ബ്രിട്ടീഷ് സാമ്രാജ്യത്തെക്കുറിച്ച് നമ്മൾ പ്രധാനമായും അറിയുന്നത് പാഠപുസ്‍തകങ്ങളിലൂടെയാണ്. എന്നാൽ, നമ്മൾ അറിയാത്ത മറച്ചുവയ്ക്കപ്പെട്ട ഭാഗങ്ങൾ ഉണ്ടോ അതിൽ? ഉണ്ട് എന്ന് വേണം കരുതാൻ. നമ്മൾ അറിയാത്ത ഒരു ചരിത്രമുണ്ട് ബ്രിട്ടന് ഇപ്പോഴും. സാമ്രാജ്യവത്കരണത്തിന്‍റെ മൂടിവയ്ക്കപ്പെട്ട രഹസ്യങ്ങളായിരുന്നു അത് ഇന്നലെ വരെ. ബ്രിട്ടന്‍റെ ക്രൂരതയുടെ പട്ടികയിൽ ഇന്നും മായാതെ നിലനിൽക്കുന്ന ക്ഷാമവും, ജാലിയൻവാലാബാഗ് കൂട്ടക്കൊലയും, വിഭജനവും  ഒരിക്കലും ഉണങ്ങാത്ത മുറിവുകളായി ഓരോ ഇന്ത്യക്കാരന്‍റെയും ഉള്ളിലുണ്ട്. എന്നാൽ, ഇന്ത്യ മാത്രമാണോ അവരുടെ ക്രൂരതയ്ക്ക് പാത്രമായിട്ടുള്ളത്. അല്ല, ചരിത്രത്തിൽ ഇനിയും ചർച്ച ചെയ്യപ്പെടാത്ത മറ്റനേകം ക്രൂരകൃത്യങ്ങൾ അവർ പല രാജ്യങ്ങളോടും കാണിച്ചിട്ടുണ്ട്.    

ബോയർ കോൺസണ്‍ട്രേഷൻ ക്യാമ്പുകൾ

മരണക്കിടക്കകളായി മാറുന്ന അഭയാർഥിക്യാമ്പുകളായിരുന്നു സൗത്ത് ആഫ്രിക്കയിലെ ബോയർ കോൺസണ്‍ട്രേഷൻ ക്യാമ്പുകൾ. ഈ തടങ്കൽപ്പാളയങ്ങളിൽ ആയിരക്കണക്കിന് സ്ത്രീകളെയും കുട്ടികളെയും പാർപ്പിച്ചിരുന്നു. അവിടെ അവർക്ക് ആവശ്യത്തിന് ഭക്ഷണം നൽകാതെ, അവരെ മനപ്പൂര്‍വം പട്ടിണിക്കിട്ടിരുന്നു. തടങ്കൽപ്പാളയങ്ങളിൽ തിങ്ങിനിറഞ്ഞ് കഴിഞ്ഞ അവർക്കിടയിൽ അഞ്ചാംപനി, ടൈഫോയ്‍ഡ് തുടങ്ങിയ രോഗങ്ങൾ പടർന്നു. തുടർന്ന് 27,927 ബോയറുകൾ കൊല്ലപ്പെടുകയും ചെയ്‍തു, അതിൽ വലിയൊരു വിഭാഗം കുട്ടികളായിരുന്നു.

 

മൗ മൗ കലാപം

ബ്രിട്ടീഷ് സർക്കാരിനെതിരെ പ്രവർത്തിച്ചിരുന്ന കെനിയൻ കർഷകരുടെ ഒരു മിലിറ്റന്‍റ് ദേശീയ പ്രസ്ഥാനമാണ് മൗ മൗ. അവരുടെ പ്രതിഷേധങ്ങളെ അടിച്ചമർത്താനായി ബ്രിട്ടീഷ് ഉദ്യോഗസ്ഥർ അവരെ ക്രൂരമായി പീഡിപ്പിച്ചു. ഒരാളെ മർദ്ദിച്ച് ജീവനോടെ ചുട്ടുകൊല്ലുക വരെ ചെയ്‌തു. ചിലരെ അടിക്കുകയും വായിൽ ചെളി കുത്തി നിറയ്ക്കുകയും ചെയ്‍തു. ആ കൊടും പീഡനത്തിന്‍റെ ഒടുക്കം 50,000 -ത്തോളം ആളുകൾ മരണപ്പെട്ടു. അവരിൽ പകുതിയും പത്തോ അതിൽ താഴെയോ പ്രായമുള്ള നിരപരാധികളായ കുട്ടികളായിരുന്നു.  

മലയ കൂട്ടക്കൊല

മലേഷ്യയെ മലയ എന്നാണ് പണ്ട് അറിയപ്പെട്ടിരുന്നത്. വിപ്ലവകാരികളെ സഹായിച്ചതിന് ബ്രിട്ടീഷ് ഉദ്യോഗസ്ഥർ ഗ്രാമീണരെ പീഡിപ്പിക്കുകയും മർദ്ദിക്കുകയും ചെയ്‍തു. അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ശേഷം ബ്രിട്ടീഷ് സൈനികർ ഓട്ടോമാറ്റിക് ആയുധം ഉപയോഗിച്ച്  24 പേരെയാണ് ഒറ്റയടിക്ക് കൊന്നത്.

യെമൻ 

ഏറ്റവും മോശമായ മാനുഷിക പ്രതിസന്ധി യെമനിലാണ് ഉണ്ടായത്. അവിടെ ഏകദേശം 1,00,000 ആളുകൾ പട്ടിണിയും മറ്റ് കാരണങ്ങളും മൂലം മരണപ്പെട്ടു. അതില്‍ ബ്രിട്ടന്‍റെ പങ്ക് വളരെ വലുതാണ്. 

കോളനികളിലെ ക്രൂരതയുടെയും പീഡനത്തിന്റെയും ചരിത്രം ചരിത്രകാരന്മാരിൽ നിന്നും പൊതുജനങ്ങളിൽ നിന്നും വർഷങ്ങളായി മറച്ചുവെയ്ക്കപ്പെട്ടു. കൊളോണിയൽ ക്രൂരതകളെ കുറിച്ചുള്ള രേഖകളിൽ ഭൂരിഭാഗവും ബ്രിട്ടൻ നശിപ്പിച്ചു. ചിലത് കത്തിക്കരിഞ്ഞപ്പോൾ മറ്റുള്ളവ 50 വർഷമായി രഹസ്യ വിദേശകാര്യ ആർക്കൈവിൽ സൂക്ഷിച്ചു. ഒരു കൂട്ടം കെനിയക്കാർ ബ്രിട്ടീഷ് സർക്കാരിനെതിരെ കേസെടുക്കാനുള്ള അവകാശം നേടിയെടുത്തതിനെ തുടർന്നാണ് ചില രേഖകൾ പരസ്യമാക്കിയത്. വിവിധ കോളനികളിൽ നടന്ന കൊലപാതകങ്ങളുടെയും പീഡനങ്ങളുടെയും കഥകൾ ഈ രേഖകളിലുണ്ട്. പുറത്തുവിട്ട രേഖകൾ ബ്രിട്ടീഷുകാർ കോളനികളിൽ നടത്തിയ മനുഷ്യത്വരഹിതമായ പ്രവർത്തനങ്ങളുടെ ഒരു നേർക്കാഴ്‍ചയാണ്. അതിൻപ്രകാരം, പത്തൊൻപതും ഇരുപതും നൂറ്റാണ്ടുകൾ ഇന്ത്യക്ക് മാത്രമല്ല മറ്റ് പല കോളനികൾക്കും ഇരുണ്ട കാലഘട്ടമായിരുന്നു.