സ്വന്തം ശരീരത്തിൽ ശസ്ത്രക്രിയകൾ നടത്തി വിജയിച്ച ഡോക്ടർമാരെ കുറിച്ച് നമ്മൾ കേട്ടിരിക്കാം. എന്നാൽ, മൂന്ന് തവണ സ്വന്തം ശരീരം കീറിമുറിക്കാൻ ധൈര്യപ്പെട്ട ഒരാളുണ്ടായിരുന്നു. സ്വന്തം ജീവനേക്കാളും തന്റെ ജോലിയെ സ്നേഹിച്ചിരുന്ന ഇവാൻ ഓ നീൽ കെയ്‌ൻ. അമേരിക്കയിലെ പെൻ‌സിൽ‌വാനിയയിൽ നിന്നുള്ള ഒരു ശസ്ത്രക്രിയാവിദഗ്ദ്ധനായിരുന്നു അദ്ദേഹം. പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ ആ പ്രദേശം ഒരു പ്രധാന സാമ്പത്തിക കേന്ദ്രമായി ഉയർന്നുവന്നപ്പോൾ, വ്യാവസായികാപകടങ്ങൾ കുത്തനെ ഉയർന്നു. ജോലിസ്ഥലത്ത് അപകടത്തിൽപ്പെടുന്നവരെ ചികിത്സിക്കുന്നതിൽ അദ്ദേഹം പ്രഗത്ഭനായി.  

1919 -ലാണ് കെയ്ൻ ആദ്യമായി സ്വയം ശസ്ത്രക്രിയ നടത്തുന്നത്. രോഗം ബാധിച്ച തന്റെ വിരൽ മുറിച്ചുമാറ്റി അന്നദ്ദേഹം. അണുബാധ പടരുന്നത് തടയാൻ അന്നത്തെ കാലത്ത് ഒരേയൊരു പരിഹാരം ആ ഭാഗം മുറിച്ചു മാറ്റലായിരുന്നു.  സ്വന്തം വിരൽ മുറിച്ചുമാറ്റി രണ്ട് വർഷത്തിന് ശേഷം, കെയ്ൻ സമ്മിറ്റ് ഹോസ്പിറ്റലിലെ ചീഫ് സർജനായ കെയ്ൻ വീണ്ടും ഓപ്പറേറ്റിങ് ടേബിളിൽ കയറി. ഇപ്രാവശ്യം കുറച്ചുകൂടി ഗൗരവമേറിയ ശാസ്ത്രക്രിയയായിരുന്നു. 1921 ഫെബ്രുവരി 15 -ന് ആ 60 -കാരൻ നീരുവച്ച് വീർത്ത തന്റെ അപ്പെൻഡിക്‌സ് നീക്കം ചെയ്‌തു. "ഓപ്പറേറ്റിങ് ടേബിളിൽ തലയിണകൾ ഉയർത്തിവച്ച് ഒരു നഴ്‍സ് താങ്ങി ഇരുത്തിയശേഷം അദ്ദേഹം ശസ്ത്രക്രിയ ആരംഭിച്ചു. കുനിഞ്ഞിരുന്ന് അദ്ദേഹം ശാന്തമായി അടിവയർ കീറി. ടിഷ്യൂകൾ ശ്രദ്ധാപൂർവ്വം മുറിക്കുകയും, രക്തക്കുഴലുകൾ അടയ്ക്കുകയും ചെയ്‍തു” ന്യൂയോർക്ക് ടൈംസ് അക്കാലത്ത് റിപ്പോർട്ട് ചെയ്‍തു. അപ്പെൻഡിക്‌സ് മാറ്റിയശേഷം, സഹോദരൻ ഡോ. ടോം എൽ. കെയ്ൻ ഉൾപ്പെടെയുള്ള സഹായികളെ മുറിവ് തുന്നിച്ചേർക്കാൻ അദ്ദേഹം അനുവദിച്ചു. അടുത്ത ദിവസം തന്നെ അദ്ദേഹം ആശുപത്രി വിടുകയും ചെയ്‌തു.  

അദ്ദേഹം ഇത്തരമൊരു പരീക്ഷത്തിന് മുതിർന്നതിന്റെ പിന്നിൽ ഒരു കാരണമുണ്ടായിരുന്നു. അക്കാലത്ത്, ഹൃദയസംബന്ധമായ അസുഖങ്ങളോ മറ്റ് ഗുരുതരമായ രോഗങ്ങളോ ഉള്ള ആളുകൾക്ക് പല ശസ്ത്രക്രിയകളും ചെയ്യാൻ കഴിയുമായിരുന്നില്ല. ജനറൽ അനസ്തേഷ്യ വളരെ അപകടകരമാണെന്ന് കണക്കാക്കപ്പെട്ടിരുന്ന ഒരു സമയമായിരുന്നു അത്. എന്നാൽ, അത്തരം രോഗികൾക്ക് ലോക്കല്‍ അനസ്തെറ്റിക് നൽകിയാൽ എന്തെന്ന് കെയ്ൻ ചിന്തിച്ചു. അത് എത്രത്തോളം വിജയിക്കുമെന്ന് ഉറപ്പാക്കാൻ അദ്ദേഹത്തിന്റെ മുന്നിൽ ഒറ്റ മാർഗ്ഗമേ ഉണ്ടായിരുന്നുള്ളൂ, സ്വന്തം ശരീരത്തിൽ ഒരു അപ്പെൻഡെക്ടമി ശസ്ത്രക്രിയ നടത്തുക. അദ്ദേഹത്തിന്റെ നിഗമനം ശരിയാണെന്ന് തെളിയിക്കാൻ ഇതിലൂടെ അദ്ദേഹത്തിന് കഴിഞ്ഞു. 37 വർഷത്തെ തന്റെ കരിയറിൽ 4,000 അപ്പെൻഡിക്‌സ് ശസ്ത്രക്രിയ അദ്ദേഹം നടത്തി.  

പിന്നീട് 10 വർഷത്തിനുശേഷം, തന്റെ 70 -ാമത്തെ വയസ്സിൽ, കെയ്ൻ മൂന്നാമതും സ്വന്തം ശരീരത്തിൽ ശസ്ത്രകിയ നടത്തുകയുണ്ടായി. ഹെർണിയ നീക്കം ചെയ്യുന്ന 50 മിനിറ്റ് നീളുന്ന ആ ശസ്ത്രക്രിയയിലുടനീളം അദ്ദേഹം നഴ്‍സുമാരുമായി തമാശ പറഞ്ഞുകൊണ്ടിരുന്നു. മുപ്പത്തിയാറ് മണിക്കൂർ കഴിഞ്ഞ് അദ്ദേഹം വീണ്ടും ഓപ്പറേറ്റിംഗ് റൂമിൽ എത്തി, ഇത്തവണ മറ്റുള്ളവരെ ശസ്ത്രക്രിയ ചെയ്യാനായിട്ടായിരുന്നു അത്. എന്നാൽ, മൂന്നാമത്തെ ശസ്ത്രക്രിയക്ക് ശേഷം, പന്ത്രണ്ട് ആഴ്ചകൾ മാത്രമേ അദ്ദേഹം ജീവിച്ചിരുന്നുള്ളൂ. കെയ്ൻ ന്യുമോണിയ ബാധിച്ച് മരിക്കുകയായിരുന്നു.  

ലോക്കല്‍ അനസ്തേഷ്യയുടെ തുടക്കക്കാരിൽ ഒരാളായിരുന്നു അദ്ദേഹം, അത് കൂടാതെ നിരവധി സംഭാവനകൾ ശാസ്ത്രലോകത്തിന് നൽകിയിട്ടുണ്ട്. ഒരു റെയിൽ‌വേ സർജനായ അദ്ദേഹം നിരവധി ചെറിയ കണ്ടുപിടിത്തങ്ങൾ നടത്തി. രോഗികളെ വിശ്രമിക്കാനും ഉറങ്ങാനും സഹായിക്കുന്നതിന് അനസ്തേഷ്യ നൽകുന്നതിന് മുമ്പ് ഒരു ഫോണോഗ്രാഫ് ഉപയോഗിച്ച് സംഗീതം പ്ലേ ചെയ്‍തുകൊണ്ട് മ്യൂസിക് തെറാപ്പിയുടെ സാദ്ധ്യതകളും അദ്ദേഹം പരീക്ഷിക്കുകയുണ്ടായി.