'സദാചാര വിരുദ്ധമെന്ന് വിളിക്കപ്പെടുന്ന പുസ്തകം യഥാര്‍ത്ഥത്തില്‍ ലോകത്തിന്റെ അപമാനങ്ങളെയാണ് അടയാളപ്പെടുത്തുന്നത്..!'
ഓസ്‌കാര്‍ വൈല്‍ഡ് 

നോബേല്‍ ജേതാവ്  അമര്‍ത്യാ സെന്നിന്റെ ഒരു പുസ്തകമുണ്ട്. The Argumentative Indian. ഇന്ത്യയുടെ ചരിത്രത്തെയും സ്വത്വത്തെയും സംബന്ധിച്ച് സംഘികള്‍ തുറന്ന മനസ്സോടെ വായിച്ചിരിക്കാന്‍ ഇടയില്ലാത്ത  സംവാദങ്ങളാണ് ആ പുസ്തകത്തിന്റെ ഉള്ളടക്കം. സംവാദങ്ങളുടെയും ബൗദ്ധികബഹുസ്വരതയുടെയും പാരമ്പര്യത്തെ ഉയര്‍ത്തിപ്പിടിക്കുന്ന ആധുനിക ഇന്തയില്‍ ഉണ്ടായിട്ടുള്ള മഹത്തായ ഗ്രന്ഥങ്ങളില്‍ ഒന്ന്. 

ഈയിടെ സെന്നിന്റെ ജീവിതത്തെയും ദര്‍ശനങ്ങളെയും സംബന്ധിച്ച് സുമന്‍ ഘോഷ് 'ആര്‍ഗുമെന്റേറ്റീവ് ഇന്ത്യന്‍'  എന്ന പേരില്‍ത്തന്നെ ഒരു ഡോകുമെന്ററി സിനിമ ചെയ്തു. പ്രശസ്തനായ ബംഗാളി ചലച്ചിത്രകാരന്‍ എന്നതിന് പുറമേ ഫ്‌ലോറിഡ അറ്റ്‌ലാന്റിക് യൂനിവേഴ്‌സിറ്റിയില്‍ സാമ്പത്തികശാസ്ത്ര പ്രഫസറും കൂടിയാണ് സുമന്‍ ഘോഷ്. സിനിമയിലും സാമ്പത്തികശാസ്ത്രത്തിലും പണ്ഡിതനാണെന്ന് സാരം. സ്വാഭാവികമായും സാമ്പത്തികശാസ്ത്രത്തില്‍ നൊബേല്‍ നേടിയ അമര്‍ത്യ സെന്നിന്റെ ധിഷണയെ ഉജ്വലമായും ആധികാരികമായും പ്രതിനിധീകരിക്കുന്നതാവും ആ സിനിമ എന്ന് നമുക്ക് ഊഹിക്കാം.

എന്നാല്‍ ആ സിനിമയ്ക്ക് സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നല്‍കിയില്ല. അതിലെ നാല് വാക്കുകള്‍ മ്യൂട്ട് ചെയ്യുകയോ ബീപ് ചെയ്യുകയോ ചെയ്താല്‍ അനുമതി തരാമെന്നാണ് ബോര്‍ഡ് ഏകാധിപതികള്‍ ഉന്നയിച്ചിരിക്കുന്ന തിട്ടൂരം. Cow, Gujarat, Hindu India, Hindutva view of India എന്നിവയാണ് ആ വാക്കുകള്‍. പശു അമ്മയും ഗുജറാത്ത് ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ വിശുദ്ധ കുരുക്ഷേത്രഭൂമിയുമാണല്ലോ. എന്നാല്‍ നാളിതുവരെ പദങ്ങള്‍ക്കു മേല്‍ ബീപ് വീഴുന്നത് തെറി വരുമ്പോഴാണ് എന്നത് കൂട്ടിച്ചേര്‍ത്ത് വായിക്കുമ്പോള്‍, പശുവിനെയും ഗുജറാത്തിനെയും സംബന്ധിച്ച സെന്‍സര്‍ ബോഡിന്റെ പരികല്‍പനയില്‍ ന്യായമുണ്ട്. ഈ ന്യായവും വെച്ച് ഡോകുമെന്ററി പുറത്തിറക്കാന്‍ പറ്റില്ലെന്നതാണ് നിലവിലെ  സ്ഥിതി. എന്തായാലും  ചിന്തകളെയും സര്‍ഗാത്മകപ്രവര്‍ത്തനങ്ങളെയും അടിച്ചമര്‍ത്താനുള്ള ഭരണകൂടയത്‌നങ്ങള്‍ ആപല്‍ക്കരമാം വിധം തുടരുക തന്നെയാണ് എന്നതിന്റെ ഒടുവിലത്തെ ദൃഷ്ടാന്തമാണ് അമര്‍ത്യ സെന്നിനെക്കുറിച്ചുള്ള ഡോക്യുമെന്ററിയുടെ നിര്‍ഭാഗ്യകരമായ അവസ്ഥ. സുമന്‍ ഘോഷിന്റെ തന്നെ വാക്കുകള്‍ ഇവിടെ ഉദ്ധരിക്കട്ടെ

'The film was my comment on India. I feel disheartened because I wanted to convey certain thoughts and they are trying  to stifle it. I have heard that these things are going on. Now I have a taste of this firsthand.'

'ഉട്താ പഞ്ചാബ്'

അല്‍പ്പം മുന്‍പ് 'പുലയന്‍'  എന്ന പദം ഉപയോഗിച്ചിടത്തെല്ലാം കത്രിക വെക്കണമെന്ന സെന്‍സര്‍ ബോര്‍ഡ് തീരുമാനത്തില്‍ പ്രതിഷേധവുമായി 'കമ്മട്ടിപ്പാട'ത്തിന്റെ സംവിധായകന്‍ രാജീവ് രവി മുന്നോട്ട് വന്നിരുന്നു. അതിനു ശേഷമാണ് സംഘപരിവാര്‍ കൂട്ടുകെട്ട് ഭരിച്ചിരുന്ന പഞ്ചാബിലെ അത്രമേല്‍ അസാധാരണമായ ലഹരി ഉപയോഗവും, അതിനാല്‍ നശിക്കുന്ന യുവതയും പ്രമേയമാക്കി അനുരാപ് കശ്യപ് ഒരുക്കുന്ന 'ഉട്താ പഞ്ചാബ്'  എന്ന സിനിമയുടെ 89 സീനുകള്‍ കത്രിക വയ്ക്കണം എന്ന വാക്കാല്‍ നിര്‍ദേശവുമായി പെഹ്‌ലാജ് നിഹലാനി എന്ന സെന്‍സര്‍ ബോര്‍ഡ് അധ്യക്ഷന്‍ മുന്നോട്ട് വന്നത്. അനിതരസാധാരണമായ നീതിബോധമുള്ള, ആവിഷ്‌ക്കാര സ്വാതന്ത്ര്യമില്ലായ്മ സകല സര്‍ഗ്ഗാത്മക പ്രവര്‍ത്തനങ്ങളെയും ഇല്ലായ്മ ചെയ്യും എന്ന് മനസ്സിലാക്കിയ മഹാരാഷ്ട്ര ഹൈക്കോടതി സെന്‍സര്‍ ബോര്‍ഡിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ നാണക്കേട് സമ്മാനിച്ചുകൊണ്ട്, ആ സമയത്ത് ഒരേയൊരു സീന്‍ മാത്രം എഡിറ്റ് ചെയ്യുവാന്‍ നിര്‍ദ്ദേശിച്ചുകൊണ്ട്, മാറ്റങ്ങള്‍ ഒന്നുമില്ലാതെ 'ഉട്താ പഞ്ചാബ്' എന്ന  സിനിമയ്ക്ക് പ്രദര്‍ശനാനുമതി നല്‍കാന്‍ ഉത്തരവിട്ടത്.

കത്രിക വയ്ക്കലിന്റെ രാഷ്ട്രീയം.
ഉട്താ പഞ്ചാബ് സിനിമയുടെ കാര്യത്തില്‍, യഥാര്‍ത്ഥത്തില്‍, നിയമാനുസൃതമായി ഒരു സിനിമ സെന്‍സര്‍ ചെയ്യാന്‍ ബോര്‍ഡിനു മുന്നില്‍ സമര്‍പ്പിക്കപ്പെടുകയും, സ്വാഭാവികമായി ബോര്‍ഡ് അതിലെ 89 സീനുകള്‍ മുറിച്ചുമാറ്റാന്‍ ആവശ്യപ്പെടുകയും അല്ല ഉണ്ടായത്. പഞ്ചാബില്‍ ഇക്കഴിഞ്ഞ  ഇലക്ഷന്‍ വരാനിരിക്കുന്നതിനു മുന്നോടിയായുള്ള രാഷ്ട്രീയ നീക്കത്തിന്റെ ഭാഗം കൂടിയായിരുന്നു സെന്‍സര്‍ ബോര്‍ഡിന്റെ ആ നാണംകെട്ട രാഷ്ട്രീയക്കളി.   ബി ജെ പി -ശിരോമണി അകാലിദള്‍ സഖ്യമായിരുന്നു ആ സമയത്ത് പഞ്ചാബ് ഭരിക്കുന്നത്. ആ സമയത്ത് ഇലക്ഷന് മുമ്പ് തന്നെ നില പരുങ്ങലിലായ ആ സഖ്യത്തിന് ഭരണകൂടത്തിന്റെ കൊള്ളരുതായ്മകള്‍ വിളിച്ചു പറയുന്ന, അനുരാപ് കശ്യപിന്റെ ഈ സിനിമ പ്രയാസങ്ങളുണ്ടാക്കുമായിരുന്നു. അതിനാല്‍ ആ നീക്കത്തെ സെന്‍സര്‍ ബോര്‍ഡിനെ ഉപയോഗിച്ച് തടയുക എന്നതായിരുന്നു ഇതിന്റെ പിന്നിലെ കുടില രാഷ്ട്രീയം. പക്ഷേ അത്, ദയനീയമായി പാളിപ്പോവുകയാണ് ഹൈക്കോടതി വിധിയോടുകൂടി ഉണ്ടായത്. തിരഞ്ഞെടുപ്പിലാവട്ടെ സംഘപരിവാര്‍ സഖ്യം ദയനീയമായി പരാജയപ്പെടുകയും ചെയ്തു.

സെന്‍സര്‍ ബോര്‍ഡ്; അധികാര പരിധികള്‍
1952 ലെ സിനിമോട്ടോഗ്രാഫി നിയമപ്രകാരം രൂപീകൃതമായ Cetnral Board of Film Certification (CBFC) നെയാണ് നാം സെന്‍സര്‍ ബോര്‍ഡ് എന്ന് വിളിക്കുന്നത്. കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള Minitsry of Information and Broadcasting ന്റെ പരിധിയില്‍ പ്രവര്‍ത്തിക്കുന്ന നിയമപരമായ സ്ഥാപനമാണിത്. Regulating the public exhibition of films under the provisions of the Cinematographic Act 1952 എന്നതാണ് ഇതിന്റെ പ്രവര്‍ത്തനോദേശം. നാല് തരത്തിലാണ് സെന്‍സര്‍ ബോര്‍ഡ് സിനിമകളെ സര്‍ട്ടിഫൈ ചെയ്യുന്നത്. 

1) U (Unretsricted Public Exhibition)
യാതൊരു വിധത്തിലുള്ള നിയന്ത്രണങ്ങളും ഇല്ലാതെ പരസ്യമായി പ്രദര്‍ശിപ്പിക്കുവാനുള്ള അനുമതി.
2) U/A (Parental Guidance for children below the age of 12 years)
പൊതുവായ പ്രദര്‍ശനാനുമതി; ചില രംഗങ്ങള്‍ മാതാപിതാക്കളുടെ ഗൈടന്‌സോടുകൂടി കുഞ്ഞുങ്ങള്‍ക്കും കാണാവുന്നത്. 
3) A (Retsricted to adults)
നിയമപരമായി പ്രായപൂര്‍ത്തിയായവര്‍ക്ക് മാത്രം കാണുവാന്‍ പ്രദര്‍ശനാനുമതിയുള്ള സിനിമ. 
4) S (Retsricted to any special class of persons)
ചില പ്രത്യേക തൊഴില്‍ മേഖലകളിലോ, ശാസ്ത്ര മേഖലകളിലോ ഉള്ള വ്യക്തികള്‍ക്ക് മാത്രം കാണുവാനുള്ള സിനിമകള്‍. 

25 അംഗങ്ങളും, അവരിലൊരാള്‍ ചെയര്‍പെഴ്‌സനും ആകുന്നതാണ് സെന്‍സര്‍ ബോര്‍ഡിന്റെ ഭരണസമിതി. ഇന്ത്യന്‍ ഭരണഘടന  പൗരനു ഉറപ്പു നല്‍കുന്ന മൗലികാവകാശങ്ങളോ, ആവിഷ്‌ക്കാര സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട ഏതെങ്കിലും അവകാശങ്ങളോ ഹനിക്കുവാനോ, അതില്‍ കൈകടത്തുവാനോ  സെന്‍സര്‍ ബോര്‍ഡിനു യാതൊരു അധികാരമോ, നിയമപരമായ അവകാശമോ ഇല്ല. Cinematographic Act 1952 ലെ നിബന്ധനകള്‍ പാലിക്കുന്നതാണോ സിനിമ, ഇല്ലെങ്കില്‍ ഏതൊക്കെ രംഗങ്ങളാണ് അവയെ ലംഘിക്കുന്നത് എന്ന് പരിശോധിക്കുകയും, അത്തരം രംഗങ്ങള്‍ നീക്കം ചെയ്യാന്‍ ആവ്ഷയപ്പെടുകയും ചെയ്യുന്നത് മാത്രമാണ് ബോര്‍ഡിന്റെ ജോലി. 1983 ലാണ് അവസാനമായി ഇതിന്റെ നിയമാവലികള്‍ പുതുക്കിയത്.

തനിയാവര്‍ത്തനം

കഴിഞ്ഞ ബുധനാഴ്ചയാണ് സെന്‍സര്‍ ബോര്‍ഡ് ഡോക്യുമെന്ററിക്ക് പ്രദര്‍ശനാനുമതി നിഷേധിച്ചത്.  സാമ്പത്തിക ശാസ്ത്രജ്ഞനായ സുമന്‍ ഘോഷ് 15 വര്‍ഷംകൊണ്ടാണു സെന്നിനെക്കുറിച്ചുള്ള ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള സിനിമ പൂര്‍ത്തിയാക്കിയത്. ചിത്രത്തില്‍ സാമ്പത്തിക ശാസ്ത്രജ്ഞന്‍ കൗശിക് ബസുവുമായി സെന്‍ നടത്തുന്ന സംഭാഷണത്തിനിടെയാണു പശുവും,ഗുജറാത്തുമൊക്കെ കടന്നുവരുന്നത്. നിര്‍ദേശിച്ചപ്രകാരം പദങ്ങള്‍ ഒഴിവാക്കിയാല്‍ ചിത്രത്തിന് യു-എ സര്‍ട്ടിഫിക്കറ്റ് നല്‍കാമെന്നാണു ബോര്‍ഡ് ഔദാര്യമായി  വ്യക്തമാക്കിയത്. .

മുന്‍പ് 'ഉട്താ പഞ്ചാബ്' വിഷയത്തില്‍ നടന്നതെല്ലാം സെന്‍സര്‍ ബോര്‍ഡിന്റെ നിയമങ്ങളോ, നിബന്ധനകളോ ആയി യാതൊരുവിധ  ബന്ധവുമില്ലാത്ത രാഷ്ട്രീയ അസംബന്ധങ്ങളായിരുന്നു. അതിന്റെ തനിയാവര്‍ത്തനം തന്നെയാണ് സുമന്‍ഘോഷും, അമര്‍ത്യാ സെന്നും ഇന്നിപ്പോള്‍ അനുഭവിക്കുന്നത്. അന്ന് സിനിമ സമര്‍പ്പിക്കപ്പെട്ടു ആഴ്ചകള്‍ കഴിഞ്ഞിട്ടും, മറുപടിയില്ലാത്തപ്പോള്‍ അനുരാ്ഗ കശ്യപ് നേരിട്ട് സമീപിച്ചപ്പോഴാണ് പഹലാജ് നിഹലാനി 89 ഇടങ്ങളില്‍ കത്രിക വയ്‌ക്കേണ്ടതായി വാക്കാല്‍ പറഞ്ഞത്. മോദിയെ വാഴ്ത്തുന്ന ഹ്രസ്വ ചിത്രങ്ങള്‍ സംവിധാനം ചെയ്ത നിഹലാനി 2015 ജനുവരിയിലാണ് സെന്‍സര്‍ ബോര്‍ഡ് അധ്യക്ഷനാകുന്നത്. ഉട്താ പഞ്ചാബ് സിനിമയോട് ചെയ്ത നീതികേടുകളെ അദ്ദേഹം  രാഷ്ട്രീയപരമായ ബദല്‍ പ്രസ്താവനകളിറക്കി ന്യായീകരിക്കാന്‍ ശ്രമിക്കുകയാണ് ചെയ്തത്. കശ്യപ ആം ആദ്മി പാര്‍ട്ടിയില്‍ നിന്നും പണം വാങ്ങി പഞ്ചാബിനെ അപകീര്‍ത്തിപ്പെടുത്താനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 

പഞ്ചാബിനെ മയക്കുമരുന്ന് പ്രചരിക്കുന്ന ഇടമായി ചിത്രീകരിച്ചെന്ന് ആരോപിച്ചും മയക്കുമരുന്നിനെ പ്രകീര്‍ത്തിക്കുന്നുവെന്ന് കാണിച്ചുമാണ് സെന്‍സര്‍ ബോര്‍ഡ് ചിത്രത്തില്‍ കത്രിക വെച്ചത് എന്നതായിരുന്നു അദ്ദേഹത്തിന്റെ ന്യായങ്ങള്‍. സിനിമയുടെ ടൈറ്റിലില്‍ നിന്ന് പഞ്ചാബ് എന്ന പേര് മാറ്റണമെന്നുപോലും,  സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെട്ടു. 

യഥാര്‍ത്ഥത്തില്‍ ഇന്ത്യയെന്ന നിരവധി, സാമൂഹ്യ , രാഷ്ട്രീയ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്ന ഒരു രാജ്യത്ത് സത്യസന്ധമായി കലയെ സമീപിക്കുന്ന ഒരു ചലച്ചിത്രകാരന് രാജ്യത്തെ മയക്കുമരുന്ന്  മാഫിയയെ കണ്ടില്ലെന്നു നടിക്കാനാവില്ല. ആധുനിക ഇന്ത്യയില്‍ നോട്ട് നിരോധനം കൊണ്ട് സാമ്പത്തികമായി, അടിയന്തിരാവസ്ഥ നിലനില്‍ക്കുന്ന രാജ്യത്ത്, പശു രാഷ്ട്രീയവും, കശാപ്പു രാഷ്ട്രീയവും രാഷ്ട്രീയ ഉന്മൂലന വിഷയങ്ങളായി നിലനില്‍ക്കുകയും ചെയ്യുന്ന സമയത്ത് കലാകാരന്മാര്‍ അത് പറയാതിരിക്കില്ല. ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തെയും, ഭരണഘടനാവകാശങ്ങളെയും മാനിക്കുന്ന ഒരു അതോറിറ്റിയല്ല സെന്‍സര്‍ ബോര്‍ഡെങ്കില്‍ ആ സംവിധാനത്തിന് പിന്നെത് പ്രസക്തിയുണ്ടെന്ന് മനസ്സിലാകുന്നില്ല.     

ഏറ്റവും കൂടുതല്‍ മയക്കുമരുന്ന് ഉപഭോഗം നടക്കുന്ന പഞ്ചാബിനെക്കുറിച്ച് സിനിമയെടുക്കുമ്പോള്‍, സിനിമയില്‍ ഒരിടത്തും പഞ്ചാബ് എന്ന പേരുപയോഗിക്കരുത് എന്നും, പിന്നാലെ തിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ ചിത്രത്തില്‍ എവിടെയും രാഷ്ട്രീയം പറയരുത്, അന്നാട്ടിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങളെയോ, നേതാക്കളെയോ സൂചിപ്പിക്കുകപോലും ചെയ്യരുത് തുടങ്ങിയ തിട്ടൂരങ്ങ്‌ളാണ് അത്രമേല്‍ ബാലിശമായ രൂപത്തില്‍ നിഹലാനിയില്‍ നിന്ന് പുറത്തേക്ക് വന്നത്. ഇന്നിപ്പോള്‍ പശു രാഷ്ട്രീയവും, തീവ്ര ഹൈന്ദവതയും ഈ മഹാരാജ്യത്തിന് മുന്നില്‍ ഫാഷിസ്റ്റ് സമസ്യകളായി നിലനില്‍ക്കുമ്പോള്‍ സെന്‍സര്‍ ബോര്‍ഡ് അതിന്റെ രാഷ്ട്രീയ അടിമത്തം ആവര്‍ത്തിച്ചു തെളിയിക്കുകയാണ്.   

എന്തായാലും  സെന്‍സര്‍ ബോര്‍ഡ് നയങ്ങളില്‍ മാറ്റങ്ങള്‍ കൊണ്ടുവരുമെന്ന കേന്ദ്ര മന്ത്രി അരുണ്‍ ജെറ്റ്‌ലിയുടെ ആ സമയത്തെ പ്രഖ്യാപനം രാജ്യത്തെ ചലച്ചിത്രകാരന്മാരും, പ്രേക്ഷകരും, പ്രതീക്ഷകളോടെയാണ് നോക്കിക്കണ്ടിരുന്നത്. ഫിലിം സര്‍ട്ടിഫിക്കേഷന്‍ വ്യവസ്ഥകള്‍ ഉദാരമാക്കേണ്ടതിന്റെ ആവശ്യകതയിലൂന്നുന്ന ശ്യാം ബെനഗല്‍  കമ്മിറ്റി റിപ്പോര്‍ട്ട് പഠിച്ചു വേണ്ടത്ര മാറ്റങ്ങള്‍ കൊണ്ട് വരികയും വ്യവസ്ഥകള്‍ ഉദാരമാക്കുകയും ചെയ്യും എന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം. എന്നാല്‍ ഇന്നിപ്പോള്‍ അമര്‍ത്യാ സെന്‍ ഡോക്യുമെന്ററിയും സമാന തിക്താനുഭവങ്ങള്‍കൊണ്ട് തിരസ്‌ക്കരിക്കപ്പെടുമ്പോള്‍ ജൈറ്റ്‌ലിയുടെ വാക്കുകള്‍ക്കു പുല്ലുവിലയാണ് ഫലത്തില്‍ കാണുന്നത്.  

എന്തായാലും,  ഭക്തന്മാരെയും, ദാസന്മാരെയും കൊണ്ട് കുത്തിനിറച്ച ഇന്ത്യയിലെ ഭരണഘടനാ സ്ഥാപനങ്ങള്‍, അക്കാദമിക് ഇടങ്ങള്‍, നിയമ സ്ഥാപനങ്ങള്‍ തുടങ്ങിയവയില്‍ നിന്ന് സംഘപരിവാര്‍ രാഷ്ട്രീയത്തിന് അനുകൂലമായ തീരുമാനങ്ങള്‍ മാത്രം വരികയും, അതെല്ലാം പൗരന്റെ ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തെപ്പോലും ഹനിക്കുകയും ചെയ്യുന്നത് രാജ്യത്തിന്റെ കറുത്ത നാളുകളായിത്തന്നെ ചരിത്രത്തില്‍ അടയാളപ്പെടുത്തപ്പെടും. ഇത്തരം ആസുര നാളുകളിലും, ജുഡീഷ്യറി നീതിപക്ഷത്തും, പൗരാവകാശ പക്ഷത്തും നിലപാടുകള്‍ എടുക്കുന്നു എന്നതാണ് ഏക ആശ്വാസം. ഉട്താ പഞ്ചാബ് സിനിമയുടെ കാര്യത്തില്‍ ബോംബെ ഹൈക്കോടതി ഇടപെട്ടത് പോലെ, സുമന്‍ ഘോഷിന്റെ അമര്‍ത്യാ സെന്‍ ഡോക്യുമെന്ററിയിലും അത് ആവര്‍ത്തിക്കപ്പെടുമെന്നു പ്രത്യാശിക്കാം.