Asianet News MalayalamAsianet News Malayalam

ആ രോഗിയെ ചികിത്സിച്ച 23 പേരും അസുഖബാധിതരായി, എന്തായിരുന്നു കാരണം? ദുരൂഹത നിറഞ്ഞ സംഭവം

എന്നാൽ, താമസിയാതെ മുറിയിലുള്ള ഡോക്ടര്‍മാരും നഴ്‍സുമാരുമെല്ലാം അസാധാരണമായ അസ്വസ്ഥകൾ പ്രകടിപ്പിക്കാൻ തുടങ്ങി. അവളെ ചികിത്സിക്കുന്നതിനിടയിൽ, ആശുപത്രി ജീവനക്കാരിൽ പലർക്കും മസിലുകൾ കോച്ചിപ്പിടിച്ചു, ശ്വാസതടസ്സം നേരിട്ടു. മറ്റു ചിലർ ബോധരഹിതരായി വീണു.

Toxic lady, Gloria Ramirez
Author
California City, First Published Aug 17, 2020, 1:13 PM IST

1994 ഫെബ്രുവരിയിലെ ഒരു രാത്രി, സമയം ഏകദേശം 8:15 ആയപ്പോൾ, തെക്കൻ കാലിഫോർണിയന്‍ നഗരമായ റിവർസൈഡിലെ ജനറൽ ആശുപത്രിയുടെ അത്യാഹിത മുറിയിലേക്ക് ഡോക്ടർമാർ ഒരു യുവതിയെ കൊണ്ടുപോയി. ഷോർട്ട്സും ടി-ഷർട്ടും ധരിച്ച അവൾ കണ്ണ് തുറന്നിരുന്നു. പക്ഷേ, ചോദിച്ച ചോദ്യങ്ങൾക്ക് വ്യക്തമായ ഉത്തരം നൽകാൻ സാധിക്കാത്തവിധം അവൾ തളർന്നിരുന്നു. വളരെ പ്രയാസപ്പെട്ടാണ് ശ്വാസം വലിച്ചു വിട്ടുകൊണ്ടിരുന്നത്. അവളുടെ ഹൃദയം അതിവേഗം സ്‍പന്ദിക്കുന്നുണ്ടായിരുന്നു. അവളുടെ രക്തസമ്മർദ്ദം കുറഞ്ഞുവന്നു. സാധാരണയായി അത്തരം ലക്ഷണങ്ങൾ പ്രായമായവരിലാണ് കാണാറുള്ളത്. എന്നാൽ, ഡോക്ടർമാർ റിപ്പോർട്ട് ചെയ്‍ത ഈ സ്ത്രീക്ക് വെറും 31 വയസ്സേയുണ്ടായിരുന്നുള്ളൂ. അവൾക്ക് ഗർഭാശയ അർബുദമായിരുന്നു. അവളുടെ പേര് ഗ്ലോറിയ റാമിറെസ്.  

മെഡിക്കൽ സ്റ്റാഫ് അവളുടെ വഷളായിക്കൊണ്ടിരിക്കുന്ന ആരോഗ്യനിലയെ മെച്ചപ്പെടുത്താൻ ആവുന്നതെല്ലാം ചെയ്‍തു. എന്നാൽ, ചികിത്സയോട് റാമിറെസ് പ്രതികരിക്കുന്നില്ലെന്ന് മനസ്സിലാക്കിയ, ഡോക്ടർമാർ അവളുടെ ഹൃദയമിടിപ്പ് വീണ്ടെടുക്കാൻ അവളുടെ കുപ്പായം ഊരിമാറ്റി നെഞ്ചിനു നേരെ പാഡ്ഡ് ഇലക്ട്രോഡുകൾ അമർത്തി. ആ സമയത്താണ് മെഡിക്കൽ സ്റ്റാഫ് അത് ശ്രദ്ധിച്ചത്. എണ്ണമയമുള്ള ഒരു പാടപോലെ എന്തോ ഒന്ന് റാമിറെസിന്‍റെ ശരീരം മുഴുവൻ മൂടിയിരുന്നു. ചിലർ അവളുടെ വായിൽ നിന്ന് വരുന്നതായി കരുതുന്ന ഒരു പ്രത്യേക ഗന്ധവും ശ്രദ്ധിച്ചു. സൂസൻ കെയ്ൻ എന്ന നഴ്‍സ് റാമിറെസിന്റെ വലതുകൈയിൽ നിന്ന് രക്തമെടുത്തു. എന്നാൽ, അതോടെ അത്യാഹിത വിഭാഗത്തിൽ അസാധാരണവും വിചിത്രവുമായ സംഭവങ്ങളുടെ പരമ്പര ആരംഭിക്കുകയായി. സിറിഞ്ചിൽ രക്തം നിറയുമ്പോൾ, രക്തത്തിൽ നിന്ന് ഉയർന്ന് വന്ന ഒരു രാസഗന്ധം കെയ്ൻ ശ്രദ്ധിച്ചു. ദുർഗന്ധത്തിന്റെ ഉറവിടം കണ്ടെത്താൻ കെയ്ൻ സിറിഞ്ച്, ഡോക്ടറായ വെൽച്ചിന് കൈമാറി. രക്തത്തിന് അമോണിയത്തിന്റെ ഗന്ധമായിരുന്നു. മെഡിക്കൽ ജീവനക്കാരിയായ ജൂലി ഗോർചിൻസ്‍കി രക്തത്തിൽ പൊങ്ങിക്കിടക്കുന്ന അസാധാരണ നിറമുള്ള പദാർത്ഥങ്ങളും ശ്രദ്ധിച്ചു.  

എന്നാൽ, താമസിയാതെ മുറിയിലുള്ള ഡോക്ടര്‍മാരും നഴ്‍സുമാരുമെല്ലാം അസാധാരണമായ അസ്വസ്ഥകൾ പ്രകടിപ്പിക്കാൻ തുടങ്ങി. അവളെ ചികിത്സിക്കുന്നതിനിടയിൽ, ആശുപത്രി ജീവനക്കാരിൽ പലർക്കും മസിലുകൾ കോച്ചിപ്പിടിച്ചു, ശ്വാസതടസ്സം നേരിട്ടു. മറ്റു ചിലർ ബോധരഹിതരായി വീണു. ചുരുക്കത്തിൽ അന്ന് രാത്രി ഗ്ലോറിയ റാമിറെസിനെ ചികിത്സിച്ച ഇരുപത്തിമൂന്ന് പേരും അസുഖബാധിതരായി. അതിൽ അഞ്ചുപേരെ വിവിധ ലക്ഷണങ്ങളുമായി ആശുപത്രിയിൽ തന്നെ പ്രവേശിപ്പിക്കേണ്ടിവന്നു. ഗോർചിൻസ്‍കിയെന്ന ഡോക്ടറാണ് ഏറ്റവും മോശം അവസ്ഥയിലായത്. അവർക്ക് ശ്വസതടസ്സം നേരിട്ടു. ഹെപ്പറ്റൈറ്റിസ്, പാൻക്രിയാറ്റിസ്, കാൽമുട്ടുകളിലെ അവസ്‍കുലർ നെക്രോസിസ്, അസ്ഥികളിലെ കോശങ്ങൾ എന്നിവയ്‍ക്കെല്ലാം തകരാറ് സംഭവിച്ചു. ഗോർച്ചിൻസ്‍കി മാസങ്ങളോളം ക്രച്ചസിൽ ആയിരുന്നു. 

ഏതായാലും, ആശുപത്രിയിലെത്തി 45 മിനിറ്റിനുള്ളിൽ ഗ്ലോറിയ റാമിറെസ് മരിച്ചു. മെറ്റാസ്റ്റാസൈസ്‍ഡ് ക്യാൻസർ മൂലമുള്ള വൃക്ക തകരാറാണ് മരണകാരണം. എന്നാൽ, റാമിറെസിനെ ചികിത്സിച്ച എല്ലാവരും കിടപ്പിലായ സംഭവം വാർത്തകളിൽ നിറഞ്ഞു. പത്രങ്ങൾ റാമിറെസിനെ 'ടോക്സിക് ലേഡി' എന്ന് വിളിച്ചു. അവളുടെ സാന്നിധ്യത്തിൽ സ്റ്റാഫിന് നേരിട്ട അനുഭവം ഇന്നും ലോകത്തെ ഏറ്റവും അസ്വസ്ഥമാകുന്ന മെഡിക്കൽ രഹസ്യമാണ്. അവളുടെ മരണശേഷവും ആർക്കും കൃത്യമായ ഒരു കാരണം ചൂണ്ടിക്കാണിക്കാനായിട്ടില്ല. ക്യാൻസർ പ്രശ്‌നങ്ങളുള്ള ഒരു സാധാരണ സ്ത്രീക്ക് ഇത്രയധികം ആശുപത്രി ജീവനക്കാരെ രോഗികളാക്കി മാറ്റാൻ കഴിയുമോ എന്നത് ഒരു വലിയ ചോദ്യമായിരുന്നു. മെഡിക്കൽ അന്വേഷണസംഘം ഇതിന് പിന്നിലുള്ള രഹസ്യം കണ്ടെത്താൻ തന്നെ തീരുമാനിച്ചു. പോസ്റ്റുമോർട്ടത്തിനായി, പാത്തോളജിസ്റ്റുകൾ സംരക്ഷണ സ്യൂട്ടുകൾ ധരിച്ചു, ഒരു പ്രത്യേക മുറിയിലേക്ക് അവളുടെ ശവശരീരം മാറ്റി. എന്നാൽ പോസ്റ്റുമോർട്ടത്തിൽ കാര്യമായി ഒന്നും അവർക്ക് കണ്ടെത്താനായില്ല.  

മൂന്ന് പോസ്റ്റുമോർട്ടങ്ങൾ അധികൃതർ നടത്തി. ഒന്ന്, അവളുടെ മരണത്തിന് ആറ് ദിവസത്തിന് ശേഷവും പിന്നീട് ആറാമത്തെ ആഴ്‍ചയിലും, അവസാനം മരിച്ച് ഒരു മാസത്തിനുശേഷവും. അവസാനത്തെ കൂടുതൽ വിശദമായ പോസ്റ്റുമോര്‍ട്ടത്തിൽ, ഒരുപാട് രാസപദാർത്ഥങ്ങളുടെ സാന്നിധ്യം അവളുടെ ശരീരത്തിൽ അവർ കണ്ടെത്തി. ഒരു കാൻസർ രോഗിയായ അവൾ കഴിച്ചിരുന്ന മരുന്നുകളുടെ ഫലമായിരിക്കാം ഇതെന്ന് അവർ അനുമാനിച്ചു. എന്നാൽ, അവയൊന്നും അപകടകാരികളായിരുന്നില്ല. ഒടുവിൽ അവളുടെ വിഷയം കൂടുതൽ ആഴത്തിൽ പഠിച്ച അസിസ്റ്റന്റ് ഡെപ്യൂട്ടി ഡയറക്ടർ പാറ്റ് ഗ്രാന്റ് ഞെട്ടിപ്പിക്കുന്ന ഒരു നിഗമനത്തിലെത്തി. 

അവസാനഘട്ടത്തിലുള്ള സെർവിക്കൽ ക്യാൻസറിനെ സുഖപ്പെടുത്താനുള്ള ഒരു മാർഗമായി റാമിറെസ് അവളുടെ തല മുതൽ കാൽ വരെ ഡി‌എം‌എസ്ഒ അഥവാ ഡൈമെഥൈൽ സൾഫോൺ എന്ന ഒരു പദാർത്ഥം തേച്ചിരുന്നു. മെഡിക്കൽ സയൻസ് 1965 -ൽ ഡിഎംഎസ്ഒ -യെ ഒരു വിഷപദാർത്ഥമായി ലേബൽ ചെയ്യുകയുണ്ടായി. എന്നാൽ 1960 -കളുടെ തുടക്കത്തിൽ വേദന ഒഴിവാക്കാനും ഉത്കണ്ഠ കുറയ്ക്കാനും ഡിഎംഎസ്ഒ ക്രീമുകൾക്ക് കഴിയുമെന്ന് ഡോക്ടർമാർ വിശ്വസിച്ചിരുന്നു. ഓക്സിജനുമായി സമ്പർക്കത്തിൽ വരുമ്പോൾ ഈ പദാർത്ഥം ഡൈമെഥൈൽ സൾഫേറ്റായി പരിവർത്തനം ചെയ്യപ്പെടുമെന്ന് പാറ്റ് കണ്ടെത്തി. ഡൈമെഥൈൽ സൾഫേറ്റ് ആളുകളുടെ കണ്ണുകളിലും ശ്വാസകോശത്തിലും വായിലുമുള്ള കോശങ്ങളെ നശിപ്പിക്കുന്നു. ഈ നീരാവി ശരീരത്തിൽ പ്രവേശിക്കുമ്പോൾ, അത് ഹൃദയാഘാതം, വിഭ്രാന്തി, പക്ഷാഘാതം എന്നിവയ്ക്ക് കാരണമാകും. അന്ന് രാത്രി മെഡിക്കൽ സ്റ്റാഫിന് ഡൈമെഥൈൽ സൾഫേറ്റ് വിഷബാധയാണ് ഉണ്ടായതെന്ന് പാറ്റ് പറഞ്ഞു. എന്നാൽ, റാമിറെസിന്‍റെ വീട്ടുകാർ ഈ കണ്ടെത്തൽ പാടെ നിഷേധിച്ചു. അത്തരമൊരു രാസപദാർത്ഥം റാമിറെസ് ഉപയോഗിച്ചിട്ടില്ലെന്ന് വീട്ടുകാർ പറഞ്ഞു.  

സംഭവം നടന്ന് രണ്ടു മാസത്തിന് ശേഷമാണ്, അവളുടെ മൃതദേഹം കുടുംബത്തിന് കൈമാറിയത്. അവളുടെ ശവസംസ്‍കാരത്തിനായി പണമില്ലാതിരുന്ന വീട്ടുകാർ അതിനായി അവരുടെ ഭൂമി വിറ്റു. 10 ആഴ്ചകൾക്കുശേഷം ഗ്ലോറിയ റാമിറെസ് സെമിത്തേരിയിൽ അടയാളപ്പെടുത്താത്ത ഒരു കുഴിമാടത്തിൽ അടക്കം ചെയ്യപ്പെട്ടു. ഗ്ലോറിയയുടെ കേസ് വൈദ്യശാസ്ത്ര ലോകത്ത് ഇന്നും വിശദീകരിക്കാൻ കഴിയാത്ത ഒരു ദുരൂഹതയായി തുടരുന്നു.

Follow Us:
Download App:
  • android
  • ios