ദേശാടനക്കിളികൾ നമുക്കറിയാം മൈലുകളോളം സഞ്ചരിക്കും. അത്തരം ദേശാടനപ്പക്ഷികളിൽ ഒന്നാണ് ഒനോൺ. 2019 ജൂണിൽ മംഗോളിയയിലെ ഖുർഖ് താഴ്‌വരയിലെ കുന്നുകൾക്ക് മുകളിലൂടെ അവ പറന്നുയർന്നപ്പോൾ പക്ഷേ ലോകം കണ്ട ഏറ്റവും വലിയ യാത്രയാകും അതെന്ന് ആരും കരുതിയിരുന്നില്ല. പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് ഏറ്റവും കൂടുതൽ സഞ്ചരിച്ച ദേശാടനപ്പക്ഷികളിൽ ഒന്നായി ഇത് ചരിത്രം കുറിച്ചു. 

മംഗോളിയ കുക്കൂ പ്രൊജക്ടിന്‍റെ ഭാഗമായാണ് ഇവയുടെടെ സഞ്ചാരത്തെ കുറിച്ച് പഠിക്കാൻ ശാസ്ത്രജ്ഞർ തീരുമാനിച്ചത്. കഴിഞ്ഞ ജൂണിൽ പക്ഷികളുടെ സഞ്ചാരമാർഗം കണ്ടെത്തുന്നതിനായി ശാസ്ത്രജ്ഞർ ഒനോണടക്കം അഞ്ചു പക്ഷികളുടെ ദേഹത്ത് ഒരു ചെറിയ ട്രാക്കിംഗ് യന്ത്രം ഘടിപ്പിച്ചു. ദക്ഷിണാഫ്രിക്കയിലേക്കാണ് അവ യാത്ര തിരിച്ചത്. എന്നാൽ, മറ്റ് പക്ഷികളൊന്നും തിരിച്ച് വന്നില്ല. സുരക്ഷിതമായി മടങ്ങിയെത്തിയ ഒരേയൊരു പക്ഷി ഒനോണായിരുന്നു. ബ്രിട്ടീഷ് ട്രസ്റ്റ് ഫോർ ഓർണിത്തോളജിയിലെ സീനിയർ റിസർച്ച് ഇക്കോളജിസ്റ്റ് ഡോ. ക്രിസ് ഹ്യൂസൺ ഇതേക്കുറിച്ച് പ്രതികരിച്ചത് ഇങ്ങനെയാണ്, “ഇത് അതിശയകരമായ ഒരു നീണ്ട യാത്രയാണ്. കരയിലുള്ള ഏതൊരു പക്ഷിയെക്കാളും കൂടുതൽ ദൈർഘ്യമേറിയ യാത്ര നടത്തിയ ഒനോണ്‍ പിന്നിട്ടത് 26,000 കിലോമീറ്റർ ദൂരമാണ്." ഈ വാർത്ത പുറംലോകമറിഞ്ഞതോടെ ഒനോണ്‍ ഒരു താരമായി. ഇന്ത്യയിലെ പ്രകൃതിസ്നേഹികൾ മാത്രമല്ല കെനിയ, സ്വീഡൻ എന്നിവിടങ്ങളിലുള്ള ജനങ്ങളും അവന്റെ ആരാധകരാണ്. മെയ് 27 -ന് ഒനോണ്‍ മടങ്ങിയെത്തിയപ്പോൾ മംഗോളിയയിലെ എല്ലാ പത്രങ്ങളുടെയും തലക്കെട്ടുകളിൽ അതൊരു വലിയ വാർത്തയായി. സമുദ്രങ്ങളും, മലകളും കടന്ന്, 16 രാജ്യങ്ങളും 27 അതിർത്തികളും കടന്ന് വിസ്‍മയകരമായ ഒരു യാത്രയാണ് അവൻ നടത്തിയത്. മണിക്കൂറിൽ ശരാശരി 60 കിലോമീറ്റർ വേഗത്തിലാണ് ഒനോൺ പറന്നിരിക്കുന്നത് എന്നാണ് ശാസ്ത്രജ്ഞർ അനുമാനിക്കുന്നത്. 

മംഗോളിയയിലെ വൈൽഡ്‌ലൈഫ് സയൻസ് ആൻഡ് കൺസർവേഷൻ സെന്ററുമായി ചേർന്ന് പദ്ധതിയിൽ പ്രവർത്തിച്ച ഹ്യൂസൺ പറഞ്ഞു, “സാധാരണ കുയിലുകൾ ഒരുപാട് ദൂരം സഞ്ചരിക്കാറില്ല. അവയ്ക്ക് നല്ല നീളമുള്ള ചിറകുകളുണ്ടെങ്കിലും, ഒരുപാട് ദൂരമൊന്നും അവ പോകാറില്ല.” എന്നാൽ, ഒനോൺ പോലുള്ള പക്ഷി വർഗങ്ങൾ ഭക്ഷണത്തിനായി ചിലപ്പോൾ ഒരുപാട് ദൂരം സഞ്ചരിക്കും. വിശ്രമമില്ലാതെ ഒരുദിവസം 1,000 കിലോമീറ്ററിലധികം ദൂരം സഞ്ചരിക്കാൻ അവയ്ക്ക് കഴിയും, അദ്ദേഹം കൂട്ടിച്ചേർത്തു. കമ്പിളിപ്പുഴുക്കളാണ് അവയുടെ ഇഷ്‍ട ആഹാരം. വെയിലും നനവുമുള്ള സ്ഥലങ്ങളിലാണ് പുഴുക്കൾ കാണപ്പെടുന്നത്. അതുകൊണ്ട് വേനൽക്കാലത്ത്, അവർ ഖുർഖ് താഴ്‌വരയിൽ കാണപ്പെടുന്നു. കാലാവസ്ഥ മാറുന്നതിനനുസരിച്ച് അവർ മഴക്കാലത്ത് ഇന്ത്യയിലേക്കും തുടർന്ന് കിഴക്കൻ ആഫ്രിക്കയിലേക്കും പോകുന്നു.