ലോകത്തിലെ ഏറ്റവും മനോഹരമായ മരം ഏതെന്ന് അറിയാമോ? അതാണ് യൂക്കാലിപ്റ്റസ് ഡെബ്‍ഗ്ലുപ്റ്റ. പേര് കുറച്ച് കടുപ്പമാണെങ്കിലും കാണാൻ അതിമനോഹരമാണ് ഈ മരം. അതിൻ്റെ തടി കണ്ടാൽ ആരോ ചായങ്ങൾകൊണ്ട് മനോഹരമായ ഒരു ചിത്രം വരച്ചത് പോലെയാണ്. പലവർണ്ണത്തിലുള്ള ആ മരത്തിന് റെയിന്‍ബോ യൂക്കാലിപ്റ്റസ് എന്നും പേരുണ്ട്. മരത്തിൻ്റെ പുറംതൊലി പച്ച നിറത്തിലാണ്. അത് പൊഴിഞ്ഞു കഴിഞ്ഞാൽ അകത്ത് പല നിറത്തിലുള്ള വർണ്ണങ്ങൾ ചേരുന്ന തോലുകൾ കാണാം.

വൃക്ഷങ്ങളിൽ വിടരുന്ന പുഷ്പങ്ങളിലും, പഴങ്ങളിലും അവയുടെ ശരത്കാല ഇലകളിലും നമ്മൾ മനോഹരമായ നിറങ്ങൾ കാണാറുണ്ട്. പക്ഷേ, നിറമുള്ള മരത്തിൻ്റെ തടി ഒരു അപൂർവ കാഴ്ചയാണ്. ഓരോ മരവും നിറത്തിൽ വ്യത്യാസപ്പെട്ടിരിക്കുന്നു, പക്ഷേ, എല്ലായ്‌പ്പോഴും ആ മരം കാണാൻ നല്ല ഭംഗിയാണ്. കടുംപച്ച നിറത്തിൽ ആദ്യം കാണുന്ന ഈ മരത്തിൻ്റെ തടി പിന്നീട് നീല, പർപ്പിൾ, ഓറഞ്ച്, മെറൂൺ എന്നീ നിറങ്ങളിൽ കൂടുതൽ മനോഹരമാകുന്നു. മഴവില്ല് യൂക്കാലിപ്റ്റസ് അതിൻ്റെ പുറംതൊലി ഒറ്റയടിക്ക് ഉരിയുന്നില്ല. പക്ഷേ, വർഷം മുഴുവനും ഓരോ ഭാഗങ്ങളായി അതിൻ്റെ തൊലി അടർന്നു പോയ്കൊണ്ടിരിക്കുന്നു. അങ്ങനെ ഇത് ഒരു മഴവില്ലിൻ്റെ അത്ഭുതകരമായ പ്രതീതി ഉണ്ടാക്കുന്നു.ഈ മരങ്ങൾ സാധാരണയായി ഫിലിപ്പീൻസ്, പപ്പുവ ന്യൂ ഗ്വിനിയ, ഇന്തോനേഷ്യ എന്നിവിടങ്ങളിലാണ് കാണപ്പെടുന്നത്. ഫിലിപ്പൈൻസിലെ മിൻഡാനാവോ ദ്വീപിൽ വളരുന്നതിനാൽ ഇതിനെ മിൻഡാനാവോ ഗം ട്രീ എന്നും വിളിക്കുന്നു. പല സമയത്ത് ഉരിയുന്ന മിനുസമാർന്ന പുറംതൊലി ഉള്ള യൂക്കാലിപ്റ്റസ് ഇനങ്ങളുടെ ഒരു കൂട്ടമാണ് ഗം മരങ്ങൾ.

കോലയുടെ ഭക്ഷണത്തിലെ പ്രധാന ഘടകം യൂക്കാലിപ്റ്റസ് ഇലകളാണ്. ഭക്ഷണത്തിലെ ഇലകളുടെ എണ്ണയുടെ സ്വാധീനം മൂലമാണ് കോലകൾ വളരെയധികം ഉറങ്ങുന്നതെന്ന് അഭ്യൂഹങ്ങളുണ്ട്. വാസ്തവത്തിൽ, ഇലകളുടെ ദഹനത്തിന് വളരെയധികം ഊർജ്ജം ആവശ്യമാണ്. മാത്രമല്ല ഇലകളിൽ പോഷകാശം വളരെ കുറവാണ്. ഒരു ദിവസം ഇരുപത് മണിക്കൂർ വരെ ഉറങ്ങുന്നതിലൂടെ കോലകൾ അവയുടെ ഊർജ്ജം അധികം കളയാതെ സൂക്ഷിക്കുകയാണ് ചെയ്യുന്നത്.  മറ്റ് പല യൂക്കാലിപ്റ്റസ് മരങ്ങളെയും പോലെ, ഈ മരവും വേഗത്തിൽ വളരുന്നു. ഉയരത്തിൽ വളരുന്ന ഇവ 100 മുതൽ 150 അടിവരെ ഉയരത്തിൽ എത്തുന്നു. വൃക്ഷത്തിൽ വെളുത്ത പൂക്കൾ നിറയെ കാണാം. ഇവയുടെ ഇലകളിൽ സുഗന്ധതൈലം ഉത്പാദിപ്പിക്കുന്ന ഗ്രന്ഥികൾ അടങ്ങിയിരിക്കുന്നു. ചതച്ചാൽ അവ മനോഹരമായ സുഗന്ധം പുറപ്പെടുവിക്കുന്നു. എന്നിരുന്നാലും, മറ്റ് ചില യൂക്കാലിപ്റ്റസിൻ്റെ  ഇലകളേക്കാൾ വളരെ കുറച്ച് എണ്ണയാണ് ഇവ നിർമ്മിക്കുന്നത്, അതുകൊണ്ട് തന്നെ എണ്ണയുടെ വാണിജ്യ ഉൽപാദനത്തിനായി അവയെ ഉപയോഗിക്കാറില്ല. ഫിലിപ്പൈൻസിൽ, കടലാസ് ഉണ്ടാക്കാനും, വിറകിന് വേണ്ടിയുമാണ് ഈ മരം പ്രധാനമായും ഉപയോഗിക്കുന്നത്.