കൊല്ലുകുടിപ്പെട്ടിയിലെ വനം വകുപ്പ് ജീവനക്കാരനായ വീരയ്യ പറയുന്നു, 'എനിക്കിപ്പോള്‍ 47 വയസായി. ഇത്രയും വര്‍ഷങ്ങളില്‍ ഒരിക്കല്‍ പോലും, ഒരാളു പോലും ഇവിടെ പടക്കം പൊട്ടിക്കുന്നത് കണ്ടിട്ടില്ല. ' 

കൊല്ലുകുടിപ്പെട്ടി: കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ ഇന്ത്യ ദീപാവലിയുടെ ബഹളങ്ങളിലേക്കാഴും. മധുരവും, ദീപവും, പടക്കവും കൊണ്ട് ആഘോഷമാണ് പിന്നെ. പക്ഷെ, തമിഴ് നാട്ടിലെ ശിവഗംഗ ജില്ലയിലെ കൊല്ലുകുടിപെട്ടി, സിംഗപുനാരി എന്നീ രണ്ട് പട്ടണങ്ങളില്‍ ദീപാവലി നാളുകളില്‍ പടക്കം പൊട്ടിക്കില്ല. അതിനുള്ള കാരണമാകട്ടെ ഒരുകൂട്ടം മനുഷ്യര്‍ക്ക് മറ്റ് ജീവികളോടുള്ള കരുണയും.

ശൈത്യകാലങ്ങളില്‍ അവിടേക്കെത്തിച്ചേരുന്ന പക്ഷികളെ ഭയപ്പെടുത്താതിരിക്കാനാണ് ആ നാട്ടുകാര്‍ ദീപാവലിക്ക് പടക്കം പൊട്ടിക്കുന്നത് നിര്‍ത്തിയത്. ഇന്നത് ഒരു ആചാരം പോലെയായിരിക്കുന്നു. ഒരു പടക്കം പോലും ദീപാവലി ആഘോഷിക്കാന്‍ അവര്‍ വാങ്ങില്ല. 

കൊല്ലുകുടിപ്പെട്ടിയിലെ വനം വകുപ്പ് ജീവനക്കാരനായ വീരയ്യ 'ദ ഹിന്ദു'വിനോട് പറയുന്നു, 'എനിക്കിപ്പോള്‍ 47 വയസായി. ഇത്രയും വര്‍ഷങ്ങളില്‍ ഒരിക്കല്‍ പോലും, ഒരാളു പോലും ഇവിടെ പടക്കം പൊട്ടിക്കുന്നത് കണ്ടിട്ടില്ല. '

ശിവഗംഗയിലെ ജില്ലാ ഫോറസ്റ്റ് ഓഫീസര്‍ പറയുന്നു, നിരവധി ദേശാടന പക്ഷികള്‍ ശൈത്യകാലത്ത് ദക്ഷിണേന്ത്യയിലേക്ക് വരും. പടക്കം പൊട്ടിക്കുന്ന ശബ്ദം മനുഷ്യര്‍ക്ക് തന്നെ സഹിക്കാവുന്നതിന് അപ്പുറമാണ്. മനുഷ്യര്‍ വീട്ടിലേക്ക് കയറും. ചെവി പൊത്തും. അപ്പോള്‍ മൃഗങ്ങളുടേയും പക്ഷികളുടേയും അവസ്ഥ എന്തായിരിക്കും. 

പക്ഷികളെ ഭയപ്പെടുത്താതിരിക്കാനായി 30 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് പടക്കം പൊട്ടിക്കില്ലെന്ന തീരുമാനമെടുത്തത്. നേരത്തെ പടക്കം പൊട്ടിക്കുമായിരുന്നു. ആ സമയത്ത് പക്ഷികളെല്ലാം ഭയന്ന് പലയിടത്തോട്ടായി പാറിപ്പോകും. അതുപോലെ തന്നെ മുട്ടകള്‍ നിലത്ത് വീണുപൊട്ടും. പക്ഷികളുടെ ഈ ഭയവും വിറയും കണ്ട് നാട്ടിലെ മുതിര്‍ന്ന ആളുകള്‍ യോഗം ചേരുകയായിരുന്നു. അങ്ങനെ ഇനി മുതല്‍ പടക്കം പൊട്ടിക്കില്ലെന്ന് തീരുമാനിച്ചു. 

അതൊരു നിയമമോ, എഴുതി വച്ച ശാസനമോ ഒന്നുമല്ല. ഓരോ തലമുറയില്‍ നിന്നും അടുത്ത തലമുറയിലേക്ക് പകര്‍ന്നു നല്‍കുന്ന ആചാരമാണ്. ഇങ്ങനെയുമുണ്ട് ആചാരങ്ങള്‍!