ബ്രസീൽ തീരത്ത് നിന്ന് 25 മൈൽ അകലെയായി ഒരു ദ്വീപ് സ്ഥിതി ചെയ്യുന്നുണ്ട്. ഒരുമാതിരിപ്പെട്ട ആരും കാലെടുത്തുവയ്ക്കാൻ ഭയക്കുന്ന ദ്വീപ്. അവിടെ അവസാനമായി പോയത് ഒരു മത്സ്യത്തൊഴിലാളിയാണെന്നും, വഴിതെറ്റി അവിടെ എത്തിപ്പെട്ട അദ്ദേഹം ദിവസങ്ങൾക്കുശേഷം സ്വന്തം ബോട്ടിൽ രക്തക്കുഴൽ പൊട്ടി മരിച്ചുകിടക്കുന്നതായി കണ്ടുവെന്നുമാണ് പറയപ്പെടുന്നത്. ഈ ദുരൂഹത നിറഞ്ഞ ദ്വീപാണ് ലാ ഇഹാ ദേ കെയ്മാദ ഗ്രാൻജെ. അഥവാ പാമ്പുകളുടെ ദ്വീപ്. ബ്രസീൽ ആ ദ്വീപ് സന്ദർശിക്കുന്നതിൽ നിന്ന് ആളുകളെ വിലക്കിയിരിക്കയാണ്. എന്താണ് ഇത്രയ്ക്ക് പേടിക്കാൻ എന്ന് ചിന്തിക്കുന്നുണ്ടാകും. പാമ്പുകളുടെ രൂപത്തിലാണ് അപകടം അവിടെ പതിയിരിക്കുന്നത്. ലോകത്തിലെ ഏറ്റവും മാരകമായ സർപ്പങ്ങളുള്ള ആ ദ്വീപ് ആളുകൾക്ക് പേടിസ്വപ്‍നമാണ്. 

ലാൻസ്ഹെഡുകൾ എന്ന് വിളിക്കപ്പെടുന്ന ഒരിനമാണ് അവിടെ കൂടുതലായും കണ്ടുവരുന്നത്. അവയ്ക്ക് ഒന്നരയടി നീളത്തിൽ വളരാൻ കഴിയും.  ദ്വീപിൽ ഏകദേശം 2,000 മുതൽ 4,000 വരെ ലാൻസ്ഹെഡുകൾ ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. അതുകൊണ്ട് തന്നെ ആളുകൾ അതിനെ സ്നേക്ക് ഐലന്റ് എന്നാണ് വിളിക്കുന്നത്. ലാൻസ്ഹെഡുകൾ കടിച്ചാൽ ഒരു മണിക്കൂറിനുള്ളിൽ കടിയേറ്റയാൾ മരിക്കുമെന്ന് ഉറപ്പാണ്. അത്രയ്ക്ക് വിഷമാണ് അവയ്ക്കുള്ളത്. 

സ്നേക്ക് ഐലന്റിൽ ഇപ്പോൾ ആളുകൾ താമസമില്ല. പക്ഷേ 1920 -കളുടെ അവസാനം വരെ ആളുകൾ അവിടെ കുറച്ചു കാലത്തേയ്ക്ക് താമസിച്ചിരുന്നു. ലൈറ്റ് ഹൗസ് സൂക്ഷിപ്പുകാരനും കുടുംബവുമാണ് അവസാനമായി അവിടെ താമസിച്ചിരുന്നത്. എന്നാൽ ഒരു ദിവസം ജനൽപ്പടിയിലൂടെ ഇഴഞ്ഞുകയറിയ പാമ്പുകളുടെ കടിയേറ്റ് ആ കുടുംബം കൊല്ലപ്പെട്ടു. ഇന്ന്, നാവികസേന ഇടയ്ക്കിടെ ലൈറ്റ് ഹൗസ് പരിപാലനത്തിനായി അവിടം സന്ദർശിക്കുകയും ആളുകൾ ആരും ദ്വീപിനടുത്ത് അലഞ്ഞുതിരിയുന്നില്ലെന്ന് ഉറപ്പാക്കുകയും ചെയ്യുന്നു.

എങ്ങനെയാണ് ഇത്രയധികം പാമ്പുകൾ ആ ദ്വീപിൽ വന്നത് എന്നതിനെ കുറിച്ച് പല കഥകളുമുണ്ട്. അതിലൊന്ന്, കടൽ കൊള്ളക്കാർ ഇവിടെ നിധികൾ കുഴിച്ചിട്ടുണ്ടെന്നും അവയെ സംരക്ഷിക്കാനായിട്ടാണ് പാമ്പുകളെ തുറന്ന് വിട്ടതാണെന്നുമാണ്. എന്നാൽ, സമുദ്രനിരപ്പ് ഉയർന്നതിന്റെ ഫലമായിട്ടാണ് ഇവിടെ പാമ്പുകൾ ഉണ്ടായത് എന്നതാണ് വാസ്‍തവം. സ്നേക്ക് ദ്വീപ് ബ്രസീലിന്റെ പ്രധാന ഭൂപ്രദേശത്തിന്റെ ഭാഗമായിരുന്നു, എന്നാൽ 10,000 വർഷങ്ങൾക്ക് മുമ്പ് സമുദ്രനിരപ്പ് ഉയർന്നപ്പോൾ, അത് ഭൂപ്രദേശത്തെ വേർതിരിച്ച് ഒരു ദ്വീപാക്കി മാറ്റി.

സഹസ്രാബ്‍ദങ്ങളായി ഇവിടെ ഒറ്റപ്പെട്ടുപോയ മൃഗങ്ങൾ ഈ ദ്വീപിൽ പരിണാമത്തിന് വിധേയമായി, പ്രത്യേകിച്ച് സ്വർണ്ണ ലാൻസ്ഹെഡുകൾ. ആളൊഴിഞ്ഞ ആ ദ്വീപിൽ പാമ്പുകൾക്ക് പക്ഷികളല്ലാതെ മറ്റ് ഇരകളില്ലാതായി. ഇന്ന് ഒറ്റക്കൊത്തിന് അവ പക്ഷികളെ വകവരുത്തുന്ന രീതിയില്‍ മാറിയിരിക്കുന്നു. എന്നിരുന്നാലും, ലാൻസ്ഹെഡുകളുടെ മാരകമായ വിഷം ഹൃദയസംബന്ധമായ പ്രശ്നങ്ങൾക്ക് നല്ലതാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് കരിഞ്ചന്തയിൽ ഇവയ്ക്ക് വലിയ ഡിമാൻഡാണ്. ചില നിയമലംഘകരെ സംബന്ധിച്ചിടത്തോളം, ഈ ദ്വീപിലേക്കുള്ള യാത്ര പണമുണ്ടാക്കാനുള്ള ഒരു മാർഗ്ഗമാണ്. എന്നാൽ അവിടെ പതിയിരിക്കുന്നത് മരണമാണ് എന്നവർ ചിന്തിക്കുന്നില്ല.