Asianet News MalayalamAsianet News Malayalam

കൂട്ടത്തിലുണ്ടായ രണ്ടു കുട്ടികള്‍ തണുപ്പ് കാരണം മരണപ്പെട്ടു, ഞങ്ങളെങ്ങനെയോ രക്ഷപ്പെട്ടു; ഒരു 11 വയസ്സുകാരിയുടെ അനുഭവം

കാത്തിരിപ്പിനൊടുവിൽ അവർ പിറ്റേദിവസം അതിർത്തി കടന്നു. ജനിച്ചു വളർന്ന സ്വന്തം നാടും, വീടും പ്രിയപ്പെട്ടതെല്ലാം ഉപേക്ഷിച്ച് അവർ മറ്റൊരു രാജ്യത്തേക്ക് യാത്ര തുടർന്നു.

The painful journey of an 11-year-old Syrian girl on her way to Germany
Author
Syria, First Published Jan 25, 2020, 8:54 AM IST

സിറിയയിൽ നടക്കുന്ന യുദ്ധവും, ബോംബാക്രമങ്ങളും ഭയന്ന് ലക്ഷക്കണക്കിനാളുകളാണ് അവിടെനിന്ന് പലായനം ചെയ്യുന്നത്. പട്ടിണിയും, ദുരന്തങ്ങളും കാരണം സ്വന്തം രാജ്യത്തിൽ നിന്ന് പലായനം ചെയ്യേണ്ടി വന്ന 11 വയസ്സുകാരി ഇസ്രക്കും അവളുടെ അച്ഛനും ജർമനിയിലേക്കുള്ള അവരുടെ യാത്രയെ കുറിച്ച് പറയാൻ ഒരുപാടുണ്ട്. കഠിനമായ കാലാവസ്ഥയെ അതിജീവിച്ചും, വിശപ്പുസഹിച്ചും മൈലുകളോളം നടന്നും അവർ നടത്തിയ ആ അതിജീവനത്തിൻ്റെ യാത്ര അവസാനം അവർക്ക് സന്തോഷം സമ്മാനിച്ചു. ഒടുവിൽ, അവർ ജർമ്മനിയിൽ എത്തിച്ചേർന്നു. ജീവിതത്തിൽ മറക്കാനാവാത്ത പാഠങ്ങൾ നൽകിയ ആ യാത്രയെ കുറിച്ചുള്ള ഓർമ്മകൾ  ഇസ്രയും, അച്ഛനും പങ്കുവെക്കുകയാണ്.

ബോംബാക്രമണത്തിൽ അലപ്പോയിലെ ഇസ്രായുടെ വീട് തകർന്നു. അവളുടെ കുടുംബത്തെ ഗ്രീസിലേക്ക് കൊണ്ടുപോകുന്നതിന് 12,000 ഡോളർ സമാഹരിക്കാനായി അവൾക്ക് തെരുവിൽ സിഗരറ്റ് വിൽക്കേണ്ടിവന്നതും, അവളുടെ ജർമ്മനിയിലേക്കുള്ള യാത്രക്കിടയിൽ കൂടെയുണ്ടായിരുന്ന രണ്ട് കുട്ടികൾ തണുപ്പ് മൂലം മരണപ്പെട്ടതും അവള്‍ക്കെപ്പോഴും വേദനിപ്പിക്കുന്ന ഓർമ്മകളാണ്.  

"എനിക്കെൻ്റെ വീട് ഒരുപാട് ഓർമ്മ വരുന്നു. എന്റെ വീട്ടിൽ നിറയെ കളിപ്പാട്ടങ്ങളുണ്ടായിരുന്നു. ഒരു മിസൈൽ അതെല്ലാം തകർത്തുകളഞ്ഞു. എനിക്ക് എല്ലാം നഷ്ടമായി. എന്റെ വീട്, കളിപ്പാട്ടങ്ങൾ എല്ലാം പോയി" അവൾ പറഞ്ഞു. ഇസ്രയുടെ കുടുംബത്തോടൊപ്പം മറ്റനേകം കുടുംബങ്ങളും ജർമ്മനിയിലേക്ക് പോകാനുണ്ടായിരുന്നു. "ഞങ്ങൾ കൂട്ടമായിട്ടാണ് യാത്ര ചെയ്തത്. എല്ലാവരും ഒരു കുടുംബം പോലെ പരസ്പരം സഹായിച്ചു. ഒരുമിച്ച് യാത്രചെയ്യുന്നതാണ് തനിച്ച് ഓരോ കുടുംബങ്ങളായി പോകുന്നതിലും നല്ലത്" നിഷ്കളങ്കമായ പുഞ്ചിരിയോടെ ഇസ്ര പറഞ്ഞു. ജീവിതാനുഭവങ്ങൾ അവളെ കൂടുതൽ പാകപ്പെടുത്തിയിരിക്കുന്നു.  

ഇസ്രക്ക് മൂന്ന് സഹോദരങ്ങളും അച്ഛനും അമ്മയുമുണ്ട്. ഇസ്രയുടെ അച്ഛൻ ടാറെക്കിന് അവളെ ജീവനായിരുന്നു. പക്ഷേ, ഒരു മകൾ അദ്ദേഹത്തിൻ്റെ തീരാനോവായിരുന്നു. "എൻ്റെ എല്ലാ മക്കളും ആരോഗ്യമുള്ളവരാണ്. പക്ഷേ, ഷാഹിദ്‌ മാത്രം അരക്ക് താഴെ തളർന്നതാണ്. ഈ സംഭവത്തോടെ ശാരീരികമായും, മാനസികമായും അവൾ ആകെ തകർന്നുപോയി. അവൾക്ക് ഒന്നും തനിയെ ചെയ്യാൻ കഴിയില്ല. എന്ത് ചെയ്യാനും അവൾക്ക് ഒരാളുടെ സഹായം വേണം. എപ്പോഴും വീൽ ചെയറിൽ കഴിയുന്ന അവളുടെ എല്ലാ കാര്യങ്ങളും താൻ തന്നെയാണ് നോക്കുന്നത്'' നിസ്സഹായനായ ആ പിതാവ് പറഞ്ഞു. മകൾക്ക് വേണ്ടി തൻ്റെ ജീവൻ പോലും ഉപേക്ഷിക്കാൻ തയ്യാറാണെന്നും,  ഈശ്വരനല്ലാതെ ഞങ്ങൾക്ക് ആരും തുണയില്ലെന്നും അദ്ദേഹം കരഞ്ഞുകൊണ്ട് പറഞ്ഞു.

"ഒരു ബസിൽനിന്ന് ഒരു തീവണ്ടിയിലേക്ക്... എവിടെയെന്നറിയാതെ ഞങ്ങൾ യാത്ര തുടർന്നുകൊണ്ടിരുന്നു. ചിലപ്പോൾ ഞങ്ങൾ യാത്ര ചെയ്യുന്ന ബസ് ബ്രേക്ക് ഡൗൺ ആകും. പിന്നെ ഞങ്ങൾക്ക് നടക്കേണ്ടി വരും. ചിലപ്പോൾ ഒരുപാട് ദൂരം. ചില ദിവസങ്ങളിൽ പത്ത് കിലോമീറ്ററോളം നടക്കേണ്ടി വന്നിട്ടുണ്ട്. മഴയും മഞ്ഞും കൊണ്ട് ഞങ്ങൾ അറ്റം കാണാത്ത വഴിയിൽ കാലുകൾ തളർന്ന് കുഴയും വരെ നടക്കും" അവൾ പറഞ്ഞു.

അനേകം ദിവസങ്ങളുടെ യാത്രക്കൊടുവിൽ അവർ സിറിയയുടെ അതിർത്തിയിൽ എത്തിച്ചേർന്നു. പക്ഷേ, അവരെത്തിയപ്പോൾ അതിർത്തി അടച്ചിരുന്നു. ഇവരെ കൂടാതെ അവിടെ ഒരുപാടാളുകളുണ്ടായിരുന്നു. അവർക്കൊപ്പം ഇസ്രയുടെ കുടുംബവും ഒരു കൂടാരത്തിൽ കഴിഞ്ഞു. അന്നത്തെ തണുപ്പിൽ രണ്ടു കുട്ടികൾ മരണപ്പെട്ടത് ഇസ്ര ഇന്നും ഓർക്കുന്നു. സുരക്ഷാ സംവിധാനത്തിൻ്റെ ഭാഗമായി അടച്ച അതിർത്തി പിറ്റേന്ന് മാത്രമേ തുറക്കൂ എന്നവർ മനസ്സിലാക്കി. മറ്റൊന്നും ചെയ്യാനില്ലാത്തതുകൊണ്ട് അവർ അന്ന് അവിടെ തങ്ങി. "എന്റെ മകൾ ഇസ്ര പാവമാണ്. വളരെ നല്ലൊരു മനസ്സാണ് അവൾക്ക്. അവൾക്ക് എല്ലാവരെയും ഇഷ്ടമാണ്. എല്ലാവരും സമാധാനമായി ജീവിക്കണമെന്ന് അവൾ ആഗ്രഹിക്കുന്നു" ആ അച്ഛൻ പറഞ്ഞു. ഇതുകേട്ട് അടുത്തിരുന്ന ഇസ്രയുടെ കുഞ്ഞിക്കണ്ണുകൾ നിറഞ്ഞൊഴുകികൊണ്ടിരുന്നു. വിഷമിക്കേണ്ടെന്ന് പറഞ്ഞ് അച്ഛൻ അവളെ ചേർത്തുപിടിച്ചു.

കാത്തിരിപ്പിനൊടുവിൽ അവർ പിറ്റേദിവസം അതിർത്തി കടന്നു. ജനിച്ചു വളർന്ന സ്വന്തം നാടും, വീടും പ്രിയപ്പെട്ടതെല്ലാം ഉപേക്ഷിച്ച് അവർ മറ്റൊരു രാജ്യത്തേക്ക് യാത്ര തുടർന്നു. "മണ്ണ് പുതഞ്ഞ വഴികളുടെ ഞങ്ങൾക്ക് ഒരുപാട് ദൂരം നടക്കേണ്ടി വന്നു. വീൽ ചെയറും തള്ളി ആ ചെളിയിലൂടെ നടക്കാൻ ഞാൻ നല്ലവണ്ണം കഷ്ടപ്പെട്ടു. ഞാൻ ചെറുപ്പമായിരുന്നില്ല. എനിക്ക് 50 വയസ്സ് കഴിഞ്ഞിരുന്നു" ടാറെക്ക് പറഞ്ഞു.  

കിലോമീറ്ററോളം നീളുന്ന നടത്തവും, ട്രെയിനിലും, ബസ്സിലും മാറിമാറിയുള്ള യാത്രകൾക്കുമൊടുവിൽ അവർ ഓസ്‌ട്രിയയിൽ എത്തിച്ചേർന്നു. അധികം താമസിയാതെ, ജർമനിയിലേക്കും... ഒടുവിൽ നീണ്ട യാത്രയ്ക്ക് അന്ത്യമായി. സന്തോഷം കൊണ്ട് അവർ മതിമറന്നു. പാട്ടുപാടിയും, നൃത്തംവച്ചും സന്തോഷം പ്രകടിപ്പിച്ചു. സഹനത്തിൻ്റെ, അതിജീവനത്തിൻ്റെ ആ യാത്ര അവരെ ഒരുപാട് കാര്യങ്ങൾ പഠിപ്പിച്ചു. അതിരുകളും, ബോംബേറും, മിസൈലുകളും ഇല്ലാത്ത ഒരു ലോകത്തെത്തിയ അവർ ഇപ്പോൾ ഒരു പുതിയ ജീവിതം സ്വപനം കാണുകയാണ്.  ഇപ്പോഴും എന്തിനാണ് മനുഷ്യർ ഇങ്ങനെ തല്ലുകൂടുന്നതെന്ന് ഇസ്രക്ക് മനസ്സിലാകുന്നില്ല. എല്ലാവരും പരസ്പരം സ്നേഹിക്കുന്ന ഒരു കാലം വരുമെന്ന് അവൾ ഉറച്ചു വിശ്വസിക്കുന്നു. ആ കുഞ്ഞിക്കണ്ണുകളിൽ പ്രതീക്ഷയുടെ വെളിച്ചം കാണാം. 

Follow Us:
Download App:
  • android
  • ios