ദില്ലിയുടെ അതിർത്തിയിലുള്ള കർഷകർ വിളവെടുപ്പിനുശേഷം കൃഷിസ്ഥലങ്ങൾ തീയിടാറുണ്ട്. എല്ലാ വർഷവും ഒക്ടോബർ, നവംബർ മാസങ്ങളിൽ ഒരു വലിയ ആഘോഷം കണക്കെയാണ് ഇത് കൊണ്ടാടുന്നത്. അത് വായുമലിനീകരണത്തിന് കാരണമാകുന്നുവെന്ന് ആരോപണവും നിലവിലുണ്ട്. എന്നാൽ, ഇതുപോലെ തന്നെ ജപ്പാനിലെ വകകുസ കുന്നിലും ഓരോ വർഷവും, ജനുവരിയിലെ നാലാമത്തെ ശനിയാഴ്‍ച, വളരെ സവിശേഷമായ ഒരു ആചാരം നടന്നുപോരുന്നു. ദില്ലിയിൽ കൃഷിസ്ഥലങ്ങളാണ് തീയിട്ട് നശിപ്പിക്കുന്നതെങ്കിൽ, ഇവിടെ ഒരു കുന്ന് തന്നെ അങ്ങ് തീയിടുകയാണ്. വെ വകകുസ യമയകി എന്ന  ഉത്സവത്തിന്റെ ഭാഗമായി കുന്നിലെ ഉണങ്ങിയ പുല്ലുകൾ ആളുകൾ തീയിട്ട് നശിപ്പിക്കുന്നു. കേൾക്കുമ്പോൾ പ്രകൃതിയോട് ചെയ്യുന്ന ഒരു ക്രൂരതയായി തോന്നാമെങ്കിലും, ഇത് പുതിയ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നുവെന്നും, മണ്ണിനെ പരിപോഷിപ്പിക്കാനും ഭൂമിയിലെ മണ്ണൊലിപ്പ് തടയാനും സഹായിക്കുന്നുവെന്നുമൊക്കെയാണ് ഇവിടുത്തുകാര്‍ അഭിപ്രായപ്പെടുന്നത്. എന്നാൽ, അത്തരം അവകാശവാദങ്ങളിൽ എത്രത്തോളം സത്യമുണ്ട് എന്നത് വ്യക്തമല്ല.   

നാര പ്രിഫെക്ചറിലെ 342 മീറ്റർ ഉയരമുള്ള ഈ കുന്നിനെ ചുട്ടെരിക്കുന്ന പാരമ്പര്യം യഥാർത്ഥത്തിൽ എങ്ങനെ ആരംഭിച്ചുവെന്ന് ആർക്കും കൃത്യമായി അറിയില്ല. എന്നാൽ, ഇത് നൂറുകണക്കിനു വർഷങ്ങളായി തുടരുന്ന ഒരാചാരമാണെന്നതിൽ സംശയമില്ല. പതിനെട്ടാം നൂറ്റാണ്ടിലെ ഏറ്റവും വലിയ രണ്ട് ക്ഷേത്രങ്ങളായ തഡായ്-ജിയും, കഫുകു-ജിയും തമ്മിലുള്ള അതിർത്തി തർക്കത്തെ തുടർന്നാണ് ഇത് ആരംഭിച്ചതെന്ന് ചിലർ പറയുന്നു. അവർ തമ്മിലുള്ള തർക്കം കടുത്തപ്പോൾ, ആ കുന്ന് മുഴുവൻ ചുട്ടെരിച്ചു എന്നാണ് ഐത്യഹം. കീടങ്ങളെ ഇല്ലാതാക്കാനും കാട്ടുപന്നികളെ തുരത്തുന്നതിനുമുള്ള ഒരു മാർഗമാണ് ഈ തീ എന്നും ഒരു സിദ്ധാന്തമുണ്ട്. എന്ത് തന്നെയായായലും ഇന്ന് ഇത് ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികളെ ആകർഷിക്കുന്ന ഒരു കാഴ്‍ചയാണ് എന്നതിൽ സംശയമില്ല.  

ഉച്ചതിരിയുമ്പോൾത്തന്നെ അവിടെ ആഘോഷ പരിപാടികൾ ആരംഭിക്കുന്നു. ഇരുട്ട് വീണുതുടങ്ങുമ്പോൾ, അടുത്തുള്ള കസുഗ തായ്‌ഷാ ദേവാലയത്തിലെ സന്യാസിമാർ തീ പന്തങ്ങൾ കത്തിച്ച്, നിവാസികളുമായി ചേർന്ന് ഒരു ഘോഷയാത്രയായി കുന്നിന്റെ താഴെ എത്തുന്നു. തുടർന്ന് കോഫുകു-ജി, തോഡായ്-ജി ക്ഷേത്രങ്ങളിൽ നിന്നുള്ള സന്യാസിമാർ പുല്ലിന് തീയിടുന്നു. രാത്രിയുടെ ഇരുട്ടിൽ ആ പുൽത്തകിടി ഒരു സ്വർണപ്പരവതാനിയായി മാറുന്നു. വകാകുസ കുന്നിലെ പുല്ലിന്റെ അവസ്ഥയനുസരിച്ച്, പ്രദേശം മുഴുവൻ കത്തിക്കാൻ 30 മിനിറ്റ് മുതൽ ഒരു മണിക്കൂർ വരെ വേണ്ടി വരുന്നു. നനഞ്ഞ അവസ്ഥയിൽ, പുല്ല് സാവധാനത്തിൽ മാത്രമേ കത്തുകയുള്ളൂ. എന്നാൽ, ചില പ്രദേശങ്ങളിൽ തീ വളരെ വേഗത്തിൽ പടർന്ന് കയറുന്നു. ഇത്രയും വലിയ പ്രദേശത്ത് തീ ആളി പടരുന്നതിനാൽ, അത് ആകാശത്തെ പോലും പ്രകാശിപ്പിക്കുന്നതായി അനുഭവപ്പെടാം. ആയിരക്കണക്കിന് കാണികളാണ് ഇത് കാണാനായി വകകുസ കുന്നിന്റെ താഴെ ഒത്തുകൂടുന്നത്.  

ആളുകൾ തീയുടെ അടുത്തേയ്ക്ക് പോകുന്നത് തടയാനായി പ്രത്യേകം അതിർവരമ്പുകൾ തീർത്തിട്ടുണ്ട് അവിടെ. ഉത്സവവേളയിൽ എന്തെങ്കിലും അപകടം സംഭവിച്ചാൽ രക്ഷക്കായി നൂറുകണക്കിന് സന്നദ്ധ അഗ്നിശമനാസേനാംഗങ്ങളും അവിടെയുണ്ട്. ഇത് ഒരു പരിസ്ഥിതി സൗഹൃദ ഉത്സവമായി കണക്കാക്കാൻ സാധിക്കില്ല. എന്നിരുന്നാലും, ജപ്പാനിലെ നാരയിലെ ജനങ്ങളുടെ ഹൃദയത്തിൽ വകകുസ യമയാക്കിക്ക് ഒരു പ്രത്യേക സ്ഥാനമുണ്ട്. അതിനാൽ അവർ തങ്ങളുടെ നൂറ്റാണ്ടുകൾ പഴക്കമുള്ള പാരമ്പര്യം എന്തിന്റെ പേരിലായാലും ഉപേക്ഷിക്കാൻ തയ്യാറല്ല.