Asianet News MalayalamAsianet News Malayalam

മരണത്തിന് തൊട്ടുമുമ്പ് അയാള്‍ പൂര്‍ത്തിയാക്കിയത് ട്രംപിന്റെ മൊസൈക്ക് ചിത്രം!

മഴയത്തും, വെയിലത്തും നശിക്കാതെ ഡ്രോയിംഗുകൾ സൂക്ഷിക്കാൻ ഒരു സ്ഥലം കണ്ടെത്താൻ കഴിയാതെ അദ്ദേഹം വലഞ്ഞപ്പോൾ, തന്റെ മാധ്യമമായി മൊസൈക്കിനെ തിരഞ്ഞെടുക്കാൻ ലുഗാസി തീരുമാനിച്ചു. 

The Mosaic house of Yossi Lugasi
Author
Jaffa, First Published Feb 26, 2020, 6:28 PM IST

ജീവിതത്തിന്റെ അവസാന മാസങ്ങളില്‍ യോസി ലുഗാസി ക്ഷീണിതനായിരുന്നു. കിടക്കയില്‍ നിന്ന് ഇറങ്ങാനോ നീങ്ങാനോ ഭക്ഷണം കഴിക്കാനോ സാധിക്കാതെ അയാള്‍ ബുദ്ധിമുട്ടി. എന്നിരുന്നാലും അദ്ദേഹത്തിന് പൂര്‍ത്തിയാക്കാന്‍ ഒരു ഛായാചിത്രം കൂടി ഉണ്ടായിരുന്നു. അവശതകള്‍ മറന്ന് ലുഗാസി എഴുന്നേറ്റ്, തന്റെ വര്‍ക്ക് ടേബിളിലേക്ക് ഇഴഞ്ഞുനീങ്ങി. കഷ്ടപ്പെട്ട് ആ ഛായാചിത്രം പൂര്‍ത്തിയാക്കി. 

കലയ്ക്ക് വേണ്ടി ഉഴിഞ്ഞു വച്ചതായിരുന്നു ആ ജീവിതം. മനസ്സിന്റെ പ്രകാശനമായിരുന്നു അദ്ദേഹത്തിന് കല. കഴിഞ്ഞ വര്‍ഷമാണ് അദ്ദേഹം മരിച്ചത്. മരിക്കുന്നതിന് മുന്‍പ് അദ്ദേഹം പൂര്‍ത്തിയാക്കിയ യു. എസ് പ്രസിഡന്റ് ട്രംപിന്റെ ചെറിയ മൊസൈക് ഛായാചിത്രം ഇസ്രായേല്‍ തുറമുഖ നഗരമായ ജാഫയിലെ അദ്ദേഹത്തിന്റെ അപ്പാര്‍ട്ട്‌മെന്റിലെ സ്വീകരണമുറിയുടെ ഒരു മൂലയില്‍ തൂങ്ങികിടന്നു. ആ അപ്പാര്‍ട്ട്‌മെന്റില്‍ ഉണ്ടായിരുന്ന ഒരേ ഒരു ഛായാചിത്രമായിരുന്നില്ല അത്. അതുപോലെയുള്ള നൂറുകണക്കിന് ഛായാചിത്രങ്ങള്‍ അപ്പാര്‍ട്ട്‌മെന്റിന്റെ മതിലുകളിലും, വാതിലുകളിലും, വാതില്‍ ഫ്രെയിമുകളിലും, മാച്ചിലും തൂങ്ങികിടന്നിരുന്നു. കലാകാരന്മാരും അഭിനേതാക്കളും പ്രധാനമന്ത്രികളും പ്രസിഡന്റുമാരും തത്ത്വചിന്തകരും ഹോളോകോസ്റ്റ് രക്തസാക്ഷികളും, യുദ്ധവീരന്മാരും, എന്ന് വേണ്ട ലോകത്തിലെ പല പ്രമുഖരും ഛായാചിത്രങ്ങളായി ആ കലാകാരന്റെ വീടിന്റെ ചുവരുകളെ അലങ്കരിച്ചു. ഇന്ന് ലുഗാസിയുടെ 'മൊസൈക് ഹൗസ്' 600 ലധികം മൊസൈക്ക് ഛായാചിത്രങ്ങള്‍ കൊണ്ട് മൂടിയിരിക്കുന്നു.

അഞ്ചാം ക്ലാസ്സില്‍ സ്‌കൂള്‍ പഠനം അവസാനിപ്പിച്ച ലുഗാസി നിരക്ഷരനും, കല ഔപചാരികമായി പഠിച്ചിട്ടില്ലാത്ത ഒരാളുമായിരുന്നു. എന്നിട്ടും നാല് പതിറ്റാണ്ടിനുള്ളില്‍ അദ്ദേഹം തീര്‍ത്തത് 1,090 -ലേറെ മൊസൈക്ക് ചിത്രങ്ങളാണ്. ഇലക്ട്രിക് കമ്പനിയിലെ ഡിപ്പാര്‍ട്ട്‌മെന്റല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് വിരമിച്ച അദ്ദേഹത്തിന്റെ ഭാര്യ യാഫ ലുഗാസി, ഇപ്പോള്‍ തന്റെ വീട്ടിലെ ഈ ഛായാചിത്രങ്ങള്‍ ആളുകള്‍ക്ക് കാണാന്‍ തുറന്നു കൊടുത്തിരിക്കുകയാണ്. അതില്‍ ഭര്‍ത്താവിന്റെ ജീവിതത്തെക്കുറിച്ചുള്ള ഒരു സിനിമയും ഉള്‍പ്പെടുന്നു. ലോകത്തിലെ ഏറ്റവും വലിയ മൊസൈക്ക് സൃഷ്ടിയാണ് തന്റെ വീട് എന്നവര്‍ പറഞ്ഞു. 

1977 ലാണ് അവര്‍ കണ്ടുമുട്ടിയത്. മൂന്ന് മക്കളുണ്ട്. ''ലുഗാസിക്ക് ഒരിക്കലും ഒരു പതിവ് ജോലി ഉണ്ടായിരുന്നില്ല,'' അവര്‍ പറഞ്ഞു. യാഫയായിരുന്നു കുടുംബത്തിലെ വരുമാന മാര്‍ഗ്ഗം. അവര്‍ ജോലിയ്ക്ക് പോകുമ്പോള്‍ ലുഗാസി പാചകം ചെയ്തും കുട്ടികളെ നോക്കിയും ഭാര്യയെ സഹായിച്ചു. മക്കളെ സ്‌കൂളില്‍ വിട്ടാല്‍ ലുഗാസി വീട്ടിലെ ഒരു ചെറിയ മുറിയില്‍ തന്റെ ജോലിചെയ്യാന്‍ ഇരിക്കും. സ്വയം വികസിപ്പിച്ചെടുത്ത ഒരു സാങ്കേതികവിദ്യ ഉപയോഗിച്ച് അദ്ദേഹം മൊസൈക്കുകളില്‍ വര്‍ണ്ണചിത്രങ്ങള്‍ സൃഷ്ടിച്ചു. ഒരു പ്രത്യേക പദാര്‍ത്ഥത്താല്‍ പൊതിഞ്ഞ വലയിലാണ് അദ്ദേഹം പെന്‍സില്‍ ഡ്രോയിംഗുകള്‍ ഉണ്ടാക്കിയത്. ടൈലുകള്‍, സെറാമിക്‌സ്, നിര്‍മ്മാണ മാലിന്യങ്ങള്‍ എന്നിവയില്‍ നിന്ന് പൊട്ടിച്ചെടുത്ത മൊസൈക് കല്ലുകള്‍ അതില്‍ അദ്ദേഹം ഒട്ടിച്ചു ചേര്‍ത്തു.

 

The Mosaic house of Yossi Lugasi

ഭാര്യ യാഫ ലുഗാസി

1949 ല്‍ മൊറോക്കോയില്‍ എട്ട് സഹോദരങ്ങളുള്ള ഒരു കുടുംബത്തിലാണ് ലുഗാസി ജനിച്ചത്. 1954 ല്‍, ഇസ്ലാമിക രാജ്യങ്ങളില്‍ നിന്ന് ഇസ്രായേലിലേക്ക് ജൂതന്മാര്‍ കുടിയേറിയ സമയത്ത്, അദ്ദേഹത്തിന്റെ കുടുംബം ബീറ്റ് ഷിയാന്‍ താഴ്‌വരയിലെ സമീപകാല കുടിയേറ്റക്കാര്‍ക്കായിള്ള ഒരു കൂടാര ക്യാമ്പില്‍ എത്തി. അമ്മ അലിയ തയ്യല്‍ക്കാരിയായി ജോലി ചെയ്തു, അച്ഛന്‍ എലിയാഹു വീടുകള്‍ പെയിന്റ് ചെയ്യുന്ന ജോലിയിലും ഏര്‍പ്പെട്ടു. ലുഗാസിയുടെ വര്‍ക്ക് റൂമിലെ പെയിന്റിംഗില്‍ ഒന്നില്‍ കൂടാരങ്ങളാല്‍ പൊതിഞ്ഞ കുന്നിന്റെ ഒരു ചിത്രം കാണാം. അതില്‍ ഒരു സ്ത്രീ സ്യൂട്ട്‌കേസുകളില്‍ ഇരിക്കുന്നതും, കുട്ടികള്‍ ചെളിയില്‍ കളിക്കുന്നതും കാണാം.

മഴവെള്ളത്തില്‍ ഒലിച്ചിറങ്ങിയ കൂടാരത്തില്‍ നനഞ്ഞതും വിറയ്ക്കുന്നതുമായ ചെറിയ ലുഗാസിയെ നമുക്ക് സങ്കല്പിക്കാം. എന്നാല്‍ ''ഇതൊരു സങ്കടകരമായ ചിത്രമല്ല,'' അദ്ദേഹം പറയുമായിരുന്നു. 'എന്റെ മാതാപിതാക്കള്‍ കഠിനവും സങ്കീര്‍ണ്ണവുമായ ഒരു ജീവിതമായിരുന്നു നയിച്ചിരുന്നത്. പക്ഷേ ഞാന്‍ അതൊന്നും അറിഞ്ഞിരുന്നില്ല. ഞാന്‍ സന്തോഷവാനായിരുന്നു. എനിക്ക് ചെളി നിറഞ്ഞ ഒരു കുളമുണ്ടായിരുന്നു കളിയ്ക്കാന്‍, ' അദ്ദേഹം പറയുമായിരുന്നു. എന്നാല്‍ 1963-ല്‍, കൂടുതല്‍ ദുരിതങ്ങള്‍ അവരെ വേട്ടയാടാന്‍ തുടങ്ങിയപ്പോള്‍, അവര്‍ ജാഫയിലേക്ക് മാറി.

ജാഫ താമസിക്കാന്‍ എളുപ്പമുള്ള സ്ഥലമായിരുന്നില്ല. അഞ്ചാം ക്ലാസ്സില്‍ ലുഗാസി സ്‌കൂള്‍ പഠനം മതിയാക്കി ജോലിക്ക് പോകാന്‍ തുടങ്ങി. ''ഒരു ദിവസം അദ്ദേഹം പലചരക്ക് കടയില്‍ നിന്ന് ഭക്ഷണം മോഷ്ടിച്ചു, പിടിക്കപ്പെട്ടു. അദ്ദേഹത്തെ വെല്‍ഫെയര്‍ ഓഫീസിലേക്ക് കൊണ്ടുപോയി. ലുഗാസിയോട് സംസാരിച്ചുകൊണ്ടിരുന്ന ഒരു സാമൂഹ്യ പ്രവര്‍ത്തകന്‍ അദ്ദേഹത്തിന് ഒരു പെന്‍സിലും പേപ്പറും നല്‍കി, അങ്ങനെ അദ്ദേഹം വരയ്ക്കാന്‍ തുടങ്ങി. പിന്നീട് ഒരിക്കലും അദ്ദേഹം തന്റെ വര നിര്‍ത്തിയില്ല,' യാഫ പറഞ്ഞു.

അദ്ദേഹം ജാഫയില്‍ നിന്ന് ടെല്‍ അവീവിലേക്ക് കാല്‍നടയായി നടന്ന് ആര്‍ട്ട് സപ്ലൈസ് സ്റ്റോറിന് മുന്നിലെത്തി ചിത്രങ്ങള്‍ വരയ്ക്കാനുള്ള സാമഗ്രികള്‍ വാങ്ങാനായി മണിക്കൂറുകളോളം കത്ത് നില്‍ക്കുമായിരുന്നു. 1950 കളില്‍ അദ്ദേഹം തന്റെ സുഹൃത്തുക്കളെ കാണാന്‍ ഒരു ക്യാമ്പില്‍ പോയി. സുഹൃത്തുക്കള്‍ അവിടന്ന് മാറിയിരുന്നു. കൂടാരങ്ങളും ക്യാമ്പുകളും പൊളിച്ച് മാറ്റി, ഒരു പുരാവസ്തു ഗവേഷണ സ്ഥലമായി അവിടം മാറിയിരുന്നു. 'അവിടെ ഒന്നും ഇല്ലായിരുന്നു. പകരം ഒരു റോമന്‍ ആംഫിതിയേറ്റര്‍ മാത്രം ഉണ്ടായിരുന്നു. ഞാന്‍ സൈറ്റിലെ എല്ലാ പുരാവസ്തുക്കളും പരിശോധിച്ചു. ജാഫയിലേക്ക് മടങ്ങിയെത്തിയപ്പോള്‍ ഞാന്‍ കല്ലുകളും ശില്‍പവും പെയിന്റും ശേഖരിക്കാന്‍ തുടങ്ങി, 'അദ്ദേഹം പറഞ്ഞു. മഴയത്തും,വെയിലത്തും നശിക്കാതെ ഡ്രോയിംഗുകള്‍ സൂക്ഷിക്കാന്‍ ഒരു സ്ഥലം കണ്ടെത്താന്‍ കഴിയാതെ അദ്ദേഹം വലഞ്ഞപ്പോള്‍, തന്റെ മാധ്യമമായി മൊസൈക്കിനെ തിരഞ്ഞെടുക്കാന്‍ ലുഗാസി തീരുമാനിച്ചു. ഒരിക്കലും അടര്‍ന്നു പോരുകയോ, മങ്ങുകയോ ചെയ്യാത്ത മൊസൈക്കില്‍ അങ്ങനെ അദ്ദേഹം ചിത്രങ്ങള്‍ വരയ്ക്കാന്‍ ആരംഭിച്ചു. ഇന്ന് ജഫായിലെ സൂര്യന് കീഴില്‍ ലുഗാസിയുടെ അപാര്‍ട്‌മെന്റ് വളരെ അപൂര്‍വമായ ചരിത്ര സംവാദങ്ങള്‍ക്ക് വഴിതെളിക്കുന്നു. ട്രംപും, ക്ലിന്റനും, സദ്ദാം ഹുസൈനുമെല്ലാം ഒരു മേല്‍ക്കൂരയ്ക്ക് താഴെ സ്വസ്ഥമായി കഴിയുന്നു.

Follow Us:
Download App:
  • android
  • ios