പണ്ട് പ്രകൃതിയുമായി ഇഴുകിച്ചേർന്ന ഒരു ജീവിതമാണ് മനുഷ്യൻ നയിച്ചിരുന്നത്. അവന്റെ പാരമ്പര്യവും, വിശ്വാസപ്രമാണങ്ങളും പ്രകൃതിയെ ആശ്രയിച്ചായിരുന്നു നിലനിന്നിരുന്നത്. എന്നാൽ, പുരോഗതിയിലേക്ക് കുതിക്കുന്തോറും പ്രകൃതിയെ ചൂഷണം ചെയ്യാൻ മനുഷ്യൻ ശീലിച്ചു. സ്വന്തം സ്വാർത്ഥതയ്ക്ക് വേണ്ടി അവൻ എല്ലാത്തിനെയും നശിപ്പിക്കാൻ തുടങ്ങി. മനുഷ്യന്‍റെ ബുദ്ധിശൂന്യമായ പ്രവൃത്തികൾ മൂലം പല ജീവികളും ഇന്ന് വംശനാശത്തിന്റെ വക്കിലാണ്. കുറച്ച് വർഷങ്ങൾക്ക് മുൻപ് അത്തരം വംശനാശ ഭീഷണിയുടെ വക്കിലെത്തിയ ഒരു ജീവിയായിരുന്നു Nilssonia nigricans എന്ന കറുത്ത നനുത്തപുറംതോടുള്ള ആമ. എന്നാൽ ഇന്ന് ആ അവസ്ഥയിൽനിന്നും കരകയറാൻ അവയ്ക്കായി. പ്രകൃതിയെയും, ജീവജാലങ്ങളെയും സ്നേഹിക്കുകയും, ബഹുമാനിക്കുകയും ചെയ്യുന്ന ഒരു സമൂഹത്തിന്റെ വിശ്വാസത്തിന്റെ ഫലമായിരുന്നു ഈ മാറ്റം. അത് മാത്രവുമല്ല, പ്രകൃതിയെ സംരക്ഷിക്കാൻ നിസ്വാർത്ഥ സേവനം അനുഷ്ഠിക്കുന്ന ഒരുകൂട്ടം ആളുകളും ഇതിന്റെ പിന്നിലുണ്ട്.  

ക്ഷേത്രക്കുളങ്ങളിൽ ഭക്തർ ആമകളെ വഴിപാടായി നൽകുന്ന ആചാരം അസ്സമിൽ പണ്ട് മുതൽ തന്നെ നിലനിന്നിരുന്നു. ജനിക്കുന്ന കുട്ടികൾ ദീര്‍ഘായുസായിരിക്കാനാണ് ഇങ്ങനെ ക്ഷേത്രത്തിന് ആമകളെ വഴിപാടായി നൽകിയിരുന്നത്. കുറച്ച് വർഷം മുൻപാണ്, കുളങ്ങളിലെ ഈ ആമകളെ സംരക്ഷിക്കാൻ 'ഹെൽപ് എർത്ത്' എന്ന സംഘടന ഇറങ്ങിത്തിരിച്ചത്. ജൈവവൈവിധ്യ സംരക്ഷണ രംഗത്ത് ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ഒരു സംഘടനയാണ് ഹെൽപ്പ് എർത്ത്. ഗുവാഹത്തി ആസ്ഥാനമായുള്ള ഹെർപറ്റോളജിസ്റ്റ് ജയദിത്യ പുർകായസ്ഥയും അതിലെ ഒരംഗമാണ്. അസ്സമിലെ ക്ഷേത്രക്കുളങ്ങളിൽ കാണപ്പെടുന്ന കറുത്ത സോഫ്റ്റ്ഷെൽ ആമയുടെ സംരക്ഷണം 2012 -ലാണ് അവർ ഏറ്റെടുത്തത്. ആ സംരക്ഷണ പരിപാടിയുടെ ഭാഗമായി, ആമകൾ ഇടുന്ന മുട്ടകൾ വിരിയിക്കുന്നതിനായി സംസ്ഥാന മൃഗശാലയിലേക്ക് കൊണ്ടുപോകുന്നു. അവിടെ വിരിയിക്കുന്ന കുഞ്ഞുങ്ങളെ പിന്നീട് വന്യജീവി സങ്കേതത്തിൽ കൊണ്ടുപോയി വിടുകയും ചെയ്യുന്നു. സംസ്ഥാനത്തെ 18 ക്ഷേത്രക്കുളങ്ങളിലെ ആമകളുടെ സംരക്ഷണമാണ് അവർ ഏറ്റെടുത്തിരിക്കുന്നത്. കഴിഞ്ഞവർഷം വരെയുള്ള കണക്കുകൾ നോക്കിയാൽ, വന്യജീവി സങ്കേതത്തിലേക്ക് മുന്നൂറോളം ആമക്കുഞ്ഞുങ്ങളെ ഇതുപോലെ വിട്ടയക്കാൻ അവർക്കായിട്ടുണ്ട്.  

ഇവയെ ബസ്തമി കടലാമകൾ എന്നും വിളിക്കുന്നു. ബംഗ്ലാദേശിലെ ബയാസിദ് ബസ്തമിയുടെ ആരാധനാലയത്തിലാണ് ഇവ കൂടുതലും ഉള്ളത്. അങ്ങനെയാണ് അവയ്ക്ക് ഈ പേര് വന്നത്. സാധാരണയായി ഏപ്രിൽ മാസത്തിലാണ് അവ മുട്ടയിടുന്നത്. മുട്ട വിരിയാൻ 70 മുതൽ 80 ദിവസം വരെ എടുക്കും. ഗുവാഹത്തിയിലെ അസം സ്റ്റേറ്റ് മൃഗശാലയിൽ പ്ലാസ്റ്റിക് ട്രേകളിലാണ് മുട്ടകൾ സൂക്ഷിക്കുന്നത്. മൂന്നുമാസം പ്രായമുള്ളപ്പോൾ വിരിഞ്ഞ കുഞ്ഞുങ്ങളെ അവിടെ നിന്ന് മഴക്കാലത്തിന് ശേഷം വനത്തിലേക്ക് വിട്ടയക്കുന്നു.  

ഈ ആമകളെ വലിയതോതിൽ ആളുകൾ ഒരുകാലത്ത് ഭക്ഷിച്ചിരുന്നു. ക്ഷേത്രങ്ങളിൽ നിലനിന്നിരുന്ന ഈ ആചാരം കൊണ്ട് മാത്രമാണ് അവയിൽ കുറച്ചെങ്കിലും അതിജീവിച്ചത്. ഇങ്ങനെയൊക്കെയാണെങ്കിലും, ആമകളെ ക്ഷേത്രങ്ങളിൽ സൂക്ഷിക്കുന്നതിലും നിരവധി പോരായ്മകളുണ്ട്. ആമകളെ എങ്ങനെയാണ് സംരക്ഷിക്കേണ്ടതെന്ന് ക്ഷേത്ര ഭാരവാഹികൾക്ക് അറിയില്ല. ഭക്തർ റൊട്ടി, ബിസ്കറ്റ്, റൈസ് എന്നിവ  അവയ്ക്ക് നൽകുന്നു. ചിലപ്പോഴൊക്കെ ആമകളെ ഇത് ബാധിക്കാറുണ്ട്. 

എന്നാൽ ഇത് മനസ്സിലാക്കി, ഹാജോ ഹൈഗ്രിബ് ക്ഷേത്രത്തിൽ, ഇപ്പോൾ മത്സ്യക്കഷണങ്ങൾ അവയ്ക്ക് ഭക്ഷണമായി നൽകാൻ തുടങ്ങിയിരിക്കുന്നു. "ആമകൾക്ക് ഇടയ്ക്ക് ചൂടേൽക്കേണ്ടത് അത്യാവശ്യമാണ്. ഇതിനായി ഞങ്ങൾ അവയ്ക്ക് വെയിൽ കായാനുള്ള ഇടങ്ങൾ മുള ഉപയോഗിച്ച് ഉണ്ടാക്കി നൽകി. അതുപോലെ, ക്ഷേത്രക്കുളങ്ങളുടെ സ്വാഭാവിക പടവുകൾ മാറ്റി, കോൺക്രീറ്റ് സ്ലാബുകളാക്കി മാറ്റുന്ന പ്രവണതയും ആമകൾക്കൊരു ഭീഷണിയാണ്. ആമകൾക്ക് ഈ കോൺക്രീറ്റ് പടികൾ കയറാൻ വളരെ ബുദ്ധിമുട്ടാണ്. അത് കൂടാതെ സ്ലാബുകളുടെ ചൂടിൽ മുട്ടകൾ ഉണങ്ങിപ്പോകും. അതിനാൽ ഞങ്ങൾ ചില കോണുകൾ തകർത്ത് അവിടെ മണ്ണ് നിറച്ച് അവയ്ക്ക് മുട്ടയിടാനുള്ള സൗകര്യം ഒരുക്കിക്കൊടുക്കുന്നു”പുർകായസ്ഥ പറഞ്ഞു. ഈ പ്രവർത്തകരുടെ ശ്രമഫലമായി ഇപ്പോൾ ആമകളുടെ അതിജീവന നിരക്ക് കൂടിയിട്ടുണ്ടെന്നും ക്ഷേത്ര ഭാരവാഹികൾ പറഞ്ഞു.