Asianet News MalayalamAsianet News Malayalam

മൂന്ന് കപ്പലുകൾ മുങ്ങി, പക്ഷേ അത്ഭുതകരമായി രക്ഷപ്പെട്ട പൂച്ച, ഇത് 'അണ്‍സിങ്കബിള്‍ സാം'

പിന്നീട് 1941 ഒക്ടോബർ 27 -ന്, ഒരു ബോംബാക്രമണത്തിൽ ആ കപ്പൽ നശിപ്പിക്കപ്പെട്ടു. അതിൽ 139 ഓളം അംഗങ്ങൾ കൊല്ലപ്പെട്ടു. എന്നാൽ സാം അപ്പോഴും അത്ഭുതകരമായി രക്ഷപ്പെട്ടു.

The Unsinkable Sam of WWII
Author
United Kingdom, First Published May 5, 2020, 10:34 AM IST

പുരാതനകാലം മുതൽ, പൂച്ചകൾ കപ്പലുകളിലെ ഒഴിച്ചുകൂടാനാവാത്ത താമസക്കാരായിരുന്നു. എലികളെ പിടിക്കാനായിട്ടാണ് പ്രധാനമായും അവയെ കപ്പലുകളിൽ പാർപ്പിച്ചിരുന്നത്. കാരണം എലികൾ ക്രൂവിനെ കുഴപ്പത്തിലാക്കുകയും പ്ലേഗ് പോലുള്ള പകർച്ച വ്യാധികൾ കൊണ്ടുവരികയും ചെയ്തിരുന്നു. ഇത് കൂടാതെ പൂച്ചകളുടെ കളികളും മറ്റും ക്രൂവിന്റെ സമ്മർദ്ദം കുറക്കാനും സഹായിച്ചിരുന്നു. എന്നാൽ, ഇതിനെല്ലാം അപ്പുറം യുദ്ധകാലങ്ങളിൽ അവ കപ്പലുകളെ സേവിക്കുന്നതിൽ ഒരു വലിയ പങ്കുവഹിച്ചിരുന്നു. പരിശീലനം കിട്ടിയ നായ്ക്കൾ സൈന്യത്തിൽ സേവനം അനുഷ്ഠിക്കുന്നുണ്ട് എന്നത് നമുക്കറിയാം. അതുപോലെ തന്നെ രണ്ടാം ലോകമഹായുദ്ധസമയത്ത്, നിരവധി പൂച്ചകളും കപ്പലുകളിലെ സേവനത്തിന് പേരുകേട്ടവരായിരുന്നു. അത്തരം പൂച്ചകളിലൊന്നാണ് സാം അഥവാ ഓസ്കാർ. കറുപ്പും വെളുപ്പും കലർന്ന അവൻ ജർമ്മൻ, ബ്രിട്ടീഷ് കപ്പലുകളിലെ അംഗമായി അറിയപ്പെട്ടിരുന്നു. മരണം മൂന്ന് തവണ അവനെ തോൽപിക്കാൻ ശ്രമിച്ചിട്ടും അവൻ തോറ്റുകൊടുത്തില്ല. അവൻ സേവനം അനുഷ്ഠിച്ച മൂന്ന് കപ്പലുകൾ മുങ്ങിയപ്പോഴും, അതിജീവിച്ച സാം 'അൺസിങ്കബിൾ സാം' എന്നാണ് അറിയപ്പെടുന്നത്.  

The Unsinkable Sam of WWII

 

ജർമ്മൻ യുദ്ധക്കപ്പലായ ബിസ്മാർക്കിൽ വച്ചാണ് സാമിന്റെ സൈനിക ജീവിതം ആരംഭിച്ചത്. 1941 മെയ് 18 -ന് ഓപ്പറേഷൻ റെയ്നബംഗ് സമയത്ത് ബിസ്മാർക്ക് പോളിഷ് നഗരമായ ഗോടെൻഹാഫെൻ തുറമുഖത്ത് നിന്നാണ് യാത്ര ആരംഭിച്ചത്. ബ്രിട്ടീഷ് അകമ്പടി കപ്പലുകളെ തടയുക എന്നതായിരുന്നു ബിസ്മാർക്കിന്റെ ചുമതല. 1941 മെയ് 27 -ന് നടന്ന കടുത്ത പോരാട്ടത്തിനിടെ ബിസ്മാർക്കിനെ ബ്രിട്ടീഷ് സൈന്യം മുക്കികളഞ്ഞു. കപ്പലിലുണ്ടായ 2,200 നാവികരിൽ 115 പേർക്ക് മാത്രമേ രക്ഷപ്പെടാൻ കഴിഞ്ഞുള്ളൂ. പക്ഷേ, സാമും അന്ന് രക്ഷപ്പെട്ടു. കപ്പൽ മുങ്ങി മണിക്കൂറുകൾക്ക് ശേഷം, ബ്രിട്ടീഷ് സൈന്യം നോക്കുമ്പോൾ പൊങ്ങിക്കിടക്കുന്ന മരത്തടിയിൽ അള്ളിപിടിച്ചിരിക്കുന്ന സാമിനെ കാണാനിടയായി. പൂച്ചയുടെ യഥാർത്ഥ പേര് അറിയാത ബ്രിട്ടീഷ് നാവികർ അവന് ഓസ്കാർ എന്ന പേര് നൽകി. 

The Unsinkable Sam of WWII

 

അതിനുശേഷം കുറച്ച് മാസത്തേക്ക്, ഓസ്കാർ ബ്രിട്ടീഷ് കപ്പലായ കോസാക്കിൽ സേവനമനുഷ്ഠിച്ചു. ഹ്രസ്വകാലത്തേക്ക് കാര്യങ്ങൾ വളരെ സുഗമമായി നടന്നു. പിന്നീട് 1941 ഒക്ടോബർ 27 -ന്, ഒരു ബോംബാക്രമണത്തിൽ ആ കപ്പൽ നശിപ്പിക്കപ്പെട്ടു. അതിൽ 139 ഓളം അംഗങ്ങൾ കൊല്ലപ്പെട്ടു. എന്നാൽ സാം അപ്പോഴും അത്ഭുതകരമായി രക്ഷപ്പെട്ടു. ബോംബ് വർഷിച്ചതിന്റെ അടുത്ത ദിവസം, സാം ഒരു കഷണം പലകയിൽ പറ്റിപ്പിടിച്ചിരുന്നു. ഒടുവിൽ വളരെ പ്രയാസപ്പെട്ട് ഒരുവിധം തീരത്തെത്തി. സംഭവങ്ങൾ എല്ലാം അറിഞ്ഞപ്പോൾ, ബ്രിട്ടീഷ് ഉദ്യോഗസ്ഥർ അവനു 'അൺസിങ്കബിൾ സാം' എന്ന പേരുനല്കി. രണ്ട് യുദ്ധക്കപ്പലുകളും മുങ്ങിയിട്ടും അതിൽ നിന്ന് അത്ഭുതകരമായി അതിജീവിച്ച ഒരു പൂച്ചയ്ക്ക് ഇതിലും അനുയോജ്യമായ ഒരു പേരുണ്ടോ? എന്നാൽ, അവന്റെ സാഹസികത അതോടെ അവസാനിച്ചു എന്ന് വിചാരിച്ചെങ്കിൽ, തെറ്റി.  

The Unsinkable Sam of WWII

 

സാം പിന്നീട് എച്ച്എംഎസ് ആർക്ക് റോയൽ എന്ന കപ്പലിൽ എത്തിച്ചേർന്നു. രസകരമായ കാര്യം, സാം സേവനമനുഷ്ഠിച്ച ആദ്യ കപ്പലായ ബിസ്മാർക്കിനെ തകർക്കാൻ സഹായിച്ച കപ്പലാണ് ഇത്. നിരവധി ആക്രമണങ്ങളെ അതിജീവിച്ച ആർക്ക് റോയൽ ‘ഭാഗ്യ കപ്പൽ’ എന്നാണ് അറിയപ്പെട്ടിരുന്നത്. സാമിന് എന്തുകൊണ്ടും അനുയോജ്യമായ സ്ഥലം തന്നെയായിരുന്നു അത്. പക്ഷേ, ഭാഗ്യം നീണ്ടുനിന്നില്ല, 1941 നവംബർ 14 -ന് മാൾട്ടയിൽ നിന്ന് മടങ്ങുമ്പോൾ, ഈ കപ്പലും ബോംബാക്രമണത്തിന് കീഴ്‌പ്പെട്ടു. അപ്പോഴും പതിവ് പോലെ സാം രക്ഷപ്പെട്ടു. എന്നാൽ, അതോടെ സാമിന് മതിയായി. അവൻ പിന്നീട് കടൽ ഉപേക്ഷിച്ച് കരയിൽ സേവനം ചെയ്യാൻ ആരംഭിച്ചു. 

ജിബ്രാൾട്ടറിലെ ഗവർണർ ജനറലിന്റെ കെട്ടിടത്തിൽ എലികളെ പിടിക്കുന്ന ജോലി അവൻ ഏറ്റെടുത്തു. നമുക്ക് പറ്റുന്ന പണി ഇതാണെന്ന മട്ടിൽ അവൻ അവിടെ ദിവസങ്ങൾ ചെലവഴിച്ചു. കുറച്ചുകാലം അങ്ങനെ സുഖിച്ച് ജീവിക്കുന്നതിനിടയിൽ സാമിനെ യുകെയിലേക്ക് തിരിച്ചയച്ചു. അവിടെ സാം ബെൽഫാസ്റ്റിലെ ഒരു ‘നാവികർക്കായുള്ള വീട്ടിൽ’ മരണം വരെ കഴിഞ്ഞു. ഒടുവിൽ 1955 -ൽ അവന്റെ സാഹസിക ജീവിതം അവസാനിച്ചു. എന്നാൽ സാം പ്രശസ്തനായിരുന്നു. സാമിന്റെ ബഹുമാനാർത്ഥം, ആർട്ടിസ്റ്റ് ജോർജീന ഷാ-ബേക്കർ ഗ്രീൻ‌വിച്ചിലെ നാഷണൽ മാരിടൈം മ്യൂസിയത്തിൽ ഒരു പാസ്റ്റൽ ഡ്രോയിംഗ് നിർമ്മിച്ചിട്ടുണ്ട്.  
 

Follow Us:
Download App:
  • android
  • ios