ഉത്തരകൊറിയൻ സമ്പദ്‌വ്യവസ്ഥയുടെ അടിസ്ഥാന ഭക്ഷ്യ ഉൽ‌പന്നം അരിയാണ്. അരി സമ്പന്നതയുടെ അടയാളമായിട്ടാണ് അവർ കണക്കാക്കുന്നത്. എന്നാൽ, ഇപ്പോൾ രാജ്യത്തെ മാധ്യമങ്ങൾ അരിയെ അവഗണിച്ച് ഉരുളക്കിഴങ്ങിനെ കൂടുതലായി അവതരിപ്പിക്കുന്നു. എൻ‌കെ ന്യൂസിന്റെ ഒരു പുതിയ റിപ്പോർട്ട് അനുസരിച്ച്, ഇത് രാജ്യത്തെ സമ്പദ് വ്യവസ്ഥയെ കുറിച്ച് അത്ര നല്ല സൂചനയല്ല നൽകുന്നത്. ബിബിസിയടക്കം ദേശീയമാധ്യമങ്ങളും ഇക്കാര്യം വാര്‍ത്തയാക്കുന്നു.  

ഉത്തരകൊറിയൻ മാധ്യമങ്ങൾ ഉരുളക്കിഴങ്ങിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് രാജ്യത്ത് നിലനിൽക്കുന്ന ഭക്ഷ്യക്ഷാമത്തിന്റെ സൂചനയാണ് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. രാജ്യത്ത് ഭക്ഷണം എല്ലായ്‌പ്പോഴും ഒരു രാഷ്ട്രീയ അർത്ഥം ഉൾക്കൊള്ളുന്നു. വെളുത്ത അരിയെ ഉത്തര കൊറിയക്കാർ അഭിവൃദ്ധിയുടെ ചിഹ്നമായി കണക്കാക്കുമ്പോൾ ഉരുളക്കിഴങ്ങ് പട്ടിണിയുടെ സൂചനയായി കണക്കാക്കുന്നു. അതിനൊരു കാരണവുമുണ്ട്. 1990 -കളിൽ രാജ്യം കടുത്ത ക്ഷാമം നേരിട്ട സമയത്ത് ഉത്തര കൊറിയൻ ഭക്ഷ്യ പ്രചാരണത്തിന്റെ താരമായിരുന്നു ഉരുളക്കിഴങ്ങ്. സാമ്പത്തികസ്ഥിതി മെച്ചപ്പെട്ടപ്പോൾ, അത് ഉത്തരകൊറിയൻ മാധ്യമങ്ങളിൽ നിന്ന് പതിയെ മാഞ്ഞു. എന്നാൽ, ഇപ്പോൾ അത് വീണ്ടും ഒരു തിരിച്ച് വരവ് നടത്തുകയാണ്. സിനിമകൾ, വാർത്താ റിപ്പോർട്ടുകൾ, പാചക ഷോകൾ എന്നിവയിൽ എല്ലാം ഇപ്പോൾ ഉരുളക്കിഴങ്ങാണ് താരം. 2010 -ല്‍ പുറത്തിറങ്ങിയ ഉരുളക്കിഴങ്ങിനെ ആസ്പദമാക്കിയൊരു ചിത്രവും ഇപ്പോൾ ടിവിയിൽ വീണ്ടും പ്രത്യക്ഷപ്പെട്ട് തുടങ്ങി എന്നാണ് പറയുന്നത്.   

ഉത്തര കൊറിയയിലെ റിയാങ്‌ഗാംഗ് പ്രവിശ്യ കഴിഞ്ഞ വർഷത്തെ വിളവെടുപ്പിൽ ഉരുളക്കിഴങ്ങിന് മുൻഗണന നൽകിയതായി ഡെയ്‌ലി എൻ‌കെ കഴിഞ്ഞ ഒക്ടോബറിൽ റിപ്പോർട്ട് ചെയ്തിരുന്നു. രാജ്യത്തെ ഏറ്റവും വലിയ ഉരുളക്കിഴങ്ങ് ഉത്പാദിപ്പിക്കുന്ന പ്രദേശമാണ് ആ പ്രവിശ്യ. അതുപോലെ ഉത്തര കൊറിയ സന്ദർശിച്ച യു‌എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയുമായി കൂടിക്കാഴ്ച നടത്തുന്നതിനുപകരം കിം ജോങ് ഉൻ സാംജിയോൺ മേഖലയിലെ ഒരു ഉരുളക്കിഴങ്ങ് ഫാം സന്ദർശിച്ചതായി 2018 ജൂലൈയിലെ ഒരു എ‌എഫ്‌പി റിപ്പോർട്ട് പ്രസ്താവിക്കുന്നു. ഉത്തര കൊറിയയിൽ “ഉരുളക്കിഴങ്ങ് പ്രൈഡ് സോങ്” എന്ന പ്രചാരണ ഗാനവും ഇപ്പോൾ കൂടുതലായി ശ്രദ്ധിക്കപ്പെടുന്നു. ഈ ഉത്തരകൊറിയൻ ഗാനത്തിൽ ഗ്രാമത്തിലെ മുതിർന്നയാൾ സർക്കാർ നൽകിയ ഉരുളക്കിഴങ്ങ് റേഷൻ സഹഗ്രാമവാസികളുമായി പങ്കിടുന്നതാണ് പ്രമേയം. ഇത് ഉത്തരകൊറിയൻ ദാരിദ്ര്യത്തെക്കുറിച്ചും സർക്കാരിനോട് നിർബന്ധപൂർവ്വം വിശ്വസ്തത പുലർത്തുന്നതിനെക്കുറിച്ചുമുള്ള സൂചനകൾ നൽകുന്നുവെന്നാണ് പറയുന്നത്. 

സാമ്പത്തിക ഉപരോധം, കൊവിഡ്-19 -നെ തുടർന്നുള്ള നിയന്ത്രണങ്ങൾ, വിനാശകരമായ വെള്ളപ്പൊക്കം എന്നിവ കാരണം ഈ വർഷം ഉത്തരകൊറിയ ഗുരുതരമായ സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുന്നു എന്നാണ് പറയുന്നത്. കഴിഞ്ഞ ഒക്ടോബറിൽ രാജ്യത്തിന്റെ സാമ്പത്തിക ഞെരുക്കത്തിനെ കുറിച്ച് സംസാരിച്ചപ്പോൾ ഉത്തര കൊറിയൻ നേതാവ് വികാരാധീനനായത് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതെല്ലാം ചേർത്തുവച്ച് വായിക്കുമ്പോൾ അവിടത്തെ സാമ്പത്തിക നില അത്ര ഭദ്രമല്ല എന്ന് വേണം കരുതാൻ. അതുകൊണ്ടാകാം സംസ്ഥാന മാധ്യമങ്ങളിലും വാർത്താ റിപ്പോർട്ടുകളിലും പാചകഷോകളിലും ഉരുളക്കിഴങ്ങ് ഒരു മടങ്ങിവരവ് നടത്തുന്നത്. അവിടത്തെ ജനങ്ങൾ പട്ടിണികിടക്കുമ്പോൾ ഉത്തര കൊറിയ ജിഡിപിയുടെ 25 ശതമാനം സൈന്യത്തിനായിട്ടാണ് ചെലവഴിക്കുന്നതെന്ന ഒരു ആരോപണവും ഉയർന്നു കേൾക്കുന്നുണ്ട്. പോരാതെ കൊറോണ വൈറസ് രാജ്യം നശിപ്പിച്ചതായും റിപ്പോർട്ടുണ്ട്. ആഫ്രിക്കൻ പന്നിപ്പനി മൂലം രാജ്യത്ത് പന്നികളുടെ കുറവുണ്ടായതായും റിപ്പോർട്ടുകൾ ഉണ്ട്. ഇതെല്ലാം രാജ്യത്തെ സാമ്പത്തികഭദ്രതയെ നല്ല രീതിയിൽ ഉലച്ചിട്ടുണ്ടെന്നും, ആളുകൾ പട്ടിണിയിലാണെന്നും റിപ്പോർട്ടുകൾ പറയുന്നു.