മരത്തിന്റെ തടി കൊണ്ട് നമ്മൾ പലവിധത്തിലുള്ള ഫർണിച്ചറുകൾ ഉണ്ടാക്കാറുണ്ട്. അത് ഉണ്ടാക്കാൻ പക്ഷേ ഉളിയും, ചുറ്റികയും, പശയും, ആണിയും ഒക്കെ ആവശ്യമായി വരും. എന്നാൽ, ഇത്തരം പണിയായുധങ്ങളുടെ സഹായമില്ലാതെ തന്നെ മേശയും, കസേരയും എല്ലാം ഉണ്ടാക്കാൻ നമുക്ക് സാധിച്ചാലോ?  ഒരു മരത്തിന്റെ തടിയെ നമുക്കിഷ്‍ടമുള്ള ആകൃതിയിൽ വളച്ചു കൊണ്ടുവരുന്ന ഒരു നവീനരീതി വികസിപ്പിച്ചെടുക്കുകയാണ് പീറ്റർ കുക്കും ബെക്കി നോർത്തേയും. ജീവനുള്ള വൃക്ഷങ്ങളെയും മറ്റ് ചെടികളെയും കലാപരമായ അല്ലെങ്കിൽ ഉപയോഗപ്രദമായ ആകൃതിയിലേക്ക് മാറ്റുന്ന ഈ സാങ്കേതികവിദ്യയെ പൂക്ട്രെ (pooktre) എന്നാണ് വിളിക്കുന്നത്. ഇതുപയോഗിച്ച് ആ ദമ്പതികൾ ഓർഗാനിക് മേശയും, കസേരയും, കണ്ണാടികളും എല്ലാം ഉണ്ടാക്കുന്നു. കുറച്ചു ക്ഷമയും, വൈദഗ്ധ്യവും ഉണ്ടെങ്കിൽ നമുക്കും മരത്തിന്റെ ചില്ലകളെ ഒരു കസേരയായും, മേശയായും ഒക്കെ വളർത്തിക്കൊണ്ടുവരാം. വർഷങ്ങളുടെ ഗവേഷണഫലമായാണ് അവർ ഇരുവരും ഇത് വികസിപ്പിച്ചെടുത്തത്.  

ഓസ്‌ട്രേലിയയിലെ ക്വീൻസ്‌ലാന്റിലെ ഒരു കുന്നിൻമുകളിലുള്ള പൈനാപ്പിൾ തോട്ടത്തിലാണ് പീറ്റർ വളർന്നത്. വളരെ ചെറുപ്പത്തിൽത്തന്നെ അദ്ദേഹത്തിന് ചെടികളും മരങ്ങളോടും വലിയ ഇഷ്ടമായിരുന്നു. വലുതായപ്പോൾ തെക്കുകിഴക്കൻ ക്വീൻസ്‌ലാന്റിലെ പർവതനിരകളിൽ 162 ഏക്കർ ഭൂമി അദ്ദേഹം വാങ്ങി. ഒരിക്കൽ അദ്ദേഹം തന്റെ തോട്ടത്തിൽ വെറുതെ ചുറ്റിസഞ്ചരിച്ചുകൊണ്ടിരിക്കുമ്പോൾ മലഞ്ചെരിവിനടിയിൽ നിൽക്കുന്ന മൂന്ന് വലിയ അത്തിമരങ്ങൾ ശ്രദ്ധയിൽപെട്ടു. അത് നിൽക്കുന്നത് കണ്ടപ്പോൾ എന്തുകൊണ്ട് ഒരു കസേരയുടെ ആകൃതിയിൽ അതിനെ വളർത്തി എടുത്തുകൂടാ എന്ന് അദ്ദേഹം ചിന്തിച്ചു. ഭാര്യയോട് ഇതേക്കുറിച്ച് പറഞ്ഞപ്പോൾ അവർ ഊറിച്ചിരിച്ചു. എന്നാൽ, പീറ്റർ പിന്തിരിഞ്ഞില്ല. അങ്ങനെ 1987 -ൽ അദ്ദേഹം ഇതിനുവേണ്ടിയുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു. അദ്ദേഹം ആദ്യം തന്നെ അതിൽ നിന്ന് ഏഴ് കമ്പുകൾ എടുത്ത് മറ്റൊരു  സ്ഥലത്ത് യു ആകൃതിയിൽ നട്ടു.

എന്നാൽ, അത് അദ്ദേഹം പ്രതീക്ഷിച്ച പോലെയൊന്നും ആയില്ല. കുതിരകളും പശുക്കളും അതിനെ ചവിട്ടി നശിപ്പിച്ചു. അങ്ങനെ ആദ്യ ശ്രമം പരാജയപ്പെട്ടു. എന്നാലും അദ്ദേഹം വിട്ടില്ല. ഒരു വർഷം കഴിഞ്ഞ് അദ്ദേഹം രണ്ടാമതും കമ്പുകൾ നട്ടു. ഇപ്രാവശ്യം ഒരു ചെടിസ്റ്റാൻഡായിരുന്നു മനസ്സിൽ. ഇത് വർഷം തോറും വളർന്നുവന്നു. കൃത്യമായി വളച്ചൊടിച്ച് അത് പതുക്കെ ഒരു ചെടി സ്റ്റാൻഡിന്റെ ആകൃതിയിൽ വളർത്താൻ അദ്ദേഹം ശ്രമിച്ചു. പക്ഷേ, അതും പരാജയപ്പെടുകയായിരുന്നു. ഒടുവിൽ 1996 -ൽ പീറ്ററും ബെക്കിയും ചേർന്ന് ആദ്യത്തെ പൂക്രെ ഡിസൈനായ ഒരു കോഫി ടേബിൾ നിർമ്മിച്ചു. ഒരു വൃക്ഷത്തിന്റെ നാല് ശാഖകൾ കാലുകളായും മറ്റ് നാല് ശാഖകൾ പിന്തുണയ്ക്കുന്ന രീതിയിലും അവർ അതിനെ വളർത്തി എടുത്തു. തുടർന്ന് വൃത്താകൃതിയിലുള്ള ഗ്ലാസ് ടേബിൾ ടോപ്പ് അതിന് മുകളിൽ ഉറപ്പിക്കുകയും ചെയ്‌തു. മുറിച്ച് ഉണ്ടാക്കുന്നതിന് പകരം, സ്വാഭാവിക രീതിയിൽ വളർത്തിയത് കൊണ്ടുതന്നെ, അത് തികച്ചും വ്യത്യസ്‍തമായിരുന്നു. ആദ്യവർഷത്തിനുള്ളിൽ കോഫി ടേബിളും ആദ്യത്തെ കണ്ണാടി ഫ്രെയിമും അവർ ഉണ്ടാക്കി. അടുത്ത ഏഴ് വർഷത്തിനുള്ളിൽ  മെഴുകുതിരി സ്റ്റാൻഡ്, കസേരകൾ, റോക്കിംഗ് കസേര, വിവിധ വലുപ്പത്തിലുള്ള കണ്ണാടി ഫ്രെയിമുകൾ എന്നിവയുൾപ്പെടെ പലതും അവർ നിർമ്മിക്കാൻ തുടങ്ങി.  ഒരു കസേര നിർമ്മിക്കാൻ ആറ് മുതൽ ഏഴ് വർഷം വരെ വേണ്ടിവന്നു. എന്നിരുന്നാലും പ്രകൃതിയെ നോവിക്കാതെ തികച്ചും സ്വാഭാവിക രീതിയിൽ ഫർണിച്ചറുകൾ വളർത്തി കൊണ്ടുവന്നതിൽ അവർക്ക് അതിയായ സന്തോഷം തോന്നി.     

ഈ ഓസ്‌ട്രേലിയൻ ദമ്പതികൾ കഴിഞ്ഞ 15 വർഷമായി പൂക്‌ട്രെ ട്രീ ഷേപ്പിംഗ് കലയിൽ വൈദഗ്ദ്ധ്യം നേടിയവരാണ്. മരങ്ങളുടെ ക്രമേണയുള്ള രൂപപ്പെടൽ ഒരു ജീവനുള്ള വൃക്ഷത്തിന്റെ ആകൃതിയിൽ മാറ്റം വരുത്തുന്നു. മുൻകൂട്ടി നിശ്ചയിച്ച രൂപകൽപ്പന അനുസരിച്ച് അത് വളരുന്നു.  പ്രകൃതിയെ മാറ്റാതെ തന്നെ, നമ്മുടെ ആഗ്രഹങ്ങളും നിറവേറ്റപ്പെടുന്നു… പ്രകൃതിയോട് യോജിച്ച് ജീവിക്കാനുള്ള ഏറ്റവും നല്ല മാർഗ്ഗമാണ് പൂക്ട്രെ എന്നാണ് ദമ്പതികൾ പറയുന്നത്.