യൂട്ടയിലെ മലയിടുക്കുകളിലെ ഒരു ഗുഹയിലാണ് ഡാനിയൽ സുവലോ താമസിക്കുന്നത്. കായ്‌കളും, കിഴങ്ങുകളും, കാട്ടുപൂക്കളും, വണ്ടി തട്ടി ചാവുന്ന മൃഗങ്ങളുമൊക്കെയാണ് അദ്ദേഹത്തിന്റെ ഭക്ഷണം. ഇതിന് പുറമേ ചിലപ്പോൾ സുഹൃത്തുക്കളും അപരിചിതരും അദ്ദേഹത്തിന് ഭക്ഷണം നൽകുന്നു. അദ്ദേഹത്തിന് ജോലിയില്ല, ബാങ്ക് അക്കൗണ്ടില്ല, സർക്കാർ ആനുകൂല്യങ്ങൾ ഒന്നും തന്നെ സ്വീകരിക്കുന്നുമില്ല. ആധുനിക അമേരിക്കൻ ജീവിതത്തിന്റെ എല്ലാ സുഖസൗകര്യങ്ങളും സുവലോ ഒഴിവാക്കുന്നു. ഒരു ആദിമ മനുഷ്യനെ പോലെ പ്രകൃതിയോട് ചേർന്ന് അദ്ദേഹം ഈ ഭൂമിയിൽ ജീവിക്കുന്നു. 

2000 -ൽ അദ്ദേഹം തന്റെ ജീവിതത്തിലെ സമ്പാദ്യം മുഴുവൻ ഒരു ഫോൺ ബൂത്തിൽ ഉപേക്ഷിച്ച് നടന്നുപോയി. അന്നുമുതൽ പണമില്ലാതെ അദ്ദേഹം ജീവിക്കുന്നു. ഡാനിയേലിന്റെ സുഹൃത്തും എഴുത്തുകാരനുമായ മാർക്ക് സൺ‌ഡീൻ, വർഷങ്ങളോളം അദ്ദേഹത്തെ പഠിച്ച ശേഷം അദ്ദേഹത്തിന്റെ ജീവിതരീതിയെക്കുറിച്ച് ' The Man Who Quit Money 'എന്ന പേരിൽ ഒരു ജീവചരിത്രം എഴുതിയിട്ടുണ്ട്. അദ്ദേഹത്തിന്റെ യഥാർത്ഥ പേര് ഡാനിയൽ ഷെല്ലബാർഗർ എന്നാണ്. “മണ്ണ്” എന്നർത്ഥം വരുന്ന “സുവലോ” എന്ന പേര് അദ്ദേഹം പിന്നീട് സ്വീകരിക്കുകയായിരുന്നു. 
 
അദ്ദേഹം മുൻപ് ഒരു ഷെഫ് ആയിരുന്നു. തീവ്ര യാഥാസ്ഥിതിക കുടുംബത്തിൽ ജനിച്ച സുവലോ കോളേജിൽ എത്തിയപ്പോൾ തന്റെ വിശ്വാസങ്ങളെ പുനഃപരിശോധിക്കാൻ തുടങ്ങി. സമൂഹത്തിൽ പണം കൈവശമുള്ളവരും, ഇല്ലാത്തവരും തമ്മിൽ വിഭജനം ഉണ്ടാകുന്നുവെന്ന് അദ്ദേഹം മനസ്സിലാക്കി. ഒരു വിഷാദം അദ്ദേഹത്തെ പൊതിയാൻ തുടങ്ങി. ബിരുദം നേടിയ ശേഷം ഇക്വഡോറിലെ പീസ് കോർപ്സിൽ സേവനമനുഷ്ഠിച്ച അദ്ദേഹം സ്ത്രീകളുടെ അഭയകേന്ദ്രങ്ങളിൽ ജോലി ചെയ്തു. ഏഷ്യയിലെ ബുദ്ധവിഹാരങ്ങളിൽ താമസിച്ചു. ഒരു ക്രിസ്ത്യനായ അദ്ദേഹം ലോകത്തിലെ മറ്റ് മതങ്ങളെ കുറിച്ച് പഠിക്കാൻ ശ്രമിച്ചു. ഭൗതിക ലോകം അദ്ദേഹത്തിന്റെ ആത്മീയ വളർച്ചയെ തടസ്സപ്പെടുത്തുന്നുവെന്ന് അദ്ദേഹത്തിന് തോന്നി. ഒടുവിൽ അദ്ദേഹം അതെല്ലാം ഉപേക്ഷിച്ച് ഈ ജീവിതം തിരഞ്ഞെടുക്കുകയായിരുന്നു. 

യൂട്ടയിലെ ആർച്ച്‌സ് നാഷണൽ പാർക്കിലെ ഒരു മലഞ്ചെരിവിലെ ഗുഹയിലാണ് സുവലോ താമസിക്കുന്നത്. അവിടെ അദ്ദേഹം പാറയിൽ നിന്ന് ഒരു കിടക്ക കൊത്തിയെടുത്തു. ഉറവകളിൽ നിന്ന് വെള്ളം കുടിച്ചു, കൊച്ചരുവിയിൽ കുളിച്ചു. എന്നിരുന്നാലും, അദ്ദേഹം സാങ്കേതികവിദ്യ പൂർണ്ണമായും ഉപേക്ഷിച്ചു എന്ന് പറയാൻ സാധിക്കില്ല. സുവലോ ഒരു ബ്ലോഗ് എഴുതുന്നുണ്ട്. അതിന്റെ കാര്യങ്ങൾക്കായി അദ്ദേഹം പബ്ലിക് ലൈബ്രറി ഉപയോഗിക്കുന്നുണ്ട്. ഏതൊരു കാൽനടയാത്രക്കാരനെയും അദ്ദേഹത്തോടൊപ്പം താമസിക്കാൻ അദ്ദേഹം സ്വാഗതം ചെയ്യുന്നു. ഈ കാലത്തിനിടയിൽ ഒരു ജലദോഷപ്പനി പോലും വന്നിട്ടില്ലെന്ന് അദ്ദേഹം പറയുന്നു. "സമൂഹം രൂപകൽപ്പന ചെയ്‌തിരിക്കുന്നത് തന്നെ പണത്തിന്റെ അടിസ്ഥാനത്തിലാണ്. നിങ്ങൾ മുതലാളിത്ത വ്യവസ്ഥയുടെ ഭാഗമാകണം. അതിനപ്പുറത്ത് ജീവിക്കുന്നത് നിയമവിരുദ്ധമാണ്' സുവലോ പറയുന്നു. എന്നാൽ, അദ്ദേഹം അത്തരമൊരു സമൂഹത്തെ വെല്ലുവിളിച്ച് പണം ഉപേക്ഷിക്കുന്നതിനൊപ്പം, തന്റെ പാസ്‌പോർട്ടും ഡ്രൈവിംഗ് ലൈസൻസും വലിച്ചെറിഞ്ഞു. അദ്ദേഹം തന്റെ നിയമപരമായ പേര് പോലും ഉപേക്ഷിച്ചു.  ഇപ്പോൾ താൻ തീർത്തും സന്തോഷവാനാണ് എന്നദ്ദേഹം പറയുന്നു.