ശക്തരായ ഗ്രീക്ക് യോദ്ധാക്കളുടെയും, റോമൻ ചക്രവർത്തിമാരുടെയുമൊക്കെ ക്ലാസിക്കൽ മാർബിൾ ശിൽപങ്ങൾ ശ്രദ്ധിച്ചാൽ ഒരു കാര്യം വ്യക്തമാണ്. അതെല്ലാം വെളുത്തിട്ടാണ്. എന്ത് കൊണ്ടാണ് അവരുടെ പ്രതിമകൾക്ക് നിറങ്ങൾ നൽകാത്തത് എന്ന് ചിന്തിച്ചിട്ടുണ്ടോ? പണ്ട് കാലത്ത് ഈജിപ്‍ത്, മെസൊപ്പൊട്ടേമിയ, ഗ്രീസ്, റോം തുടങ്ങി രാജ്യങ്ങളിലെ കലാകാരന്മാർ പലതരം നിറങ്ങൾ ഉപയോഗിച്ചാണ് ശില്‍പങ്ങൾ തീർത്തിരുന്നത്. അവരുടെ ദൈവങ്ങളും, രാജാക്കന്മാരും നിറങ്ങളാൽ ശോഭിച്ചിരുന്നു. പോളിക്രോമി എന്നറിയപ്പെടുന്ന ആ സമ്പ്രദായം (ഗ്രീക്കിൽ 'പല നിറങ്ങൾ' എന്നർത്ഥം) പിന്നെ എങ്ങനെയാണ് വേരറ്റു പോയത്? വർണ്ണരഹിതമായ ശില്‍പങ്ങൾക്ക് എന്നു മുതലാണ് നമ്മൾ ജീവൻ നൽകിത്തുടങ്ങിയത്?

നവോത്ഥാന കാലഘട്ടത്തിലാണ് ആദ്യമായി പുരാതന പ്രതിമകളെ വെള്ളപൂശാൻ തുടങ്ങിയത്. കാരണം ആ കാലഘട്ടത്തിലാണ് മണ്ണിനിടയിൽ നിന്ന് പുരാതനമായ  ശില്‍പങ്ങള്‍ കണ്ടെത്താൻ തുടങ്ങിയത്. നൂറ്റാണ്ടുകളായി മണ്ണിനിടയിൽ കഴിഞ്ഞ അവയിൽ ഭൂരിഭാഗത്തിനും യഥാർത്ഥ നിറം നഷ്ടമായിരുന്നു. പിന്നീട് വന്ന കലാകാരന്മാർ പണ്ടത്തെ കാലത്ത് ഈ രീതിയിലാണ് ശില്‍പങ്ങൾ തീർത്തിരുന്നതെന്ന് കരുതി നിറമില്ലാത്ത ശില്‍പങ്ങൾ സൃഷ്ടിക്കാൻ തുടങ്ങി. 600 വർഷങ്ങൾക്കുമുമ്പ് വീണ്ടും കണ്ടെത്തിയതു മുതൽ, ഈ പ്രതിമകളെ കലാകാരന്മാരും നിരൂപകരും മ്യൂസിയം സന്ദർശകരും വെളുത്തവരാണെന്ന് തെറ്റിദ്ധരിച്ചു. അങ്ങനെ നിറമുള്ള ശില്‍പങ്ങൾക്ക് ഒരു വലിയ വിലക്ക് വീഴുകയും ചെയ്‌തു. പതിനെട്ടാം നൂറ്റാണ്ടിലും ഈ പ്രവണത തുടർന്നു. ആ സമയത്ത് തന്നെയാണ്, കലാചരിത്രത്തിന്റെ പിതാവായി പലരും കരുതുന്ന ജോഹാൻ ജോക്കിം വിൻകെൽമാൻ പുരാതന കലയെക്കുറിച്ചുള്ള ഒരു പുസ്‍തകം എഴുതിയതും. ഒരുകാലത്ത് ശില്‍പങ്ങൾ വർണ്ണാഭമായിരുന്നുവെന്നത് അദ്ദേഹത്തിന് അറിയാമായിരുന്നുവെങ്കിലും, വെളുപ്പിനെ അദ്ദേഹം വളരെയധികം ഉയർത്തിക്കാട്ടി. "ശരീരം എത്രമാത്രം വെളുത്തതാണോ, അത്രയും മനോഹരമാണ്. സൗന്ദര്യത്തെ പരിഗണിക്കുന്ന കാര്യത്തിൽ നിറങ്ങൾ ഒരു ചെറിയ പങ്കു മാത്രമാണ് വഹിക്കുന്നത്. അതിലും പ്രധാനം ഘടനയാണ്" എന്നാണ് അദ്ദേഹം എഴുതിയത്.

പിന്നീട് വർഷങ്ങളോളം ആളുകൾ വെളുപ്പാണ് സൗന്ദര്യമെന്ന് കരുതിപ്പോന്നു. ശില്‍പങ്ങൾ കൂടുതലും വെളുത്ത മാർബിളിൽ കൊത്തിയുണ്ടാക്കി. വെണ്ണക്കൽ പ്രതിമകൾ നമ്മുടെ സൗന്ദര്യത്തിന്റെ ഉദാത്തമായ സൃഷ്ടികളായി മാറി. എന്നാല്‍, 2003 -ല്‍, 'gods in colours' എന്ന പേരിൽ ഒരു ട്രാവലിംഗ് എക്സിബിഷൻ ശില്‍പങ്ങളെ ചായങ്ങൾ പൂശി കൂടുതൽ ആകർഷണീയമാക്കാൻ തുടങ്ങി. ശിൽപങ്ങൾ പലപ്പോഴും മിഴിവുള്ളതും പല നിറങ്ങളെ കൊണ്ട് സൃഷ്ടിച്ചിട്ടുള്ളതുമാണ് എന്ന അറിവ് ജനങ്ങൾക്ക് പകർന്നു കൊടുക്കാൻ ഈ എക്സിബിഷൻ ശ്രമിച്ചു. ഇതിനായി അക്കാലത്ത് ലഭ്യമായിരുന്ന നിറങ്ങളും പിഗ്മെന്റുകളും അടിസ്ഥാനമാക്കി അവ എങ്ങനെയിരിക്കാമെന്നതിന്റെ ഒരു പുനരാവിഷ്‌ക്കാരം അവർ നടത്തിയെന്ന് എക്സിബിഷന്റെ ക്യൂറേറ്ററായ റെനി ഡ്രെഫസ്, ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.

പത്തൊൻപതുകളുടെ തുടക്കത്തിൽ, ഗൊയ്‌ഥെ സർവകലാശാലയിലെ പുരാവസ്‍തു ഗവേഷകനും പ്രൊഫസറുമായ വിൻസെൻസ് ബ്രിങ്ക്മാനും സമാനമായ കണ്ടെത്തൽ നടത്തി. ഒരിക്കൽ ഒരു ഗ്രീക്ക് മാർബിൾ ശില്‍പത്തെ സൂക്ഷ്മപരിശോധന നടത്തിയപ്പോൾ, എല്ലായിടത്തും നിറങ്ങൾ ഉണ്ടായിരുന്നതായി അദ്ദേഹം കണ്ടെത്തി. എന്നാൽ ആ തിരിച്ചറിവ് ഒരു വിപ്ലവകരമായ മാറ്റത്തിന് തുടക്കം കുറിച്ചു. “യഥാർത്ഥ പ്രതിമകൾ  നിറമുള്ളതാണെന്ന് മിക്ക ആളുകൾക്കും അറിയില്ല, മാത്രമല്ല നിറങ്ങൾ ചേർത്ത് ശില്പങ്ങളെ പുനർനിർമ്മിച്ചപ്പോൾ എല്ലാവരും ആശ്ചര്യപ്പെടുകയും ചെയ്‌തു” ഡ്രെഫസ് പറഞ്ഞു.  

കഴിഞ്ഞ ദശകം മുതൽ, പോളിക്രോം സമ്പ്രദായത്തിനെ പിന്തുണച്ചുകൊണ്ട് ഒരു വലിയ പ്രചാരണം തന്നെ കലാലോകത്ത് നടക്കുന്നുണ്ട്. മ്യൂസിയം എക്സിബിഷനുകളിലും മറ്റും ക്ലാസിക്കൽ കാലഘട്ടത്തെ ശില്‍പങ്ങളെ പുതിയ വർണ്ണങ്ങളിൽ പുനരാവിഷ്‍കരിക്കാൻ ശ്രമങ്ങൾ തുടങ്ങിക്കഴിഞ്ഞു. വെളുത്ത നിറത്തിലുള്ള പുരാതന ശില്‍പങ്ങൾ നമ്മുടെ ഭാവനയിൽ ആഴത്തിൽ പതിഞ്ഞിരിക്കുന്നതു കാരണം പെട്ടെന്നൊരു മാറ്റം പ്രതീക്ഷിക്കാൻ സാധിക്കില്ല. എന്നിരുന്നാലും, അധികം താമസിയാതെ വെണ്ണക്കൽ പ്രതിമകളുടെ സ്ഥാനത്ത്, വർണ്ണാഭമായ ശില്‍പങ്ങളെ കലാലോകം അംഗീകരിക്കുന്ന ഒരു കാലമുണ്ടായേക്കാം.