സ്വാതന്ത്രത്തിനു വേണ്ടിയുള്ള പോരാട്ടങ്ങളിൽ ഇന്ത്യൻ നാഷണൽ ആർമിയുടെയും, നേതാജി സുഭാഷ് ചന്ദ്ര ബോസിന്‍റെയും പങ്ക് ചെറുതല്ല. രണ്ടാം ലോക മഹായുദ്ധ കാലത്ത് ബ്രിട്ടീഷ് ഇന്ത്യൻ ആർമിയിൽനിന്നും ഒരുപാട് സൈനികർ സ്വാതന്ത്ര്യ പോരാട്ടങ്ങളിൽ പങ്കുചേരാനായി ഇന്ത്യൻ നാഷണൽ ആർമിയിലേക്ക് ചേക്കേറുകയുണ്ടായി. വിപ്ലവ വീര്യവും, രാജ്യസ്നേഹവും എരിയുന്ന അവരുടെ പോരാട്ടശ്രമങ്ങളെ തുടർന്ന് പലപ്പോഴും അവർക്ക് ബ്രിട്ടീഷ് ഇന്ത്യയുടെ സൈനിക കോടതികളിൽ വിചാരണക്ക് വിധേയരാകേണ്ടി വന്നിട്ടുണ്ട്. അന്ന് നാട് ഭരിച്ചിരുന്ന ബ്രിട്ടീഷ് സർക്കാരിനെതിരെ പട നയിച്ചതിന് രാജ്യദ്രോഹികൾ എന്നാരോപിച്ച് അവരെ സൈനിക കോടതി വിചാരണക്ക് വിധേയരാക്കിയിരുന്നു. അത്തരം വിചാരണ നേരിട്ട ആദ്യകാല സൈനിക ഉദ്യോഗസ്ഥരിൽ മൂന്ന് പേരായിരുന്നു പ്രേം കുമാർ സെഗാൾ, ഷാ നവാസ് ഖാൻ, ഗുർബാക്ഷൻ സിംഗ് ധില്ലൺ എന്നിവർ. സ്വന്തം രാജ്യത്തെ ബ്രിട്ടീഷിന്റെ കൈകളിൽനിന്ന് മോചിപ്പിക്കാനായി ഇന്ത്യൻ നാഷണൽ ആർമിയിൽ ചേർന്ന് യുദ്ധം ചെയ്ത അവരെ ഇന്ത്യൻ പീനൽ കോഡ് 121 സെക്ഷൻ പ്രകാരം വിമതരുമായി ചേർന്ന് കലാപത്തിൽ പങ്കെടുത്തു എന്നാരോപിച്ച് സൈനിക കോടതി രാജ്യദ്രോഹ കുറ്റത്തിന് വിചാരണ ചെയ്തു. ആ സമയത്ത് രാജ്യം മുഴുവൻ അവരെ അനുകൂലിച്ചു മുദ്രാവാക്യങ്ങൾ മുഴങ്ങി. ഒരുപാട് നേതാക്കൾ അവർക്ക് വേണ്ടി രംഗത്തെത്തി.

ചീഫ് ഡിഫൻസ് കൗൺസിലായിരുന്ന (സിഡിസി) കോൺഗ്രസ് നേതാവ് ഭുലഭായ് ദേശായി ഇതിനെതിരെ ശക്തമായ പ്രതിഷേധവുമായി മുന്നോട്ടുവന്നു. ഈ പ്രതിഷേധങ്ങൾക്കിടയിലും, പക്ഷേ കോടതി മൂന്നുപേര്‍ക്കെതിരെ രാജ്യദ്രോഹ കുറ്റത്തിനും, അതിലൊരാള്‍ക്കെതിരെ കൊലപാതക കുറ്റത്തിനും ശിക്ഷ വിധിച്ചു. 1946 ജനുവരി 3 -ന് പുറപ്പെടുവിച്ച ശിക്ഷ പ്രകാരം, മൂന്ന് ഉദ്യോഗസ്ഥരെയും വധിച്ചില്ല. മറിച്ച് അവരെ സേവനത്തിൽ നിന്ന് പിരിച്ചുവിട്ടു, അവരുടെ എല്ലാ ശമ്പളവും അലവൻസും കവർന്നെടുക്കാൻ കോടതി ഉത്തരവിട്ടു. വളരെ കുറച്ച് ചരിത്രപുസ്തകങ്ങളിൽ മാത്രമേ അവരുടെ പേരുകളും സ്വാതന്ത്ര്യസമരത്തിൽ അവർ ചെയ്ത പ്രവർത്തനങ്ങളും പരാമർശിക്കുന്നുള്ളൂവെങ്കിലും അതിൽ ചില കഥകൾ വളരെ രസകരമാണ്. അതിലൊന്നാണ് ജനറൽ ഷാ നവാസ് ഖാനും ഇന്ത്യൻ സൂപ്പർ സ്റ്റാർ ഷാരൂഖ് ഖാനുമായുള്ള അത്യപൂർവ ബന്ധം.

ജനറൽ ഷാ നവാസ് ഖാനും ഇന്ത്യൻ സൂപ്പർ സ്റ്റാർ ഷാരൂഖ് ഖാനുമായുള്ള ബന്ധം

ലഭിക്കുന്ന അറിവ് പ്രകാരം, സൂപ്പർ സ്റ്റാർ ഷാരൂഖ് ഖാന്റെ അമ്മ ലത്തീഫ് ഫാത്തിമയ്ക്ക് ജനറൽ ഷാ നവാസ് പിതൃതുല്യനായിരുന്ന ഒരു വ്യക്തിയായിരുന്നു. 1940 -കളുടെ അവസാനത്തിൽ ഖാന്റെ അമ്മ ഫാത്തിമയും കുടുംബവും ദില്ലിയിൽ ഒരു അപകടത്തിൽ പെട്ടു. അതേ പ്രദേശത്തുണ്ടായിരുന്ന ജനറൽ ഷാ നവാസ് അവരെ ആശുപത്രിയിൽ എത്തിക്കുകയുണ്ടായി. അതിനുശേഷം ജനറൽ ഷാ നവാസ് ഫാത്തിമയുടെ കുടുംബവുമായി ബന്ധം പുലർത്തിയിരുന്നു. അദ്ദേഹം അവരെ ദത്തെടുക്കുകകൂടി ചെയ്തുവെന്നാണ് ചില വിശ്വസ്തത സ്രോതസ്സുകളിൽ നിന്ന് ലഭിക്കുന്ന അറിവ്.  അതിൽ പക്ഷേ എത്രത്തോളം സത്യമുണ്ട് എന്നറിയില്ലെങ്കിലും അദ്ദേഹത്തിന് ഫാത്തിമ സ്വന്തം മകളെ പോലെയായിരുന്നു എന്നത്തിൽ സംശയമില്ല. സ്വാതന്ത്ര്യസമരസേനാനിയായ മീർ താജ് മുഹമ്മദ് ഖാനുമായുള്ള ഫാത്തിമയുടെ വിവാഹം ജനറൽ ഷാ നവാസിന്റെ ബംഗ്ലാവിൽ വെച്ചാണ് നടന്നത്. അവർ മൂന്നുപേർക്കുമിടയിൽ പറഞ്ഞറിയിക്കാൻ കഴിയാത്ത ഒരാത്മബന്ധം നിലനിന്നിരുന്നു. വിവാഹത്തിനുശേഷവും ഫാത്തിമ ജനറലിൻ്റെ കുടുംബവുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു. ഷാരൂഖും അമ്മയെപ്പോലെ ജനറൽ ഷാ നവാസുമായും, കുടുംബവുമായും അടുത്ത ബന്ധം പുലർത്തിയിരുന്നു. ഷാരൂഖും സഹോദരി ഷഹനാസ് ലാലറുഖും അദ്ദേഹത്തിന്റെ വീട്ടിലെ നിത്യസന്ദർശകരായിരുന്നു, പ്രത്യേകിച്ച് ഈദ് ദിനത്തിൽ. 

ആരായിരുന്നു ജനറൽ ഷാ നവാസ് ഖാന്‍ ? 

1914 -ൽ റാവൽപിണ്ടി ജില്ലയിൽ അവിഭക്ത ഇന്ത്യയിലാണ് ജനറൽ ഷാ നവാസ് ജനിച്ചത്. പിതാവ് ടിക്ക ഖാനെപ്പോലെ ജനറൽ ഷാ നവാസും 1935 ൽ ബ്രിട്ടീഷ് ആർമിയിൽ ചേർന്നു. ലോകം രണ്ടാം ലോക മഹായുദ്ധത്തിന് സാക്ഷ്യം വഹിക്കുന്ന സമയമായിരുന്നു ഇത്. ബ്രിട്ടീഷ് സൈന്യത്തിന് കീഴിൽ അദ്ദേഹം സിംഗപ്പൂരിൽ യുദ്ധം ചെയ്തു. ജപ്പാനീസ് സൈന്യം യുദ്ധത്തിൽ വിജയിച്ചു, ജയിലിൽ അടയ്ക്കപ്പെട്ട 40,000 ഇന്ത്യക്കാരിൽ ഒരാളായി മാറി അദ്ദേഹവും. എന്നാൽ, വിധിയുടെ നിയോഗം പോലെ ആ സമയത്താണ് അദ്ദേഹം സിംഗപ്പൂരിൽ വച്ച് നേതാജി സുഭാഷ് ചന്ദ്രബോസിനെ കണ്ടുമുട്ടുന്നത്. ബ്രിട്ടീഷുകാരെ തുരത്താൻ ഐ‌എൻ‌എയിൽ ചേരാൻ നേതാജി അദ്ദേഹത്തെ പ്രോത്സാഹിപ്പിച്ചു. ജനറൽ ഷാ നവാസിന്റെ ധൈര്യവും ബുദ്ധിയും, അജയ്യമായ തീരുമാനവും പാർട്ടിയിൽ ഉയരാൻ അദ്ദേഹത്തെ സഹായിച്ചു. അധികം താമസിയാതെ അദ്ദേഹം രണ്ടാം ഡിവിഷന്റെ കമാൻഡറായി.

അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളിലും, കഴിവിലും മതിപ്പുളവായ നേതാജി 1944 -ൽ ജനറൽ ഷാ നവാസിനെ മണ്ടാലെയിലെ ഐ‌എൻ‌എ സംഘത്തിന്റെ നേതാവാക്കി. ഒരു വർഷത്തിനുശേഷം, കൊഹിമയിൽ ബ്രിട്ടീഷുകാരുമായി പോരാടിയ അദ്ദേഹം പിന്നീട് ബർമയിൽ വച്ച് പിടിക്കപ്പെടുകയാണുണ്ടായത്. സെഗാൾ, സിംഗ് എന്നിവർക്കൊപ്പം കൊലപാതകത്തിന് ബ്രിട്ടീഷുകാർ അദ്ദേഹത്തിനെതിരെ വിചാരണ നടത്തി. വിചാരണയ്ക്ക് ശേഷം ഖാൻ ഐ‌എൻ‌എ വിട്ട് രാഷ്ട്രീയ ജീവിതം ആരംഭിച്ചു. 1952 -ൽ ഉത്തർപ്രദേശിലെ മീററ്റിൽ നിന്ന് നടന്ന ആദ്യ ലോക്സഭാ തെരഞ്ഞെടുപ്പിൽ അദ്ദേഹം വിജയിച്ചു. അടുത്ത ദശകത്തിൽ ഇന്ത്യൻ റെയിൽ‌വേയിൽ ഉപമന്ത്രിയായി സേവനമനുഷ്ഠിച്ചു. തുടർന്ന് കൃഷി, തൊഴിൽ, ഉരുക്ക്, ഖനികൾ തുടങ്ങിയ മന്ത്രാലയങ്ങളിലും അദ്ദേഹം പ്രവർത്തിച്ചു. 1956 -ൽ നേതാജി സുഭാഷ് ചന്ദ്രബോസിന്റെ നിഗൂഢ മരണം അന്വേഷിച്ച ജനറൽ ഷാ നവാസ് കമ്മിറ്റിയുടെ തലവനായി നിയമിതനായപ്പോൾ ഇന്ത്യയുടെ രാഷ്ട്രീയ ജീവിതത്തിലെ പ്രധാന വേഷങ്ങളിലൊന്നായി മാറി അത്. കമ്മിറ്റി ഇന്ത്യയിലെയും ജപ്പാനിലെയും ഒരു കൂട്ടം ആളുകളുമായി അഭിമുഖം നടത്തി, ഒന്നിലധികം തെളിവുകൾ പരിശോധിക്കുകയും ഒടുവിൽ വിമാനാപകടത്തിൽ നേതാജി മരിച്ചുവെന്ന് നിഗമനത്തിലെത്തുകയും ചെയ്തു.

1983 -ൽ ജനറൽ ഷാ നവാസ് അന്തരിച്ചു. ഡൽഹിയിലെ ലാൽ ക്വിലയ്ക്ക് സമീപമാണ് അദ്ദേഹത്തെ സംസ്‌കരിച്ചിട്ടുള്ളത്. അതേ സ്ഥലത്തുവെച്ച് തന്നെയാണ് അദ്ദേഹം ‘രാജ്യദ്രോഹി’ എന്ന ലേബലിൽനിന്ന് സ്വാതന്ത്ര്യസമരസേനാനി എന്ന പദവിയിലേക്ക്  ഉയർന്നു വന്നതും..