മനുഷ്യത്വത്തേക്കാൾ വലിയൊരു മതമില്ല, പരോപകാരത്തെക്കാൾ വലിയൊരു മൂല്യമില്ല എന്ന മഹത്തായ ആദർശം സ്വന്തം ജീവിതത്തിലൂടെ കാണിച്ചുതന്ന ഒരു അറുപതുകാരനുണ്ട് ഉത്തരാഖണ്ഡിൽ. ആളുകൾ അദ്ദേഹത്തെ സ്നേഹത്തോടെ കലു ഭഗതെന്ന് വിളിക്കുന്നു. കഴിഞ്ഞ 40 വർഷമായി അവകാശപ്പെടാൻ ആരുമില്ലാത്ത മൃതദേഹങ്ങൾക്കായി അന്ത്യകർമങ്ങൾ നടത്തുകയാണ് അദ്ദേഹം. കേൾക്കുമ്പോൾ ഒട്ടും പകിട്ടേറിയ ഒരു ജോലിയല്ലെന്ന് തോന്നാമെങ്കിലും, മറ്റൊരു ലോകത്തിലേയ്ക്ക് പുറപ്പെട്ടവർക്ക് വഴിതുറന്നു കൊടുക്കുന്നത് അദ്ദേഹത്തിന്റെ ജീവിതദൗത്യമായി അദ്ദേഹം കരുതിപ്പോരുന്നു. ഈ കാലയളവിനിടയിൽ ഏകദേശം 2000 -ത്തിലധികം അനാഥമൃതദേഹങ്ങൾക്ക് കർമ്മങ്ങൾ ചെയ്യാൻ അദ്ദേഹത്തിനായി. പഞ്ചാബി കമ്മ്യൂണിറ്റിയില്‍പ്പെട്ട ഇദ്ദേഹത്തിന്റെ യഥാർത്ഥ പേര് ജയ് പ്രകാശ് എന്നാണ്.  

മച്ചി ബസാറിലെ താമസക്കാരനായ കലു ഭഗത് 20 വയസ്സ് മുതലാണ് മൃതദേഹങ്ങൾ സംസ്‌കരിക്കാൻ ആരംഭിച്ചത്. അതിന് മുൻപ് ഡിസ്പെൻസറി റോഡിൽ അദ്ദേഹം ഒരു ബുക്ക് സ്റ്റോർ നടത്തുകയായിരുന്നു. എല്ലാവരും ഏറ്റെടുക്കാൻ മടിക്കുന്ന തീർത്തും വ്യത്യസ്‍തമായ ഈ ദൗത്യം അദ്ദേഹം ഏറ്റെടുത്തതിന്റെ പിന്നിൽ ഒരു കാരണമുണ്ട്. ഏകദേശം 18 വയസ്സുള്ളപ്പോൾ, കലു ഭഗത് പിതാവിനോപ്പം ഒരു ബന്ധുവിന്റെ സംസ്‍കാരച്ചടങ്ങിൽ പങ്കെടുക്കാനായി ലഖിബാഗ് ശ്‍മശാനത്തിൽ പോയി. അവിടെ അനേകം മൃതദേഹങ്ങൾ നിയമപ്രകാരം സംസ്‌കരിക്കുന്നതായി അദ്ദേഹം കണ്ടു. അതേസമയം, ആരും തിരിഞ്ഞു നോക്കാതെ അനാഥമായി കിടന്നിരുന്ന ഒരു മൃതദേഹം അദ്ദേഹത്തിന്റെ ശ്രദ്ധയിൽ  പെട്ടു.  

ആ ദിവസം അദ്ദേഹം ഇന്നും ഓർക്കുന്നു. "ഒരു ശൈത്യകാല സഹായാഹ്നത്തിലാണ് ഞാൻ അവിടെ പോയത്. നിരവധി മൃതദേഹങ്ങൾ സംസ്‌കരിക്കുന്നതിനിടയിൽ ഒരു മൃതദേഹം ശ്രദ്ധിക്കപ്പെടാതെ കിടക്കുന്നത് ഞാൻ കണ്ടു. ഞാൻ അതേക്കുറിച്ച് ശ്‍മശാനത്തിന്റെ ജീവനക്കാരനോട് ചോദിച്ചു, മൃതദേഹത്തിന്റെ അവകാശികൾ ഇതുവരെ എത്തിച്ചേർന്നില്ലെന്നും ഉടൻ തന്നെ അത് ഡിസ്പോസ് ചെയ്യുമെന്നും അദ്ദേഹം ഞങ്ങളോട് പറഞ്ഞു. എന്നാൽ, എനിക്ക് ഇത് കേട്ടിട്ട് വല്ലാത്ത സങ്കടം തോന്നി. എന്ത് തരത്തിലുള്ള ഒരു സംസ്‍കാരമാണ് അതെന്നും ഞാൻ ചിന്തിച്ചു. മൃതദേഹം സംസ്‌കരിക്കാൻ ആവശ്യമായത് എല്ലാം നമുക്ക് ചെയ്യാമെന്ന് ഞാൻ എന്റെ പിതാവിനോട് പറഞ്ഞു. അങ്ങനെ ആ മൃതദേഹം എല്ലാ ചടങ്ങുകളോടെയും സംസ്ക്കരിക്കപ്പെട്ടു" ഭഗത് പറയുന്നു. ഇതിനുശേഷം, ലഖിബാഗ് ശ്‍മശാനത്തിൽ അനാഥമായ മൃതദേഹങ്ങളുടെ അന്ത്യകർമങ്ങൾ പൂർണ്ണമായ ആചാരങ്ങളോടെ അദ്ദേഹം ചെയ്യാൻ ആരംഭിച്ചു.

ജീവിച്ചിരിക്കുമ്പോൾ അവരെയൊന്നും തനിക്ക് സഹായിക്കാൻ സാധിച്ചില്ല, മരണത്തിലെങ്കിലും അതിന് കഴിഞ്ഞതിൽ അതിയായ സംതൃപ്‌തിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ, അദ്ദേഹത്തിന് ഇപ്പോൾ പ്രായമായി. പഴയപോലെ ചുറുചുറുക്കോടെ ഓടിനടന്ന് ചെയ്യാൻ ശാരീരിക പരിമിതികൾ അദ്ദേഹത്തെ അനുവദിക്കുന്നില്ല. എന്നിരുന്നാലും, 40 വർഷമായി അദ്ദേഹം ചെയ്‍ത ജോലി മാനവികതയുടെ മികച്ച ഉദാഹരണമായി കണക്കാക്കാം.