ഒരാൾക്ക് എത്ര ദിവസം കുളിക്കാതിരിക്കാൻ സാധിക്കും, പരമാവധി ഒന്നോ, രണ്ടോ ദിവസം, അല്ലെ? എന്നാൽ, ആറുപതിറ്റാണ്ടിലേറെയായി വെള്ളം കാണാത്ത ഒരാളുണ്ട്, അമോ ഹാജി എന്ന 87 വയസുകാരൻ. കഴിഞ്ഞ 67 വർഷത്തിനിടെ അദ്ദേഹം ഒരിക്കൽ പോലും കുളിച്ചിട്ടില്ല. ഇറാനിലെ കെർമാൻഷാ പ്രവിശ്യയിലെ ഒരു ഗ്രാമമായ ഡെഗയിലാണ് അദ്ദേഹം താമസിക്കുന്നത്. അയാളുടെ ശരീരം മുഴുവൻ ചാരവും  അഴുക്കും കൊണ്ട് മൂടിയിരിക്കുന്നു.     

എന്നാൽ ഇങ്ങനെ കുളിക്കാത്തിരിക്കുന്നത്തിന് പിന്നിൽ എന്താണ് കാരണം എന്ന് ചോദിച്ചാൽ അദ്ദേഹത്തിന് അതിന് ഒരൊറ്റ ഉത്തരമേയുള്ളൂ, വെള്ളത്തെ ഭയമാണ്. കുളിച്ചാൽ അസുഖം വരുമെന്ന് അദ്ദേഹം വിശ്വസിക്കുന്നു. അതിലും അസാധാരണമായ കാര്യം, ചത്ത മൃഗങ്ങളുടെ മാംസമാണ്, പ്രത്യേകിച്ച് പന്നിയിറച്ചിയാണ് അദ്ദേഹത്തിന്റെ പ്രധാന ഭക്ഷണം. പുകവലിക്കുന്ന സ്വഭാവവും അദ്ദേഹത്തിനുണ്ട്. പുകയിലയാണ് ഇഷ്ടമെങ്കിലും, ഉണങ്ങിയ പശുവിന്റെ ചാണകമാണ് അദ്ദേഹം അതിന് പകരമായി ഉപയോഗിക്കുന്നത്. ചെറുപ്പത്തിൽ വൈകാരികമായ ചില തിരിച്ചടികളിലൂടെ കടന്നുപോയ ശേഷം ഒറ്റപ്പെട്ട ജീവിതം നയിക്കാൻ ഹാജി തീരുമാനിച്ചതായി ടെഹ്‌റാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

അദ്ദേഹം യുദ്ധകാലത്ത് ധരിക്കുന്ന ഹെൽമെറ്റ് ഉപയോഗിച്ച് തല മൂടുന്നു. അത് ശത്രുക്കളോട് പോരാടാനല്ല, മറിച്ച് ശൈത്യകാലത്ത് തണുപ്പിനെ അകറ്റാനാണ്. ഹാജിക്ക് ഒരു വീടില്ല. തന്റെ ഗ്രാമത്തിന് സമീപം പകൽ മുഴുവൻ അലഞ്ഞുതിരിഞ്ഞ് നടക്കുന്നു അദ്ദേഹം. ഗ്രാമവാസികൾ അദ്ദേഹത്തിനായി ഒരു കുടിലുണ്ടാക്കിയെങ്കിലും അദ്ദേഹം അവിടെ താമസിക്കാറില്ല. ഒരു ശവക്കുഴിയോട് സാമ്യമുള്ള ദ്വാരമോ, അല്ലെങ്കിൽ ആരോ ഉപേക്ഷിച്ച ഒരു തുറന്ന ഇഷ്ടിക കെട്ടിടമോ പോലുള്ള അസാധാരണമായ സ്ഥലങ്ങളിലാണ് അയാൾ അന്തിയുറങ്ങുന്നത്. ഒരു വലിയ തുരുമ്പൻ ടിൻ ക്യാനിൽ നിന്ന് ദിവസവും അഞ്ച് ലിറ്റർ വെള്ളം അദ്ദേഹം കുടിക്കുന്നു. തലമുടി വളർന്നാൽ നമ്മളെ പോലെ അദ്ദേഹത്തിന് കത്രികയും, ട്രിമ്മറും ഒന്നും വേണ്ട. മറിച്ച് തീയിൽ കാണിച്ച് അധികമുള്ള മുടി അദ്ദേഹം കത്തിച്ചു കളയുന്നു. ചുറ്റുമുള്ള ഭൂമിയുടെ ഏതാണ്ട് ഒരേ നിറമായിത്തീർന്ന അദ്ദേഹം തന്റെ പരിസ്ഥിതിയുമായി പൂർണ്ണമായും യോജിക്കുന്നു. അദ്ദേഹം നിശ്ചലനായിരിക്കുമ്പോൾ ഒരു പാറയെ പോലെ തോന്നിക്കുമെന്ന് പ്രദേശവാസികൾ പറയുന്നു. ലോകത്തിന്റെ സുഖസൗകര്യങ്ങളെക്കുറിച്ച് ഹാജിക്ക് യാതൊരു ചിന്തയുമില്ല. എത്രതരം വിചിത്ര മനുഷ്യരാണ് ഈ ലോകത്തിൽ, അല്ലെ?