പതിനഞ്ചാം നൂറ്റാണ്ടിലെ മാസ്റ്റർപീസായ ഗെന്‍റ് അൾത്താർപീസിലെ 'ദി അഡോറേഷൻ ഓഫ് ദി മിസ്റ്റിക് ലാംപ്' വളരെ അധികം ചർച്ച ചെയ്യപ്പെട്ട ഒരു  പെയിന്റിംഗാണ്. റീസ്റ്റോർ ചെയ്‍തപ്പോൾ ചിത്രത്തിലെ ആട്ടിൻകുട്ടിയുടെ മുഖം ഒരു മനുഷ്യന്‍റെ മുഖത്തോട് സാമ്യമുള്ളതായി മാറി എന്നതാണ് അത് അത്രയേറെ പ്രശസ്‍തമാകാൻ കാരണം. ആട്ടിൻകുട്ടിയുടെ ചിത്രം നന്നാക്കാൻ നോക്കിയപ്പോൾ വന്ന അബദ്ധമാണ് ഇതെന്നാണ് ആദ്യം എല്ലാവരും കരുതിയത്. തുടർന്ന്, ഇതിന്റെ നിജസ്ഥിതി മനസ്സിലാക്കാൻ ആ ചിത്രത്തെ ശാസ്ത്രീയമായി വിശകലനം ചെയ്യുകയുണ്ടായി. എന്നാൽ,  1432 -ൽ വരച്ച ആ ചിത്രം ശരിയായ രീതിയിലാണ് റീസ്റ്റോര്‍ ചെയ്‍തത് എന്നവർ കണ്ടെത്തി.

1432 -ൽ ജാൻ, ഹുബർട്ട് വാൻ ഐക്ക് എന്നീ സഹോദരന്മാരാണ് ഈ ചിത്രം വരച്ചത്. 12 പാനലുകളിലായി ബൈബിളിലെ കഥകൾ അവർ വരച്ചു. എന്നാൽ, പിന്നീടുള്ള നൂറ്റാണ്ടുകളിൽ, പലതവണ ആ ചിത്രം വീണ്ടും പെയിന്‍റ് ചെയ്യുകയും, പൊളിച്ചുമാറ്റുകയും, മോഷണം പോവുകയും ഒക്കെ ചെയ്‌തിട്ടുണ്ട്. ഓരോ പ്രാവശ്യവും ഇതിന്റെ ആഗോളപ്രശസ്‍തി വർദ്ധിച്ചും വന്നു. പിന്നീടുവന്ന ചിത്രകാരന്മാർ പല പരീക്ഷണവും അതിൽ നടത്തിയിട്ടുണ്ട്. 1950 -കളുടെ തുടക്കത്തിൽ ആ ചിത്രത്തിനെ പഴയ രൂപത്തിലാക്കാനുള്ള ശ്രമങ്ങൾ തുടങ്ങി. ആദ്യം റീസ്റ്റോര്‍ ചെയ്‍തപ്പോള്‍, ആട്ടിൻകുട്ടിക്ക് നാല് ചെവികൾ ഉള്ളതായി കണ്ടു. രണ്ടെണ്ണം ചിത്രകാരൻ വരച്ചതും, രണ്ടെണ്ണം അതിനുശേഷം വന്ന നൂറ്റാണ്ടുകളിൽ വരച്ച് ചേർക്കപ്പെട്ടതും. അതേസമയം, വായയും മൂക്കും അമിതമായി പെയിന്റ് ചെയ്യപ്പെട്ടിരുന്നു. ആദ്യം വരച്ച ചിത്രത്തിനേക്കാളും തീർത്തും വ്യത്യസ്‍തമായ ഒരു രൂപം സൃഷ്ടിച്ചെടുക്കാൻ ആ കാലത്തെ കലാകാരന്മാർക്ക് ഇതുവഴി കഴിഞ്ഞു. അതുകൊണ്ട് തന്നെ അതിനെ പഴയ രൂപത്തിലാക്കിയപ്പോൾ ആരും പ്രതീക്ഷിക്കാത്ത ഒരു ചിത്രമായി അത് മാറി. ആട്ടിൻകുട്ടിയുടെ പുതിയ രൂപം എല്ലാവരെയും ഒരുപോലെ ആശയകുഴപ്പത്തിലാക്കിയിരുന്നു.    

എന്നാൽ ആന്റ്‌വെർപ് സർവകലാശാലയിലെ ഗവേഷകർ നടത്തിയ പഠനത്തിൽ സംരക്ഷകർ ചെയ്‍തത് ശരിയാണെന്ന് തെളിഞ്ഞു. വാൻ ഐക്ക് സഹോദരന്മാർ യഥാർത്ഥത്തിൽ ആ ചിത്രം അങ്ങനെത്തന്നെയാണ് വരച്ചിരുന്നത് എന്ന് പഠനത്തില്‍ കണ്ടെത്തി. ദശലക്ഷക്കണക്കിന് ഡോളർ ചെലവഴിച്ച് റീസ്റ്റോര്‍ ചെയ്‍ത ചിത്രത്തിന്റെ പുതിയ കോലം കണ്ട് അന്ധാളിച്ചിരിക്കുകയായിരുന്നു സഭ. എന്നാൽ, ശരിയായ രീതിയിൽ തന്നെയാണ് ചിത്രം പുനഃസ്ഥാപിച്ചത് എന്നത് എല്ലാവർക്കും ആശ്വാസം നൽകി.  

1950 -കളിൽ, റീസ്റ്റോര്‍ ചെയ്‍തവര്‍ കുഞ്ഞാടിന്റെ ശരീരത്തിന്റെയും തലയുടെയും ഭാഗങ്ങൾക്ക് മുകളിലൂടെ വീണ്ടും വരച്ചതായി തെളിവുകൾ ഗവേഷകർക്ക് ലഭിച്ചു. ബെൽജിയത്തിൽ നിന്നുള്ള ഈ ഗവേഷകർ ആധുനിക രീതികൾ ഉപയോഗിച്ചാണ് കലാസൃഷ്ടിയുടെ മാറ്റങ്ങൾ രേഖപ്പെടുത്തിയത്. അതിനായി അവർ മൂക്കിന്റെ യഥാർത്ഥ സ്ഥാനം കണ്ടെത്തി. “ഈ മുഖ സവിശേഷതകൾ സൂചിപ്പിക്കുന്നത്, പതിനാറാം നൂറ്റാണ്ടില്‍ വരച്ചു ചേർത്ത മുഖവുമായി താരതമ്യപ്പെടുത്തുമ്പോൾ, ഐക്കിയൻ വരച്ച കുഞ്ഞാടിന് സവിശേഷമായ അവയവങ്ങളുള്ള ചെറിയ മുഖമാണ് ഉണ്ടായിരുന്നത് എന്നാണ്” ഗവേഷകർ പ്രസ്‍താവനയിൽ പറഞ്ഞു. അവർ നടത്തിയ ഈ കണ്ടെത്തലുകൾ സയൻസ് അഡ്വാൻസസ് ജേണലിൽ പ്രസിദ്ധീകരിക്കുകയുണ്ടായി.  

ഈ ചിത്രം ഇപ്പോൾ ഗെന്‍റിലെ സെന്‍റ് ബാവോസ് കത്തീഡ്രലിലാണ് (അക്കാലത്ത് സെന്‍റ് ജോൺ ദി ബാപ്റ്റിസ്റ്റിന്റെ ചാപ്പൽ) സ്ഥാപിച്ചിട്ടുള്ളത്. ബെൽജിയത്തിലെ റോയൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ കൾച്ചറൽ ഹെറിറ്റേജാണ് ഈ ചിത്രം റീസ്റ്റോര്‍ ചെയ്‍തത്. ചിത്രത്തിന്റെ പണികൾ ഇനിയും പൂർത്തിയാകാനുണ്ട്.