Asianet News MalayalamAsianet News Malayalam

16 കൊല്ലമായി ഭാര്യയുടെ മൃതദേഹത്തിനടുത്ത് ഉറങ്ങുന്ന ഒരാള്‍! ​

എത്രവയ്യെങ്കിലും എല്ലാ ദിവസവും ആ പ്രതിമ വൃത്തിയാക്കുകയും, വസ്ത്രങ്ങൾ മാറ്റുകയും, അതിനെ പൊട്ടുതൊടുവിക്കുകയും, കണ്ണെഴുത്തുകയും ഒക്കെ ചെയ്യും അദ്ദേഹം. 

The man who sleeps next to his dead wife for 16 years
Author
Vietnam, First Published Aug 19, 2020, 3:23 PM IST

നമ്മുടെ പ്രിയപ്പെട്ടവർ എക്കാലവും നമ്മുടെ കൂടെ ഉണ്ടാകണമെന്ന് നമ്മൾ ആഗ്രഹിക്കാറുണ്ട്. എന്നാൽ, അപ്രതീക്ഷിതമായി മരണം അവരെ കവർന്നെടുക്കുമ്പോൾ, നമ്മൾ അനുഭവിക്കുന്ന ശൂന്യത വളരെ വലുതാണ്. അവരില്ലാത്ത ജീവിതത്തെ നേരിടാൻ കഴിയാതെ കടുത്ത വിഷാദത്തിലേയ്ക്ക് നമ്മൾ പലപ്പോഴും കൂപ്പുകുത്താറുണ്ട്. 2003 -ൽ താൻ ജീവന് തുല്യം സ്നേഹിച്ച ഭാര്യയുടെ പെട്ടെന്നുള്ള മരണം വിയറ്റ്നാമീസുകാരനായ ലി വാനിനെ കുറച്ചൊന്നുമല്ല തളർത്തിയത്. ഭാര്യക്കൊപ്പം ചിലവഴിച്ച നിമിഷങ്ങൾ ഓർത്തുകൊണ്ട് വാന്‍ രാവുംപകലും തള്ളിനീക്കി. ഒടുവിൽ അവളില്ലാതെ ജീവിക്കാൻ സാധിക്കില്ലെന്ന് തിരിച്ചറിഞ്ഞ അയാള്‍, ഭാര്യയെ അടക്കം ചെയ്‍ത മണ്ണ് വീണ്ടും കുഴിച്ച്, പ്രിയപ്പെട്ടവളുടെ അവശിഷ്‍ടങ്ങൾ കണ്ടെടുത്തു വീട്ടിലേയ്ക്ക് കൊണ്ടുവന്നു. അതിനെ കെട്ടിപ്പുണർന്നാണ് കഴിഞ്ഞ 16 വർഷമായി അയാള്‍ ഉറങ്ങുന്നത്. 

1975 -ലാണ് വാനും ഭാര്യയും വിവാഹിതരാകുന്നത്. അവരുടേത് ഒരു പ്രണയവിവാഹമായിരുന്നില്ല. പട്ടാളത്തിൽ നിന്ന് തിരിച്ചെത്തിയ വാൻ മാതാപിതാക്കൾ ആലോചിച്ചുറപ്പിച്ച ഒരു വിവാഹത്തിന് സമ്മതിക്കുകയായിരുന്നു. എന്നാൽ, വിവാഹശേഷം അവർക്കിടയിൽ പ്രണയം മൊട്ടിട്ടു. അവർക്ക് ഏഴു മക്കളായിരുന്നു. ഭാര്യയായിരുന്നു അയാളുടെ ലോകം. ആ അച്ചുതണ്ടിനു ചുറ്റുമായിരുന്നു അയാളുടെ ജീവിതം. ഒരുമിച്ചുണ്ടും ഒരു പായയിൽ ഉറങ്ങിയും അവർ പരസ്പരം സ്നേഹിച്ചു കഴിഞ്ഞു. എന്നാൽ, 2003 -ൽ ഒരു ദിവസം പതിവുപോലെ ജോലിയ്ക്ക് പോയ വാൻ, തന്റെ ഭാര്യയുടെ അപ്രതീക്ഷിത മരണവാർത്ത കേൾക്കാനിടയായി. അയാൾ എല്ലാം മറന്ന് വീട്ടിലേക്ക് ഓടി. എല്ലാ ദിവസവും അദ്ദേഹം വരുന്നതും കാത്ത് വാതില്‍ക്കൽ കാണാറുള്ള അവളുടെ ചിരിച്ച മുഖം അദ്ദേഹം തിരഞ്ഞു. എന്നാൽ, തണുത്തുവിറങ്ങലിച്ചു കിടക്കുന്ന അവളുടെ ശരീരമാണ് അദ്ദേഹത്തെ അന്ന് സ്വീകരിച്ചത്. തന്റെ ലോകം കീഴ്മേൽ മറിയുന്നത് പോലെ വാനിന് തോന്നി. അവരുടെ ശരീരം സംസ്‍കരിക്കാനായി എടുത്തുകൊണ്ടുപോയതൊന്നും അയാളറിഞ്ഞില്ല. വല്ലാത്തൊരു ശൂന്യത അയാളെ വന്നുമൂടി. 

The man who sleeps next to his dead wife for 16 years

അവരില്ലാതെ വീട്ടിൽ ശ്വാസം മുട്ടിയ വാൻ പിറ്റേദിവസം അവരെ അടക്കിയ സെമിത്തേരിയിലേക്ക് പോയി. തുടർന്ന് രാവുംപകലും അയാള്‍ തന്റെ ഭാര്യയുടെ അരികിൽ തന്നെ കഴിയാൻ തുടങ്ങി. പകൽ ഭാര്യക്കരികെ ഇരുന്ന് വിശേഷങ്ങൾ പറഞ്ഞിരുന്ന വാൻ രാത്രി ഭാര്യയുടെ ശവക്കുഴിക്കരികിൽ ഉറങ്ങുമായിരുന്നു. മാസങ്ങൾ ഇങ്ങനെ കടന്നുപോയി. ഒടുവിൽ മഴക്കാലം വന്നു. കോരിച്ചൊരിയുന്ന മഴയിൽ അവിടെ തുടരുക എന്നത് ദുഷ്‍കരമായിത്തീര്‍ന്നു. എന്നാലും, ഭാര്യയെ ഉപേക്ഷിച്ച് പോകാൻ അയാള്‍ക്കായില്ല. അദ്ദേഹത്തിന്റെ ഈ പ്രവൃത്തി മക്കളിൽ അസ്വസ്ഥതയുളവാക്കി. ശ്‍മശാനത്തിൽ രാത്രി കഴിച്ചുകൂട്ടുന്നത് മക്കൾ വിലക്കി. എന്നിരുന്നാലും, ഭാര്യയെ എന്നെന്നേക്കുമായി വിട്ടിട്ടുപോകുന്നത് വാനിന് ചിന്തിക്കാൻ പോലും സാധിച്ചില്ല.  

സെമിത്തേരിയിൽ ഉറങ്ങാൻ സാധിക്കില്ലെങ്കിൽ, ഭാര്യയുടെ അവശിഷ്ടങ്ങൾ വീട്ടിൽ കൊണ്ടുവന്നാൽ എന്താ കുഴപ്പമെന്ന് അയാള്‍ ചിന്തിച്ചു. ഒരു രാത്രി അദ്ദേഹം ഭാര്യയുടെ ശവക്കുഴി തുറന്നു, അവരുടെ എല്ലുകൾ എടുത്ത് ഒരു ബാഗിൽ സൂക്ഷിച്ചുവച്ചു. തുടർന്ന് പ്ലാസ്റ്റർ, സിമന്‍റ്, പശ, മണൽ എന്നിവ ഉപയോഗിച്ച് ഒരു സ്ത്രീയുടെ പൊള്ളയായ ഒരു പ്രതിമ നിർമ്മിച്ച്, ഭാര്യയുടെ അവശിഷ്ടങ്ങൾ അതിനകത്ത് വച്ച് അടച്ചു. ആ പ്രതിമ അയാള്‍ വീട്ടിലേയ്ക്ക് കൊണ്ട് വരികയും, കട്ടിലിൽ വയ്ക്കുകയും, രാത്രിതോറും അതിനെ പുണർന്ന് ഉറങ്ങുകയും ചെയ്‌തു. കഴിഞ്ഞ 16 വർഷമായി എല്ലാ രാത്രിയും അതിനെ കെട്ടിപ്പിടിച്ചാണ് വാന്‍ ഉറങ്ങുന്നത്.  

എന്നാൽ, ഇതേക്കുറിച്ചറിഞ്ഞ മക്കൾ വീട്ടിൽ വന്ന് ബഹളമുണ്ടാക്കി. അവരുടെ അമ്മയുടെ ശരീരാവശിഷ്ടങ്ങൾ തിരികെ കൊണ്ടുപോയി വയ്ക്കണമെന്ന് അവർ അച്ഛനോട് നിർദ്ദേശിച്ചു. എന്നാൽ മക്കൾ എത്ര വഴക്കിട്ടിട്ടും, അയാള്‍ അതിന് വഴങ്ങിയില്ല. താമസിയാതെ ഈ വാർത്ത ഒരു കൊടുംകാറ്റ് പോലെ അവിടെമാകെ വ്യാപിച്ചു. അയൽക്കാരും ബന്ധുക്കളും അയാളെ കാണാൻ വരാതായി. വാനിന് പക്ഷേ അതിൽ ഒട്ടും ദുഃഖം തോന്നിയില്ല. തന്റെ എല്ലാമായ ഭാര്യ തന്നോടൊപ്പമുണ്ടാല്ലോ എന്നോർത്താണ് അയാള്‍ സന്തോഷിച്ചത്. അതേസമയം, ചിലർ അയാള്‍ക്ക് വട്ടാണെന്ന് പറഞ്ഞ് പൊലീസിൽ പരാതിപ്പെട്ടു. സംഭവമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി. ഭാര്യയുടെ മൃതദേഹം സെമിത്തേരിയിൽ തിരികെ കൊണ്ട് വയ്ക്കാൻ ആവതും പറഞ്ഞു നോക്കി. എന്നാൽ അയാളത് ചെവികൊണ്ടില്ല.   

നെറ്റ് ന്യൂസ് വിയറ്റ്നാം പറയുന്നതനുസരിച്ച്, കഴിഞ്ഞ രണ്ട് വർഷമായി ലെ വാൻ വീൽചെയറിലാണ്. പക്ഷേ, ഇപ്പോഴും എല്ലാ രാത്രിയും ഭാര്യയുടെ അവശിഷ്ടങ്ങൾ അടങ്ങിയ പ്രതിമയുടെ അരികിലാണ് അയാള്‍ ഉറങ്ങുന്നത്. എത്രവയ്യെങ്കിലും എല്ലാ ദിവസവും ആ പ്രതിമ വൃത്തിയാക്കുകയും, വസ്ത്രങ്ങൾ മാറ്റുകയും, അതിനെ പൊട്ടുതൊടുവിക്കുകയും, കണ്ണെഴുതുകയും ഒക്കെ ചെയ്യുമത്രെ വാന്‍. ഭാര്യ ജീവിച്ചിരുന്നപ്പോൾ ഒരിക്കലും ഇതൊന്നും ചെയ്തിട്ടില്ലെങ്കിലും, ഇപ്പോൾ ഒരു ദിവസം പോലും മുടക്കമില്ലാതെ ഭാര്യക്ക് വേണ്ടി അയാളത് ചെയ്യുന്നു. 

"എന്റെ ഭാര്യ ജീവിച്ചിരിക്കുന്നപ്പോൾ, അവൾക്ക് ഒരിക്കലും ഒരു നല്ല വസ്ത്രം വാങ്ങിക്കൊടുക്കാൻ എനിക്ക് സാധിച്ചിട്ടില്ല. അതുകൊണ്ട് തന്നെ ഇപ്പോൾ ഞാൻ അവൾക്കായി ധാരാളം നല്ല വസ്ത്രങ്ങൾ വാങ്ങുന്നു. ഞാൻ ദിവസത്തിൽ രണ്ടു തവണ അവളുടെ വസ്ത്രങ്ങൾ മാറ്റുന്നു. എനിക്ക് ഭ്രാന്താണെന്നാണ് ആളുകൾ പറയുന്നത്. പക്ഷേ, അവൾ ഇപ്പോഴും എന്റെ കൂടെയുണ്ടെന്ന് ഞാൻ ശക്തമായി വിശ്വസിക്കുന്നു. മരിക്കുന്നതുവരെ അവളുടെ അടുത്തല്ലാതെ മറ്റൊരിടത്തും ഞാൻ ഉറങ്ങുകയില്ല” എന്നാണ് വാൻ പറയുന്നത്. 

 

Follow Us:
Download App:
  • android
  • ios