ഒരുകാലത്ത് ഇന്ത്യയെ അടക്കിവാണ പോർച്ചുഗീസുകാർ നാടുവിട്ടിട്ട് പതിറ്റാണ്ടുകളായി. എന്നാൽ, ഇപ്പോഴും അതിന്റെ ഓർമ്മയുമായി ജീവിക്കുന്ന ഒരു മണ്ണുണ്ട് നമ്മുടെ രാജ്യത്ത്. ഇന്ത്യയിലെ മഹാരാഷ്ട്രയിലെ കോർലൈ ഗ്രാമമാണ് അത്. അവിടെ ഇന്നും ആളുകൾ പോർച്ചുഗീസ് ഭാഷയാണ് സംസാരിക്കുന്നത്. ക്രിസ്ത്യൻ വിശ്വാസികളുടെ ഗ്രാമമായ കോർലായ്, ഗോവയ്ക്കും ദമാനിനും ഇടയിലാണ് സ്ഥിതിചെയ്യുന്നത്. ക്രിസ്റ്റി എന്നും അറിയപ്പെടുന്ന ഈ ഗ്രാമത്തിന്റെ ഭാഷയെ കോർലായ് ക്രിയോൾ പോർച്ചുഗീസ് അഥവാ കോർലായ് പോർച്ചുഗീസ് എന്നാണ് വിളിക്കുന്നത്.

എഴുന്നൂറോളം കുടുംബങ്ങളുള്ള അപ്പർ കോർലായിയിലെ കർഷക സമൂഹത്തിന്റെ മാതൃഭാഷയാണ് പോർച്ചുഗീസിന്റെയും മറാത്തിയുടെയും മിശ്രിതമായ ഈ ഭാഷ. ''ഞാൻ ഇവിടെ രണ്ട് വർഷമായി. പക്ഷേ, എനിക്കിപ്പോഴും ഈ ഭാഷ മനസ്സിലാകുന്നില്ല. ഇത് പഠിക്കാൻ പ്രയാസമാണ്. മറാത്തിയിൽ വേരൂന്നിയ ചില വാക്കുകൾ അതിലുണ്ട്. കോർലായ് ഗ്രാമവാസികൾ മറാത്തി നന്നായി സംസാരിക്കും. എന്നാൽ, പരസ്പരം സംസാരിക്കുമ്പോൾ അവർ പോർച്ചുഗീസിലേക്ക് മാറുന്നു!'' മൗണ്ട് കാർമൽ ചർച്ചിലെ ഫാദർ വിൻസെന്റ് പറഞ്ഞു. 1964 വരെ പോർച്ചുഗീസ് സംസാരിക്കുന്ന ഇടവക പുരോഹിതന്മാർ ഗ്രാമീണർക്കായി കുർബ്ബാന നടത്തിയത് പോർച്ചുഗീസിലായിരുന്നു. അങ്ങനെയാണ് ഈ ഭാഷ ഇവിടെ വികസിച്ചതെന്നാണ് The Genesis of a Language: The Formation and Development of Korlai Portuguese എന്ന പുസ്തകത്തിന്റെ രചയിതാവ് ജെ ക്ലാൻസി ക്ലെമന്റ്സ് പറയുന്നത്. എഴുത്തുരൂപമില്ലാത്ത ഈ ഭാഷ ഇവിടെ കൂടുതലും സംസാരിക്കുന്നത് പ്രായമായവരാണ്.  

ഇപ്പോൾ മുംബൈയിൽ പ്രവർത്തിക്കുന്ന ജെറോം റൊസാരിയോ എന്നയാള്‍ കോർലായിയുടെ ചരിത്രത്തെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കാൻ തുടങ്ങിയപ്പോഴാണ് ഈ സവിശേഷ ഭാഷയെക്കുറിച്ചുള്ള പ്രാധാന്യം മനസ്സിലായത്. ഇന്തോ-പോർച്ചുഗീസ് സമൂഹത്തിന്റെ ഈ സാംസ്കാരിക പൈതൃകം മുന്നൂറിലധികം വർഷങ്ങളായി നശിക്കാതെ എങ്ങനെ നിലനിൽക്കുന്നുവെന്ന് നമുക്ക് അത്ഭുതം തോന്നിയേക്കാം.  

പതിനാറാം നൂറ്റാണ്ടിന്റെ തുടക്കത്തിലാണ് പോർച്ചുഗീസുകാർ ഇന്ത്യയിൽ താമസമാക്കിയത് എന്ന് ക്രിയോളിനെക്കുറിച്ച് വിപുലമായ ഗവേഷണം നടത്തിയ പ്രൊഫസർ ജോസഫ് ക്ലാൻസി ക്ലെമന്റ്സ് വിശദീകരിക്കുന്നു. ഇത് വലിയ തോതിലുള്ള ഗാർഹിക അടിമത്തത്തിലേക്ക് നയിച്ചു. പോർച്ചുഗീസ് പട്ടാളക്കാർ താഴ്ന്ന ജാതിക്കാരായ ഹിന്ദു സ്ത്രീകളുമായി ബന്ധത്തിൽ ഏർപ്പെടാൻ തുടങ്ങി. നൂറ്റാണ്ടിന്റെ മധ്യത്തോടെ, ധാരാളം പോർച്ചുഗീസ് സൈനികർ ഇന്ത്യയിൽ സ്ഥിരതാമസമാക്കി. ഈ സ്ത്രീകളെ വിവാഹം കഴിച്ച് ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്തു. അങ്ങനെ ഇന്തോ-പോർച്ചുഗീസ് കത്തോലിക്കാ സമൂഹത്തിന്റെ ഒരു പുതിയ തലമുറയ്ക്ക് ജന്മം നൽകി. കോർലായ് കോട്ടയും അതിന്റെ ചുറ്റുപാടുകളും അത്തരമൊരു വാസസ്ഥലമായിരുന്നു. ക്രമേണ, ക്രിയോൾ പോർച്ചുഗീസ് സംസാരിക്കുന്ന വിദേശികളും മറാത്തി സംസാരിക്കുന്ന തദ്ദേശീയരും ചേർന്നപ്പോൾ ഒരു പുതിയ ഭാഷ രൂപപ്പെട്ടു. 1740 -ൽ, കോർലൈയിൽ മറാഠികൾ പോർച്ചുഗീസുകാരെ പരാജയപ്പെടുത്തിയപ്പോൾ, ഒരുപിടി ഇന്തോ-പോർച്ചുഗീസ് കുടുംബങ്ങൾ അടുത്തുള്ള ഒരു കുന്നിൻമുകളിൽ താമസമാക്കി, അവരുടെ സംസ്കാരവും ഭാഷയും സജീവമായി നിലനിർത്തിക്കൊണ്ട് മുകളിലെ കോർലായ് ഗ്രാമത്തിൽ ഇന്നും അവര്‍ തുടരുന്നു.

ജാതിവ്യവസ്ഥ, മതം, തൊഴിൽ എന്നിവ ഇന്തോ-പോർച്ചുഗീസ് സമൂഹത്തെ കോർലൈക്ക് സമീപം താമസിക്കുന്ന മറ്റ് സമുദായങ്ങളിൽ നിന്ന് ഒറ്റപ്പെടുത്തി നിർത്തുന്നു എന്ന് പ്രൊഫ. ക്ലെമന്റ്സ് അഭിപ്രായപ്പെട്ടു. വളരെ ഇടുങ്ങിയ ഒരു സമുദായമാണ് അത്. വിവാഹങ്ങൾ  സമൂഹത്തിനകത്തുള്ളവരുമായി മാത്രം നടക്കുന്നു. മത്സ്യബന്ധനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ പ്രാഥമിക ഉപജീവന മാർഗ്ഗമായിരുന്ന ഇവിടത്തെ ജനങ്ങൾ പക്ഷേ ഇപ്പോൾ കൃഷിയെ മാത്രം ആശ്രയിക്കുന്നു. “ഞങ്ങളുടെ പൂർവ്വികർ സമീപ പ്രദേശങ്ങളിൽ ഭൂമി വാങ്ങിയിരുന്നു, അതിനുശേഷം ഞങ്ങൾക്ക് കൃഷിയിലേയ്ക്ക് തിരിഞ്ഞു. മത്സ്യബന്ധനം ഇപ്പോൾ ഞങ്ങൾ നടത്തുന്നില്ല" ആൽബർട്ട് ഡിസൂസ പറയുന്നു.

എന്നാൽ, ഭൂരിഭാഗം കുടുംബങ്ങളും കാർഷികമേഖലയെ ആശ്രയിച്ചിക്കുന്നുവെങ്കിലും, പുതിയ തലമുറ മികച്ച വിദ്യാഭ്യാസത്തിനും തൊഴിലവസരങ്ങൾക്കുമായി ഇവിടെനിന്ന് നഗരങ്ങളിലേയ്ക്ക് കുടിയേറുന്നു. കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാനം വരെ നിലവിലില്ലാത്ത മിശ്ര വിവാഹങ്ങളും ഇപ്പോള്‍ ഈ കമ്മ്യൂണിറ്റിയില്‍ നടക്കുന്നുണ്ട്.