ഗുലാബോ സപേര... രാജസ്ഥാനിലെ പ്രസിദ്ധമായ നൃത്തരൂപത്തിന്റെ സൃഷ്ടാവ്. ലോകമെമ്പാടും ഇന്ത്യയുടെ യശസ്സുയർത്തിയ ആ നർത്തകിയ്‌ക്ക് 2016 -ൽ പത്മശ്രീ പുരസ്‌കാരം ലഭിക്കുകയുണ്ടായി. കഴിഞ്ഞ 10 വർഷത്തിനിടെ ഈ സിവിലിയൻ അവാർഡ് ലഭിക്കുന്ന അവരുടെ സമുദായത്തിൽ നിന്നുള്ള ഏക വനിത കൂടിയാണ് ഗുലാബോ സപേര. പ്രശസ്‍തിയുടെ കൊടുമുടിയിൽ നിൽക്കുമ്പോഴും, ഒരു പെണ്ണായി പിറന്നതിന്റെ പേരിൽ കുട്ടിക്കാലത്ത് അനുഭവിക്കേണ്ടി വന്ന ദുരിതങ്ങൾ ഇന്നും അവരുടെ മനസ്സിൽ മായാതെ നില്‍ക്കുന്നു. 

1973 -ൽ രാജസ്ഥാനിലെ സപേര കമ്മ്യൂണിറ്റിയിൽ ജനിച്ച ഗുലാബോ സപേരയുടെ ജീവിതം സമുദായത്തിലെ മറ്റ് പെൺകുട്ടികളിൽ നിന്ന് വ്യത്യസ്‍തമായിരുന്നില്ല. കുടുംബത്തിലെ നാലാമത്തെ പെൺകുട്ടിയായിരുന്നു ഗുലാബോ. പെൺകുട്ടികളെ ഒരു ബാധ്യതയായി കാണുന്ന ഒരു സമൂഹത്തിൽ അവൾ ഒരധികപ്പറ്റായി. ജനിച്ച ഉടനെ പെൺകുട്ടിയാണെന്ന് മനസ്സിലാക്കിയപ്പോൾ സമൂഹത്തിന്റെ വെറുപ്പ് ഭയന്ന് പൊക്കിൾക്കൊടി പോലും മുറിച്ച് മാറ്റാതെ ജീവനോടെ ഗുലാബോയെ മണ്ണിൽ കുഴിച്ചു മൂടുകയുണ്ടായി. എന്നാൽ, വലിയൊരു നിയോഗം അവൾക്കായി കാത്തിരിക്കുന്നുണ്ടായിരുന്നു. അവൾ മരിച്ചില്ല. രാത്രി ഏറെ ഇരുട്ടിയ സമയത്ത് അവളുടെ അമ്മായി മണ്ണ് മാറ്റി ആ ചോരക്കുഞ്ഞിനെ പുറത്തേയ്ക്ക് എടുക്കുമ്പോൾ, ജീവന്റെ തുടിപ്പ് അപ്പോഴും അവളിൽ അവശേഷിച്ചിരുന്നു.     

ഒരുപക്ഷേ, അന്നങ്ങനെ സംഭവിച്ചില്ലായിരുന്നെങ്കിൽ, ഇന്ന് ഇന്ത്യയ്ക്ക് മഹത്തായ ഒരു കലാകാരിയെ നഷ്ടമായേനെ. "അമ്മയും അമ്മായിയും എന്നെ പുറത്തെടുക്കുന്നതുവരെ ഈശ്വരൻ എനിക്ക് കാവലായി നിന്നു. അഞ്ചു മണിക്കൂറാണ് ആ മണ്ണിനടിയിൽ ഞാൻ കിടന്നത്. ഞാൻ ജീവിച്ചിരിക്കണമെന്നത് ദൈവഹിതമായിരുന്നു” ഗുലാബോ ഓർമ്മിക്കുന്നു. ഗുലാബോയുടെ അച്ഛൻ ഒരു പാമ്പാട്ടിയായിരുന്നു. മകൾ ജനിക്കുമ്പോൾ അദ്ദേഹം സ്ഥലത്തുണ്ടായിരുന്നില്ല. എന്താണ് സംഭവിച്ചതെന്ന് അറിഞ്ഞപ്പോൾ അദ്ദേഹം സമൂഹത്തിനെതിരെ തിരിഞ്ഞു. “എന്നെ കൊല്ലാതിരുന്നതിന്റെ പേരിൽ എന്റെ മാതാപിതാക്കളെ സമുദായം പുറത്താക്കി. ഒരു കുടുംബത്തിൽ ഒരുപാട് പെൺകുട്ടികൾ ഉണ്ടാകുന്നത് സമുദായം അനുവദിച്ചില്ല. എനിക്ക് ഇതിനകം മൂന്ന് സഹോദരിമാരുണ്ടായിരുന്നു, അതിനാൽ എന്നെ കൊന്നുകളയാൻ അവർ പറഞ്ഞു. പക്ഷേ, എന്റെ അച്ഛൻ അത് ചെയ്യാൻ കൂട്ടാക്കിയില്ല” ഗുലാബോ പറയുന്നു.    

അവളുടെ ജീവിതത്തിൽ പിന്നെയും നിരവധി അത്ഭുതങ്ങൾ സംഭവിച്ചുകൊണ്ടിരുന്നു. അവൾക്ക് ജനിച്ചപ്പോഴുള്ള പേര് ധൻവന്തി എന്നായിരുന്നു. എന്നാൽ, ഒരു വയസ്സുള്ളപ്പോൾ ഗുരുതരമായ രോഗം ബാധിച്ച് അവൾ കിടപ്പിലായി. തുടർന്ന്, മാതാപിതാക്കൾ അവളെ ഒരു സിദ്ധന്റെ അടുത്തേയ്ക്ക് കൂട്ടിക്കൊണ്ടുപോയി. അവളുടെ നെഞ്ചിൽ ഒരു റോസാപ്പൂവ് വച്ച് അദ്ദേഹം അവൾക്ക് വേണ്ടി പ്രാർത്ഥിച്ചു. എങ്ങനെയോ എന്തോ അവളുടെ രോഗം സുഖപ്പെട്ടു. ഏതാണ്ട് മരിക്കാറായ അവൾ ആ റോസാപ്പൂവിന്റെ അനുഗ്രഹത്താലാണ് സുഖം പ്രാപിച്ചതെന്ന് വിശ്വസിച്ച അച്ഛൻ സന്തോഷത്തോടെ പറഞ്ഞു ''ധൻവന്തി മരിച്ചു, പകരം ഗുലാബോ ജനിച്ചിരിക്കുന്നു." അതിനുശേഷമാണ് അവൾ ഗുലാബോ എന്നറിയപ്പെടാൻ തുടങ്ങിയത്.    

"വീട്ടിൽ നിർത്തിയാൽ ആരെങ്കിലും കൊന്നുകളയുമോ എന്ന് ഭയന്ന അച്ഛൻ എന്നെ പോകുന്നിടത്തെല്ലാം കൂടെ കൊണ്ടുപോകുമായിരുന്നു.” ഗുലാബോ ഓർക്കുന്നു. രണ്ട് വയസുള്ള ഗുലാബോ സർപ്പങ്ങളോടൊപ്പം നൃത്തം വച്ചും, അവയോടൊപ്പം കളിച്ചും വളർന്നു. പാമ്പുകൾ ശരീരം അനക്കുന്നതിനോടൊപ്പം, ഗുലാബോയും ചുവടുവയ്ക്കുമായിരുന്നു. അങ്ങനെയാണ് അവളിലെ നർത്തകി ജീവൻ വച്ചത്. എന്നിരുന്നാലും, ഒരു നർത്തകിയെന്ന നിലയിലുള്ള അവളുടെ യാത്ര ആരംഭിക്കുന്നത് 1985 -ലെ പുഷ്‍കർ മേളയിൽ വച്ചാണ്. രാജസ്ഥാൻ ടൂറിസം വകുപ്പ് ഉദ്യോഗസ്ഥരായ ഹിമ്മത് സിങ്ങും ഇള അരുണിന്റെ സഹോദരിയും അവിടെ വച്ച് അവളുടെ നൃത്തം ശ്രദ്ധിക്കാൻ ഇടയായി. മെയ്‍വഴക്കത്തോടെ നൃത്തം വയ്ക്കുന്ന ഈ കൊച്ചു പെൺകുട്ടി ആരാണെന്ന് അവർ അതിശയിച്ചു.       

13 -കാരിയായ ഗുലാബോയെ വേദിയിൽ നൃത്തം ചെയ്യിപ്പിക്കാൻ അനുവദിക്കണമെന്ന് ഉദ്യോഗസ്ഥർ പിതാവിനോട് അപേക്ഷിച്ചു. “അതിന് മുൻപ് വരെ വെറും നിലത്ത് നൃത്തം വച്ചിരുന്ന എന്നെ കണ്ട് കാണികൾ നാണയങ്ങൾ എറിഞ്ഞു തരുമായിരുന്നു. പക്ഷേ അന്നാദ്യമായി അവർ എന്റെ കലയെ പ്രശംസിക്കുകയും അഭിനന്ദിക്കുകയും ചെയ്യുന്നത് കണ്ടപ്പോൾ, ഒരു ക്ഷേത്രത്തിലാണ് ഞാൻ നൃത്തം ചെയ്യുന്നതെന്ന് എനിക്ക് തോന്നി” അവർ ഓർത്തു. 

പക്ഷേ, സ്റ്റേജിൽ നൃത്തം ചെയ്യുന്നത് അവളുടെ സമൂഹത്തിൽ വലിയ ചർച്ചയായി. അതിൽനിന്ന് പിന്മാറണമെന്ന് പറഞ്ഞ് പലരും അവളെ ഭീഷണിപ്പെടുത്തി. എന്നാൽ, ഇതാണ് തന്റെ വിധിയെന്ന് തിരിച്ചറിഞ്ഞ അവൾ വീട്ടിൽ നിന്ന് ഓടിപ്പോകാൻ തന്നെ തീരുമാനിച്ചു. പക്ഷേ, സമൂഹം മുഴുവൻ എതിർത്താലും മകളുടെ കൂടെ നിൽക്കുമെന്ന് ആ അച്ഛന്റെ വാക്ക് അവൾക്ക് ശക്തിയായി. അങ്ങനെ കുടുംബം ജയ്പൂരിൽ ഗുലാബോക്കൊപ്പം പോയി. അതിനുശേഷം അവൾക്ക് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. ഒരിക്കൽ അമേരിക്കയിൽ നടന്ന ഒരു സാംസ്‍കാരിക പരിപാടിയിൽ പ്രകടനം നടത്താൻ അവൾക്ക് അവസരം ലഭിക്കുകയുണ്ടായി.

അതായിരുന്നു ആദ്യത്തെ വിദേശയാത്ര. പിന്നീട് ജർമ്മനി മുതൽ ഫ്രാൻസ്, ജപ്പാൻ, ബ്രസീൽ, ഇംഗ്ലണ്ട് തുടങ്ങിയ പല രാജ്യങ്ങളിലും അവൾ സഞ്ചരിച്ചു. അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധി 1985 -ൽ വാഷിംഗ്ടൺ ഡിസിയിൽ അവളുടെ പ്രകടനം കാണുകയും, അവളെ കൊണ്ട് തന്റെ കൈയിൽ രാഖി കെട്ടിക്കുകയും ചെയ്‍തത് അവൾ ഇന്നും ഓർക്കുന്നു. ജയ്‍പൂരിൽ ആദ്യമായി മഹാറാണി ഗായത്രി ദേവി ഗുലാബോയുടെ പ്രകടനം കണ്ട ശേഷം അവളെ രാജസ്ഥാന്റെ മകളെന്ന് വിശേഷിപ്പിക്കുകയുണ്ടായി. ‘ഞാൻ നിന്നെ എന്റെ മകളായി ദത്തെടുക്കുന്നു, നീ രാജസ്ഥാന്റെ മകളാണ്’, ഗായത്രി ദേവി ഗുലാബോയോട് പറഞ്ഞു. 

വിദേശയാത്രകൾ കഴിഞ്ഞ് ഒടുവിൽ സ്വന്തം നാട്ടിൽ തിരികെ എത്തിയപ്പോഴേക്കും, അവൾ ഒരു സെലിബ്രിറ്റിയായി മാറിയിരുന്നു. ഒരിക്കൽ ജീവനോടെ കുഴിച്ചിട്ട, കുടുംബത്തെ ബഹിഷ്‍കരിച്ച അതേ സമുദായ തലവന്മാർ അവളെ തിരികെ സ്വാഗതം ചെയ്യുകയും ജാതി അസോസിയേഷന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കുകയും ചെയ്തു. “ഞാൻ ഗ്രാമത്തിലേക്ക് മടങ്ങിയെത്തിയപ്പോൾ കമ്മ്യൂണിറ്റി അംഗങ്ങൾ എന്നെ സ്വാഗതം ചെയ്യുകയും എന്നെ പ്രശംസിക്കുകയും ചെയ്‍തു. പാരമ്പര്യത്തെ ലംഘിച്ചതിനും മകളെ പരസ്യമായി നൃത്തം ചെയ്യാൻ അനുവദിച്ചതിനും എന്റെ കുടുംബത്തെ പുറത്താക്കുകയും എന്റെ പിതാവിനെ വിമർശിക്കുകയും ചെയ്‍തവരാണ് അവർ. ഇപ്പോൾ അവർക്ക് ഓരോ വീട്ടിലും എന്നെപ്പോലെയുള്ള പെൺകുട്ടികൾ വേണം” ചിരിച്ചുകൊണ്ട് ഗുലാബോ പറഞ്ഞു. 

ഈ ജീവിത യാത്രയിൽ നിരവധി പുരസ്‍കാരങ്ങളും, അവാർഡുകളും അവര്‍ക്ക് ലഭിക്കുകയുണ്ടായി. 1985 -ൽ എലിസബത്ത് രാജ്ഞി നൽകിയ സ്വർണ്ണ മെഡൽ അവ്യക്തമായി ഓർമിക്കുന്നുണ്ടെങ്കിലും ആകെ എത്ര അവാർഡുകൾ ലഭിച്ചുവെന്ന് ചോദിച്ചാൽ ഗുലബോയ്ക്ക് ഓർമ്മയില്ല. എന്നിരുന്നാലും ഏറ്റവും തീവ്രതയോടെ അവൾ നൃത്തത്തെ സ്നേഹിക്കുന്നു എന്ന് മാത്രം അവൾക്ക് അറിയാം. ഇപ്പോൾ ഗുലാബോ സപേര ഡാൻസ് അക്കാദമി എന്ന പേരിൽ ഒരു നൃത്തവിദ്യാലയമുണ്ട് അവൾക്ക്. നൃത്തത്തോടുള്ള ഇഷ്ടം കൊണ്ട് അവര്‍ ലോകമെമ്പാടും സഞ്ചരിക്കുകയും ചെയ്യുന്നു.  44 വയസ്സുള്ള ഒരു മുത്തശ്ശിയാണെങ്കിലും ഗുലാബോ ഇന്നും ഒട്ടും തളരാത്ത ഒരു നർത്തകിയാണ്. ജയ്‌സാൽമീറിലെ മണൽത്തീരങ്ങളിൽ ഒരിക്കൽ എട്ട് മണിക്കൂറോളം അവര്‍ നൃത്തം ചെയ്‍തിട്ടുണ്ട്. ഇനിയും ആടിത്തളരാത്ത ചുവടുകളുമായി അവര്‍ തന്റെ നടനം തുടരുകയാണ്.