ഇന്ത്യയെ കോളനിവൽക്കരിച്ച് ബ്രിട്ടൻ വലിയ സാമ്പത്തിക നേട്ടമുണ്ടാക്കിയെന്ന് പൊതുവെ പറയാറുണ്ട്. പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞനായ ഉത്സ പട്നായിക്ക് അതിനെ അടിസ്ഥാനമാക്കി നടത്തിയ ഒരു ഗവേഷണപ്രകാരം 1765 മുതൽ 1938 വരെയുള്ള കാലയളവിൽ ബ്രിട്ടൻ മൊത്തം 45 ട്രില്യൺ ഡോളർ ഇന്ത്യയിൽ നിന്ന് കവർന്നെടുത്തു എന്ന് കണ്ടെത്തിയിരുന്നു. നികുതി പിരിവിലൂടെയാണ് നമ്മുടെ പണം കൂടുതലും അവർ കൈക്കലാക്കിയിരുന്നത്. ഇത് കൂടാതെ വിലപിടിപ്പുള്ള മറ്റ് പല വസ്തുക്കളും അവർ കവർന്നു. കോഹിനൂർ രത്നത്തിന്റെ കാര്യം മാത്രമേ കൂടുതൽ പേർക്കും അറിയൂവെങ്കിലും, അത് കൂടാതെ വിലപിടിപ്പുള്ള പലതും അവർ കവർച്ച ചെയ്തു. അതിൽ ചിലത് ഇവയാണ്.

ടിപ്പു സുൽത്താന്റെ മോതിരം  

ടിപ്പു സുൽത്താൻ ബ്രിട്ടീഷുകാരുമായുള്ള യുദ്ധത്തെ തുടർന്ന് മരണപ്പെട്ട ശേഷം, അദ്ദേഹത്തിന്റെ മോതിരവും വാളും ബ്രിട്ടീഷുകാർ കൈക്കലാക്കി. 2004 -ൽ വിജയ് മല്യ 1.57 കോടി രൂപയ്ക്ക് ലേലത്തിൽ വാങ്ങിയശേഷം വാൾ ഇന്ത്യയിൽ തിരിച്ചെത്തിയെങ്കിലും ടിപ്പുവിന്റെ മോതിരം യുകെയിൽ തന്നെ തുടരുകയാണെന്നാണ് ബിബിസി റിപ്പോർട്ട്.  

സുൽത്തങ്ങഞ്ച് ബുദ്ധ

രണ്ട് മീറ്ററിലധികം ഉയരവും 500 കിലോഗ്രാമിൽ കൂടുതൽ ഭാരവുമുള്ള ഇത് അറിയപ്പെടുന്ന ഏറ്റവും വലിയ സമ്പൂർണ്ണ ഇന്ത്യൻ മെറ്റൽ ശില്പമാണ്. ഇന്ത്യൻ ശില്പികളുടെ അവിശ്വസനീയമായ കഴിവിന്റെ സാക്ഷ്യമാണിത്. 700 വർഷത്തോളം മണ്ണിനടിയിലായിരുന്നു ഇത്. 1862 -ൽ ബ്രിട്ടീഷ് റെയിൽ‌വേ എഞ്ചിനീയറായ ഇ.ബി. ഹാരിസ് റെയിൽ‌വേ നിർമ്മാണവേളയിൽ ഇത് കണ്ടെത്തിയെന്ന് ടെലഗ്രാഫ് റിപ്പോർട്ട് ചെയ്യുന്നു. ഇത് ഇപ്പോൾ ബർമിംഗ്ഹാം മ്യൂസിയത്തിൽ സൂക്ഷിച്ചിരിക്കുന്നു.

അമരാവതി മാർബിൾസ്

എഡി 100 മുതലുള്ള 120 ശില്പങ്ങളുടെയും ലിഖിതങ്ങളുടെയും അതിശയകരമായ ശേഖരമാണ് അമരാവതി റെയിലിംഗ്. 1859 -ൽ മദ്രാസിൽ നിന്ന് ബ്രിട്ടീഷുകാർ ഖനനം ചെയ്ത് എടുത്തതിന് ശേഷം അത് ഇപ്പോൾ ലണ്ടനിലെ ബ്രിട്ടീഷ് മ്യൂസിയത്തിൽ സൂക്ഷിച്ചിരിക്കുകയാണെന്ന് ദി ഹിന്ദു റിപ്പോർട്ട് ചെയ്യുന്നു.

ടിപ്പുവിന്റെ കടുവ

നല്ല വലുപ്പമുള്ള തടിയിൽ തീർത്ത കടുവ യൂറോപ്യൻ വസ്ത്രങ്ങൾ ധരിച്ച ഒരാളെ ആക്രമിക്കുന്നതാണ് ഈ ശില്പം. കടുവയ്ക്കുള്ളിൽ മറഞ്ഞിരിക്കുന്നത് ഒരു ഓർഗൻ, ഹാൻഡിൽ തിരിക്കുമ്പോൾ ശബ്ദമുണ്ടാക്കും. ടിപ്പു സുൽത്താന് ബ്രിട്ടീഷുകാരോടുള്ള കടുത്ത വിദ്വേഷം വ്യക്തമാക്കുന്നതായിരുന്നു ഇത്.   

നാസക് ഡയമണ്ട്

പതിനഞ്ചാം നൂറ്റാണ്ടിൽ ഇന്ത്യയിൽ നിന്ന് ഖനനം ചെയ്തെടുത്ത 43.38 കാരറ്റ് വജ്രമാണ് നസക് ഡയമണ്ട്. മഹാരാഷ്ട്രയിലെ നാസിക്കിനടുത്തുള്ള ത്രിംബാകേശ്വർ ശിവക്ഷേത്രത്തിൽ ശിവദേവന്റെ വിഗ്രഹത്തിന്റെ അണിയിച്ചതായിരുന്നു അത്. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി മൂന്നാം ആംഗ്ലോ-മറാത്ത യുദ്ധത്തിലൂടെ വജ്രം സ്വന്തമാക്കി. ലോകത്തിലെ ആദ്യത്തെ 24 മഹത്തായ വജ്രങ്ങളിലൊന്നായി ഇത് കണക്കാക്കപ്പെടുന്നു. പിന്നീട് അത് കൈമാറി കൈമാറി ഇപ്പോൾ ലെബനനിലെ ഒരു സ്വകാര്യ മ്യൂസിയത്തിൽ സൂക്ഷിച്ചിരിക്കുന്നു.

മഹാരാജ രഞ്ജിത് സിങ്ങിന്റെ സിംഹാസനം

മഹാരാജ രഞ്ജിത് സിങ്ങിന്റെ സിംഹാസനം ഒരു മുസ്ലീം സ്വർണ്ണപ്പണിക്കാരനായ ഹഫീസ് മുഹമ്മദ് മുൽത്താനിയാണ് നിർമ്മിച്ചത്. പ്രത്യേക അവസരങ്ങളിൽ രാജാവ് ആ സ്വർണ്ണ സിംഹാസനത്തിലാണ് ഇരിക്കാറുള്ളത്. സിംഹാസനം ഇപ്പോൾ ലണ്ടനിലെ വിക്ടോറിയ ആൻഡ് ആൽബർട്ട് മ്യൂസിയത്തിൽ സ്ഥാപിച്ചിരിക്കുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ ഇന്ത്യൻ സർക്കാർ അത് സ്വദേശത്തേക്ക് കൊണ്ടുവരാൻ ശ്രമിച്ചുവെങ്കിലും, ആ ആവശ്യം നിരസിക്കപ്പെട്ടു.   

ഷാജഹാന്റെ റോയൽ ജേഡ് വൈൻ കപ്പ്

ചൈന, ഇറാൻ, യൂറോപ്പ്, ഇന്ത്യ എന്നിവിടങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് 1657 -ൽ മുഗൾ ചക്രവർത്തി ഷാജഹാന് വേണ്ടി നിർമ്മിച്ചതാണ് ഈ കപ്പ്. മുഗൾ രാജവംശത്തിന്റെ കൊട്ടാരത്തിൽ അവശേഷിക്കുന്ന ഏറ്റവും മനോഹരമായ വസ്തുക്കളിലൊന്നാണിതെന്ന് ഇപ്പോൾ കപ്പ് സൂക്ഷിക്കുന്ന വിക്ടോറിയ ആൻഡ് ആൽബർട്ട് മ്യൂസിയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ് റിപ്പോർട്ട് ചെയ്യുന്നു.