Asianet News MalayalamAsianet News Malayalam

കൊടുംകുറ്റവാളിയിൽനിന്ന് തികഞ്ഞ ഗാന്ധിയനിലേക്ക്; ഗുണ്ടയുടെ കഴുത്തില്‍ കത്തിവെച്ച് തുടങ്ങിയ ജീവിതം മാറിയതിങ്ങനെ

അവനെ കണ്ടപ്പോൾ  അവർക്ക് പറ്റിയ ഒരു കൂട്ടാളിയാണ് അവൻ എന്നവർ തിരിച്ചറിഞ്ഞു. അവനെ പതുക്കെ അവരുടെ സംഘത്തിലേക്ക് ചേർക്കാൻ അവർ പദ്ധതിയിട്ടു. അവർ അവനോട് മാന്യമായി പെരുമാറി അവന്റെ ഇഷ്ടം പിടിച്ചുപറ്റാൻ ശ്രമിച്ചു. രണ്ടര വർഷത്തെ ജയിൽവാസത്തിന് ശേഷം ലക്ഷ്‍മണ്‍ നാട്ടിലേക്ക് മടങ്ങി.

The transformation of a criminal into Gandhian
Author
Mumbai, First Published Mar 11, 2020, 9:43 AM IST
  • Facebook
  • Twitter
  • Whatsapp

'ആരും കുറ്റവാളിയായി ജനിക്കുന്നില്ല, മറിച്ച് അതൊരു മാനസികരോഗമാണ്. ഒരാളെ കുറ്റവാളിയാക്കുന്നതിൽ സമൂഹത്തിനും പങ്കുണ്ട്' നാൽപതുകാരനായ ലക്ഷ്‍മൺ ഘോളിയുടെ വാക്കുകളാണിവ. ഈ വാക്കുകൾ അദ്ദേഹം വെറുതെ പറയുന്നതല്ല. മറിച്ച് തന്റെ സ്വന്തം അനുഭവങ്ങളിൽ നിന്ന് ഉരുത്തിരിഞ്ഞു വന്ന ഉൾക്കാഴ്‌ചയുടെ വെളിച്ചത്തിലാണ് അദ്ദേഹം ഇത് പറയുന്നത്. ഒരാളുടെ ഏറ്റവും വലിയ വഴികാട്ടിയും, ഗുരുവും അയാളുടെ ജീവിതാനുഭവങ്ങൾ തന്നെയാണ്. ഒരിക്കൽ എല്ലാവരും ഭയക്കുന്ന ഒരു കൊടുംകുറ്റവാളിയായിരുന്ന അദ്ദേഹം ഇന്ന് എല്ലാവരും ബഹുമാനിക്കുന്ന ഒരു തികഞ്ഞ ഗാന്ധിയനായി മാറിയിട്ടുണ്ടെങ്കിൽ അത് സ്വന്തം ജീവിതം അദ്ദേഹത്തെ പഠിപ്പിച്ച വിലമതിക്കാനാവാത്ത പാഠങ്ങൾ തന്നെയാണ്. ഇന്ന് ലക്ഷ്‍മൺ സ്‍കൂളുകളിലും കോളേജുകളിലും ജയിലുകളിലും പ്രഭാഷണങ്ങൾ നടത്തുന്നു. ഇത് അദ്ദേഹത്തിന്റെ അവിശ്വസനീയമായ മാനസാന്തരത്തിന്റെ കഥയാണ്. 

പലപ്പോഴും നമ്മുടെ സാഹചര്യങ്ങളാണ് നമ്മെ പലതും ചെയ്യാൻ പ്രേരിപ്പിക്കുന്നത്. ലക്ഷ്‍മണും അങ്ങനെ തന്നെയായിരുന്നു. മുംബൈയിലെ കുർളയിലെ ഒരു ചേരിയിലാണ് അദ്ദേഹം ജനിച്ചത്. കൊള്ളയുടെയും, അടിപിടിയുടെയും, ഗുണ്ടായിസത്തിൻെറയും നടുവിലാണ് അദ്ദേഹം വളർന്നത്. സമാധാനത്തിന്റെയും, സ്നേഹത്തിന്റെയും ആദ്യപാഠങ്ങൾ പകർന്നുകൊടുക്കേണ്ട സമയത്ത് കുറ്റകൃത്യത്തിന്റെയും, തെറ്റുകളുടെയും ഒരു ലോകത്തേക്കാണ് അദ്ദേഹത്തെ അവിടെയുള്ളവർ കൈപിടിച്ച് കൊണ്ടുപോയത്. എന്നിട്ടും അദ്ദേഹത്തിന്റെ മനസ്സിൽ നന്മയുടെ ഒരു നേരിയ പ്രകാശം അവശേഷിച്ചിരുന്നു. കുഞ്ഞായ  ലക്ഷ്‍മണ്‍ പതുക്കെ കൗമാരത്തിലേക്ക് കടന്നു. എന്നാൽ, കൗമാരത്തിന്റെ പടിവാതിൽക്കൽ എത്തിയ അവനെ കാത്തിരുന്നത് തിന്മയുടെ ഒരു വലിയ ലോകമായിരുന്നു. മറ്റേത് ദിവസത്തെപ്പോലെയും അന്നും ആ 15 വയസ്സുകാരൻ സ്‍കൂളില്‍ നിന്ന് വീട്ടിലേക്ക് നടക്കുകയായിരുന്നു. അപ്പോഴാണ് വഴിയിൽ ഒരു തെരുവുഗുണ്ട ഒരു സ്ത്രീയെ അതിക്രൂരമായി അടിക്കുന്നതും, ചീത്തവിളിയ്ക്കുന്നതും അവന്റെ ശ്രദ്ധയിൽ പെട്ടത്.  

എന്നാൽ, അവർക്ക് ചുറ്റും നിന്ന ആളുകൾ വെറും കാഴ്‌ച്ചക്കാരായി നോക്കിനിൽക്കുകയാണ് ചെയ്‍തത്. വേദനകൊണ്ട് പുളഞ്ഞ അവർ ഉറക്കെ നിലവിളിച്ചു. "നിങ്ങൾക്കും ഇല്ലേ അമ്മയും പെങ്ങമ്മാരും!" കൂടിനിന്നവരോടായി അവർ ചോദിച്ചു. ഇത്രയൊക്കെ ആ സ്ത്രീ പറഞ്ഞിട്ടും, കേണപേക്ഷിച്ചിട്ടും ആളുകൾ ഒരു ചെറുവിരൽ പോലും അനക്കാൻ തയ്യാറായില്ല. ഒടുവിൽ ഇതുകണ്ട് നിയന്ത്രണം വിട്ട ലക്ഷ്‍മണ്‍ അടുത്തുള്ള ഒരു സലൂണിൽ നിന്ന് ഒരു കത്തി എടുത്ത് ഗുണ്ടയുടെ കഴുത്തിൽ കുത്തുകയായിരുന്നു. ആ കൊലപാതകത്തെ തുടർന്ന് പൊലീസ് അവനെ അറസ്റ്റുചെയ്തു. പൊലീസ് 15 വയസ്സ് മാത്രമുള്ള ആ കൗമാരക്കാരന്റെ പ്രായം 18 ആയി രേഖപ്പെടുത്തുകയും അവനെ ആർതർ റോഡ് ജയിലിൽ  പാർപ്പിക്കുകയും ചെയ്‍തു. ക്രൂരമായ സമൂഹവും, നീതികാക്കേണ്ട പൊലീസും കുറ്റകൃത്യത്തിന്റെ ഒരു ചുഴിയിലേക്ക് ആ 15 വയസുകാരനെ  വലിച്ചെറിയുകയായിരുന്നു. ജയിലിൽ വെച്ചാണ് അവൻ അമർ നായിക്കിന്റെ ഗുണ്ടാസംഘത്തിലെ അംഗങ്ങളെ പരിചയപ്പെടുന്നത്. അവന്റെ മനസ്സിൽ അവശേഷിക്കുന്ന നന്മയുടെ നാളവും അവർ ഊതിക്കെടുത്തി. 

അവനെ കണ്ടപ്പോൾ  അവർക്ക് പറ്റിയ ഒരു കൂട്ടാളിയാണ് അവൻ എന്നവർ തിരിച്ചറിഞ്ഞു. അവനെ പതുക്കെ അവരുടെ സംഘത്തിലേക്ക് ചേർക്കാൻ അവർ പദ്ധതിയിട്ടു. അവർ അവനോട് മാന്യമായി പെരുമാറി അവന്റെ ഇഷ്ടം പിടിച്ചുപറ്റാൻ ശ്രമിച്ചു. രണ്ടര വർഷത്തെ ജയിൽവാസത്തിന് ശേഷം ലക്ഷ്‍മണ്‍ നാട്ടിലേക്ക് മടങ്ങി. എന്നാൽ സമൂഹം അവനെ അംഗീകരിക്കാൻ തയ്യാറായില്ല. അവന്‍റെ അയൽവാസികളുടെ മനോഭാവത്തിൽ മാറ്റം വരാൻ തുടങ്ങി. കുട്ടികളോട് ആ കൊലപാതകിയുടെ അടുത്ത് പോകരുത് എന്ന് അയൽക്കാർ വിലക്കി. അതോടെ പുറമെ ഉള്ള ലോകം തന്നെ ഇനി ഒരിക്കലും അംഗീകരിക്കില്ല എന്നയാൾക്ക് ബോധ്യപ്പെട്ടു. പിന്നീടങ്ങോട്ട് കൊണ്ടും കൊടുത്തും ആ ജീവിതം മുന്നേറി. പലതവണ ആ കൗമാരക്കാരന്റെ കത്തിത്തുമ്പിൽ നിന്ന് ചോര പൊടിഞ്ഞു. ഒന്നര പതിറ്റാണ്ടോളം അവൻ തീർത്തും ഒരു ക്രിമിനലായി ജീവിതം നയിച്ചു.

1991 -നും 2007 -നും ഇടയിൽ ആറര വർഷത്തിലേറെ കാലം വ്യത്യസ്‍ത ജയിലുകളിൽ അയാൾ ചെലവഴിച്ചു. ബാർ ഉടമകളെയും മയക്കുമരുന്ന് വിതരണക്കാരെയും പണത്തിനുവേണ്ടി അയാൾ ഭീഷണിപ്പെടുത്തിയിരുന്നു. അയാൾ പതിയെ ഒരു ഗുണ്ടാനേതാവായി വളർന്നു. പണവും സ്വാധീനവും ഉപയോഗിച്ച് പൊലീസിനെയും അധികാരികളെയും അയാൾ കൈക്കുള്ളിൽ നിർത്തി. അങ്ങനെ ഒരിക്കൽ ഒരു കുറ്റകൃത്യത്തിന് നാസിക് ജയിലിൽ തടവിൽ കഴിയുന്ന സമയത്താണ് അയാളുടെ ജീവിതത്തിലെ വളരെ നിർണായകമായ ഒരു സംഭവം ഉണ്ടാകുന്നത്. അവിടെ വച്ച് അയാൾ മഹാത്മാഗാന്ധിയുടെ ആത്മകഥയായ ‘എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ’ വായിക്കാൻ ഇടയായി.  

ആ പുസ്‍തകം ലക്ഷ്‍മണിന്‍റെ ജീവിതത്തെ മാറ്റിമറിച്ചു. അതുവരെയുള്ള അയാളുടെ അക്രമ പരമ്പരയ്ക്ക് പൂർണ്ണ വിരാമമിടാൻ അയാൾ തീരുമാനിച്ച സമയം അതായിരുന്നു... മഹാരാഷ്ട്ര പ്രിവൻഷൻ ഓഫ് ഡേഞ്ചറസ് ആക്റ്റിവിറ്റീസ് ആക്റ്റ് (എം‌പി‌ഡി‌എ) പ്രകാരം തെറ്റായി തടവിലാക്കപ്പെടുകയും ഏകാന്തതടവിൽ കഴിയുകയും ചെയ്‍ത 88 കുറ്റവാളികളോടൊപ്പമായിരുന്നു അയാൾ അപ്പോൾ. “പിന്നീട്, സെഷൻസ് കോടതി ജഡ്‍ജിയുടെ മുമ്പാകെ നിൽക്കുമ്പോൾ, എന്റെ എല്ലാ കുറ്റങ്ങളും ഞാൻ ഏറ്റുപറഞ്ഞു. എന്റെ കുറ്റസമ്മതം കേട്ട ജഡ്‌ജി എനിക്ക് ഏഴു വർഷം തടവിനുള്ള വകുപ്പുണ്ടെന്ന് പറഞ്ഞു. എനിക്കത് പൂർണ്ണ സമ്മതമായിരുന്നു. എന്നാൽ, എന്റെ സത്യസന്ധത മനസ്സിലാക്കിയ ജഡ്‍ജി എന്റെ ശിക്ഷ മൂന്നര വർഷമായി ചുരുക്കി” ലക്ഷ്‍മണ്‍ പറയുന്നു.  

ഇന്ന് ലക്ഷ്‍മണ്‍ ഒരു പുതിയ മനുഷ്യനാണ്. സമാധാന ആശയങ്ങൾ പ്രചരിപ്പിക്കുന്നതിനായി അദ്ദേഹം സക്ഷാം ഫൗണ്ടേഷൻ എന്നപേരിൽ ഒരു എൻ‌ജി‌ഒ ആരംഭിക്കുകയുണ്ടായി. എട്ടാം ക്ലാസ് വരെ മാത്രമേ പഠിച്ചിട്ടുള്ളൂവെങ്കിലും, 350 -ൽ അധികം സ്‍കൂളുകളിലും കോളേജുകളിലും അദ്ദേഹം പ്രഭാഷണങ്ങൾ നടത്തുന്നു. കൂടാതെ, രാജ്യത്തുടനീളമുള്ള 52 ജയിലുകളിൽ മാനസാന്തരം വന്ന ഒരു വ്യക്തിയെന്ന നിലയിൽ പ്രഭാഷണങ്ങളും നടത്തുന്നു. പതിനായിരത്തിലധികം തടവുകാർക്കായി അദ്ദേഹം ഗാന്ധിയൻ സാഹിത്യപരീക്ഷകൾ നടത്തിയിട്ടുണ്ട്. “അവരിൽ രണ്ടുപേർ അഭിഭാഷകരും വിദ്യാഭ്യാസ ഉപദേഷ്ടാവുമായിത്തീരുന്നതിന് എൽ‌എൽ‌ബി പരീക്ഷ പൂർത്തിയാക്കാൻ പോയി”, അഭിമാനത്തോടെ ലക്ഷ്‍മണ്‍ പറഞ്ഞു. ബിറ്റ്സ് പിലാനിയിലും, വൈൽ പാർലെ കോളേജിലും അദ്ദേഹം പ്രഭാഷണങ്ങൾ നടത്തിയിരുന്നു. അത് കൂടാതെ ഇന്ന്, മഹാരാഷ്ട്രയിലെ ഗാഡ്ചിരോലി ജില്ലയിലെ കീഴടങ്ങിയ നക്സലുകൾക്കായി ഗാന്ധിയൻ സംഘടനയുമായി സഹകരിച്ച് സർവ്വജനിക് സദ്ഭവ്ന പരിക്ഷ (പബ്ലിക് മോറാലിറ്റി പരീക്ഷ) അദ്ദേഹം നടത്തുന്നു. 

"ഓ, ഞാൻ ഇങ്ങനെയാ! എനിക്ക് ഒരിക്കലും മാറാൻ കഴിയില്ല" എന്നൊക്കെ മിക്കപ്പോഴും നമ്മൾ പറയാറുണ്ട്. എന്നാൽ മാറണമെന്ന് ആത്മാർഥമായി ആഗ്രഹിച്ചിട്ടുണ്ടെങ്കിൽ, അതിന് വേണ്ടി പ്രവർത്തിക്കാൻ ഒരു മനസ്സുണ്ടെങ്കിൽ തീർച്ചയായും നമ്മൾ ആഗ്രഹിക്കുന്ന നിലയിലേയ്ക്ക് നമുക്ക് ഉയരാൻ സാധിക്കും എന്ന് ഇദ്ദേഹത്തിന്റെ ജീവിതം നമ്മെ പഠിപ്പിക്കുന്നു. 

Follow Us:
Download App:
  • android
  • ios