എലിസബത്ത് ഫ്രിറ്റ്‌സ് തന്റെ ജീവിതത്തിന്റെ 24 വർഷവും ചിലവിട്ടത് വീടിന് താഴെയുള്ള ഒരു ഇരുട്ടുമുറിയിലാണ്. അവളെ തടവിലാക്കിയത് സ്വന്തം അച്ഛൻ തന്നെയായിരുന്നു. അവിടെ കഴിഞ്ഞ കാലമത്രയും അവൾ അച്ഛന്‍ ജോസഫ് ഫ്രിറ്റ്‌സിന്റെ പീഡനത്തിന് ഇരയായിരുന്നു. അവിടെ അവൾ ആവർത്തിച്ച് ബലാത്സംഗം ചെയ്യപ്പെടുകയും സ്വന്തം അച്ഛന്‍റെ ഏഴു മക്കളെ പ്രസവിക്കുകയും ചെയ്തു. എന്നാൽ, കുട്ടികളെ പ്രസവിച്ചശേഷം അവളുടെ അച്ഛന്‍ കുട്ടികളെ മുകളിലേയ്ക്ക് കൊണ്ടുവരുമായിരുന്നു. ആ കുട്ടികൾ അവിടെ അവളുടെ അച്ഛനും അമ്മയ്ക്കും ഒപ്പം കഴിഞ്ഞു. ഒരുപക്ഷേ ഒരു മനുഷ്യന് ചിന്തിക്കാൻ പോലുമാകാത്ത ഒന്നായിരുന്നു നീണ്ട 24 വർഷം ആ വീട്ടിൽ നടന്നിരുന്നത്.  

ജോസഫ് ഫ്രിറ്റ്‌സിന്റെ ആ ചെറിയ വീടിന്റെ നിലവറയിൽ നടന്നിരുന്നത് പക്ഷേ എങ്ങനെയാണ് ഇത്രയും വർഷം ആരും ശ്രദ്ധിക്കാതെ പോയത് എന്നത് അത്ഭുതമുളവാകുന്ന ഒരു കാര്യമാണ്. എന്നാൽ, ഒരു ദിവസം പെൺമക്കളിൽ ഒരാളായ 19 -കാരി കെർസ്റ്റിന് അപൂർവരോഗം ബാധിച്ച് ആശുപത്രിയിൽ പോകേണ്ടിവന്നു. വൈദ്യപരിശോധനയ്ക്കിടെ, സ്പെഷ്യലിസ്റ്റുകൾ അവളുടെ പോക്കറ്റുകളിലൊന്നിൽ സൂക്ഷിച്ച ഒരു കുറിപ്പ് കണ്ടെത്തി. അതിൽ അവൾ അവളുടെ കഥ എഴുതിയിരുന്നു. തന്നെയും തന്റെ സഹോദരങ്ങളെയും അമ്മയെയും രക്ഷിക്കണം എന്ന് അതിൽ അവൾ അപേക്ഷിച്ചിരുന്നു. ഇത് വായിച്ച ഡോക്ടർമാർ പരിഭ്രാന്തരായി. അവര്‍ പൊലീസിനെ വിവരമറിയിച്ചു. ഡോക്ടര്‍മാരും പൊലീസും എലിസബത്തിനോട് കാര്യങ്ങള്‍ ചോദിച്ചതോടെയാണ് മനസാക്ഷിയെ മരവിപ്പിക്കുന്ന ക്രൂരപീഡനത്തിന്‍റെ കഥ പുറംലോകമറിഞ്ഞത്.  

ഒരച്ഛന് എങ്ങനെയാണ് സ്വന്തം മകളോട് ഇത്രകണ്ട് ക്രൂരത പ്രവർത്തിക്കാൻ കഴിയുക എന്ന് മാധ്യമങ്ങൾ ആവർത്തിച്ച് ചോദിച്ചു. പത്രങ്ങൾ അയാളെ 'father of darkness' എന്നാണ് വിശേഷിപ്പിച്ചത്. ഒരുപക്ഷേ, ചരിത്രത്തിലെ തന്നെ ഏറ്റവും ക്രൂരനായ ഒരു കുറ്റവാളിയായിട്ടാണ് അയാളെ കണക്കാക്കുന്നത്. എന്നാൽ, തന്റെ പ്രവൃത്തിയെ ന്യായീകരിച്ച് അയാള്‍ വക്കീലിനോട് പറഞ്ഞ കാര്യം ആരെയും ഞെട്ടിക്കുന്നതായിരുന്നു. എലിസബത്തിനൊപ്പം ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ അയാള്‍ക്കുള്ള ആഗ്രഹം നാൾക്ക് നാൾ കൂടി വന്നു എന്നയാള്‍ പറഞ്ഞപ്പോൾ ലോകം നടുങ്ങി. 

ജോസെഫ് ഫ്രിറ്റ്‌സ്ൽ ഓസ്ട്രിയയിലെ ആംസ്റ്റെറ്റൻ നിന്നുള്ളയാളാണ്. ഫ്രിറ്റ്സിന്റെ നാല് വയസ്സിൽ പിതാവ് അയാളെയും അമ്മയെയും ഉപേക്ഷിച്ചു. പിന്നീട് അയാളുടെ അമ്മയിൽ നിന്ന് ശാരീരിക പീഡനങ്ങൾ അനുഭവിച്ചാണ് അയാൾ വളർന്നത്. എന്നാൽ, വർഷങ്ങളുടെ പകയും വൈരാഗ്യവും അയാൾ തീർത്തത് സ്വന്തം മകളോടായിരുന്നു. 1935 ഏപ്രിൽ 9 മുതൽ എലിസബത്തിന്റെ നരകജീവിതം തുടങ്ങിയിരുന്നു. അതായത്, അവള്‍ക്ക് 11 വയസുള്ളപ്പോള്‍. ആദ്യം ഭാര്യയോ മറ്റ് മക്കളോ അറിയാതെ വീട്ടില്‍വച്ചായിരുന്നുവെങ്കില്‍ പിന്നീട് ബേസ്മെന്‍റില്‍ പൂട്ടിയിട്ട്. 2008 ഏപ്രിലിൽ, പത്തൊൻപതുകാരിയായ കെർസ്റ്റിൻ ഇക്കാര്യം പുറംലോകത്തെ അറിയിക്കുന്നത് വരെ അയാള്‍ അത് തുടർന്ന് കൊണ്ടിരുന്നു. സംഭവമറിഞ്ഞ ഡോക്ടർമാർ പൊലീസിനെ വിവരമറിയിച്ചു. അധികാരികൾ അയാളുടെ വീട്ടിൽ എത്തുകയും, നിലവറയിൽ പൂട്ടിയിട്ട എലിസബത്തിനെ രക്ഷിക്കുകയും ചെയ്‌തു. അന്ന് നാൽപ്പത്തിരണ്ടു വയസ്സായിരുന്നു അവർക്ക്.  

എന്നാൽ, ഇതിൽ ഏറ്റവും അതിശയകരമായ കാര്യം ഫ്രിറ്റ്‍സിന്‍റെ ഭാര്യപോലും ഇക്കാര്യം അറിഞ്ഞിരുന്നില്ല എന്നതാണ്. സ്വന്തം മകളെ ഭർത്താവ് പീഡിപ്പിക്കുന്നെന്ന് അറിയാതെ അവർ ആ വീട്ടിൽ വർഷങ്ങളോളം താമസിച്ചു. നേരത്തെ ഒരിക്കല്‍ അച്ഛന്‍റെ പീഡനം സഹിക്കാനാവാതെ എലിസബത്ത് വീട്ടില്‍ നിന്നും ഒളിച്ചോടിയിരുന്നു. അന്ന് അവള്‍ ഒരു സുഹൃത്തിന്‍റെ കൂടെയാണ് താമസിച്ചിരുന്നത്. ഒരു കോഴ്സിന് ചേര്‍ന്ന് പഠിക്കുകയായിരുന്നു അവള്‍. എന്നാല്‍, മാതാപിതാക്കള്‍ അവളെ കാണാനില്ലെന്ന് പൊലീസില്‍ പരാതിപ്പെട്ടതോടെ പൊലീസ് അവളെ തെരഞ്ഞ് കണ്ടെത്തുകയും തിരികെ വീട്ടിലേക്കയക്കുകയും ചെയ്‍തു. എന്നാല്‍, ഒരുദിവസം താഴെ ഡോറ് പിടിപ്പിക്കാന്‍ സഹായിക്കണം എന്നും പറഞ്ഞ് എലിസബത്തിനെ കൊണ്ടുപോയ ഫ്രിറ്റ്സ് അവിടെ നിര്‍മ്മിച്ച ഇരുട്ടുമുറിയിലേക്ക് അവളെ കൊണ്ടുതള്ളി. 

തുടര്‍ന്ന് എലിസബത്തിനെ കൊണ്ട് ഫ്രിറ്റ്‌സൽ നിർബന്ധിച്ച് റോസ്മേരിക്ക് കത്തുകൾ എഴുതിച്ചു. താന്‍ വീടുവിട്ട് പോവുകയാണെന്നും അവരോടൊപ്പം താമസിക്കാന്‍ താല്‍പര്യമില്ലെന്നും തന്നെ ഇനി അന്വേഷിക്കരുതെന്നും ആദ്യത്തേതിൽ അവൾ എഴുതി. റോസ്മേരിയോട് തന്റെ മക്കളെ പരിപാലിക്കാൻ ആവശ്യപ്പെട്ടു കൊണ്ടായിരുന്നു രണ്ടാമത്തെ കത്ത്. തന്നെ അന്വേഷിച്ച് വരരുതെന്നും അവൾ അതിൽ പറഞ്ഞു. കുടുംബവുമായി യാതൊരു ബന്ധവും പുലർത്താൻ ആഗ്രഹിക്കുന്നില്ലെന്നും അവൾ എഴുതി. പിന്നീട്, പലപ്പോഴായി വീടിന് പുറത്ത് വച്ച് ഉപേക്ഷിച്ച നിലയില്‍ കുട്ടികളെ കിട്ടിയപ്പോള്‍ മകള്‍ ഉപേക്ഷിച്ചു പോയതാവും എന്നായിരുന്നു റോസ്മേരി കരുതിയിരുന്നത്. എലിസബത്തിനെയും കൂടെയുള്ള മക്കളെയുമാകട്ടെ അയാള്‍ എപ്പോഴും ഭീഷണിപ്പെടുത്തി. രക്ഷപ്പെടാന്‍ ശ്രമിച്ചാല്‍ ഗ്യാസ് ലീക്ക് ചെയ്ത് ശ്വാസം മുട്ടിച്ചു കൊല്ലുമെന്നും, വാതിലില്‍ ഇലക്ട്രിക്ക് ഷോക്കുണ്ടെന്നും തുറക്കാന്‍ ശ്രമിച്ചാല്‍ ഷോക്കേറ്റ് മരിക്കുമെന്നും അയാളവരെ ഭയപ്പെടുത്തിവച്ചു. 

ആദ്യത്തെ പ്രസ്താവനയിൽ, തനിക്ക് പതിനൊന്ന് വയസ്സുള്ളപ്പോൾ മുതലാണ് തന്നെ പീഡിപ്പിക്കാൻ തുടങ്ങിയത് എന്ന് എലിസബത്ത് വിശദീകരിച്ചു. ബേസ്മെന്‍റില്‍ തള്ളിയ ആദ്യ രണ്ട് ദിവസം അവളെ അയാൾ കെട്ടിയിട്ടു. അടുത്ത ഒമ്പത് മാസത്തേക്ക്, രക്ഷപ്പെടാതിരിക്കാൻ മുറിയിൽ പൂട്ടിയിട്ടു. ഒൻപത് വർഷത്തോളം ആ ഒറ്റമുറിയിൽ പീഡനം സഹിച്ച് അവൾ കഴിഞ്ഞു. തുടർന്ന് ബേസ്മെന്റിൽ കൂടുതൽ മുറികൾ നിർമ്മിച്ചു. ഒരു പ്രവേശന കവാടം, 3 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള രണ്ട് കിടപ്പുമുറികൾ, ഒരു ചെറിയ അടുക്കള, ഒരു കുളിമുറി എന്നിവ അടങ്ങിയതായിരുന്നു അത്. ഒരു ട്യൂബ് വഴി മാത്രമായിരുന്നു വെന്റിലേഷൻ. മുറികൾ സൗണ്ട് പ്രൂഫ് ആയിരുന്നു. ഇത് ശബ്ദം പുറത്ത് കേൾക്കാതിരിക്കാൻ വേണ്ടിയായിരുന്നു. അവിടെവെച്ച് അയാൾ അവളെ ബലാത്സംഗം ചെയ്തു. എലിസബത്ത് ഏഴ് കുട്ടികളെ പ്രസവിച്ചു. അതിൽ മൂന്ന് പേർ (കെർസ്റ്റിനും, 18 വയസ്സുള്ള സ്റ്റീഫനും 5 വയസ്സുള്ള ഫെലിക്സും) അമ്മയോടൊപ്പം താഴെ താമസിച്ചു. ബാക്കി മൂന്നുപേർ കൂടി, ലിസ 15, മോണിക്ക 14, അലക്സാണ്ടർ 13, എന്നിവർ ജോസഫിനും അമ്മ റോസ്മേരിക്കുമൊപ്പം താമസിച്ചു. ഏഴാമത്തെ കുഞ്ഞ് ജനിച്ച് മൂന്നാം ദിവസം മരിച്ചു. കൂടെയുള്ള മക്കളെ ഫ്രിറ്റ്സലറിയാതെ എലിസബത്ത് എഴുത്തും വായനയും പഠിപ്പിച്ചു. അവിടെ, സൂര്യപ്രകാശം കാണാതെ അവളും മക്കളും ജീവിച്ചു. 

ഏതായാലും, മകളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതോടെ ലോകം എലിസബത്തിന്‍റെ കഥ കേട്ടു. 2008 -ൽ ഓസ്ട്രിയൻ അധികൃതർ അറസ്റ്റുചെയ്യുമ്പോൾ ജോസഫ് ഫ്രിറ്റ്‌സിന് എഴുപത്തിമൂന്ന് വയസ്സായിരുന്നു. തടവിലാക്കൽ, വ്യഭിചാരം, ബലാത്സംഗം, അടിമയാക്കല്‍, നരഹത്യ എന്നിവയാണ് ഓസ്ട്രിയന്‍ കോടതിയിൽ അയാൾക്ക് നേരിടേണ്ടി വന്ന ചില കുറ്റങ്ങൾ. അവസാനം,  ഫ്രിറ്റ്‌സൽ കുറ്റക്കാരനാണെന്ന് കണ്ടെത്തി കോടതി അയാളെ ജീവപര്യന്തം തടവിനും മാനസിക ചികിത്സക്കും വിധിച്ചു. അതിനുശേഷം, വിയന്നയുടെ പ്രാന്തപ്രദേശത്തുള്ള ഉയർന്ന സുരക്ഷയുള്ള ജയിലിലെ ഒരു സൈക്യാട്രിക് വാർഡിൽ അയാള്‍ കഴിഞ്ഞു. താൻ ചെയ്ത കാര്യങ്ങളിൽ അയാൾക്ക് അല്പം പോലും പശ്ചാത്താപം ഉണ്ടായിരുന്നില്ല. മാത്രമല്ല അപ്പോഴും ഭാര്യക്ക് പ്രണയലേഖനങ്ങൾ എഴുതി അയക്കുമായിരുന്നു അയാൾ. 2019 -ൽ ലഭിക്കുന്ന വിവരം അയാളുടെ ആരോഗ്യനില വഷളാണ് എന്നാണ്. എലിസബത്തും മക്കളും പുതിയൊരു ജീവിതം കെട്ടിപ്പെടുക്കാനുള്ള ശ്രമത്തിലായിരുന്നു എന്നാണ് 2010 -ലെ ഒരു റിപ്പോർട്ട് പറയുന്നത്.