First Published Jun 26, 2020, 1:35 PM IST
  • Facebook
  • Twitter
  • Whatsapp

പതിനേഴാം നൂറ്റാണ്ടിലെ ഒരു പ്രൊഫഷണൽ കൊലയാളിയായിരുന്നു ഗിയൂലിയ ടോഫാന. തങ്ങളെ ഉപദ്രവിക്കുന്ന ഭർത്താക്കന്മാരെ കൊല്ലാൻ ആഗ്രഹിക്കുന്ന സ്ത്രീകള്‍ക്ക് വിഷം ഉണ്ടാക്കി കൊടുക്കുന്ന ജോലിയായിരുന്നു അവൾക്ക്. ഏകദേശം 600 പേരെ അവർ വിഷം നൽകി കൊന്നിട്ടുണ്ടെന്നാണ് വിശ്വസിക്കുന്നത്. ഒരുതരത്തിൽ പറഞ്ഞാൽ, ചരിത്രത്തിലെ ഏറ്റവും കൂടുതൽ കൊലപാതകങ്ങൾ നടത്തിയ ആളുകളിൽ ഒരാളാണ് ഗിയൂലിയ. രുചിയറിയാത്തതും, തിരിച്ചറിയാൻ കഴിയാത്തതുമായ വിഷം അവൾ സ്വയം ഉണ്ടാക്കി ഒരു മേക്കപ്പ് കുപ്പിയിൽ രഹസ്യമായി പാക്ക് ചെയ്‍ത് ആവശ്യക്കാർക്ക് എത്തിച്ചുകൊടുക്കുമായിരുന്നു. ചില കണക്കുകളനുസരിച്ച്, അവളുടെ ഈ രഹസ്യജോലി ഏകദേശം 20 വർഷത്തോളം നീണ്ടുനിന്നു എന്നാണ് പറയുന്നത്.  

ഒന്ന് ചിന്തിച്ചാൽ, എങ്ങനെയാണ് ഭർത്താക്കന്മാരെ കൊല്ലാനായി ഇത്രയധികം ഭാര്യമാർ തിട്ടം കൂട്ടിയിരുന്നത് എന്ന് നമുക്ക് അത്ഭുതം തോന്നാം. അതിനൊരു കാരണമുണ്ട്. പതിനേഴാം നൂറ്റാണ്ടിൽ ഇറ്റലിയിൽ, സ്ത്രീകളെ വെറും അടിമകളായിട്ടാണ് കണ്ടിരുന്നത്. സ്ത്രീകൾക്ക് ഭർത്താക്കന്മാരിൽ നിന്നും സ്നേഹവും പരിഗണനയും ഒന്നും ലഭിച്ചിരുന്നില്ല. അന്നത്തെ കാലത്ത് സ്ത്രീകൾക്ക് സാമ്പത്തിക ഭദ്രത ഇല്ലാതിരുന്നതു കാരണം മൂന്ന് ഓപ്ഷനുകൾ മാത്രമേ ജീവിതത്തിൽ അവർക്ക് ഉണ്ടായിരുന്നുള്ളൂ: വിവാഹം കഴിക്കുക, അല്ലെങ്കിൽ അതിജീവനത്തിനായി ഒരു ലൈംഗികത്തൊഴിലാളിയാവുക, അല്ലെങ്കിൽ മാന്യയും നല്ലവളുമായ ഒരു വിധവയാകുക. അവിടത്തെ മിക്ക സ്ത്രീകളും ആഗ്രഹിച്ചത് ഒരു വിധവയായി തുടരാനാണ്. കാരണം അത്രയ്ക്ക് ഭീകരമായിരുന്നു അവരെ സംബന്ധിച്ചിടത്തോളം വിവാഹജീവിതം. 

പതിനേഴാം നൂറ്റാണ്ടിൽ റോമിൽ വേരുറച്ച ദുർമന്ത്രവാദം അത്തരം സ്ത്രീകളുടെ പ്രശ്‍നങ്ങൾക്ക് പരിഹാരം തേടാൻ ശ്രമിച്ചിരുന്നു. ഡോക്ടർമാർക്കും പുരോഹിതന്മാർക്കും പരിഹരിക്കാൻ കഴിയാത്ത ഗർഭച്ഛിദ്രം പോലുള്ള കാര്യങ്ങൾക്കായി സ്ത്രീകൾ ഇവരെ സമീപിക്കാൻ തുടങ്ങി. ഈ സമയത്താണ് ഗിയൂലിയ രംഗപ്രവേശം ചെയ്യുന്നത്. ഗിയൂലിയയുടെ പശ്ചാത്തലത്തെക്കുറിച്ച് കൂടുതൽ ഒന്നും അറിയില്ലെങ്കിലും, അവൾ 1620 -ൽ സിസിലിയിലെ പലേർമോയിൽ ജനിച്ചുവെന്ന് വിശ്വസിക്കപ്പെടുന്നു. അവളുടെ അമ്മയായ ഡി അമാഡോയ്ക്ക് ഒരു ഇരുണ്ട ചരിത്രമുണ്ടായിരുന്നു, 1633 -ൽ ഭർത്താവിനെ കൊലപ്പെടുത്തിയതിന് വധിക്കപ്പെട്ടവളാണ് ഗിയൂലിയയുടെ അമ്മയെന്ന് പറയപ്പെടുന്നു. 

ഗിയൂലിയയും ഒരു വിധവയായിരുന്നു. മകൾ ഗിരോലമ സ്‍പാരയ്‌ക്കൊപ്പം റോമിൽ താമസിച്ചു അവൾ. 'കഷ്‍ടതയനുഭവിക്കുന്ന സ്ത്രീകളുടെ കൂട്ടുകാരി'യെന്നാണ് അറിയപ്പെട്ടിരുന്നത്. അക്വാ ടോഫാന എന്നായിരുന്നു അവൾ ഉണ്ടാക്കിയ വിഷത്തിന്‍റെ പേര്. ആരും തിരിച്ചറിയാത്ത രീതിയിലാണ് അവൾ അത് പാക്ക് ചെയ്യുന്നത്. വിഷം അടങ്ങിയ കുപ്പി കണ്ടാൽ ഒരു മേക്കപ്പ് കുപ്പിയോ, ഒരു സുഗന്ധദ്രവ്യമോ ആണെന്നേ കരുതൂ. മുഖത്തെ കറുപ്പ് പോകാനായി ഉപയോഗിച്ചിരുന്ന ഒരു ജനപ്രിയ എണ്ണയായിരുന്നു 'Manna of St Nicholas of Bari'.  വിഷം അടങ്ങിയ ഗ്ലാസ് ബോട്ടിലിന് പുറത്ത് ഗിയൂലിയ ആ പേരാണ് നൽകിയിരുന്നത്. പക്ഷേ, അക്വാ ടോഫാന ഒരു മാരകവിഷയമായിരുന്നു. നിറമില്ലാത്തതും രുചിയല്ലാത്തതുമായ അത് വെറും നാല് മുതൽ ആറ് തുള്ളി മതി ഒരാൾ മരണപ്പെടാൻ. ഓരോ ദിവസവും വളരെ കുറഞ്ഞ അളവിലാണ് വിഷം ഇരയ്‍ക്ക് നൽകുന്നത്. പതുക്കെ പതുക്കെയുള്ള മരണം ആർക്കും ഒരു സംശയവും ജനിപ്പിക്കില്ല.     

ഏതെങ്കിലും ദ്രാവകത്തിൽ കലർത്തി, ആദ്യ ഡോസുകൾ നൽകുമ്പോൾ ബലഹീനതയും ക്ഷീണവും ഉണ്ടാക്കുന്നു. രണ്ടാമത്തെ ഡോസ് വയറുവേദന, കടുത്ത ദാഹം, ഛർദ്ദി തുടങ്ങിയ ലക്ഷണങ്ങൾക്ക് കാരണമാകുന്നു. അവസാനമായി, മൂന്നാമത്തെയോ നാലാമത്തെയോ ഡോസോട്‌ കൂടി ആ മനുഷ്യൻ മരണപ്പെടുന്നു. ചരിത്രം അനുസരിച്ച്, പതിനേഴാം നൂറ്റാണ്ടിൽ ഇറ്റലിയിലുടനീളം ഒരുപാട് കാലം അവൾ തന്റെ ജോലി തടസ്സമില്ലാതെ തുടർന്നു. എന്നാൽ, ഒടുവിൽ അവൾ പിടിക്കപ്പെടുക തന്നെ ചെയ്‌തു. 

1650 -ൽ ഒരു സ്ത്രീ തന്‍റെ ഭർത്താവിന് ഒരുപാത്രം സൂപ്പിൽ വിഷം കലർത്തി നൽകി. എന്നിരുന്നാലും, ഭർത്താവ് അത് കഴിക്കുന്നതിന് മുൻപ് തന്നെ അവരുടെ മനസ്സ് മാറി. അത് കഴിക്കരുതെന്ന് ഭർത്താവിനോട് അവൾ അപേക്ഷിച്ചു. ഇത് അയാളിൽ സംശയം ജനിപ്പിച്ചു. സംശയം തോന്നിയ അയാൾ അവളെ ഉപദ്രവിക്കാന്‍ തുടങ്ങി. ഒടുവിൽ അവൾ എല്ലാം തുറന്നു പറഞ്ഞു. ഗിയൂലിയയിൽ നിന്ന് വിഷം വാങ്ങിയതായി അവൾ സമ്മതിച്ചു. അങ്ങനെ ഗിയൂലിയ അറസ്റ്റിലായി. 1659 -ൽ റോമിലെ കാമ്പോ ഡി ഫിയോറിയിൽ മകളോടും അവളുടെ മൂന്ന് സഹായികളോടും ഒപ്പം ഗിയൂലിയയെ വധിച്ചു. കൂടാതെ, ഗിയൂലിയയുടെ 40 -ലധികം ഉപഭോക്താക്കളെയും വധിച്ചു. അതേസമയം, ഉയർന്ന വർഗ്ഗത്തിൽ പെട്ട അവളുടെ ഉപഭോക്താക്കളെ തടവിലാക്കുകയോ ശിക്ഷയിൽ നിന്ന് രക്ഷപ്പെടുത്തുകയോ ചെയ്‍തുവെന്നും പറയപ്പെടുന്നു.  

Follow Us:
Download App:
  • android
  • ios