മുംബൈയിലെ ഗോവണ്ടി ചേരിയിലാണ് അഫ്സൽ റാസ്വി താമസിക്കുന്നത്. കൂടെയുള്ളവർ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പാടുപെടുമ്പോൾ, അഫ്സൽ അവിടെയുള്ളവർ സ്വപ്നം കാണാൻ പോലും ധൈര്യപ്പെടാത്ത ഒരു കാര്യത്തിനായി പരിശ്രമിക്കുകയായിരുന്നു. ബോളിവുഡിൽ ഒരു തിരക്കഥാകൃത്താകാനുള്ള തീവ്രശ്രമത്തിലായിരുന്നു അദ്ദേഹം. പണമോ സ്വാധീനമോ ഇല്ലാത്ത ഒരു ചേരിക്കാരന് പറ്റിയ പണിയല്ല ഇതെന്ന് പലരും ഉപദേശിച്ചെങ്കിലും, അദ്ദേഹം പരിശ്രമിച്ചുകൊണ്ടേ ഇരുന്നു. എന്നാൽ, വർഷങ്ങൾക്ക് ശേഷം, അദ്ദേഹത്തിന്റെ പരിശ്രമത്തിന് ഫലം കണ്ടു. ഇപ്പോൾ 32 വയസ്സും വിവാഹിതനുമായ അഫ്സൽ ഒരു എഴുത്തുകാരനും ടെലിവിഷൻ ഷോകളുടെ രചയിതാവുമാണ്. അച്ഛൻ ഉണ്ടാക്കിയ ഒരു ഒറ്റമുറിയിൽ നിന്നുമാണ് അദ്ദേഹത്തിന്റെ ഈ യാത്ര ആരംഭിക്കുന്നത്.    

ആദ്യത്തെ കഥ ‘കർഫ്യൂ’ ഒരു ഹിന്ദി പത്രത്തിൽ പ്രസിദ്ധീകരിക്കുമ്പോൾ, അദ്ദേഹത്തിന് ഏകദേശം 10 വയസ്സായിരുന്നു പ്രായം. അന്ന് അതിന് 250 രൂപ കിട്ടി. തുടർന്ന് ഹിന്ദിയിൽ കൂടുതൽ കവിതകളും കഥകളും എഴുതാൻ തുടങ്ങിയ അദ്ദേഹം കഴിയുന്നത്ര പ്രസിദ്ധീകരണങ്ങളിലേക്ക് അയയ്ക്കാൻ ശ്രമിച്ചു. തനിക്ക് എഴുത്തിനോടുള്ള താല്പര്യം അച്ഛനിൽ നിന്നാണ് ലഭിച്ചത് എന്നദ്ദേഹം പറയുന്നു. “സമയം കിട്ടുമ്പോഴെല്ലാം എന്റെ പിതാവ് ഉറുദുവിൽ കഥകൾ എഴുതുമായിരുന്നു. കഥകൾ എഴുതുന്നത് എന്റെ രക്തത്തിലുള്ളതാണ്”  അദ്ദേഹം ബെറ്റർ ഇന്ത്യയോട് പറഞ്ഞു. അഫ്സലിന്റെ പിതാവ് പത്ത് വർഷം മുമ്പ് മരിച്ചു.

2000 -ത്തിൽ പന്ത്രണ്ടാം ക്ലാസ് പൂർത്തിയാക്കിയശേഷം അഫ്സൽ ഒരു കോൾ സെന്ററിൽ ജോലി ചെയ്യാൻ തുടങ്ങി. വീട്ടുകാരിൽ നിന്ന് കാര്യമായ പിന്തുണ ഇല്ലാതിരുന്ന അദ്ദേഹത്തിന് തന്റെ സ്വപ്നങ്ങൾക്കായി സ്വയം പരിശ്രമിക്കേണ്ടി വന്നു. “എനിക്ക് ക്രൈം സ്റ്റോറികൾ എഴുതാൻ താൽപ്പര്യമുണ്ടായിരുന്നു. സിനിമകൾക്ക് കഥകൾ എഴുതാൻ ഞാൻ ആഗ്രഹിച്ചു. എന്റെ കഴിവുകൾ മെച്ചപ്പെടുത്തുന്നതിനായി, സീ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മീഡിയ ആർട്‌സിൽ (സിമ) ചേരാൻ ഞാൻ തീരുമാനിച്ചു, അതിൽ സിനിമയെ സംബന്ധിച്ച കോഴ്‌സുകൾ ഉണ്ട്. 25,000 രൂപയായിരുന്നു ഫീസ്. കോഴ്‌സിനായി പണം സ്വരൂപിക്കാൻ ഞാൻ കോൾ സെന്റർ ജോലി ഏറ്റെടുത്തു” അദ്ദേഹം പറയുന്നു.

എന്നാൽ, ഒരു ചേരിയിൽ അഷ്ടിക്ക് വകയില്ലാതെ കഴിയുന്ന തന്റെ മകന് സിനിമ ഒട്ടും ഒരു നല്ല വഴിയില്ലെന്ന് ആ അച്ഛൻ ചിന്തിച്ചു. അതെല്ലാം പണമുള്ളവർക്ക് പറഞ്ഞിട്ടുള്ളതാണ് എന്ന് പറഞ്ഞ് മകനെ അദ്ദേഹം എതിർത്തു. കോഴ്സിനുള്ള ഫീസ് നൽകാൻ അദ്ദേഹം തയ്യാറായില്ല. എന്നാൽ, പിന്നീട് മകനെ അതിൽ നിന്ന് പിന്തിരിപ്പിക്കാൻ സാധിക്കില്ലെന്ന് മനസ്സിലാക്കിയ മാതാപിതാക്കൾ ഒടുവിൽ അവന്റെ താൽപര്യത്തിന് പച്ചക്കൊടി കാണിച്ചു. അഫ്സൽ കോഴ്‌സിന് ചേർന്നു. അതിനിടയിൽ, നിലവിലുള്ള ജനപ്രിയ സീരീസ് സിഐഡിയെ അടിസ്ഥാനമാക്കി അഫ്സൽ ഗോവണ്ടി സിഐഡി എന്ന യൂട്യൂബ് സീരീസ് നിർമ്മിക്കാൻ തുടങ്ങി. അദ്ദേഹം കഥകൾ എഴുതി എപ്പിസോഡുകളിൽ അഭിനയിക്കാൻ ചേരിയിൽ നിന്ന് ചെറുപ്പക്കാരെ തെരഞ്ഞെടുത്തു. ചേരികളുടെ യാഥാർത്ഥ അവസ്ഥ ഷോയിലൂടെ കാണിക്കണമെന്ന് അദ്ദേഹത്തിന് തോന്നി. “സിഐഡി വഴി, പ്രദേശത്ത് കുറ്റകൃത്യങ്ങൾ നടക്കുന്നുവെന്നും, യുവാക്കൾ മയക്കുമരുന്നിന് ഇരയാകുന്നുവെന്നും അദ്ദേഹം തുറന്ന് കാട്ടി. കോഴ്‌സിൽ നിന്ന് പഠിക്കുന്ന കാര്യങ്ങൾ ഞാൻ ചെയ്തു നോക്കുകയായിരുന്നു” അദ്ദേഹം പറയുന്നു.

കോഴ്‌സിന് ശേഷം ജോലി കണ്ടെത്താൻ അദ്ദേഹം പാടുപെട്ടു. പണത്തിന്റെ അഭാവവും ചലച്ചിത്രമേഖലയിൽ ബന്ധങ്ങളില്ലാത്തതും അദ്ദേഹത്തെ തളർത്തി. “ഞാൻ ബന്ധങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കുകയായിരുന്നു, പക്ഷേ ഒന്നും ശരിയായില്ല. ഒരു പാവപ്പെട്ടവന് ബോളിവുഡിലെ സംവിധായകരെയും എഴുത്തുകാരെയും കാണാൻ എളുപ്പമല്ല. അതിന് നിങ്ങൾക്ക് പണം വേണം. ഞാൻ കഴിയുന്നത്ര ശ്രമിച്ചു, എന്റെ ചെലവുകൾ നടത്താൻ ഞാൻ പല പല ജോലികൾ ചെയ്തു” അഫ്സൽ പറയുന്നു. ഒടുവിൽ അദ്ദേഹം മറ്റുള്ളവർക്ക് വേണ്ടി കൂലിയ്ക്ക് എഴുതാൻ തുടങ്ങി. ചിലപ്പോൾ പണം ലഭിച്ചു. ചിലപ്പോൾ സൗജന്യമായി എഴുതി.  

രണ്ട് മൂന്ന് വർഷത്തോളം കഷ്ടപ്പെട്ട് ജീവിച്ച അഫ്സലിന് ഉറുദു സീരിയലുകളിൽ എഴുതാനുള്ള അവസരം ലഭിച്ചുതുടങ്ങി. “വ്യവസായത്തിൽ ഒരു പേര് നേടാൻ ഞാൻ പാടുപെടുന്നതിനിടയിൽ, പലരെയും ഞാൻ കണ്ടുമുട്ടി. പക്ഷേ, വ്യവസായത്തിൽ എന്തെങ്കിലുമാകാൻ എനിക്ക് അവരസരമുണ്ടായില്ല” അദ്ദേഹം പറയുന്നു. ഒടുവിൽ 2019 അവസാനത്തോടെ തന്റെ പോരാട്ടങ്ങൾ അദ്ദേഹം ഫലക് തലക് എന്ന നോവലാക്കി. “പുസ്തകം ഒരു ക്രൈം ത്രില്ലറാണ്, മാത്രമല്ല ഒരു എഴുത്തുകാരന്റെ യാത്രയും അതിൽ വിവരിക്കുന്നു. ചലച്ചിത്രമേഖലയുടെ പോരാട്ടങ്ങളെയും യാഥാർത്ഥ്യത്തെയും കുറിച്ച് ഞാൻ അതിൽ എഴുതി. പുസ്തകം ഫിക്ഷൻ ആണെങ്കിലും അതിൽ പറഞ്ഞിരിക്കുന്ന പലതും യഥാർത്ഥ്യമാണ്” അദ്ദേഹം പറയുന്നു. നോഷൻ പ്രസ്സിലൂടെ പുസ്തകം അദ്ദേഹം സ്വയം പ്രസിദ്ധീകരിച്ചു.

അതോടെ അദ്ദേഹത്തിന് പുതിയ പ്രതീക്ഷകൾ കൈവന്നു. ഈ പുസ്തകം 1,500 കോപ്പികൾ വിറ്റു, അഫ്സലിന് 40,000 രൂപ ലഭിച്ചു. ഈ വർഷം നവംബറിൽ പുസ്തകത്തിന്റെ ഇംഗ്ലീഷ് പതിപ്പ് പുറത്തിറങ്ങി. “കൂടുതൽ പ്രോജക്റ്റുകൾ ലഭ്യമാക്കാൻ ഈ പുസ്തകം എന്നെ സഹായിച്ചു. ഇപ്പോൾ, ഞാൻ 3 വിംഗ്സ് പ്രൊഡക്ഷൻ വെബ് സീരീസിന്റെ എക്സ്ക്ലൂസീവ് എഴുത്തുകാരനാണ്. പ്രതിമാസം 30,000 രൂപയിൽ കൂടുതൽ അതിൽ നിന്ന് ലഭിക്കുന്നു. മാത്രമല്ല, മറ്റ് പ്രോജക്റ്റുകൾക്കിടയിൽ ഞാൻ സിനിമോബ്സ് ഒറിജിനലിനായി ഒരു വെബ് സീരീസും എഴുതുന്നു. അതിൽനിന്നും പ്രതിമാസം 50,000 രൂപ വരെ കിട്ടുന്നുണ്ട്” അഫ്സൽ പറയുന്നു.

തിളക്കമാർന്ന ഒരു ഭാവിയെക്കുറിച്ച് അദ്ദേഹം ഇന്ന് സ്വപ്നം കാണുന്നു. “ഒരു ചേരിയിൽ താമസിക്കുന്നതിൽ എനിക്ക് ലജ്ജയില്ല. ഇപ്പോൾ പല യുവാക്കളും എന്നെ കണ്ട് പ്രചോദനം കൊള്ളുന്നു. എന്തെങ്കിലും ജീവിതത്തിൽ ആയിത്തീരാൻ അവർ ആഗ്രഹിക്കുന്നു. അവരെ സഹായിക്കാൻ ഞാൻ പരമാവധി ശ്രമിക്കുന്നു. ഇങ്ങനെയാണ് നമുക്ക് സമൂഹത്തെ മാറ്റാൻ കഴിയുക” അദ്ദേഹം പറഞ്ഞു. ജീവിതത്തിൽ എടുത്ത തീരുമാനങ്ങളിൽ സന്തോഷമുണ്ടെന്ന് അഫ്സൽ പറയുന്നു. ഒരു ചേരിക്കാരനായ താൻ ആഗ്രഹിക്കാൻ പാടില്ലാത്തതാണ് ആഗ്രഹിച്ചത് എന്ന് പറഞ്ഞ് പുച്ഛിച്ചവർക്കെല്ലാം തന്റെ ജീവിതം കൊണ്ട് തന്നെ അദ്ദേഹം മറുപടി പറഞ്ഞിരിക്കുന്നു. പണമോ സ്വാധീനമോ ഒന്നും ഇല്ലെങ്കിലും, പരിശ്രമിച്ചാൽ ജീവിതത്തിൽ വിജയിക്കാം എന്നദ്ദേഹം തെളിയിക്കുന്നു. അതിന് ഒരിക്കലും തോൽക്കാത്ത ഒരു മനസ്സ് മാത്രം മതിയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.