തമിഴ് നാട്ടിലെ ഒരു മിഷണറി ഹോമില്‍ വളരെ മോശം അവസ്ഥയില്‍ കഴിയുകയായിരുന്നു 50 പെണ്‍കുട്ടികള്‍. ലൈംഗിക പീഡനങ്ങളുള്‍പ്പടെ പല ക്രൂരതകളും അവര്‍ക്ക് അവിടെ നിന്നും അനുഭവിക്കേണ്ടി വന്നിരുന്നു. അവിടെ നിന്നും അവരെ രക്ഷിച്ചതിന് നന്ദി പറയേണ്ടത് ഈ ഐ.എ.എസ് ഓഫീസറോടാണ്. 

തിരുവണ്ണാമലൈ ജില്ലാ കളക്ടറായ കെ.എസ്. കന്ദസാമിയാണ് പെണ്‍കുട്ടികളെ അവിടെ നിന്നും രക്ഷിച്ചത്. ഗവണ്‍മെന്‍റിന്‍റെ നിയമങ്ങള്‍ തെറ്റിച്ചുകൊണ്ടാണ് സ്ഥാപനം പ്രവര്‍ത്തിച്ചിരുന്നത്. സ്ഥാപനത്തിലെ കുട്ടികളുടെ അവസ്ഥ തന്നെ ഞെട്ടിച്ചുവെന്നാണ് കന്ദസാമി പറയുന്നത്. 

വളരെ മോശം അവസ്ഥയിലാണ് കുട്ടികളെ താമസിപ്പിച്ചിരുന്നത്. അഞ്ചിനും 22 -നും ഇടയില്‍ പ്രായമുള്ള 50 പെണ്‍കുട്ടികളാണിവിടെ ഉണ്ടായിരുന്നത്. അവരെ ശ്രദ്ധിക്കാനുണ്ടായിരുന്നത് ഒരു പുരുഷനായ സെക്യൂരിറ്റി ഗാര്‍ഡും. 65 വയസുള്ള ലുബന്‍ കുമാര്‍ ആയിരുന്നു സ്ഥാപനത്തിന്‍റെ ഡയറക്ടര്‍. അതേ കെട്ടിടത്തില്‍ തന്നെയായിരുന്നു കുടുംബത്തോടൊപ്പം ഇയാളും താമസിച്ചിരുന്നത്. സ്ഥാപനത്തിന് യാതൊരുവിധ സുരക്ഷയോ, സ്വകാര്യതയോ ഉണ്ടായിരുന്നില്ല. 

ബാത്ത് റൂമില്‍ വാതിലുകളില്ലായിരുന്നു. വസ്ത്രം മാറുന്നതിനോ ഒന്നും യാതൊരു വിധ സ്വകാര്യതകളുമില്ലായിരുന്നു. അതുകൂടി കണ്ടതോടെ കന്ദസാമിക്ക് അപകടം മണത്തു. പെട്ടെന്ന് തന്നെ ആക്ഷനെടുക്കാനാവശ്യപ്പെടുകയായിരുന്നു. 

ലുബന്‍ കുമാര്‍ പെണ്‍കുട്ടികള്‍ കുളിക്കുന്ന കുളിമുറിയുടെ വാതിലുകള്‍ നിര്‍ബന്ധപൂര്‍വം എടുത്തുമാറ്റുകയായിരുന്നു. അയാളുടെ മുറി കുളിമുറികളോട് ചേര്‍ന്നായിരുന്നു. പെണ്‍കുട്ടികള്‍ കുളിക്കുന്നത് കാണാനായി അയാള്‍ ഒരു ജനലും തുറന്നു വയ്ക്കുമായിരുന്നു. പെണ്‍കുട്ടികള്‍ വസ്ത്രം മാറുന്ന ഇടങ്ങളില്‍ സിസിടിവിയും സ്ഥാപിച്ചിരുന്നു. ദൃശ്യങ്ങള്‍ അയാള്‍ക്ക് മുറിയില്‍ നിന്നും കാണാമായിരുന്നു. 

ഒരു പെണ്‍കുട്ടി ധൈര്യം സംഭരിച്ച് ഈ പീഡനങ്ങളെ കുറിച്ച് ലുബന്‍ കുമാറിന്‍റെ ഭാര്യയോട് പറഞ്ഞുവെങ്കിലും അവര്‍ ചെയ്തത് സഹോദരനെ വിട്ട് പെണ്‍കുട്ടികളെ ഉപദ്രവിക്കുകയായിരുന്നു. മിണ്ടില്ലെന്ന് സത്യം ചെയ്യിപ്പിച്ചാണ് ഉപദ്രവം നിര്‍ത്തിയത്. 

ഇതൊക്കെ കേട്ട കന്ദസാമി പെണ്‍കുട്ടികളെ ഒരു ഗവണ്‍മെന്‍റ് കേന്ദ്രത്തിലാക്കി. സുരക്ഷിതമായ ഒരിടത്തെത്തിയതോടെ എല്ലാം തുറന്നു പറയാനും അവര്‍ തയ്യാറായി. രാത്രിയില്‍ ലുബന്‍ കുമാര്‍ തന്‍റേ ദേഹം മസ്സാജ് ചെയ്യിപ്പിക്കാനായി മുറിയിലേക്ക് വിളിപ്പിക്കാറുമുണ്ട് എന്നും ഇവര്‍ പറയുന്നു.

കളക്ടര്‍ പെട്ടെന്ന് തന്നെ ലുബന്‍ കുമാറിനും ഭാര്യക്കും സഹോദരനുമെതിരെ പോക്സോ ആക്ട് പ്രകാരം പരാതി നല്‍കി. മിഷണറി ഹോം പൂട്ടുകയും ചെയ്തു. 

ഈ ആഴ്ചയാണ് 17 വയസുള്ള വിദ്യ എന്ന പെണ്‍കുട്ടിയെ കന്ദസാമി ബാലവിവാഹത്തില്‍ നിന്നും രക്ഷിച്ചത്. 25 വയസ് പ്രായമുള്ള ഒരു ടൈലറെ കൊണ്ട് തന്നെ വിവാഹം കഴിപ്പിക്കാന്‍ വീട്ടുകാര്‍ ഒരുങ്ങുകയാണ്. പക്ഷെ, തനിക്ക് പഠിക്കണം എന്ന് പറഞ്ഞുകൊണ്ടാണ് പെണ്‍കുട്ടി കളക്ടറോട് സഹായം അഭ്യര്‍ത്ഥിച്ചത്. 

കളക്ടര്‍ ആ വിവാഹം ഒഴിവാക്കുക മാത്രമല്ല. വിദ്യയെ തുടര്‍ന്നും പഠിപ്പിക്കാമെന്ന് അമ്മയെ കൊണ്ട് സമ്മതിപ്പിക്കുകയും ചെയ്തു. മാത്രമല്ല. അവളുടെ നഴ്സിങ് ബിരുദത്തിനായി മൂന്നു ലക്ഷം രൂപ നല്‍കാമെന്നും കന്ദസാമി അറിയിച്ചിട്ടുണ്ട്.