Asianet News MalayalamAsianet News Malayalam

കൊവിഡ് 19 വാർഡ് വൃത്തിയാക്കാൻ സ്വയം മുന്നോട്ടുവന്ന ഒരു ശുചീകരണത്തൊഴിലാളി

ഏപ്രിൽ ആദ്യ വാരത്തിൽ, ഗോൾപാറ ജില്ലയിൽ ആദ്യത്തെ മൂന്ന് കേസുകൾ റിപ്പോർട്ട് ചെയ്തപ്പോൾ, COVID-19 വാർഡുകൾ വൃത്തിയാക്കാൻ സ്ഥിരം ഉദ്യോഗസ്ഥർ വിസമ്മതിച്ചതായി ബാസ്‌ഫോർ മനസ്സിലാക്കി.

The unknown heroes of  COVID 19
Author
Assam, First Published May 13, 2020, 9:55 AM IST

തുളു ബാസ്‌ഫോർ ഫേസ്ബുക്കിൽ പ്രശസ്തനായ ദിവസം. അദ്ദേഹത്തെ അഭിനന്ദിച്ചുകൊണ്ടുള്ള സന്ദേശങ്ങൾ ലോകത്തിന്റെ പലഭാഗത്തും നിന്നും വന്നു. എന്നാൽ അതിനിടയിലെ ഒരു കാൾ അദ്ദേഹത്തിന്റെ അമ്മയുടേതായിരുന്നു. "മോനെ നിനക്ക് പൊസിറ്റീവ് ആണെന്ന് മാർക്കറ്റിലെ ആളുകൾ പറയുന്നല്ലോ?" ഏങ്ങലടിച്ചുകൊണ്ട് അവർ ചോദിച്ചു. അസമിലെ ഗോൾപാറ ജില്ലയിലെ ഒരു ഹോട്ടലിൽ ക്വാറന്റൈനിൽ കഴിഞ്ഞ ബാസ്‌ഫോറിനെ രണ്ടാഴ്ചയായി അമ്മ കണ്ടിട്ട്. “ഞാൻ ക്വാറന്റൈനിലാണ്, അതിനർത്ഥം ഞാൻ പോസിറ്റീവ് ആണെന്നല്ല. മറ്റുള്ളവർ പറയുന്നത് അമ്മ ശ്രദ്ധിക്കണ്ട. എനിക്ക് ഇവിടെ സുഖമാണ്. അമ്മ വെറുതെ ടെൻഷനാകാതെ" ബാസ്‌ഫോർ പറഞ്ഞു.  

ഗോൽപാറ സിവിൽ ഹോസ്പിറ്റലിലെ ആ ഏഴു ദിവസങ്ങൾ അദ്ദേഹം ഓർത്തു. മറ്റുള്ളവർ ചെയ്യാൻ മടിച്ച ഒരു ജോലിയാണ് ബാസ്‌ഫോർ ധൈര്യത്തോടെ ഏറ്റെടുത്തത്. എല്ലാവരും കയറാൻ പോലും മടിക്കുന്ന കോവിഡ് -19 വാർഡ് വൃത്തിയാക്കുക. പേഴ്‌സണൽ പ്രൊട്ടക്റ്റീവ് എക്യുപ്‌മെന്റ് (പിപിഇ) സ്യൂട്ട് ധരിച്ച് അദ്ദേഹം ആ വാർഡിൽ പ്രവേശിക്കുമ്പോൾ, കൊറോണ വൈറസ് ബാധിച്ച് മൂന്ന് രോഗികളെ അവിടെ പ്രവേശിപ്പിച്ചിരുന്നു. അകത്ത് പ്രവേശിച്ചുകഴിഞ്ഞാൽ, അദ്ദേഹത്തിന്റെ ജോലി നിലം തുടക്കുക, കിടക്ക വിരികൾ മാറ്റുക, കുളിമുറി അണുവിമുക്തമാക്കുക എന്നിവയാണ്.  

അക്ഷരാർത്ഥത്തിൽ ആരും ചെയ്യാൻ ആഗ്രഹിക്കാത്ത ഒരു ജോലിയായിരുന്നു അത്. വൈറസ് പിടിപെടും എന്ന ഭയത്താൽ ആശുപത്രിയിലെ മുഴുവൻ ജോലിക്കാരും കോവിഡ് -19 വാർഡുകൾ വൃത്തിയാക്കാൻ വിസമ്മതിച്ചപ്പോൾ, ബാസ്‌ഫോർ മാത്രമാണ് ധൈര്യത്തോടെ മുന്നോട്ട് വന്നത്. “ഞാൻ ആ ദിവസം ഒരിക്കലും മറക്കില്ല. പലരോടും പറഞ്ഞപ്പോൾ അവർ രാജി വയ്ക്കാൻ പോലും ഒരുങ്ങി. എന്ത് ചെയ്യണമെന്ന് അറിയാതെ നിൽക്കുമ്പോഴാണ്, ബാസ്‌ഫോർ അത് ചെയ്യാമെന്ന് പറഞ്ഞു മുന്നോട്ട് വന്നത്" ഗോൾപാറ സിവിൽ ഹോസ്പിറ്റലിന്റെ സൂപ്രണ്ടായിരുന്ന മോണിക്കുന്തല ചൗധരി പറഞ്ഞു.  

കൊറോണ വൈറസിന് മുമ്പുള്ള സമയങ്ങളിൽ പോലും, തിരക്കേറിയ ആശുപത്രിയിൽ, നഴ്‌സുമാർ, ഡോക്ടർമാർ, രോഗികൾ, ബന്ധുക്കൾ എന്നിവരുടെയിടയിൽ, ഒരു കാവൽക്കാരന്റെ അല്ലെങ്കിൽ ശുചിത്വ തൊഴിലാളിയുടെ സാന്നിധ്യം പലപ്പോഴും ശ്രദ്ധിക്കാറില്ല. അവഗണിക്കപ്പെടുന്ന ആ സമൂഹത്തിന്റെ പങ്ക് പക്ഷെ വലുതാണ്. അത്തരം ആളുകളോടുള്ള ആദരവിന്റെ സൂചനയായി ഗോൾപാറ ജില്ലാ ഡെപ്യൂട്ടി കമ്മീഷണർ വർണാലി ദേക അവരുടെ ഫേസ്ബുക്ക് പേജിൽ ബാസ്‌ഫോറിനെ കുറിച്ച് ഒരു പോസ്റ്റ് ഇട്ടു.  

ഏപ്രിൽ 8 ന്, ഗോൾപാറ ജില്ലയുടെ ‘ഹീറോസ് ഓഫ് ദി ഡേ’ സംരംഭത്തിന്റെ ഭാഗമായി, അഡ്മിനിസ്ട്രേഷന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ അദ്ദേഹം ബാസ്‌ഫോറിന്റെ ഫോട്ടോ പോസ്റ്റ് ചെയ്തു, അതിന് താഴെ ഇങ്ങനെ എഴുതി, “ഗോൽപാറ സിവിൽ ഹോസ്പിറ്റലിന്റെ ക്ലീനർ എന്ന നിലയിൽ തുളു ബാസ്‌ഫോർ, ഗോൾപാറയിലെ മൂന്ന് കൊറോണ പോസിറ്റീവ് രോഗികളുടെ വാർഡുകളിലേക്ക് സ്വയം പോകാൻ തീരുമാനിക്കുകയായിരുന്നു. ഇത്തരം അപകടം നിറഞ്ഞ സാഹചര്യത്തിൽ, ഒട്ടും മടി കാണിക്കാതെ, തികഞ്ഞ ആത്മാർത്ഥതയോടെയാണ് അദ്ദേഹം ജോലി ചെയ്യ്തത്.”

ഇത് വായിച്ച ആളുകൾ ബാസ്ഫോറിന്  സന്ദേശങ്ങൾ അയക്കാൻ തുടങ്ങി. “തീർച്ചയായും, ഇതിനെ കുറിച്ചറിയാത്തവർ, എനിക്ക് കൊറോണ വൈറസ് ബാധിച്ചു എന്ന് അഭ്യൂഹങ്ങൾ പരത്തി. എന്നാൽ എന്നെ അഭിനന്ദിക്കാൻ മറ്റ് സുഹൃത്തുക്കൾ എന്നെ വിളിച്ചു. ചിലർ എന്റെ ചിത്രത്തിൽ എഴുതി: ‘ജയ് ഹിന്ദ്’. ഇതെല്ലം കണ്ടപ്പോൾ, എനിക്ക് വളരെ അഭിമാനവും സന്തോഷവും തോന്നി” ബാസ്ഫോർ പറയുന്നു.  

17 വയസുള്ളപ്പോഴാണ് ബാസ്‌ഫോറിന് അച്ഛനെ നഷ്ടമാകുന്നത്. അതിന് ശേഷം കുടുംബത്തെ നോക്കേണ്ട ചുമതല അയാളിൽ വന്നുചേർന്നു. ആദ്യം ഒരു ആശുപത്രിയിൽ ക്ലീനറായി അദ്ദേഹത്തിന് ജോലി ലഭിച്ചു, അതിനുശേഷം ഇപ്പോഴത്തെ ആശുപത്രിയിൽ ഒരു സെക്യൂരിറ്റിയായി ജോലിയിൽ കയറി. അദ്ദേഹം പേ റോളിലല്ല. നഴ്‌സുമാരും, ഡോക്ടർമാരും, രോഗികരും നൽകുന്ന സംഭാവനകൾ കൊണ്ടാണ് അദ്ദേഹം ഉപജീവനം കഴിക്കുന്നത്. ഒരു ദശകത്തിലേറെ കാലമായി അദ്ദേഹം ഇങ്ങനെ ജീവിതം തള്ളിനീക്കുന്നു. “ഞാൻ പ്രതിമാസം 2,000 മുതൽ 2,500 രൂപ വരെ സമ്പാദിക്കുന്നു. വളരെ പ്രയാസപ്പെട്ടാണ് ഞാൻ ജീവിക്കുന്നത്" അദ്ദേഹം പറഞ്ഞു. എന്നാൽ മാർച്ചിൽ ലോക്ക് ഡൗൺ വന്നപ്പോൾ, അദ്ദേഹത്തിന് അതുപോലും നഷ്ടമായി. രോഗികൾ കുറഞ്ഞപ്പോൾ അവരുടെ കൈയിൽനിന്നും ലഭിക്കാറുള്ള ടിപ്പുകൾ നഷ്ടമായി. ശമ്പളം ഇല്ലാതെ ബാസ്‌ഫോർ വല്ലാതെ വിഷമിച്ചു. കഴിഞ്ഞ വർഷമാണ്, അദ്ദേഹത്തിന് ഒരു ആൺകുഞ്ഞ് ജനിച്ചത്.

ഏപ്രിൽ ആദ്യ വാരത്തിൽ, ഗോൾപാറ ജില്ലയിൽ ആദ്യത്തെ മൂന്ന് കേസുകൾ റിപ്പോർട്ട് ചെയ്തപ്പോൾ, COVID-19 വാർഡുകൾ വൃത്തിയാക്കാൻ സ്ഥിരം ഉദ്യോഗസ്ഥർ വിസമ്മതിച്ചതായി ബാസ്‌ഫോർ മനസ്സിലാക്കി. “അപ്പോഴാണ് ഞാൻ അത് ചെയ്യാമെന്ന് തീരുമാനിച്ചത്. എന്റെ കുഞ്ഞിനെ പോറ്റാൻ എനിക്ക് പണം ആവശ്യമായിരുന്നു. എന്നാൽ എനിക്ക് സ്ഥിരമായി ഈ ജോലി ലഭിച്ചാൽ കൊള്ളാമെന്നുണ്ട്"ബാസ്‌ഫോർ പറഞ്ഞു.  

ഇങ്ങനെയൊക്കെയാണെങ്കിലും, അദ്ദേഹത്തിന്റെ ജോലി പക്ഷേ ഒട്ടും എളുപ്പമായിരുന്നില്ല. വാർഡിലുണ്ടായിരുന്ന സമയത്ത്, രാവിലെ 7 മുതൽ 2 വരെ പിപിഇ സ്യൂട്ടിട്ട് വേണമായിരുന്നു ബാസ്‌ഫോറിന് ജോലി നോക്കാൻ. “അത് ധരിക്കുമ്പോൾ അസഹനീയമായ ചൂടാണ്. ചില സമയങ്ങളിൽ ചൂട് സഹിക്കാൻ കഴിയാതെ വരുമ്പോൾ, ഞാൻ ഡോക്ടറുടെ അടുത്ത് ചെന്ന് അതൊന്ന് ഊരിത്തരുമോ എന്ന് ചോദിക്കുമായിരുന്നു. എന്നാൽ ഈ സ്യൂട്ടുകൾ പുനരുപയോഗിക്കാൻ കഴിയാത്തതിനാൽ, ജോലി തീരുന്നവരെ ഇത് ഊരാൻ പാടില്ലെന്ന് അവർ എന്നെ ഉപദേശിക്കും. അതുപോലെ, പുറംലോകം കാണാതെ അതിനുള്ളിൽ വീർപ്പുമുട്ടി ഇരിക്കുന്ന 3 രോഗികളെ കാണുമ്പോൾ എനിക്ക് കഷ്ടം തോന്നും. ഞാൻ അവരുടെ അടുക്കൽ വിശേഷങ്ങൾ തിരക്കും, അവരോട് സംസാരിക്കും. അങ്ങനെയെങ്ങിലും അല്പം ആശ്വാസം അവർക്ക് ലഭിക്കുമെങ്കിൽ, അത് നല്ലതല്ലേ," ബാസ്‌ഫോർ ഓർമ്മിക്കുന്നു. 

“അദ്ദേഹം ഞങ്ങളുടെ ഏറ്റവും മികച്ച തൊഴിലാളികളിൽ ഒരാളാണ്. ഞങ്ങൾ അദ്ദേഹത്തെക്കുറിച്ച് ആരോഗ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയെ അറിയിച്ചിരുന്നു. ജോലി ചെയ്ത അത്രയും നാൾ ദിവസത്തിൽ 1,000 രൂപ കണക്കാക്കി ഞങ്ങൾ അദ്ദേഹത്തിന് ശമ്പളം നൽകി. പണം വാങ്ങിയപ്പോൾ, ബാസ്‌ഫോറിന്റെ കണ്ണുകൾ അറിയാതെ നിറഞ്ഞൊഴുകി" സൂപ്രണ്ട് ഇൻചാർജ് ചൗധരി പറഞ്ഞു. ഇപ്പോൾ ക്വാറന്റൈൻ സമയം പൂർത്തിയാക്കി അദ്ദേഹം വീട്ടിലേക്ക് മടങ്ങി. താൻ അവർക്കുവേണ്ടിയാണ് ഇത് ചെയ്തതെന്ന്, ഭാര്യയുടെയും, ഒരു വയസ്സുള്ള മകന്റെയും കൂടെയിരുന്ന് ബാസ്‌ഫോർ പറഞ്ഞു. എന്നാൽ യഥാർത്ഥത്തിൽ ചിന്തിച്ചാൽ, അയാൾ കുടുംബത്തിന് വേണ്ടി മാത്രമാണോ ഇത് ചെയ്തത്? നമുക്കെല്ലാവർക്കും കൂടി വേണ്ടിയല്ലേ?

Follow Us:
Download App:
  • android
  • ios