Asianet News MalayalamAsianet News Malayalam

യാദാദ്രിയില്‍, കുഞ്ഞുങ്ങളെ വീട്ടില്‍ത്താമസിപ്പിച്ച് നിര്‍ബന്ധിത വേശ്യാവൃത്തി; അറസ്റ്റ് നടന്നതിങ്ങനെ

അടുത്തുള്ളൊരു നഴ്സിങ് ഹോമില്‍ നടത്തിയ റെയ്ഡില്‍ ഇവ കുത്തിവയ്ക്കാനും മറ്റുമുപയോഗിക്കുന്ന സിറിഞ്ചുകളും മരുന്നുകളുമെല്ലാം പിടിച്ചെടുത്തു. ഡോക്ടറെയും അറസ്റ്റ് ചെയ്തു. അവരില്‍ നിന്ന് പണം വാങ്ങിയാണ് ഡോക്ടര്‍ ഇത് കുത്തിവച്ചിരുന്നത്. പൊലീസ് പറയുന്നത്, യാദഗിരിഗുട്ടയില്‍ വളരെ കാലമായി ഈ നിര്‍ബന്ധിത വേശ്യാവൃത്തി നടക്കുന്നുണ്ടെന്നാണ്. നാട്ടില്‍ പലര്‍ക്കും ഇതിനെ കുറിച്ച് അറിവുണ്ടായിരുന്നുവെന്നാണ് വിശ്വസിക്കുന്നത്

trafficked children of Yadadri
Author
Hyderabad, First Published Aug 12, 2018, 7:19 PM IST

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് ഹൈദ്രാബാദിലെ യാദാദ്രി ഭുവനഗിരി ജില്ലയിലെ യാഗദിരിഗുട്ടയില്‍ നിന്ന് മനസിനെ മരവിപ്പിക്കുന്ന ക്രൂരതയുടെ കഥ പുറം ലോകത്തെത്തിയത്. അവിടെ വിവിധ വീടുകളില്‍ നടത്തിയ റെയ്ഡില്‍ വര്‍ഷങ്ങളായി നിര്‍ബന്ധിതവേശ്യാവൃത്തിക്ക് ഇരയായ കുഞ്ഞുങ്ങളെ രക്ഷപ്പെടുത്തി.  

1098 എന്ന ചൈല്‍ഡ് ഹെല്‍പ് ലൈന്‍ നമ്പറിലേക്ക് വന്ന ഒരു ഫോണ്‍കോളാണ് റെയ്ഡിന് കാരണമായത്. അതിനെ പിന്തുടര്‍ന്നാണ് വനിതാ-ശിശുക്ഷേമ വകുപ്പിന്‍റെ ഉദ്യോഗസ്ഥരും പൊലീസുമടങ്ങുന്നൊരു സംഘം യാഗദിരിഗുട്ടയിലെത്തിച്ചേര്‍ന്നത്. ഹൈദ്രാബാദില്‍ നിന്ന് അമ്പത് കിലോമീറ്റര്‍ മാറിയായിരുന്നു ഈ സ്ഥലം. 

ഒരു പെണ്‍കുട്ടി സ്റ്റെപ്പിലിരുന്ന് കരയുകയായിരുന്നു. ഉദ്യോഗസ്ഥരോട് അവള്‍ പറഞ്ഞത്, അവളുടെ അമ്മ അനുസരണക്കേടിന് അവളെ നിരന്തരം ശിക്ഷിക്കുമായിരുന്നുവെന്നാണ്. ഉദ്യോഗസ്ഥര്‍ അവരെ ചോദ്യം ചെയ്തു. അതിലൂടെയാണ് ഒരു റാക്കറ്റിനെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തെത്തുന്നത്. 

ഞെട്ടിക്കുന്ന വിവരങ്ങള്‍

സ്ത്രീ പറഞ്ഞത്, കുഞ്ഞിനെ ആ സ്ത്രീ ഒരു ലക്ഷം രൂപയ്ക്ക് വാങ്ങിയതാണെന്നാണ്. യാദാദ്രിയില്‍ നടക്കുന്ന വലിയൊരു ക്രൂരതയും അഴിമതിയും അവരുടെ വെളിപ്പെടുത്തലോടെ പുറത്താവുകയായിരുന്നു പിന്നെ. ക്ഷേത്ര നഗരമായ യാദഗിരിഗുട്ടയില്‍ വീണ പെണ്‍കുഞ്ഞുങ്ങളുടെ കണ്ണീര് അത്രയധികമാണ്. അവിടേക്ക് കടത്തിക്കൊണ്ടുവരുന്ന കുഞ്ഞുങ്ങളെ നിര്‍ബന്ധിത വേശ്യാവൃത്തിക്ക് പ്രേരിപ്പിക്കുകയാണ്. കംസാനി കല്ല്യാണി എന്ന ആ സ്ത്രീയുടെ വെളിപ്പെടുത്തലനുസരിച്ച് വേറെയും വീടുകള്‍ റെയ്ഡ് ചെയ്തു. 14 പെണ്‍കുട്ടികളെ കൂടി രക്ഷപ്പെടുത്തി. കല്ല്യാണിയാണ് ആവശ്യക്കാരെയെത്തിക്കുന്നത്. 

1098 ലേക്ക് വിളിച്ചയാള്‍ പറഞ്ഞത് എല്ലാ രാത്രികളിലും കുഞ്ഞുങ്ങളുടെ കരച്ചില്‍ കേള്‍ക്കാമെന്നും അത് സഹിക്കാനാകാത്തതിലാണ് വിളിച്ചതെന്നുമാണ്. രാത്രിയാകുമ്പോള്‍ അപരിചിതരായ പുരുഷന്മാര്‍ വരുമെന്നും അയാള്‍ വെളിപ്പെടുത്തുന്നു. ചോദ്യം ചെയ്യലില്‍ കല്ല്യാണിയും അത് സമ്മതിച്ചു. 

ഈ കുട്ടികളെ അവര്‍ കസ്റ്റമറുമായി ശാരീരിക ബന്ധത്തിന് നിര്‍ബന്ധിക്കുന്നു. അതവരെ ശീലിപ്പിക്കുന്നതിനായി നേരത്തേ അവിടെയെത്തിക്കപ്പെട്ട പെണ്‍കുട്ടികളെ നിര്‍ബന്ധിപ്പിച്ച് കസ്റ്റമറര്‍ ശാരീരീകബന്ധത്തിലേര്‍പ്പെടുന്നത് അവരെ കാണിക്കുന്നു. എന്നിട്ടും സമ്മതിക്കാത്തവരെ തല്ലുകയും ഉപദ്രവിക്കുകയും ചെയ്യുന്നു. നേരത്തെ തന്നെ കുഞ്ഞുങ്ങളെ ഉപയോഗിച്ച് പണം സമ്പാദിക്കുന്നതിനായി അവരില്‍ വളര്‍ച്ചയ്ക്കുള്ള ഹോര്‍മോണ്‍ കുത്തിവയ്ക്കുന്നു. 

അടുത്തുള്ളൊരു നഴ്സിങ് ഹോമില്‍ നടത്തിയ റെയ്ഡില്‍ ഇവ കുത്തിവയ്ക്കാനും മറ്റുമുപയോഗിക്കുന്ന സിറിഞ്ചുകളും മരുന്നുകളുമെല്ലാം പിടിച്ചെടുത്തു. ഡോക്ടറെയും അറസ്റ്റ് ചെയ്തു. അവരില്‍ നിന്ന് പണം വാങ്ങിയാണ് ഡോക്ടര്‍ ഇത് കുത്തിവച്ചിരുന്നത്. പൊലീസ് പറയുന്നത്, യാദഗിരിഗുട്ടയില്‍ വളരെ കാലമായി ഈ നിര്‍ബന്ധിത വേശ്യാവൃത്തി നടക്കുന്നുണ്ടെന്നാണ്. നാട്ടില്‍ പലര്‍ക്കും ഇതിനെ കുറിച്ച് അറിവുണ്ടായിരുന്നുവെന്നാണ് വിശ്വസിക്കുന്നത്. 

പൊലീസ് പെണ്‍കുട്ടികളെ രക്ഷപ്പെടുത്തി മണിക്കൂറുകള്‍ക്കുള്ളില്‍ 20 വീടുകളില്‍ നിന്നും ആളുകള്‍ വീടുപൂട്ടി പോയി. പലരും പലര്‍ക്കും വാട്ട്സാപ്പിലൂടെ  വിവരങ്ങളെത്തിച്ചു. അങ്ങനെ പലരും രക്ഷപ്പെട്ടു. പൊലീസ് പറയുന്നത്, വിജയവാഡയില്‍ നിന്നും 25 പേരെങ്കിലും രക്ഷപ്പെട്ട് കാണുമെന്നാണ്. യാദാദ്രിയില്‍ നിന്നുള്ള കുഞ്ഞുങ്ങളെയും ഇവര്‍ കൂടെക്കൊണ്ടുപോയിട്ടുണ്ട്. ആന്ധ്രപ്രദേശിലേക്കോ മറ്റ് സംസ്ഥാനങ്ങളിലേക്കോ ആയിരിക്കാം ഇവര്‍ കടന്നിരിക്കുന്നതെന്നാണ് കരുതുന്നത്. കാണാതായ കുഞ്ഞുങ്ങളെ രക്ഷിക്കുന്നതിനായി തെലങ്കാന പൊലീസ് പ്രത്യേകസംഘത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്. 

റെയ്ഡിനെ തുടര്‍ന്ന് ആന്ധ്രാപ്രദേശില്‍ നിന്നും ചില രക്ഷിതാക്കള്‍ കുഞ്ഞുങ്ങളെ തിരഞ്ഞ് യാദാദ്രിയിലെത്തിയിട്ടുണ്ട്. തങ്ങളുടെ മക്കളുടെ ചിത്രങ്ങളും പലരും കയ്യില്‍ കരുതിയിരുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് കാണാതായവരാണ് പലരും. പൊലീസില്‍ അതിലൊക്കെ കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 

'കുഞ്ഞുങ്ങളെ കടത്തുന്നവരുടെ ഒരു വലിയ സംഘം തന്നെ തെലങ്കാന, മഹാരാഷ്ട്ര, കര്‍ണാടക, വെസ്റ്റ് ബംഗാള്‍, ഒഡീഷ, ബിഹാര്‍ തുടങ്ങിയ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്.' വിജയവാഡയിലെ ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ പറയുന്നു. 

പൊലീസ് രക്ഷപ്പെടുത്തിയ കുഞ്ഞുങ്ങളുടെ രക്ഷിതാക്കളെ കണ്ടെത്തുന്നതിലും വലിയ പ്രയാസമാണ് പൊലീസ് നേരിടുന്നത്. ആ ഒമ്പതുവയസുകാരിയെ യാദഗിരിഗുട്ടയില്‍ നിന്നുള്ള ഒരു കംസനി ശങ്കറില്‍ നിന്നാണ് വാങ്ങിയതെന്നാണ് കല്ല്യാണി പറയുന്നത്. പക്ഷെ, പൊലീസന്വേഷണത്തില്‍ ശങ്കര്‍ മാസങ്ങള്‍ക്ക് മുമ്പ് മരിച്ചുപോയെന്നറിഞ്ഞു. അതുപോലെ കുട്ടികളെ എത്തിച്ചുവെന്ന് പറയപ്പെടുന്ന രാജു ജയിലിലാണ്. പലതും അങ്ങനെ യാഥാര്‍ത്ഥ മാതാപിതാക്കളിലെത്താതെ പോവുകയാണ്. 

'ബസ് സ്റ്റാന്‍ഡ്, റെയില്‍വേ സ്റ്റേഷന്‍ തുടങ്ങിയ പൊതുസ്ഥലങ്ങളില്‍ നിന്നും മധുരപലഹാരങ്ങളും മറ്റും നല്‍കിയാണ് പല കുഞ്ഞുങ്ങളേയും ഇവര്‍ കടത്തിക്കൊണ്ടുപോകുന്നത്. ചിലരെയാകട്ടെ രണ്ടും മൂന്നും കുഞ്ഞുങ്ങളുള്ള ദരിദ്രരായ മാതാപിതാക്കള്‍ വില്‍ക്കുകയും ചെയ്യുന്നുണ്ട്.' നല്‍ഗൊണ്ട ജില്ലാ ശിശുക്ഷേമ കമ്മിറ്റി ചെയര്‍മാന്‍ കെ. നിമ്മയ്യ പറയുന്നു. 

റെയ്ഡില്‍ പങ്കെടുത്ത ഒരു ഉദ്യോഗസ്ഥന്‍ പറയുന്നത്. അഞ്ചുവയസൊക്കെയുള്ളപ്പോഴാണ് കുഞ്ഞുങ്ങളെ വാങ്ങുന്നതെന്നാണ്. അവരെ കടത്തിക്കൊണ്ടുവരുന്നവര്‍ വേറൊരു കാര്യം കൂടി സമ്മതിക്കുന്നു. കുഞ്ഞുങ്ങളെ അങ്കണവാടിയില്‍ ചേര്‍ക്കുകയും, പത്ത് വയസാകുന്നതിന് മുമ്പ് റേഷന്‍ കാര്‍ഡില്‍ പേര് ചേര്‍ക്കുകയും ചെയ്യുന്നുണ്ട്. കുഞ്ഞുങ്ങള്‍ വീട്ടിലെ അംഗങ്ങളാണ് എന്ന് വരുത്തിത്തീര്‍ക്കുന്നതിനായിരുന്നു അത്.

അവരെ പിന്നീട് സ്കൂളിൽ നിന്ന് പുറത്താക്കി. മാതാപിതാക്കളുടെ വ്യാജമായ പേരുകൾ സ്കൂൾ സർട്ടിഫിക്കറ്റുകൾ സൃഷ്ടിക്കപ്പെട്ടു. ഒരൊറ്റ സന്ദർഭത്തിൽ, ഒരു പെൺകുട്ടിയുടെ മാതാവായി എച്ച് ഐ വി അണുബാധമൂലം മരിച്ച ഒരു വ്യക്തിയുടെ പേരു ചേർത്തിരുന്നു.

ഭയപ്പെടുത്തുന്ന വീട്

ഇവരുടെ കയ്യിലകപ്പെട്ട കുട്ടികളുടെ ജീവിതം ഭീകരമായിരുന്നു. വീട്ടിലേക്ക് കയറിവരുന്നവരേയും പോകുന്നവരേയും ഇവര്‍ക്ക് കാണേണ്ടിവന്നു. കൂടാതെ, മറ്റു കുട്ടികള്‍ക്കുനേരെ നടക്കുന്ന ശാരീരിക അതിക്രമവും ഇവര്‍ക്ക് കാണേണ്ടി വരുന്നു. ഈ കുട്ടികള്‍ പത്തുവയസാകുന്നതോടെ ഇവരില്‍ വളര്‍ച്ചയ്ക്കുള്ള  ഹോര്‍മോണ്‍ കുത്തിവയ്ക്കപ്പെടുന്നു. 

പൊലീസ് പറയുന്നതനുസരിച്ച്, കുട്ടികള്‍ക്കുനേരെയുള്ള ലൈംഗികാതിക്രമങ്ങള്‍ യാദഗിരിഗുട്ടയില്‍ ആദ്യമായല്ല. രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് നളഗൊന്ദ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഏഴ് കുഞ്ഞുങ്ങളെ ഇതുപോലെ രക്ഷപ്പെടുത്തിയിരുന്നു. 

രക്ഷപ്പെടുത്തിയവരില്‍ ഒരു കുട്ടിക്ക് എച്ച്.ഐ.വി പൊസിറ്റീവ് സ്ഥിരീകരിക്കപ്പെട്ടുകഴിഞ്ഞു. അഞ്ച് കുട്ടികള്‍ അവരുടെ രക്ഷിതാക്കളുടെ അടുത്ത് തിരികെയെത്തിച്ചു. ഏഴ് കുട്ടികളില്‍ ഒരു കുട്ടി  നളഗൊന്ദയിലെ എച്ച്.ഐ.വി ബാധിതരായ കുഞ്ഞുങ്ങള്‍ക്കായുള്ള വീട്ടിലാണ്. കെ. നിമയ്യ പറയുന്നു, 'ആ കുട്ടിക്ക് എച്ച്.ഐ.വി പൊസിറ്റീവ് സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. പക്ഷെ, അവര്‍ക്കായുള്ള വീട്ടിലാണ് താമസിപ്പിച്ചിരിക്കുന്നത്. അത് കാണിക്കുന്നത് ഗവണ്‍മെന്‍റ് എങ്ങനെയാണ് ഈ കാര്യത്തെ കൈകാര്യം ചെയ്യുന്നത് എന്നാണ്.'

പൊലീസ് പറയുന്ന കണക്കനുസരിച്ച് അവര്‍ 10 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു, 19 പേരെ അറസ്റ്റ് ചെയ്തു, 16 കുട്ടികളെ രക്ഷപ്പെടുത്തിയെന്നാണ്. കണ്ടെത്താനുള്ളവരെയും എത്രയും പെട്ടെന്ന് കണ്ടെത്തി അറസ്റ്റ് ചെയ്യുമെന്നും കുട്ടികളെ രക്ഷപ്പെടുത്തുമെന്നും പൊലീസ് പറയുന്നു. 

Follow Us:
Download App:
  • android
  • ios