ഇന്തോനേഷ്യയിലെ മനോഹരമായ പർവത പ്രദേശത്ത് ടോറജ എന്നൊരു വംശീയ വിഭാഗം അധിവസിക്കുന്നുണ്ട്. ലോകത്തിലെ ഏറ്റവും വിപുലമായ ശവസംസ്കാര ചടങ്ങുകൾ നിലനിൽക്കുന്ന ഒരു സമൂഹമാണ് അവരുടേത്. മരണമാണ് അവരെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ട കാര്യം. മറ്റെല്ലാ കുടുംബ പരിപാടികളേക്കാളും ശവസംസ്കാര ചടങ്ങുകൾക്കാണ് അവർ മുൻഗണന നൽകുന്നത്. വിചിത്രവും, വിപുലവുമാണ് അവരുടെ ശവസംസ്കാര പരിപാടികൾ. ശിശുക്കൾക്കായി കരുതിവച്ചിരിക്കുന്ന വൃക്ഷ ശ്‍മശാനങ്ങൾ മുതൽ പതിറ്റാണ്ടുകൾക്ക് മുമ്പ് മരിച്ച ശവശരീരങ്ങളെ വീടുകളിൽ സൂക്ഷിക്കുന്നത് വരെ അതിൽ ഉൾപ്പെടുന്നു.

ഇന്തോനേഷ്യയിലെ വൃക്ഷ ശ്മശാനങ്ങൾ എന്നത് മരിച്ച കുഞ്ഞുങ്ങളെ മരങ്ങളുടെ തടിയിൽ ഒരു പൊത്തുണ്ടാക്കി അതിനിടയിൽ തിരുകി വയ്ക്കുന്ന ചടങ്ങാണ്. പതിയെ മരം വളരുമ്പോൾ അവയും മരത്തിനോട് ഇഴുകി ചേരുന്നു. മരിച്ച കുട്ടിയെ തുണിയിൽ പൊതിഞ്ഞ് അകത്ത് വയ്ക്കുന്നതിന് മുമ്പ് ഗ്രാമീണർ വലിയ മരത്തടികളിൽ ദ്വാരങ്ങൾ ഉണ്ടാക്കുന്നു. കുഞ്ഞിന്റെ ശവശരീരം അടക്കിയശേഷം ആ ദ്വാരങ്ങൾ പനയോലകൊണ്ട്  അടയ്ക്കുകയും ചെയ്യുന്നു. ഓരോ മരത്തിലും ഡസൻ കണക്കിന് കുഞ്ഞുങ്ങളെയാണ് ഈ വിധം ബന്ധിച്ചിരിക്കുന്നത്. പല്ലു മുളയ്ക്കാത്ത കുഞ്ഞുങ്ങൾ മരിച്ചാലാണ് ഈ വിധം അടക്കുന്നത്. മരങ്ങളിൽ അവരെ അടക്കുമ്പോൾ, അവിടത്തെ കാറ്റ് ആ കുഞ്ഞുങ്ങളുടെ ആത്മാവിനെ മോചിപ്പിക്കുമെന്ന് അവർ വിശ്വസിക്കുന്നു. സാധാരണ ഒരുപാട് മരണാന്തര ചടങ്ങുകൾ നിലനിൽക്കുന്ന ആ സമൂഹത്തിൽ പക്ഷെ കുഞ്ഞുങ്ങൾ മരിച്ചാൽ മാത്രം ചടങ്ങുകൾ നടത്താറില്ല. പകരം രാത്രിയിൽ ടോർച്ച ലൈറ്റിന്റെ വെളിച്ചത്തിൽ ആ ഇരുട്ട് കൂടിയ വനാന്തരത്തിൽ അവർ കുഞ്ഞുങ്ങളെ അടക്കാനായി മരത്തിൽ പൊത്തുകൾ ഉണ്ടാക്കുന്നു. എന്നിട്ട് അതിൽ അവരെ കിടത്തുന്നു. 

ഇത് കുഞ്ഞുങ്ങളുടെ കാര്യം. ഇനി പ്രായമായവരെ അടക്കുന്നതിനും വളരെ വിചിത്രമായ രീതികളാണ്. ആളുകൾ മരിക്കുമ്പോൾ അതോടെ എല്ലാം അവസാനിച്ചു എന്ന ചിന്തയോട് അവർക്ക് യോജിപ്പില്ല. മറിച്ച് മരണത്തിന് ശേഷവും അഗാധമായ ഒരു ബന്ധം മരിച്ചയാളുമായി നിലനിൽക്കുന്നുവെന്ന് അവർ വിശ്വസിക്കുന്നു. മരണം പെട്ടെന്ന് സംഭവിക്കുന്ന ഒന്നല്ല. പകരം ഒരു വ്യക്തിയ്ക്ക് മരണാനന്തര ജീവിതത്തിലേക്ക് കടക്കാൻ മാസങ്ങളോ വർഷങ്ങളോ എടുക്കുമെന്ന് അവർ വിശ്വസിക്കുന്നു. അതായത് മരിച്ചാൽ പോരാ, പകരം മൃതദേഹം കുഴിച്ചിട്ടതിനുശേഷം മാത്രമേ മരിച്ചതായി അവർ കണക്കാക്കൂ.  ശവസംസ്‌കാരം നടത്തുന്നതുവരെ മരണപ്പെട്ട മൃതദേഹം കുടുംബവീട്ടിൽ തന്നെ സൂക്ഷിക്കുകയും മരിച്ച ആളെ ഒരു രോഗിയായി കണ്ട് പരിചരിക്കുകയും ചെയ്യുന്നു അവർ.  

മരിച്ച ശരീരം വെറുതെ വച്ചാൽ അഴുകില്ലേ എന്ന് ചിന്തിക്കുന്നുണ്ടാകും. ശരിയാണ്, പക്ഷേ അതിന് അവരുടെ കൈയിൽ ഒരു മാർഗ്ഗം ഉണ്ട്.   ശരീരം ചീഞ്ഞഴുകിപ്പോകുന്നത് തടയാൻ, പരമ്പരാഗതമായി പുതപ്പുകളിൽ പൊതിഞ്ഞ് ഔഷധസസ്യങ്ങളും പുകയും ഉപയോഗിച്ച് സംരക്ഷിക്കുന്നു. എന്നാൽ ഇന്ന് മൃതദേഹങ്ങൾ അഴുകാതിരിക്കാൻ ഫോർമാലിൻ (ഫോർമാൽഡിഹൈഡ്, വാട്ടർ) കുത്തിവക്കുന്നു. ഈ ശവശരീരം കുടുംബാംഗങ്ങൾ താമസിക്കുന്ന വീട്ടിൽ തന്നെയാണ് സൂക്ഷിക്കുന്നത്. ഇത് മാത്രവുമല്ല, ഓരോ ദിവസവും കുടുംബാംഗങ്ങൾ ശവശരീരം സന്ദർശിക്കുകയും അതിനോട് സംസാരിക്കുകയും അതിന് ഭക്ഷണവും വെള്ളവും നൽകുകയും ചെയ്യുന്നു. ആ വ്യക്തി മരിച്ചെങ്കിലും, അവരുടെ ആത്മാവ് വീട്ടിൽ തന്നെ തുടരുന്നു എന്ന വിശ്വാസം കൊണ്ടാണ് ടോറജന്മാർ ഇത് ചെയ്യുന്നത്. മാത്രമല്ല, അടക്കുന്നതു വരെ അവർ കുടുംബത്തിന്റെ ഒരു ഭാഗമായി തുടരുന്നു. മരിച്ചവരെ വീട്ടിൽ വരുന്ന സന്ദർശകർക്ക് പരിചയപ്പെടുത്തുകയും അവരെ ഗാർഹിക ജീവിതത്തിൽ ഉൾപ്പെടുത്താൻ വളരെയധികം ശ്രദ്ധിക്കുകയും ചെയ്യുന്നു.  

ടോറജന്മാർ തങ്ങളുടെ ജീവിതകാലത്ത്, സമ്പത്ത് ശേഖരിക്കാൻ അങ്ങേയറ്റം കഠിനാധ്വാനം ചെയ്യുന്നവരാണ്. എന്നാൽ മറ്റ് സമൂഹങ്ങളിൽ നിന്ന് വ്യത്യസ്തമായി, ടോറജന്മാർ തങ്ങൾക്ക് നല്ല ഒരു ജീവിതം കെട്ടിപ്പടുക്കാനായല്ല ഇങ്ങനെ പണം സമ്പാദിക്കുന്നത്. മറിച്ച് സംസ്കാരച്ചടങ്ങുകൾ നടത്താനായിട്ടാണ്. ശവസംസ്‌കാരം ഗ്രാമം മുഴുവനും ഉൾപ്പെടുന്ന ദിവസങ്ങളോ ആഴ്ചയോ നീണ്ടുനിൽക്കുന്ന ഒരു ചടങ്ങാണ്. ഇതിന് ആവശ്യമായ തുക കണ്ടെത്താൻ അവർക്ക് ചിലപ്പോൾ ആഴ്ചകളോ മാസങ്ങളോ വർഷങ്ങളോ എടുത്തെന്ന് വരാം. മരണപ്പെട്ടയാളുടെ കുടുംബത്തിന് ചെലവുകൾക്ക് ആവശ്യമായ പണം സ്വരൂപിക്കുന്നത് വരെ ആ മൃതദേഹം അവർ അടക്കം ചെയ്യില്ല. ഇങ്ങനെ വിപുലമായ ശവസംസ്കാര ചടങ്ങ് നടത്തി കടക്കെണിയിലായവർ അനവധിയാണ്. അടക്കം ചെയ്യാൻ പണം സ്വരൂപിക്കാൻ സ്വന്തം കല്യാണം വരെ മാറ്റിവച്ചവരും അക്കൂട്ടത്തിലുണ്ട്. അടക്കി കഴിഞ്ഞതോടെ അവിടെ ചടങ്ങുകൾ കഴിഞ്ഞു എന്നാശ്വസിക്കാനൊന്നും സാധിക്കില്ല. എല്ലാ വർഷവും ഓഗസ്റ്റിൽ, മരണപ്പെട്ടവരുടെ മൃതദേഹങ്ങൾ പെട്ടിയിൽ നിന്നെടുത്തു കഴുകി പുതിയ വസ്ത്രം ധരിപ്പിച്ച്, ശവശരീരത്തെ ഗ്രാമത്തിന് ചുറ്റും നടത്തിക്കുന്ന ഒരു ചടങ്ങും അവിടെ നിലനിൽക്കുന്നു. ഇങ്ങനെ വളരെ വിചിത്രവും, വ്യത്യസ്‍തവുമാണ് അവിടത്തെ ആചാരങ്ങൾ.