ഹരിയാനയിലെ മേവാത്ത് ജില്ലയിലെ ഒരു ഗ്രാമത്തിന്റെ പേരും, അമേരിക്കന്‍ ഭരണാധികാരിയുടെ പേരും ഒന്നാണ്, ട്രംപ്. മറോറ എന്നാണ് ഔദ്യോഗിക നാമമെങ്കിലും, ആ ഗ്രാമം അറിയപ്പെടുന്നത് ട്രംപ് ഗ്രാമം എന്നാണ്. ട്രംപും ആ ഗ്രാമവും തമ്മിൽ എന്താണ് ബന്ധം എന്ന് ചിന്തിക്കുന്നുണ്ടാകും. മുൻപ് ഈ ഗ്രാമം വികസനത്തിൽ ഏറ്റവും പിന്നിലായിരുന്നു. ഗൂഗിൾ മാപ്പിൽ നിന്ന് പോലും ഒരു കാലത്ത് അത് അപ്രത്യക്ഷമായി. ആരും തിരിച്ചറിയാതെ, അവഗണയുടെ നിഴലിൽ കിടന്നിരുന്ന ആ ഗ്രാമത്തിന്റെ തലവര മാറ്റിയത് ഇന്ത്യയിൽ ടോയ്‌ലെറ്റുകൾ സ്ഥാപിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്ന ഒരു ചാരിറ്റി സംഘടനായ സുലഭ് ഇന്റർനാഷണലാണ്.   

സുലഭ് ഇന്റർനാഷണലിന്റെ സ്ഥാപകൻ ഡോ. ബിന്ദേശ്വർ പതക് ഇന്ത്യയിലെ ഒരു ഗ്രാമം ദത്തെടുക്കാൻ ആഗ്രഹിച്ചു. അങ്ങനെ തീർത്തും അവികസിതമായ മറോറ തന്നെ അതിനായി തിരഞ്ഞെടുത്തു. 2016 ജൂൺ 18 ന് സുലഭ് ഇന്റർനാഷണൽ സംഘടിപ്പിച്ച ഒരു ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിലുള്ള സൗഹൃദത്തിന്റെ ബഹുമാനാർത്ഥം അദ്ദേഹം 'ട്രംപ് വില്ലേജ്' എന്ന് ആ ഗ്രാമത്തെ പുനർനാമകരണം ചെയ്‍തു. ഗ്രാമത്തിന്റെ വികസനത്തിന് ഈ പേര് കൂടുതൽ സഹായമാവുമെന്ന് അവർ പ്രതീക്ഷിച്ചു. 

എന്നിരുന്നാലും, ഈ മാറ്റം കൂടുതൽ ദിവസം നിലനിന്നില്ല. പത്ത് ദിവസത്തിന് ശേഷം, ഒരു ഗ്രാമത്തിന്റെ പേര് മാറ്റുന്നതിനുള്ള നിയമങ്ങൾ ഒന്നും പാലിക്കാതെയാണ് ഇത് ചെയ്‍തതെന്നാരോപിച്ച് ജില്ലാ ഭരണകൂടം പുതിയ സൈൻബോർഡ് നീക്കം ചെയ്‍തു. പേര് മാറ്റുന്നതിന് മുമ്പ് അനുമതി തേടിയിരുന്നില്ല എന്നതാണ് കാരണം. പേര് രേഖകളിൽ നിന്നും മാഞ്ഞെങ്കിലും, ആളുകളുടെ മനസ്സിൽ ഇന്നും അത് നിലനിൽക്കുന്നു. ഗ്രാമത്തിൽ 75% കുടുംബങ്ങളും ദാരിദ്ര്യനിലവാരത്തില്‍ താഴെയുള്ളവരാണ്, അതിനാൽ വികസനം മാത്രമായിരുന്നു അവരുടെ ആഗ്രഹം. ഓരോ വീട്ടിലും ഒരു ടോയ്‌ലെറ്റ് വീതവും, ഒരു സ്‍കൂൾ, ഒരു കമ്മ്യൂണിറ്റി സെന്റർ, വിധവകളുടെ കുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസം തുടങ്ങിയവയും സംഘടന ഉറപ്പ് നല്‍കിയിരുന്നു. 165 വീടുകളിൽ 20 എണ്ണത്തിൽ മാത്രമാണ് ടോയ്‌ലെറ്റ് ഉണ്ടായിരുന്നത്. എന്നാൽ, കാര്യമായ വികസനമൊന്നും അവിടെ നടന്നില്ല. എല്ലാ വീടുകളിലും ടോയ്‍ലെറ്റുകൾ വന്നുവെങ്കിലും, വികസനം അതിൽ ഒതുങ്ങി. വാഗ്ദാനം ചെയ്‍ത സെക്കൻഡറി സ്‍കൂളും, ബിസിനസ്സ് പ്രവർത്തനങ്ങളുമെല്ലാം സ്വപ്‍നങ്ങളായി തന്നെ നിലനിന്നു.  

ഗ്രാമത്തിന്റെ പേരുമാറ്റത്തെത്തുടർന്ന് നേടിയ ആഗോളശ്രദ്ധ കണ്ടപ്പോൾ അവിടെ കൂടുതൽ വികസനം വരുമെന്നും, പൊതു ബസ് റൂട്ടുകളുണ്ടാകുമെന്നും പ്രതീക്ഷിച്ചിരുന്നതായി ഗ്രാമവാസിയായ മനീഷ പ്രജാപതി പറഞ്ഞതായി വൈസ് എഴുതുന്നു. എന്നാൽ, ഒന്നും തന്നെ സംഭവിച്ചില്ല. കുണ്ടുംകുഴിയും വെള്ളക്കെട്ട് നിറഞ്ഞ വഴികളും ഗ്രാമത്തിന്റെ ശോചനീയാവസ്ഥ തുറന്നു കാണിക്കുന്നു. ട്രംപിന്‍റെ പേരിൽ ആ ഗ്രാമം അറിയപ്പെടുന്നത് അയൽഗ്രാമങ്ങളിൽ പരിഹാസത്തിന് കാരണമാകുന്നു. ഇത്രയേറെ ശ്രദ്ധ ആകർഷിച്ചിട്ടും മറോറയുടെ താഴ്ന്ന സാക്ഷരതാ നിരക്കും അടിസ്ഥാന സേവനങ്ങളുടെ അഭാവവും ചൂണ്ടി കാണിച്ച് എതിരാളികൾ കളിയാക്കുന്നു.    

പേരുമാറ്റ സമയത്ത് അനേകം പ്രമുഖർ ഗ്രാമം സന്ദർശിക്കുകയും, വാർത്തകളിൽ ഈ ഗ്രാമം നിറഞ്ഞു നിൽക്കുകയും ചെയ്‍തപ്പോൾ, ഗ്രാമീണർ ഒരുപാട് പ്രതീക്ഷിച്ചു. എന്നാൽ, എല്ലാ ബഹളങ്ങളും, ആഘോഷങ്ങളും കെട്ടടങ്ങിയപ്പോൾ ഗ്രാമം വീണ്ടും പഴയ അവസ്ഥയിലേക്ക് മടങ്ങി. ആരവമൊഴിഞ്ഞ ഉത്സവപ്പറമ്പ് പോലെ ശൂന്യമായി അവരുടെ ജീവിതവും. എന്നാൽ, അതിശക്തനായ നേതാവ് ഒരിക്കലെങ്കിലും തങ്ങളെ കേൾക്കുമെന്നും, വികസനത്തിന്റെ പുതിയ നാൾവഴികൾ അവിടെ പുലരുമെന്നും നിവാസികൾ ഇന്നും പ്രതീക്ഷിക്കുന്നു.