Asianet News MalayalamAsianet News Malayalam

ഇത് ജപ്പാനിലെ 'പാവ ഗ്രാമം', ആളുകളേക്കാള്‍ കൂടുതല്‍ ഇവിടെ പാവകളാണ്!

തന്റെ ഗ്രാമത്തിലെ നഷ്‍ടമായ പ്രസരിപ്പിനെ തിരികെ കൊണ്ടുവരാൻ പാവകളിലൂടെ സാധിച്ചേക്കുമെന്ന് അവർ കരുതി. മരിച്ചുപോയ ഗ്രാമവാസികളുടെ ഓർമ്മയ്ക്കായി പൂര്‍ണകായ പാവകളെ സൃഷ്‍ടിക്കാൻ തുടങ്ങി അവർ.

The valley of dolls in Nagoro
Author
Nagoro "Scarecrow" Village, First Published Aug 21, 2020, 2:27 PM IST

ജനസംഖ്യ വർഷാവർഷം കുറഞ്ഞുവരുന്ന സാഹചര്യത്തിൽ ജപ്പാനിലെ മിക്ക ഗ്രാമപ്രദേശങ്ങളും ഇപ്പോൾ ശൂന്യമാവുകയാണ്. ഒരു വിദൂര പർവത ഗ്രാമമായ നാഗോറോയുടെ അവസ്ഥയും ഇതൊക്കെ തന്നെയാണ്. 18 വർഷം മുൻപാണ് അവിടെ അവസാനമായി ഒരു കുട്ടി ജനിച്ചത്. 12 -ൽ പരം ആളുകൾ മാത്രമാണ് ഇന്നവിടെ താമസിക്കുന്നത്. 2012 -ൽ അവസാനത്തെ രണ്ട് വിദ്യാർത്ഥികളും ആറാം ക്ലാസ് പൂർത്തിയാക്കിയതോടെ പ്രാഥമിക വിദ്യാലയവും അടച്ചു. ഗ്രാമവാസികൾ കൂടുതലും തൊഴിൽ തേടി ഗ്രാമം വിട്ടുപോയി, അല്ലെങ്കിൽ മരിച്ചു. പതിനൊന്ന് വർഷം മുൻപാണ് സുകിമി അയാനോ, നാഗോറോയിലേക്ക് മടങ്ങിയത്. എന്നാൽ, ഒഴിഞ്ഞുകിടക്കുന്ന വീടുകളും നിരത്തുകളും അവരെ വല്ലാതെ സ്‍പർശിച്ചു. ആ മരവിച്ച ഏകാന്തതയിൽ നിന്നും ഗ്രാമത്തെ രക്ഷിക്കാൻ അവർ മൂന്നൂറ്റിയമ്പതോളം മനുഷ്യവലുപ്പമുള്ള പാവകളെ ഗ്രാമത്തിൽ പലയിടത്തായി ഉണ്ടാക്കിവെച്ചു.  അവിടെയുള്ള മനുഷ്യർക്കൊപ്പം അവരും അവിടെ ജീവിക്കാൻ ആരംഭിച്ചു. ഇതാണ് ജപ്പാന്റെ പാവ ഗ്രാമം.

സുകിമിയുടെ കുട്ടിക്കാലത്ത്, ഗ്രാമത്തിൽ ചെറിയ കുട്ടികളടക്കം 300 -ലധികം ആളുകൾ താമസിച്ചിരുന്നു. പഴയ ഗ്രാമവാസികളിൽ പലരും മരണപ്പെടുകയും പുതിയ തലമുറ കൂടുതൽ അവസരങ്ങൾ തേടി നഗരങ്ങളിലേക്ക് കുടിയേറുകയും ചെയ്‍തപ്പോൾ ഗ്രാമത്തിലെ ആളുകളുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായി. അച്ഛന് വയ്യാതായപ്പോഴാണ് ഒസാക്കയിൽ നിന്ന് തന്റെ ജന്മനാടായ നാഗോറോയിലേക്ക് സുകിമി മടങ്ങി എത്തിയത്. അമ്മ മരിച്ചശേഷം രോഗിയായ പിതാവിനെ പരിചരിക്കാൻ ആരുമില്ലാതായി. 2002 -ൽ വിത്തുകൾ തിന്നുന്ന പക്ഷികളെ ഓടിക്കാനായി അവർ തന്‍റെ തോട്ടത്തിൽ ഒരു കോലം ഉണ്ടാക്കി വച്ചു. അച്ഛന്റെ പഴയ വസ്ത്രമാണ് അതിനെ അവർ ധരിപ്പിച്ചിരുന്നത്. അതിലൂടെ കടന്നുപോയ ഒരു തൊഴിലാളി ഒരു നോക്കുകുത്തിയാണെന്ന് മനസിലാക്കാതെ അതിനെ നോക്കി ‘ഹലോ’ എന്ന് പറഞ്ഞപ്പോൾ സുകിമി ആദ്യം ചിരിച്ചെങ്കിലും, പിന്നീടാണ് അവർക്കൊരു ആശയം തോന്നിയത്. മുൻ ഗ്രാമവാസികളുടെ സാദൃശ്യത്തിൽ പാവകളെ ഉണ്ടാക്കി, ഒറ്റപ്പെട്ട ആ ഗ്രാമത്തിൽ അവരുടെ ഓർമ്മകൾ നിലനിർത്താൻ എന്തുകൊണ്ട് ശ്രമിച്ചുകൂടാ എന്ന് സുകിമി ആലോചിച്ചു.    

 

The valley of dolls in Nagoro

തന്റെ ഗ്രാമത്തിലെ നഷ്‍ടമായ പ്രസരിപ്പിനെ തിരികെ കൊണ്ടുവരാൻ പാവകളിലൂടെ സാധിച്ചേക്കുമെന്ന് അവർ കരുതി. മരിച്ചുപോയ ഗ്രാമവാസികളുടെ ഓർമ്മയ്ക്കായി പൂര്‍ണകായ പാവകളെ സൃഷ്‍ടിക്കാൻ തുടങ്ങി അവർ. ചില സാങ്കൽപ്പിക കഥാപാത്രങ്ങളും പാവകളായി പുനർജ്ജനിച്ചു. സുകിമി പലപ്പോഴും സംഭാഷണങ്ങളിൽ ഏർപ്പെട്ടിരുന്ന അയൽക്കാരൻ മരിച്ചപ്പോൾ, അദ്ദേഹത്തിന്റെ സാദൃശ്യത്തിൽ ഒരു പാവയുണ്ടാക്കി അദ്ദേഹം താമസിച്ചിരുന്ന സ്ഥലത്ത് കൊണ്ടുപോയി വച്ചു. അങ്ങനെ അവർ ഇരുവരും അവരുടെ (സാങ്കൽപ്പിക) സംസാരം തുടർന്നു. വീട്ടിൽ സൂക്ഷിക്കാൻ അമ്മയുടെ മനോഹരമായ സാദൃശ്യമുള്ള ഒരു പാവയെയും അവർ സൃഷ്ടിച്ചു. രണ്ട് മണിക്കൂർ അകലെയുള്ള ഒരു പട്ടണത്തിലേക്ക് ഷോപ്പിംഗിന് പോകുമ്പോൾ മുത്തശ്ശിയും പാവയുടെ രൂപത്തിൽ കാറിൽ ഇരിക്കും. ഇങ്ങനെ പാവകളെ ഉണ്ടാക്കി ഒടുവിൽ ആളുകളേക്കാൾ കൂടുതൽ പാവകളായി ആ ഗ്രാമത്തിൽ.  

മുൻപ് അനാഥമായി കിടന്നിരുന്ന കെട്ടിടങ്ങളിൽ സുകിമിയുടെ പാവകൾ താമസമാക്കി. അടഞ്ഞുകിടന്നിരുന്ന പലചരക്ക് കടയുടെ മുൻപിലും, ബസ് സ്റ്റോപ്പുകളിലും, അരുവിക്കരയിലെ ബെഞ്ചിലും ആരെയോ കാത്ത് അവർ ഇരുന്നു. നഷ്‍ടമായ സ്‍കൂൾ ജീവിതവും പാവകളിലൂടെ സുകിമി തിരിച്ചു കൊണ്ടുവന്നു. കൈകൊണ്ട് നിർമ്മിച്ച 40 പാവകളെ ക്ലാസ്സ് മുറിയിലെ ടേബിളിൽ അവർ സ്ഥാപിച്ചു. ജാപ്പനീസ് കലണ്ടറിലെ പ്രധാന ദിവസമായ “ഉൻഡോകായ്” എന്നത് ഒരു സ്കൂൾ കായിക ദിനമാണ്. ആ ദിവസം സ്കൂളിന്റെ മൈതാനത്ത് പാവകളെ നിരത്തി വിവിധ കായിക വിനോദങ്ങൾ ചെയ്യിപ്പിക്കും ആ എഴുപതുകാരി.  

The valley of dolls in Nagoro

ഒരു പാവയെ നിർമ്മിക്കാൻ ചുരുങ്ങിയത് മൂന്ന് ദിവസമെങ്കിലുമെടുക്കുമെന്ന് സുകിമി പറഞ്ഞു. പത്രങ്ങൾ, കോട്ടൺ, ബട്ടണുകൾ, ഇലാസ്റ്റിക് ഫാബ്രിക്, വയറുകൾ, പെയിന്റ്, പഴയ വസ്ത്രങ്ങൾ എന്നിവ ഉപയോഗിച്ചാണ് പാവകളെ അവർ നിർമ്മിക്കുന്നത്. സുകിമി ഈ പാവകളെ നിർമ്മിക്കുക മാത്രമല്ല അവയെ പരിപാലിക്കുകയും ആവശ്യം വരുമ്പോൾ അവയെ പുനർനിർമ്മിക്കുകയും ചെയ്യുന്നു. ഈ പാവകളെ എങ്ങനെ നിർമ്മിക്കാമെന്നും അവരുടെ മുഖത്ത് വ്യത്യസ്‍ത ഭാവങ്ങൾ എങ്ങനെ കൊണ്ടുവരാമെന്നും മനസിലാക്കാൻ താൽപ്പര്യമുള്ളവർക്ക് അവളുടെ വർക്ക് ഷോപ്പുകളിൽ പങ്കുചേരാം. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇവിടെ സംഘടിപ്പിക്കുന്ന നാഗോറോയുടെ വാർഷിക പാവകളുടെ ഉത്സവത്തിന് പിന്നിലെ പ്രധാന ശക്തി കൂടിയാണ് അവർ. ഒക്ടോബർ ആദ്യ ഞായറാഴ്ചയാണ് ഇത് നടക്കുന്നത്. ലോകത്തെ പലസ്ഥലങ്ങളിൽ നിന്നും അനേകം സഞ്ചാരികളാണ് ഈ പാവ ഉത്സവം കാണാനായി ഇവിടെ എത്തുന്നത്. എന്നാൽ, മഹാമാരി കാരണം ഈ വർഷം ഉത്സവം നടക്കുമോയെന്ന് വ്യക്തമല്ല. എന്ത് തന്നെയായാലും, ഗ്രാമത്തെ വീണ്ടും സജീവമാക്കുന്നതിനുള്ള മനോഹരമായ ഒരു മാർഗമാണ് പാവകളെന്ന് അവിടത്തുകാർ ഉറച്ച് വിശ്വസിക്കുന്നു. 

 

Follow Us:
Download App:
  • android
  • ios