Asianet News MalayalamAsianet News Malayalam

ഇവിടെ ജനങ്ങള്‍ക്ക് പ്രിയങ്കരമായി റേഡിയോ ആക്ടീവ് സ്‍പാ; ഈ ജലത്തിലുള്ള കുളി രോഗം വരുത്തുമോ അതോ തടയുമോ?

1906 -ലാണ് ആദ്യത്തെ റേഡിയോ ആക്റ്റീവ് കുളി നടന്നത്. എന്നാൽ, അധികം താമസിയാതെ അത് പൊതുജനങ്ങളിൽ വളരെ പ്രിയമായിത്തീർന്നു. ഇന്ന് നൂറുകണക്കിനാളുകളാണ് ഇതിനായി ഇവിടെ വരുന്നത്. 

The place which offers radio active spas
Author
Czech Republic, First Published Feb 2, 2020, 8:57 AM IST

ചെക്ക് റിപ്പബ്ലിക്കിൻ്റെ വടക്കുപടിഞ്ഞാറ് ഭാഗത്തുള്ള ഒരു ചെറിയ നഗരമാണ് ജാച്ചിമോവ്...സ്‍പാകൾക്ക് പേരുകേട്ട നഗരമാണ് അത്. പക്ഷേ, മറ്റ് സ്ഥലങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇവിടെ സ്പായ്ക്കായി ഉപയോഗിക്കുന്നത് വെറും വെള്ളമല്ല. റേഡിയോ ആക്റ്റീവ് ജലമാണ്. റേഡിയേഷൻ എന്ന് പറഞ്ഞാൽ തന്നെ നമ്മുടെ മനസ്സിൽ ആദ്യം ഓടിയെത്തുന്നത് ക്യാൻസർ എന്ന മഹാവിപത്താണ്. എന്നാൽ, ഈ റേഡിയേഷൻ  നിറഞ്ഞ ജലത്തിൽ ഒരു പ്രത്യേക സുരക്ഷയും ഇല്ലാതെയാണ് ആളുകൾ കുളിക്കുന്നത്. ഇത് പല രോഗങ്ങൾക്കും ഒരു ചികിത്സയാണ് എന്നാണ് അവിടത്തുകാർ വിശ്വസിക്കുന്നത്. ജാച്ചിമോവ് ഒരുപക്ഷേ ലോകത്തിലെ തന്നെ റേഡിയോ ആക്ടിവിറ്റിയുടെ കേന്ദ്രമാണ് എന്ന് പറയാം.

ജാച്ചിമോവിന് ചുറ്റുമുള്ള കുന്നുകളിൽ യുറേനിയം നിറഞ്ഞിരിക്കുകയാണ്. രണ്ടാം ലോക മഹായുദ്ധത്തിൻ്റെ പശ്ചാത്തലത്തിൽ കമ്മ്യൂണിസ്റ്റുകാർ ചെക്കോസ്ലോവാക്യ പിടിച്ചടക്കിയപ്പോഴാണ് യുറേനിയം ഖനനം ഇവിടെ ശരിക്കും ആരംഭിച്ചത്. 1950 -കളിൽ 12 യുറേനിയം ഖനികൾ ഗ്രാമത്തിലും പരിസരത്തും പ്രവർത്തിച്ചിരുന്നു. ഇന്ന് റേഡിയോ ആക്റ്റിവിറ്റി ഗവേഷണരംഗത്ത് ജാച്ചിമോവ് പ്രധാന പങ്കുവഹിക്കുന്നു. 

യുറേനിയം സാധാരണയായി ആണവായുധങ്ങളിലും മറ്റും ഉപയോഗിക്കുന്ന ശക്തമായ ഒരു റേഡിയോ ആക്റ്റിവ് ധാതുവാണ്. ഇതിൽനിന്ന് വരുന്ന റേഡിയോ ആക്ടിവിറ്റി മനുഷ്യരിൽ കാൻസറിനും, കരൾ രോഗങ്ങൾക്കും കാരണമാകുമെന്ന് ഗവേഷകർ കണ്ടെത്തിയിരുന്നു. 1956 -ൽ മേരി ക്യൂറിയാണ് ഇവിടെ യുറിനൈറ്റ് അടങ്ങിയ ഖനികൾ ആദ്യമായി കണ്ടെത്തിയത്. ആ ധാതുവിൽ നിന്ന് വേർതിരിച്ചെടുത്ത മറ്റ് നാല് ധാതുക്കളും അവർ കണ്ടെത്തി. അങ്ങനെ റേഡിയോ ആക്ടിവിറ്റി അവർ കണ്ടെത്തുകയും, അതിൻ്റെ പേരിൽ അവർക്ക് രണ്ട് നൊബേൽ സമ്മാനം ലഭിക്കുകയും ചെയ്തു. അവർക്കൊപ്പം, അവർ കണ്ടെത്തിയ ജാച്ചിമോവും പ്രസിദ്ധി നേടി. 

1945 -ൽ ചെക്കസ്ലോവാക് സർക്കാർ USSR -ന് ജാച്ചിമോവിൽ ഖനനം നടത്താനുള്ള അധികാരം കൊടുത്തു. അങ്ങനെ സോവിയറ്റ് യൂണിയന് തങ്ങളുടെ ആണവായുധങ്ങളിൽ ഉപയോഗിക്കാനായി യുറേനിയം ആവശ്യമായി വന്നു. അവിടെ അവർ തടങ്കല്‍ പാളയങ്ങൾ നിർമ്മിച്ചു. അതിൽ തടവുകാരെ മോശമായ സാഹചര്യങ്ങളിൽ ഖനനം ചെയ്യാൻ ഭീഷണിപ്പെടുത്തി. തടവുകാര്‍ക്കാവട്ടെ ആവശ്യത്തിന് ഭക്ഷണമോ, വെള്ളമോ ഇല്ലായിരുന്നു. ആ സ്ഥലം 'ജാച്ചിമോവിൻ്റെ നരകം' എന്നറിയപ്പെട്ടു. പട്ടിണി കിടന്നും, തളർന്നും അവർ ജോലിചെയ്തു. പലപ്പോഴും വേണ്ടത്ര സുരക്ഷാ മാർഗ്ഗങ്ങൾ ഇല്ലാതെയാണ് അതിനകത്ത് അവർ ജോലിചെയ്തിരുന്നത്. ജോലിക്കിടയിൽ പലരും മരിച്ചു വീണു. 

റേഡിയം വളരെ അത്ഭുതകരമായ ഒരു മൂലകമായാണ് കണക്കാക്കിയിരുന്നത്. ജാച്ചിമോവ് റേഡിയത്തിൻ്റെ കുത്തകാവകാശം നേടിയെടുത്തു. ഇന്ന് ഒരെണ്ണം ഒഴിച്ച് ബാക്കിയെല്ലാ ഖനികളും അടച്ചുപൂട്ടി. ആ അവശേഷിക്കുന്ന ഖനി ഇപ്പോൾ പട്ടണങ്ങളിലെ സ്പാകളിലേക്ക് റേഡിയോ ആക്റ്റീവ് വെള്ളം എത്തിയ്ക്കുന്നു. ഇരുപതാം നൂറ്റാണ്ടിൻ്റെ ആദ്യത്തോടെ വെള്ളത്തിലെ റേഡിയത്തിന് രോഗങ്ങൾ ശമിപ്പിക്കാനുള്ള ശക്തി ഉണ്ടെന്നു ആളുകൾ വിശ്വസിക്കാൻ തുടങ്ങി. ആഗോള ആരോഗ്യ പരിസ്ഥിതി സംഘടനകൾ റേഡിയത്തിന് ശ്വാസകോശ  കാൻസർ ഉണ്ടാക്കാൻ ഉള്ള കഴിവിനെ കുറിച്ച് മുന്നറിയിപ്പ് നൽകുന്നു. എന്നിരുന്നാലും യുറേനിയത്തിൻ്റെ  ഉപോത്പന്നമായ റേഡിയം ഉപയോഗിച്ച് വാട്ടർ റേഡിയോ ആക്ടീവിലുള്ള ഒരു കുളി നല്ലൊരു ചികത്സാ മാർഗ്ഗമായി അവിടത്തുകാർ കരുതി പോരുന്നു. വർഷങ്ങളായി, ഈ ഖനികളിലൂടെ റേഡിയോ ആക്റ്റീവ് നീരുറവകൾ ഒഴുകുന്നു. 

യുറേനിയം ഖനിയിൽ നിന്ന് വരുന്ന റേഡിയോ ആക്റ്റീവ് ജലത്തിലുള്ള കുളി ഭയപ്പെടുത്തുന്ന ഒരു കാര്യമായി നമുക്ക് തോന്നാം. എന്നാൽ അവിടത്തെ ഡോക്ടർമാർ പറയുന്നത്, റേഡിയം വെള്ളത്തിന് രണ്ട് ക്ലിനിക്കൽ ഗുണങ്ങളുണ്ട്; ഒന്നാമതായി ഇത് നീർവീക്കം കുറയ്ക്കുന്നു. രണ്ടാമത്തായി, ഇത് മോർഫിന് സമാനമായ ഒരു വേദനസംഹാരിയെപ്പോലെ പ്രവർത്തിക്കാൻ കഴിയും എന്നും ഗവേഷകർ കണ്ടെത്തി. അത് മാത്രവുമല്ല, വളരെക്കാലം നീണ്ടുനിൽക്കുന്ന വേദന സംഹാരിയാണ് ഇതെന്നും അവർ അവകാശപ്പെടുന്നുണ്ട്. 

1906 -ലാണ് ആദ്യത്തെ റേഡിയോ ആക്റ്റീവ് കുളി നടന്നത്. എന്നാൽ, അധികം താമസിയാതെ അത് പൊതുജനങ്ങളിൽ വളരെ പ്രിയമായിത്തീർന്നു. ഇന്ന് നൂറുകണക്കിനാളുകളാണ് ഇതിനായി ഇവിടെ വരുന്നത്. വാതസംബന്ധമായ രോഗങ്ങൾക്കും, ഞരമ്പു സംബന്ധമായ രോഗങ്ങൾക്കുമാണ് ഇവിടെ പ്രധാനമായും ചികിത്സതേടുന്നത്. 20 മിനിറ്റോളം നീണ്ടു നിൽക്കുന്ന ഇത് ഒരാഴ്ചയിൽ ഞായറാഴ്ച ഒഴികെ മറ്റെല്ലാ ദിവസവും നടക്കുന്നു. ഒരു വർഷത്തിൽ 20 എണ്ണത്തിൽ കൂടുതൽ ചെയ്യാൻ പാടില്ല. വളരെ കുറഞ്ഞ അളവിൽ മാത്രമേ റേഡിയോ ആക്ടിവിറ്റി നടക്കുന്നുള്ളു എന്നും അതുകൊണ്ട് അത് അപകടകരമല്ല എന്നുമാണ് ഡോക്ടർമാർ പറയുന്നത്.ഒരു പ്രാവശ്യം കുളിക്കുന്നത് ഒരു എക്സ് -റേ എടുക്കുന്നതിന് തുല്യമായ വികിരണം മാത്രമാണ് ഉണ്ടാക്കുന്നത് എന്നവർ പറയുന്നു. വളരെ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാണ് ഇത് ചെയ്യുന്നതെന്നും അവർ കൂട്ടിച്ചേർത്തു. ഇങ്ങനെ ഉള്ള റേഡിയേഷൻ ആന്തരിക അവയവങ്ങളെ ബാധിക്കില്ല എന്നാണ് അവരുടെ അനുമാനം. 

പലപ്പോഴും വളരെ വേദനയേറിയ വാതരോഗങ്ങൾ പോലുള്ളവയ്ക്ക് ഇത് ഒരു പരിഹാരമാണ്. വേദനകുറയ്ക്കാനും, നീരിറക്കത്തിനും ഇത് ഒരു താല്‍ക്കാലിക പോംവഴിയുമാണ്. പക്ഷേ, അതിൻ്റെ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ എന്തൊക്കെയാണ് എന്നത് മനസ്സിലാക്കാൻ കുറച്ചു കൂടി വിശാലമായ ഒരു പഠനം ആവശ്യമാണ്. 

Follow Us:
Download App:
  • android
  • ios