പൊന്നുപോലെ നോക്കി വളർത്തുന്ന മക്കളുടെ മരണം ഒരച്ഛനും അമ്മയ്ക്കും സഹിക്കാൻ കഴിയില്ല. മൂന്ന് വർഷം മുൻപാണ് മുംബൈക്കാരനായ ദാദറാവു ബിൽഹോറിന് 16 വയസുള്ള മകനെ നഷ്ടപ്പെടുന്നത്. നഗരത്തിലെ ജോഗേശ്വരി-വിക്രോളി ലിങ്ക് റോഡിലെ ആഴത്തിലുള്ള കുഴിയിലേയ്ക്ക് പ്രകാശിന്റെ ബൈക്ക് മറിഞ്ഞു വീഴുകയായിരുന്നു. കനത്ത മഴയെത്തുടർന്ന് ആ റോഡ് വെള്ളത്തിൽ മുങ്ങിയിരുന്നു. അതുകൊണ്ട് തന്നെ അത്തരമൊരു കുഴി കാണാൻ സാധിച്ചില്ല. മഴക്കാലത്ത് മുംബൈയിൽ ഇത്തരം കുഴികളിൽ വീണ് അനേകം പേരാണ് മരിക്കുന്നത്.  എന്നാൽ, പിന്നീട് ആ അച്ഛന്റെ ജീവിതം ഒട്ടും പ്രതീക്ഷിക്കാത്ത ഒരു ദിശയിലേയ്ക്ക് വഴിമാറുകയായിരുന്നു. 

ഒരു ജൂലൈ മാസമായിരുന്നു അത്. പ്രകാശ് ബിൽഹോർ സഹോദരൻ റാമിനൊപ്പം വീട്ടിലേക്ക് മടങ്ങുകയായിരുന്നു. പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞ് മുംബൈയിലെ ഒരു കോളേജിൽ പ്രവേശനത്തിനുള്ള അപേക്ഷ നൽകി തിരികെവരികയായിരുന്നു അവൻ. അപ്പോഴാണ് തല്ലിയലച്ച് മഴ പെയ്യാൻ തുടങ്ങിയത്. ഇരുവരും വണ്ടി നിർത്തി പോവായ്ക്ക് സമീപം ഒരു വഴിയിൽ അഭയം തേടി. വെള്ളം കുറഞ്ഞുകഴിഞ്ഞപ്പോൾ, അവർ വീണ്ടും യാത്ര തുടർന്നു. ജോഗേശ്വരി-വിക്രോളി ലിങ്ക് റോഡിന് സമീപമെത്തിയപ്പോൾ തെരുവ് മഴവെള്ളത്തിൽ മൂടിയിരുന്നു. അവരുടെ മോട്ടോർ ബൈക്ക് വെള്ളത്തിനടിയിൽ കുഴിയിൽ കുടുങ്ങി. പ്രതികരിക്കാനോ ബൈക്ക് പുറത്തെടുക്കാനോ പോലും അവസരം ലഭിക്കുന്നതിന് മുമ്പ് വാഹനം കുഴിയിൽ ഇറങ്ങി.  ബൈക്ക് ഓടിച്ചിരുന്ന റാം അഞ്ചടി അകലെ തെറിച്ചു വീണു. പ്രകാശ് പത്ത് അടി അകലേയ്ക്കും. വീഴ്ചയിൽ അവന്റെ തലയിൽ ശക്തമായ അടി കിട്ടി.  

സംഭവം കണ്ട് ആളുകൾ ഒത്തുകൂടി. എന്നാൽ, അവരെ ആരും ആശുപത്രിയിൽ എത്തിക്കാൻ മെനക്കെട്ടില്ല. കൈയിലുള്ള ഫോണിൽ ചിത്രങ്ങൾ പകർത്തുന്ന തിരക്കിലായിരുന്നു ചുറ്റുമുള്ളവർ. റാമിന്റെ താടിയിൽ മുറിവുകളുണ്ടായിരുന്നു. നെറ്റിയിൽ നിന്ന് ചോര ഒഴുകിക്കൊണ്ടിരുന്നു. എന്നാൽ, ഹെൽമെറ്റ് ഉണ്ടായിരുന്നതിനാൽ വലിയ പരിക്കുകളിൽ നിന്ന് അവൻ രക്ഷപ്പെട്ടു. മറുവശത്ത്, പക്ഷേ പ്രകാശ് അബോധാവസ്ഥയിലായിരുന്നു. ഒന്ന് നിവർന്ന് നില്ക്കാൻ കൂടി സാധിക്കാത്ത ആ അവസ്ഥയിൽ റാം വല്ലവിധേനയും സുഹൃത്തുക്കളെ ഡയൽ ചെയ്ത് പ്രകാശിനെ ആശുപത്രിയിൽ എത്തിച്ചു. ഒരുപക്ഷേ, സുഹൃത്തുക്കൾ അവിടെ എത്തിയില്ലായിരുന്നെങ്കിൽ രണ്ടു മക്കളെയും ആ അച്ഛന് നഷ്ടമായേന്നെ. 

അന്ധേരിയിൽ പലചരക്ക് കട നടത്തുന്ന പ്രകാശിന്റെ പിതാവ് ബിൽഹോറിന് കോൾ വരുമ്പോൾ അദ്ദേഹം ഏകാദശി വ്രതം മുറിക്കാൻ ഒരുങ്ങുകയായിരുന്നു. “ബാബ, ഞങ്ങൾക്ക് പരിക്കേറ്റു. ഞങ്ങൾ ബൈക്കിൽ നിന്ന് വീണു. ഹോളി സ്പിരിറ്റ് ഹോസ്പിറ്റലിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ് ഞങ്ങൾ" വിറക്കുന്ന ശബ്‌ദത്തിൽ റാം അച്ഛനോട് പറഞ്ഞു.  മക്കൾ ബൈക്കിൽ നിന്ന് വീണത് അദ്ദേഹം ഭാര്യയോട് പറഞ്ഞു. എന്നാൽ, അവരോട് ഇപ്പോൾ വരണ്ട എന്ന് പറഞ്ഞ് അദ്ദേഹം മാത്രം ആശുപത്രിയിലേയ്ക്ക് പുറപ്പെട്ടു. അപ്പോഴാണ് രണ്ടാമത്തെ കോൾ വന്നത്. "പ്രകാശിന്  മസ്‍തിഷ്‍ക രക്തസ്രാവമാണെന്ന് അവർ എന്നോട് പറഞ്ഞു. റാം ചികിത്സയിലായിരുന്നു. ആ നിമിഷം, എന്റെ ലോകം തകർന്നടിഞ്ഞു. തലേന്നായിരുന്നു, കോളേജിൽ ചേരാനായി അവൻ പുതിയ വസ്ത്രങ്ങൾ എല്ലാം ഓണ്‍ലൈനിൽ ഓർഡർ ചെയ്‌തത്‌" വിതുമ്പിക്കൊണ്ട് ആ അച്ഛൻ പറഞ്ഞു. എന്നാൽ, അദ്ദേഹത്തിന് മകനെ രക്ഷിക്കാനായില്ല. പ്രകാശ് മരിച്ചു. റാമിനെക്കൂടി നഷ്ടപ്പെടാൻ ആ അച്ഛൻ ഒരുക്കമല്ലായിരുന്നു. പ്രകാശ് മരിച്ച വിവരം അദ്ദേഹം കുടുംബത്തോടോ ബന്ധുക്കളോടോ റാമിനോടോ പറഞ്ഞില്ല. റാം മെച്ചപ്പെടുന്നതുവരെ അദ്ദേഹം കാത്തിരുന്നു. ഒടുവിൽ 24 മണിക്കൂറിന് ശേഷം കുടുംബത്തെ അറിയിച്ചു. "ഇന്നലെ രാവിലെ വീട്ടിൽ നിന്ന് പോയ അതേ രീതിയിൽ തന്നെ എന്റെ മകനെ തിരികെ കൊണ്ടുവരുമെന്ന് നിങ്ങൾ വാക്ക് തന്നിട്ടല്ലേ പോയത്. വെളുത്ത തുണിയിൽ പൊതിഞ്ഞ ശരീരം എന്റെ മകനല്ല. എന്റെ മകനെ എനിക്ക് തിരികെ തരൂ” ഭർത്താവിന്‍റെ കുപ്പായത്തിൽ പിടിച്ച് അലറിക്കരഞ്ഞത് ഇപ്പോഴും അമ്മയ്ക്ക് മറക്കാൻ കഴിഞ്ഞിട്ടില്ല.    

മകനെ നഷ്ടപ്പെട്ടതിന്റെ സങ്കടം അദ്ദേഹത്തെ തകർത്തപ്പോൾ, തന്റെ ഗതി ഇനിയാർക്കും വരരുതെന്ന് അദ്ദേഹം ആഗ്രഹിച്ചു. അതിനായി തന്റെ ജീവിതം തന്നെ സമർപ്പിക്കാൻ അദ്ദേഹം തീരുമാനിച്ചു. തുടർന്ന്, റോഡിലെ കുഴികൾ ചരൽ, കല്ല്, കോരിക എന്നിവ ഉപയോഗിച്ച് അദ്ദേഹം തനിയെ മൂടാൻ തുടങ്ങി. പ്രകാശ് കടന്നുപോയ വഴികളിലെ കുഴികൾ എല്ലാം അദ്ദേഹം ഒരു മാസത്തിനുള്ളിൽ നികത്തി. 2015 -ൽ ആരംഭിച്ച അത് അദ്ദേഹം ഇപ്പോഴും തുടർന്ന് കൊണ്ടുപോകുന്നു. അദ്ദേഹത്തിന്റെ ഈ മഹത്തായ പ്രവൃത്തിയ്ക്ക്  ‘മുംബൈയിലെ പാത്തോൾ ദാദ’ എന്ന ബഹുമതി അദ്ദേഹത്തിനെ തേടി വന്നു.  "പ്രകാശിനെപ്പോലെ, ഇനിയും ആളുകളെ മരണത്തിന് വിട്ടുകൊടുക്കാൻ ഞാൻ തയ്യാറായില്ല. ഞാൻ സ്വയം അതിനായി തുനിഞ്ഞിറഞ്ഞി. തകർന്ന റോഡ് ചെളി, കല്ലുകൾ എന്നിവ ഉപയോഗിച്ച് ഞാൻ കുഴികൾ നിറയ്ക്കാൻ തുടങ്ങി. അങ്ങനെ എന്റെ ഈ യാത്ര ഞാൻ ആരംഭിച്ചു" അദ്ദേഹം പറഞ്ഞു.

പ്രകാശിനെ ഓർത്ത് അദ്ദേഹം പറഞ്ഞു, "ഞങ്ങളുടെ കുടുംബത്തിൽ ഒരു ഇംഗ്ലീഷ് മീഡിയം സ്കൂളിൽ പഠിച്ചത് അവൻ മാത്രമാണ്. ഞങ്ങൾക്ക് വലിയ സ്വപ്നങ്ങളുണ്ടായിരുന്നു അവനെ കുറിച്ച്. അപകടത്തിന് ഒരുമാസം മുമ്പ്, അവൻ കടയിലേക്കായി എട്ട് സിസിടിവി ക്യാമറകൾ വാങ്ങി. അവൻ പോയിരിക്കാം, പക്ഷേ അവൻ സ്ഥാപിച്ച ക്യാമറകൾ ഞങ്ങൾക്ക് കാവൽ നിൽക്കുന്നു. അവൻ ഓൺലൈനിൽ ഓർഡർ ചെയ്ത വസ്ത്രങ്ങളെല്ലാം അവന്റെ മരണശേഷം വീട്ടിൽ എത്തിയപ്പോൾ, ഞങ്ങളുടെ ഹൃദയം നുറുങ്ങിപ്പോയി. ”  

സംഭവം നടന്നിട്ട്, ഇപ്പോൾ അഞ്ചു വർഷമായി. ഹൈക്കോടതി, പൊലീസ് സ്റ്റേഷൻ, ബിഎംസി ഓഫീസുകൾ എന്നിവിടങ്ങളിലേക്ക് അദ്ദേഹം നിരവധി യാത്രകൾ ഇതിനിടെ നടത്തി. ചില നിർമ്മാണ പ്രവർത്തനങ്ങൾക്ക് വേണ്ടി കുഴി എടുത്തു. എന്നാൽ, അവിടെ മുന്നറിയിപ്പായി ബാരിക്കേഡുകളോ അടയാളങ്ങളോ ഒന്നും വച്ചില്ല. ബി‌എം‌സി ഉദ്യോഗസ്ഥർക്കും അറ്റകുറ്റപ്പണിയുടെ ഉത്തരവാദിത്തമുള്ള കരാറുകാരനുമെതിരെ അദ്ദേഹം  എഫ്‌ഐ‌ആർ കേസ് ഫയൽ ചെയ്‍തുവെങ്കിലും, അവർ ജാമ്യത്തിലിറങ്ങി. എന്നിരുന്നാലും അധികൃതരോട് ഒരു ദേഷ്യവുമില്ല അദ്ദേഹത്തിന്. ആരോടും പരിഭവമില്ലാതെ, ആർക്ക് വേണ്ടിയും കാത്ത് നിൽക്കാതെ ആ അച്ഛൻ തന്റെ മഹത്തായ ലക്ഷ്യത്തിനായി ജീവിക്കുകയാണ്. ഇനിയും ഒരച്ഛനും ഒരമ്മയും സ്വന്തം മക്കളെ ഓർത്തു കരയരുതെന്ന് അദ്ദേഹം തീരുമാനിച്ചു. തന്റെ മകനോടുള്ള പ്രാർത്ഥനയായി അദ്ദേഹം ഇത് അവസാനം വരെയും തുടർന്ന് കൊണ്ട് പോകാൻ ആഗ്രഹിക്കുന്നു.