1988 -ൽ ഗവേഷണ ശാസ്ത്രജ്ഞനായ ടോമി തോംസൺ 19 -ാം നൂറ്റാണ്ടിൽ മുങ്ങിയ ഒരു കപ്പൽ കണ്ടെത്തുകയുണ്ടായി. അതിൽ നാല് മില്യൺ ഡോളർ വിലമതിക്കുന്ന സ്വർണനാണയങ്ങൾ ഉണ്ടായിരുന്നു. എന്നാൽ, സ്വർണം എവിടെയാണ് എന്ന് വെളിപ്പെടുത്താൻ വിസമ്മതിച്ചതിന്റെ പേരിൽ തോം‌സൺ തന്റെ അഞ്ചാം വർഷവും ഇരുമ്പഴിക്കുള്ളിലാണ്. റിസർച്ച് സയന്റിസ്റ്റ് ടോമി തോംസൺ നിയമം ലംഘിച്ചതിന്റെ പേരിലല്ല ജയിലായത്, മറിച്ച് കോടതിയലക്ഷ്യത്തിനാണ്. സാക്ഷികൾ സഹകരിക്കാൻ വിസമ്മതിക്കുന്ന കേസുകളിൽ 18 മാസത്തെ തടവാണ് സാധാരണ പരമാവധി ശിക്ഷയായി നൽകാറുള്ളത്. എന്നാൽ, ഇത് അസാധാരണമാംവിധം നീണ്ടുനിൽക്കുന്ന ഒന്നായി മാറുകയാണ്.  

ഷിപ്പ് ഓഫ് ഗോൾഡ് എന്നറിയപ്പെടുന്ന എസ്.എസ്. മധ്യ അമേരിക്ക 1857 -ലാണ് സൗത്ത് കരോലിനയിൽ ഉണ്ടായ ഒരു ചുഴലിക്കാറ്റിൽ മുങ്ങിയത്. ആയിരക്കണക്കിന് പൗണ്ട് സ്വർണ്ണവുമായി വന്ന ഈ കപ്പൽ മുങ്ങിയപ്പോൾ അത് വലിയ സാമ്പത്തിക അങ്കലാപ്പാണ് സൃഷ്ടിച്ചത്. നിക്ഷേപകരുടെ കേസുകളും, ഫെഡറൽ കോടതിയുടെ ഉത്തരവും ഉണ്ടായിരുന്നിട്ടും, ആ നാണയങ്ങൾ കണ്ടെത്താൻ ശ്രമിക്കുന്ന അധികാരികളുമായി തോംസൺ ഇപ്പോഴും സഹകരിക്കുന്നില്ലെന്ന് കോടതി രേഖകൾ പറയുന്നു. കപ്പലിൽ ഉണ്ടായിരുന്ന 500 നാണയങ്ങൾ എവിടെയാണെന്ന് വെളിപ്പെടുത്താൻ വിസമ്മതിച്ചതിന്റെ പേരിൽ ആ മുൻ ആഴക്കടൽ നിധി വേട്ടക്കാരൻ തന്റെ അഞ്ചാം വർഷം ജയിലിൽ കിടക്കുകയാണ്.  

കപ്പൽ കണ്ടെത്തുന്നതിന് തോംസൺ 161 നിക്ഷേപകരിൽ നിന്ന് 12.7 ദശലക്ഷം ഡോളർ വാങ്ങിയതായിരുന്നു തോം‌പ്സന്റെ നിയമപരമായ പ്രശ്‌നങ്ങളുടെ തുടക്കം. എന്നാൽ, തോംസണിന്റെ നിക്ഷേപകർക്ക് അതിൽ നിന്ന് കാര്യമായ ഒരു വരുമാനം ഉണ്ടായില്ല. അവർ അയാൾക്കെതിരെ ഒടുവിൽ കേസെടുത്തു. നാണയങ്ങൾ എവിടെയാണെന്ന് വെളിപ്പെടുത്താൻ തോം‌സൺ കോടതിയിൽ ഹാജരാകാൻ 2012 -ൽ മറ്റൊരു ഫെഡറൽ ജഡ്ജി ഉത്തരവിട്ടു. എന്നാൽ, അയാൾ ഹാജരായില്ല. യുഎസ് മാർഷലുകൾ അദ്ദേഹത്തെ പിന്തുടർന്ന് 2015 -ന്റെ തുടക്കത്തിൽ അറസ്റ്റ് ചെയ്തു. ഹാജരാകാതിരുന്നതിന് തോംസണ് രണ്ട് വർഷം തടവും 250,000 ഡോളർ പിഴയും കോടതി വിധിച്ചു. അതേസമയം താൻ എവിടെയാണ് സ്വർണം വച്ചതെന്ന് മറന്നതായി തോംസൺ അവകാശപ്പെട്ടു. “അയാൾ എവിടെയാണ് അത് കണ്ടെത്തിയത് എന്ന് അയാൾക്ക് ഓർമിക്കാൻ കഴിയുന്നില്ല” 2017 -ലെ ഒരു വിചാരണക്കിടെ ജഡ്ജി മാർബ്ലിയെ പരിഹസിച്ചു. ക്രോണിക് ഫാറ്റിഗ് സിൻഡ്രോം ബാധിച്ചതായി തോംസൺ അവകാശപ്പെട്ടു. ഇത് അദ്ദേഹത്തിന്റെ ഓർമ്മശക്തിയെ ബാധിക്കുന്നു എന്ന വാദം പക്ഷേ ജഡ്ജി തള്ളിക്കളഞ്ഞു.

നാണയങ്ങൾ ബെലീസിലെ ഒരു ട്രസ്റ്റിലേക്ക് മാറ്റിയതായി അവ്യക്തമായി അദ്ദേഹം പ്രസ്താവിച്ചിട്ടുണ്ടെങ്കിലും, നിക്ഷേപകർ അവരുടെ കേസ് ഉപേക്ഷിക്കാൻ തയ്യാറല്ല. ആ 68 -കാരന് ഇപ്പോൾ 1.8 മില്യൺ ഡോളർ പിഴ അടക്കേണ്ടതുണ്ട്. അതേസമയം, കോടതിയെ അവഹേളിക്കുന്നവർക്ക് പരമാവധി ശിക്ഷ 18 മാസമാണെന്ന് തോം‌പ്സന്റെ വക്കീൽ വാദിക്കുന്നു. അതിനാൽ തോം‌സണെ വിട്ടയക്കണം എന്ന് അദ്ദേഹം വാദിക്കുന്നു. എന്നാൽ, കോടതി ഒരു പഴുതു കണ്ടെത്തി. കക്ഷികളെ സഹായിക്കുന്നതിൽ തോംസൺ വിമുഖത കാണിക്കുന്നുവെന്നും, ബെലീസിയൻ ട്രസ്റ്റ് പരിശോധിക്കാൻ അനുവദിക്കുന്നില്ലെന്നും അത് അവകാശപ്പെട്ടു. ഇനി അയാൾക്ക് ശരിക്കും ഓർമ്മ നഷ്ടമായതാണോ, അതോ അയാൾ അഭിനയിക്കുന്നതാണോ എന്നറിയില്ല. എങ്ങനെയാണെങ്കിലും, അപേക്ഷ ഉടമ്പടി പാലിക്കുകയും കാണാതായ സ്വത്തുക്കൾ കണ്ടെത്തുന്നതിന് സഹകരിക്കുകയും ചെയ്താലല്ലാതെ അയാൾക്ക് ജയിലിൽ നിന്ന് പുറത്തുപോകാൻ സാധിക്കില്ല.