കുറച്ച് വർഷങ്ങൾക്ക് മുമ്പ്, ഒരുകൂട്ടം യാത്രക്കാർ ഉത്തരാഖണ്ഡിലെ ബംഗപാനി മേഖലയിലേയ്ക്ക് യാത്ര പുറപ്പെട്ടു. എന്നാൽ, യാത്രാമധ്യേ അവരുടെ പ്രതീക്ഷയ്ക്ക് വിപരീതമായി അതിശക്തമായ മഴ പെയ്യാൻ തുടങ്ങി. ഉത്തരാഖണ്ഡിലെ കാലാവസ്ഥ പലപ്പോഴും പ്രവചനാതീതമാണ്. കോരിച്ചൊരിയുന്ന ആ മഴയിൽ മറ്റ് ഗ്രാമങ്ങളെ ബന്ധിപ്പിക്കുന്ന അരുവിക്കു കുറുകെയുള്ള പാലം ഒലിച്ചുപോയി. എന്നിരുന്നാലും അവർക്ക് അവരുടെ ആഗ്രഹം ഉപേക്ഷിക്കാൻ കഴിഞ്ഞില്ല. അപ്പോഴാണ് ഒരു ഗ്രാമവാസി പറയുന്നത്," നിങ്ങളെ രക്ഷിക്കാൻ ഒരാൾക്കേ കഴിയൂ. അദ്ദേഹം  വിചാരിച്ചാൽ നിങ്ങൾക്ക് മറുകര എത്താം." 'ഇതാരാപ്പാ, പാലം പോലുമില്ലാത്ത കുത്തിയൊലിച്ചുകൊണ്ടിരിയ്ക്കുന്ന വെള്ളത്തിലൂടെ മറുകര എത്തിക്കുന്നയാൾ' എന്നവർ മനസ്സിൽ വിചാരിക്കുകയും ചെയ്‌തു. അദ്ദേഹത്തിന്റെ പേര് യമരാജ് എന്നായിരുന്നു. പേരും കൂടി കേട്ടപ്പോൾ പൂർത്തിയായി. പുരാണത്തിൽ യമരാജ് മരണത്തിന്റെ ദേവനാണ്. എന്ത് ചെയ്യണമെന്നറിയാതെ അവർ ആകെ ആശയകുഴപ്പത്തിലായി. എന്നാൽ, എങ്ങനെയെങ്കിലും അദ്ദേഹത്തെ സമീപിക്കാൻ അവർ തീരുമാനിച്ചു. അദ്ദേഹത്തെ കണ്ടപ്പോൾ അവരുടെ ആശങ്കയെല്ലാം അകന്നു. വളരെ വിനീതനായ, സ്നേഹമയനായ ഒരു വ്യക്തിയായിരുന്നു അദ്ദേഹം.

രാത്രി വൈകിയതിനാൽ, അരുവി മുറിച്ചുകടക്കാൻ വിസമ്മതിച്ച അദ്ദേഹം അതിരാവിലെ തന്നെ യാത്ര ആരംഭിക്കാൻ സഹായിക്കുമെന്ന് വാഗ്ദാനം ചെയ്തു. അതുകൂടാതെ അവരെ അടുത്തുള്ള സർക്കാർ സ്കൂളിൽ കൊണ്ടുപോയി പുതപ്പും ലഘുഭക്ഷണവും ഒരുക്കിക്കൊടുക്കുകയും ചെയ്‍തു അദ്ദേഹം. വാക്ക് തന്നതുപോലെ പിറ്റേന്ന് രാവിലെ തന്നെ അദ്ദേഹം എത്തി. ആഴത്തിലുള്ള ചുഴികളും, വഴുപ്പുള്ള പാറക്കെട്ടുകളുമുള്ള നദിയിലൂടെ അദ്ദേഹം ഓരോരുത്തരെയായി തോളിൽ ചുമന്ന് മറുകര എത്തിച്ചു. അദ്ദേഹത്തിന്റെ അസാമാന്യധൈര്യം കണ്ട് അവരെല്ലാം അത്ഭുതപ്പെട്ടു പോയി. ആരും കാലുകുത്താൻ പോലും ഭയക്കുന്ന ആ ഒഴുക്കിൽ തനിയെ പോലുമല്ല, ചുമലിൽ ഒരാളെക്കൂടി ചുമന്നുകൊണ്ടാണ് അദ്ദേഹം നദി കടന്നത്. തങ്ങളെ സുരക്ഷിതമായി കരയിൽ എത്തിച്ച അദ്ദേഹത്തിന് എന്ത് നൽകിയാലും മതിയാകില്ലെന്ന് അവർക്ക് തോന്നി. അദ്ദേഹത്തിന്റെ കനിവിലും, സ്നേഹത്തിലും മനസ്സ് നിറഞ്ഞ അവർ അദ്ദേഹത്തിന് 8,000 രൂപ നൽകി. അദ്ദേഹത്തെ പോലെ ഒരാൾക്ക് ഒരു ദിവസം 8,000 രൂപ സമ്പാദിക്കുക എന്നത് ഒരു വലിയ കാര്യമാണ്. പ്രതിഫലം വാങ്ങുമ്പോൾ അദ്ദേഹത്തിന്റെ മുഖത്ത് ആ സന്തോഷം കാണാമായിരുന്നു.  

യമരാജ് എന്ന് നാട്ടുകാർ വിളിക്കുന്ന പേരാണ്. അദ്ദേഹത്തിന്റെ യഥാർത്ഥ പേര് ദിവാനി റാം എന്നാണ്. അദ്ദേഹം താമസിക്കുന്ന പ്രദേശത്തും, സമീപ പ്രദേശങ്ങളിലും എപ്പോൾ വേണമെങ്കിലും വെള്ളപ്പൊക്കമുണ്ടാകാം. മലയിൽ മഴപെയ്‍താൽ നദി കരകവിയും, അപ്പോൾ പലപ്പോഴും കരകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പാലം ഒഴുകിപ്പോകാം. ഇതുമൂലം ഗ്രാമവാസികൾക്ക് ചന്തകളിലും, സർക്കാർ ഓഫീസുകളിലും, മറ്റും പോകാൻ കഴിയാതെ വരും. ഇവിടെയാണ് 49 -കാരനായ കർഷകൻ രക്ഷക്കെത്തുന്നത്. "എന്റെ അച്ഛനപ്പൂപ്പന്മാരുടെ കാലം മുതലേ ഞങ്ങൾ ഇത് ചെയ്‍തു വരുന്നു. ഗ്രാമത്തിലുള്ളവർ, യാത്രക്കാർ, ഉദ്യോഗസ്ഥർ എന്നിവരുൾപ്പെടെയുള്ളവരെ വെള്ളപ്പൊക്ക പ്രദേശങ്ങളിൽ നദികൾ കടക്കാൻ ഞാൻ സഹായിക്കുന്നു. എനിക്ക് 14 വയസ്സുള്ളപ്പോഴാണ് ആഴം കൂടിയ ഒഴുക്കിലൂടെ എങ്ങനെ നദി മുറിച്ചു കടക്കാമെന്ന് എന്റെ അച്ഛൻ എന്നെ പഠിപ്പിക്കുന്നത്. അതിനുശേഷം ഞാൻ എല്ലാ സീസണിലും ഈ ജോലി ഞാൻ ചെയ്യുന്നു. ഇപ്പോൾ എന്റെ മകനും എന്നോടൊപ്പം വരുന്നു” റാം  പറയുന്നു.

വെള്ളത്തിലൂടെ നടക്കുമ്പോൾ ബാലൻസ് ചെയ്യേണ്ടത് വളരെ പ്രധാനമാണ് എന്നദ്ദേഹം പറയുന്നു. "നമ്മുടെ ജീവൻ മാത്രമല്ല നമ്മുടെ കൂടെയുള്ളവരുടെ ജീവന് കൂടി നമ്മൾ സമാധാനം പറയണം" റാം പറയുകയുണ്ടായി. ചിലപ്പോൾ, ശക്തമായ കാറ്റും, ഒഴുക്കുമുണ്ടാകും. അത്തരം സന്ദർഭങ്ങളിൽ നദി കടക്കുന്നത് ഒരു വെല്ലുവിളിയാണ്. ഒരിക്കൽ, ഞാൻ ഒരു സ്ത്രീയെ സഹായിക്കുകയായിരുന്നു. അവരെ ചുമന്നു നടക്കുന്നതിനിടയിൽ, പെട്ടെന്നു റാമിന്‍റെ ബാലൻസ് പോയി. രണ്ടുപേരും വീണു. അവരുടെ കുറെ സാധനങ്ങൾ വെള്ളത്തിൽ ഒലിച്ചുപോയി. എന്നിരുന്നാലും അരുവിയെക്കുറിച്ചുള്ള റാമിന്‍റെ ജാഗ്രതയും അറിവും കാരണം അവരുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞു.

റാമിന്റെ മാതൃകാപരമായ ഈ പ്രവർത്തനത്തെ അഭിനന്ദിച്ചുകൊണ്ട്, ആളുകൾ അദ്ദേഹത്തെ 2015-2019 കാലഘട്ടത്തിൽ സൈലിംഗ് ഗ്രാമത്തിലെ ഗ്രാമത്തലവനായി തെരഞ്ഞെടുക്കുകയുണ്ടായി. അദ്ദേഹം ആ സ്ഥാനത്തിരിക്കുമ്പോഴും, മറ്റുളവരെ സഹായിക്കുന്നത് തുടർന്നു. റാം ആയിരക്കണക്കിന് ആളുകളെ മറുകര എത്തിച്ചിട്ടുണ്ടെങ്കിലും, ഇന്നുവരെ ചെയ്യുന്ന ജോലിയ്ക്ക് കൂലി വാങ്ങിയിട്ടില്ല. പക്ഷേ, മനസ്സലിവുള്ള യാത്രക്കാർ ചോദിക്കാതെ തന്നെ അദ്ദേഹത്തിന് പണം നൽകാറുമുണ്ട്. ചിലർ തരാതെ പോയിട്ടുമുണ്ട്. എന്നാൽ, ആരോടും അദ്ദേഹത്തിന് പരിഭവമില്ല. ഒരു പരോപകാരമായിട്ടാണ് ഈ പ്രവൃത്തിയെ അദ്ദേഹം കാണുന്നത്. അതുകൊണ്ട് പണം കിട്ടിയാലും ഇല്ലെങ്കിലും അദ്ദേഹം ഇത് തുടരും. ജീവനെടുക്കുകയല്ല, പകരം ആളുകളുടെ ജീവൻ സംരക്ഷിക്കുകയാണ് ഈ യമരാജ് ചെയ്യുന്നത്. ഇനിയും മഴപെയ്യും, നദികൾ കരകവിയും, അപ്പോഴും യമരാജ് അവിടെയുണ്ടാകും, യാത്രക്കാരെ സുരക്ഷിതമായി നദി കടത്താൻ.

(വിവരങ്ങള്‍ക്ക് കടപ്പാട്: ബെറ്റര്‍ ഇന്ത്യ)