പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ, ഒരു യുവതിയുടെ മൃതദേഹം പാരീസിലെ സീൻ നദിയിൽ നിന്ന് കണ്ടെടുക്കുകയുണ്ടായി. ഈ സുന്ദരിയുടെ പേരോ, നാടോ ആർക്കും അറിയില്ല. എന്നാൽ, അവിശ്വസനീയമായ ഒരു കഥയുടെ തുടക്കം മാത്രമായിരുന്നു അത്. സീനിൽ നിന്നുള്ള അജ്ഞാതയായ പെൺകുട്ടി എക്കാലത്തെയും ഏറ്റവും കൂടുതൽ ചുംബിക്കപ്പെട്ട ചുണ്ടുകളുടെ ഉടമയായി മാറി. മെഡിക്കൽ ചരിത്രത്തിന്റെ ഭാഗമായി, സ്വന്തം മരണത്തിന് നൂറ്റാണ്ടുകൾക്ക് ശേഷവും ആയിരക്കണക്കിന് ആളുകളുടെ ജീവൻ രക്ഷിക്കാൻ അവൾ സഹായിക്കുന്നു. 1880 -കളുടെ അവസാനത്തിലാണ് പാരീസ് പൊലീസ് അവളുടെ ശവശരീരം കണ്ടെത്തിയത്. തുടർന്നുള്ള പരിശോധനയിൽ, അവളുടെ ശരീരത്തിൽ ആക്രമണം നടന്നതിന്റെ ലക്ഷണങ്ങളൊന്നും അവർ കണ്ടെത്തിയില്ല. അതുകൊണ്ട് തന്നെ അവൾ ആത്മഹത്യ ചെയ്തതാണെന്ന നിഗമനത്തിൽ എല്ലാവരുമെത്തി. അക്കാലത്ത് നദിയിൽ നിന്ന് പൊലീസ് ഓരോ വർഷവും കണ്ടെടുക്കുന്നത് ഇതുപോലെ ശരാശരി ഇരുന്നൂറോളം മൃതശരീരങ്ങളാണ്. കണ്ടെടുക്കുന്നവരിൽ പകുതിയും ആത്മഹത്യ ചെയ്യുന്നവരായിരുന്നു.

ഈ മൃതദേഹങ്ങൾ ഒരു മാർബിൾ സ്ലാബിൽ പൊതുജനങ്ങൾക്ക് പ്രദർശനത്തിനായി വയ്ക്കുമായിരുന്നു. ആരെങ്കിലും അത് തിരിച്ചറിയുമെന്ന പ്രതീക്ഷയിലാണ് ഇത് ചെയ്യുന്നത്. ശവങ്ങളുടെ ഈ പ്രദർശനം കാണാൻ കുട്ടികൾ മുതൽ പ്രായമായവർ വരെ അവിടെ തടിച്ചുകൂടുമായിരുന്നു. അതേസമയം സുന്ദരിയായ ആ യുവതിയുടെ ആത്മഹത്യ പോലെ മറ്റൊന്നും ശ്രദ്ധിക്കപ്പെട്ടില്ല. അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന ഒരു പാത്തോളജിസ്റ്റ് അവളുടെ സൗന്ദര്യത്തിൽ ആകൃഷ്ടനായി. അവളുടെ മുഖത്തിനോട് സാദൃശ്യമുള്ള ഒരു പ്ലാസ്റ്റർ മുഖം അദ്ദേഹം ഉണ്ടാക്കി. താമസിയാതെ, മോണാലിസ പുഞ്ചിരിയോടെ അജ്ഞാതയായ ആ സ്ത്രീയുടെ മുഖംമൂടി പാരീസിലുടനീളമുള്ള കടകളിൽ പ്രത്യക്ഷപ്പെടാൻ തുടങ്ങി. മുഖംമൂടിയുടെ നിഗൂഢമായ പുഞ്ചിരി കലാകാരന്മാരെയും കവികളെയും നോവലിസ്റ്റുകളെയും ഒരുപോലെ ആകർഷിച്ചു.  
 

തലമുറകൾക്കുശേഷം, നോർവീജിയൻ കളിപ്പാട്ട നിർമാതാക്കളായ അസ്മണ്ട് ലാർഡലിന് സി‌പി‌ആർ പരിശീലനത്തിനായി ഒരു മുഖം തെരഞ്ഞെടുക്കേണ്ടിവന്നപ്പോൾ, അജ്ഞാതയായ സീനിലെ ആ പെൺകുട്ടിയുടെ മുഖം തന്നെ അദ്ദേഹം തെരഞ്ഞെടുത്തു. 1960 -കളിൽ സി‌പി‌ആർ സാങ്കേതികവിദ്യ കണ്ടുപിടിച്ചിട്ട് അധികമായിട്ടില്ല. പുതുതായി കണ്ടുപിടിച്ച ഈ സാങ്കേതികവിദ്യയിൽ വിദ്യാർത്ഥികൾക്ക് പരിശീലനം നല്കാൻ ഓസ്ട്രിയൻ ഡോക്ടർ പീറ്റർ സഫർ തീരുമാനിച്ചു. ഇതിനായി ഒരു പാവയെ വേണമെന്ന ആവശ്യവുമായി അദ്ദേഹം അസ്മണ്ട് ലാർഡലിനെ സമീപിച്ചു.  

ലാർഡലിൻ ഒരു റിയലിസ്റ്റിക് പെൺപാവ രൂപകൽപ്പന ചെയ്യുകയും പ്രശസ്തയായ ആ സുന്ദരിയുടെ മുഖം അതിന് നൽകുകയും ചെയ്തു. റെസ്‍ക്യൂ ആൻ അഥവാ രക്ഷപ്പെടുത്തുന്ന ആൻ എന്നറിയപ്പെടുന്ന ഈ പാവ, ലാർഡലിന്റെ ഏറ്റവും അറിയപ്പെടുന്ന മെഡിക്കൽ ഉൽ‌പ്പന്നങ്ങളിലൊന്നാണ്. ഇത് ലോകമെമ്പാടും മെഡിക്കൽ, പാരാമെഡിക്കൽ വിദ്യാർത്ഥികളെ വായോട് വായ് ചേർത്ത് കൃത്രിമശ്വാസം നൽകാൻ പരിശീലിപ്പിക്കുന്നതിന് ഉപയോഗിക്കുന്നു. അങ്ങനെയാണ്  റെസ്‍ക്യൂ ആനിനെ ലോകത്തിൽ ഏറ്റവും കൂടുതൽ ചുംബനമേറ്റ പെൺകുട്ടിയെന്ന് ആളുകൾ വിളിക്കാൻ തുടങ്ങിയത്.  
 

എന്നാൽ, മുഖത്തിന്റെ ആധികാരികതയെക്കുറിച്ച് പതിറ്റാണ്ടുകളായി പല സംശയങ്ങളും ഉയരുന്നുണ്ട്. ശരിക്കും മുങ്ങിമരിച്ച ഒരു സ്ത്രീയുടെ മുഖം തന്നെയാണോ ഇത് എന്ന് പലരും സംശയിക്കുന്നു. “അത്രയും സമാധാനം നിറഞ്ഞ ഒരു മുഖം ഞാൻ കണ്ടിട്ടില്ല” സീനിൽ നിന്ന് മുങ്ങിമരിച്ച മൃതദേഹങ്ങൾ പുറത്തെടുക്കുന്ന പാരീസ് റിവർ പൊലീസിന്റെ ചീഫ് ബ്രിഗേഡിയർ പാസ്കൽ ജാക്വിൻ പറഞ്ഞു. പാരീസിലെ മറ്റേതൊരു വ്യക്തിയെക്കാളും കൂടുതൽ മുങ്ങിമരിച്ച മൃതദേഹങ്ങൾ പാസ്കൽ ജാക്വിൻ കണ്ടിട്ടുണ്ട്. “വെള്ളത്തിൽ മുങ്ങിമരിച്ചവരും ആത്മഹത്യ ചെയ്യുന്നവരുടെയും മുഖത്ത് ഒട്ടും ശാന്തതയുണ്ടാകില്ല. അവ വീർത്തത്തും, കണ്ടാൽ ഭയം തോന്നുന്നതുമായിരിക്കും” അദ്ദേഹം വിശദീകരിച്ചു. മുങ്ങിമരണത്തിലും, ആത്മഹത്യകളിലും അവസാനനിമിഷംവരെ ആളുകൾ ജീവനുവേണ്ടി പോരാടുന്നു. ഭയം, വേദന, സംശയം എന്നിവ അവരുടെ മുഖത്ത് പ്രകടമായിരിക്കും. മറുവശത്ത്, ഈ സ്ത്രീയുടെ മുഖത്ത് പ്രകടമാകുന്നത് ശാന്തതയാണെന്നും ജാക്വിൻ അഭിപ്രായപ്പെട്ടു.
  
എന്തൊക്കെയായിരുന്നാലും ഇന്നും അവരുടെ പ്രശസ്തിയ്ക്ക് ഒട്ടും കുറവ് വന്നിട്ടില്ല. ഇന്ന് വ്യത്യസ്ത തരം സി‌പി‌ആർ പാവകളുണ്ടെങ്കിലും,  റെസ്‍ക്യൂ ആൻ ആണ് അതിൽ ഏറ്റവും ജനപ്രിയമായത്. 1960 -കൾ മുതൽ, 300 ദശലക്ഷത്തിലധികം ആളുകളെ സി‌പി‌ആർ പരിശീലിപ്പിക്കാൻ സഹായിക്കുകയും എണ്ണമറ്റ ജീവിതങ്ങളെ രക്ഷിക്കുകയും ചെയ്തു അവൾ.  ആളുകളുടെ ജീവൻ എങ്ങനെ സംരക്ഷിക്കാമെന്ന് മനസിലാക്കുന്നതിനിടയിൽ ആളുകൾ തുടർന്നും അവൾക്ക് 'ജീവനുള്ള  ചുംബനങ്ങൾ' നൽകികൊണ്ടിരിക്കുന്നു.