അഡോൾഫ് ഹിറ്റ്ലറുടെ ജന്മസ്ഥലമെന്ന നിലയിൽ പ്രസിദ്ധി നേടിയ ഓസ്ട്രിയയിലെ ഒരു ചെറുപട്ടണമാണ് ബ്രോണൗ ആം ഇൻ. ആ ഗ്രാമത്തിലെ സ്റ്റീഫൻ പള്ളിയിൽ ചെന്നാൽ, അസാധാരണ നീളമുള്ള താടിയോട് കൂടിയ ഒരു മനുഷ്യന്‍റെ വലിയ കൽപ്രതിമ കാണാം. ഒറ്റനോട്ടത്തിൽ ഇത് അൽപ്പം വിചിത്രമാണെന്ന് തോന്നുമെങ്കിലും, സ്വന്തം മുഖത്തെ രോമംകൊണ്ട് കൊല്ലപ്പെട്ട ഒരു മനുഷ്യന് ഉചിതമായ സ്‍മാരകമാണിത്. 1567 -ൽ ആ ഗ്രാമത്തിന്റെ മേയറായിരുന്നു ഹാൻസ് സ്റ്റെയ്‌നിഞ്ചർ. അദ്ദേഹത്തിന്റെ ജീവിതത്തെക്കുറിച്ച് കൂടുതലൊന്നും അറിയില്ലെങ്കിലും, അദ്ദേഹത്തെ ആളുകൾക്ക് വളരെ ഇഷ്ടമായിരുന്നു എന്ന് മാത്രം അറിയാം. കൂടാതെ, അദ്ദേഹത്തെ കുറിച്ച് ഇപ്പോഴും ഏറ്റവും കൂടുതൽ ഓർമ്മിക്കുന്ന കാര്യം അദ്ദേഹത്തിന്റെ നാലരയടിയിലധികം നീളമുള്ള അവിശ്വസനീയമായ താടിയാണ്.  

സാധാരണയായി, സ്റ്റൈനിംഗർ തന്‍റെ താടി വൃത്തിയായി ചുരുട്ടി പോക്കറ്റിൽ ഇടുമായിരുന്നു. വർഷങ്ങളോളമായുള്ള കഠിനാധ്വാനത്തിന്‍റെയും, അർപ്പണബോധത്തിന്റെയും ഫലമാണ് ആ താടി. നിർഭാഗ്യവശാൽ, 1567 സെപ്റ്റംബർ 28 -ന് പട്ടണത്തിൽ തീ പിടിത്തമുണ്ടായി. ആളുകൾ ആകെ പരിഭ്രാന്തരായി. മേയറായത് കൊണ്ട് സ്റ്റീനിഞ്ചർ അതിന്റെ നടുക്കുണ്ടായിരുന്നു. തീ അണക്കാനുള്ള വെപ്രാളത്തിനിടയിൽ അദ്ദേഹത്തിന്റെ പോക്കറ്റിൽ നിന്ന് താടി അഴിഞ്ഞു താഴെ വീണു. പട്ടണം തീപിടിച്ചതിനാൽ, അത് എടുത്തു വീണ്ടും ചുരുട്ടി വെക്കാനൊന്നും അദ്ദേഹം മെനക്കെട്ടില്ല അത് വഴിയിൽ നിന്ന് മാറ്റിയിടുക മാത്രം ചെയ്തു അദ്ദേഹം. അതായിരുന്നു അദ്ദേഹത്തിന്റെ പതനം. ഒരു കോവണിപ്പടിയുടെ മുകളിൽ നിൽക്കുമ്പോൾ, തിക്കിനും തിരക്കിനും ഇടയിൽ അയാൾ സ്വന്തം താടിയിൽ തന്നെ അറിയാതെ ചവിട്ടി. ബാലൻസ് പോയ അദ്ദേഹം പടിക്കെട്ടിലൂടെ വഴുതി താഴേക്ക്‌ വീണു. അതോടെ കഴുത്ത്‌ തകർന്നു അദ്ദേഹം മരണപ്പെട്ടു.

അദ്ദേഹത്തിന്റെ മരണശേഷം, നഗരം അവരുടെ പ്രിയപ്പെട്ട മേയർക്കായി സെന്റ് സ്റ്റീഫൻ പള്ളിയുടെ വശത്ത് ഒരു വലിയ ശിലാസ്‍മാരകം സ്ഥാപിച്ചു. അതുകൂടാതെ, അദ്ദേഹത്തെ സംസ്‌കരിക്കുന്നതിനുമുമ്പ്, നഗരവാസികൾ ഹാൻസ് സ്റ്റീനിംഗറുടെ മനോഹരമായ താടി മുറിച്ചുമാറ്റി പട്ടണത്തിന്റെ ചരിത്ര മ്യൂസിയത്തിലെ ഒരു ചില്ലകൂട്ടിൽ സൂക്ഷിച്ചു. അദ്ദേഹത്തിന്റെ വർഷങ്ങളായുള്ള അധ്വാനം പാഴായിപ്പോകരുതെന്ന് അവർ ആശിച്ചു. ഭാവി തലമുറകൾക്ക് ഈ പ്രാദേശിക കഥ എന്നും ഓർക്കാനായി ആധികാരികമായും, രാസപരമായും ഇത് സംരക്ഷിച്ച് പോരുന്നു. കഴിഞ്ഞ 450 വർഷമായി, താടി കാണാനായി നിരവധി സന്ദർശകരാണ് മ്യൂസിയത്തിൽ എത്തുന്നത്.