ഒരു കുട്ടിക്ക് വേണ്ടി മാത്രം പ്രവർത്തിക്കുന്ന ഒരു ക്ലാസ് ചിലപ്പോള്‍ ഉണ്ടായേക്കാം. എന്നാൽ, ഒരു സ്കൂൾ ഉണ്ടാകുമോ? ഇല്ലെന്നാണുത്തരമെങ്കില്‍ തെറ്റി. അങ്ങനെ ഒരു സ്‍‍കൂള്‍ പ്രവർത്തിക്കുന്നുണ്ട്. ബീഹാറിലാണ് ഒരു കുട്ടിക്ക് വേണ്ടി മാത്രമായി ഒരു സ്‍കൂള്‍ തന്നെ പ്രവർത്തിക്കുന്നത്. രാജ്യത്ത് പലയിടത്തും സർക്കാർ സ്‍കൂളുകളില്‍ വേണ്ടത്ര അധ്യാപകരെ കിട്ടാനില്ലാത്ത അവസ്ഥയാണ്. എന്നാൽ, ബീഹാറിലെ ഗയയിലെ ഒരു ഗ്രാമത്തിൽ ഒരു വിദ്യാർത്ഥിയും അവരെ പഠിപ്പിക്കാൻ ഒരു അധ്യാപികയുമുള്ള ഒരു സർക്കാർ സ്‍കൂളുമുണ്ട്. അവർക്ക് പുറമെ  ഉച്ചഭക്ഷണം തയ്യാറാക്കുന്ന ഒരു പാചകക്കാരനുമുണ്ട് അവിടെ.

നാല് ക്ലാസ് മുറികളും ഒരു അടുക്കളയും ഉള്ള ഒരു നില കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്. അതിൽ പഠിക്കുന്ന ഒന്നാം ക്ലാസ്സ് വിദ്യാർത്ഥിയുടെ വിദ്യാഭ്യാസത്തിനായി പ്രതിമാസം 59,000 രൂപയാണ് ചെലവാകുന്നതെന്ന് അധികൃതർ പറഞ്ഞു. ആ വിദ്യാർത്ഥിക്കായി ഭക്ഷണം പാകം ചെയ്യുന്ന സ്‍കൂളിലെ പാചകക്കാരന് 1,500 രൂപയും പ്രതിമാസം നൽകുന്നു.

മതിയായ അടിസ്ഥാന സൗകര്യങ്ങളുള്ള ഈ സ്കൂൾ 1972 മുതലാണ് പ്രവർത്തനമാരംഭിച്ചത്. ഇത്രയൊക്കെ സൗകര്യം ഉണ്ടായിട്ടും പക്ഷേ ഇവിടെ പഠിക്കാൻ ആവശ്യത്തിന് കുട്ടികളെ കിട്ടാത്ത അവസ്ഥയാണ്. മിക്കവരും തങ്ങളുടെ കുട്ടികളെ സ്വകാര്യ സ്‍കൂളുകളിലേക്കാണ് അയക്കുന്നത്. കുട്ടികളെ സ്വകാര്യ സ്‍കൂളുകളിലേക്ക് അയക്കുന്നതിലാണ് സ്‌കൂളിൽ കുട്ടികൾ കുറയുന്നതെന്ന് ഗ്രാമത്തലവൻ ധർമ്മരാജ് പാസ്വാൻ പറഞ്ഞു. “ഒരുപാട് സ്വകാര്യ സ്‍കൂളുകൾ ഉള്ളതുകൊണ്ടുതന്നെ കുട്ടികളെ അവിടേക്ക് വിടാനാണ് ആളുകൾ ആഗ്രഹിക്കുന്നത്. അവിടെ കുറച്ചുകൂടി നല്ല വിദ്യാഭ്യാസം ലഭിക്കും എന്നവർ വിചാരിക്കുന്നു. അതുകൊണ്ട് തന്നെ അവരുടെ കുട്ടികളെ നമ്മുടെ പ്രൈമറി സ്‍കൂളിലേക്ക് അയക്കാൻ അവർ മടിക്കുന്നു.” അദ്ദേഹം പറഞ്ഞു.

"വിദ്യാർത്ഥികൾക്കായി ഉച്ചഭക്ഷണം തയ്യാറാക്കാനുള്ള സൗകര്യം ഈ സ്കൂളിലുണ്ട്, എന്നാൽ, ഇപ്പോൾ ജാൻവിക്ക് മാത്രമാണ് ഭക്ഷണം ഉണ്ടാക്കുന്നത്. സ്‍കൂളില്‍ ഭക്ഷണം തയ്യാറാക്കാൻ കഴിയാത്ത ദിവസങ്ങളിൽ, അവൾക്കായി അടുത്തുള്ള ഒരു ഹോട്ടലിൽനിന്ന് ഭക്ഷണം വാങ്ങുന്നു." പ്രിൻസിപ്പൽ സത്യേന്ദ്ര പ്രസാദ് പറഞ്ഞു. ഒൻപത് വിദ്യാർത്ഥികളെ സ്‍കൂളുകളില്‍ ചേർത്തിട്ടുണ്ടെങ്കിലും ഒരാൾ മാത്രമാണ് ക്ലാസ്സിൽ കൃത്യമായി വരുന്നത്. 

നിരവധി സ്വകാര്യ സ്‍കൂളുകള്‍ പ്രദേശത്ത് പ്രവർത്തിക്കുന്നുണ്ട്. മൻസബിഗയിൽ പതിനഞ്ചോളം പാസ്വാൻ കുടുംബങ്ങളും നാല്‍പ്പതിലധികം ഉയർന്ന ജാതി കുടുംബങ്ങളുമുണ്ട്. 98 ശതമാനത്തിലധികം കുട്ടികളെയും അവരുടെ മാതാപിതാക്കൾ അയക്കുന്നത് ഇത്തരം സ്വകാര്യ സ്‍കൂളുകളിലേക്കാണ്. 

ഒരാൾക്ക് വേണ്ടിയാണെങ്കിലും ഞങ്ങൾ എന്നും സ്‍കൂളില്‍ എത്തുമെന്ന് അധ്യാപിക പ്രിയങ്ക പറഞ്ഞു. പഠിക്കാനായി ജാൻവി കാണിക്കുന്ന താല്പര്യം ഞങ്ങളെ സന്തോഷിപ്പിക്കുന്നുവെന്നും, അവൾ ഞങ്ങൾക്ക് വളരെ പ്രിയപ്പെട്ടവളാണെന്നുകൂടി പ്രിയങ്ക പറഞ്ഞു. വിദ്യാഭ്യാസത്തോടുള്ള അവളുടെ താത്പര്യം ഞങ്ങളുടെ മനോവീര്യം വർദ്ധിപ്പിക്കുന്നവെന്നും അവർ കൂട്ടിച്ചേർത്തു.